ﮥ
surah.translation
.
ﰡ
ഫുര്‍ഖാന്‍
തന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകര്‍ക്കാകെ മുന്നറിയിപ്പു നല്‍കുന്നവനാകാന്‍ വേണ്ടിയാണിത്.
ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.
എന്നിട്ടും ഈ ജനം അവനെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി. എന്നാല്‍ അവര്‍ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. തങ്ങള്‍ക്കുതന്നെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവുപോലും അവര്‍ക്കില്ല. മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിര്‍ത്തെഴുന്നേല്‍പിക്കാനോ അവര്‍ക്കാവില്ല.
സത്യനിഷേധികള്‍ പറയുന്നു: "ഈ ഖുര്‍ആന്‍ ഇയാള്‍ കെട്ടിച്ചമച്ച കള്ളക്കഥയാണ്. അതിലയാളെ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്.” എന്നാല്‍ അറിയുക: അവരെത്തിപ്പെട്ടത് കടുത്ത അതിക്രമത്തിലാണ്. പറഞ്ഞത് പച്ചക്കള്ളവും.
അവര്‍ പറയുന്നു: "ഇത് പൂര്‍വികരുടെ കെട്ടുകഥകളാണ്. ഇയാളിത് പകര്‍ത്തിയെഴുതിയതാണ്. രാവിലെയും വൈകുന്നേരവും ആരോ അതിയാള്‍ക്ക് വായിച്ചുകൊടുക്കുകയാണ്.”
പറയുക: "ആകാശഭൂമികളിലെ പരമരഹസ്യങ്ങള്‍പോലും അറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്.” തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
അവര്‍ പറയുന്നു: "ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?
"അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?” ആ അക്രമികള്‍ പറയുന്നു: "മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.”
നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായിരിക്കുന്നു. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല.
താനുദ്ദേശിക്കുന്നുവെങ്കില്‍ അവരാവശ്യപ്പെട്ടതിനെക്കാളെല്ലാം മെച്ചപ്പെട്ട പലതും അഥവാ, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന അനേകം ആരാമങ്ങളും നിരവധി കൊട്ടാരങ്ങളും നിനക്കു നല്‍കാന്‍ കഴിവുറ്റവനാണ് അല്ലാഹു. അവന്‍ അളവറ്റ അനുഗ്രഹങ്ങളുള്ളവനാണ്.
എന്നാല്‍ കാര്യമിതാണ്: അന്ത്യസമയത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. അന്ത്യദിനത്തെ തള്ളിപ്പറയുന്നവര്‍ക്ക് നാം കത്തിക്കാളുന്ന നരകത്തീ ഒരുക്കിവെച്ചിരിക്കുന്നു.
ദൂരത്തുനിന്നു അതവരെ കാണുമ്പോള്‍ തന്നെ അതിന്റെ ക്ഷോഭവും ഇരമ്പലും അവര്‍ക്ക് കേള്‍ക്കാനാവും.
ചങ്ങലകളില്‍ ബന്ധിതരായി നരകത്തിലെ ഇടുങ്ങിയ ഇടത്തേക്ക് എറിയപ്പെട്ടാല്‍ അവരവിടെവച്ച് നശിച്ചുകിട്ടുന്നതിനായി മുറവിളി കൂട്ടും.
അപ്പോള്‍ അവരോടു പറയും: "നിങ്ങളിന്ന് ഒരു നാശത്തെയല്ല അനേകം നാശത്തെ വിളിച്ചു കൊള്ളുക.”
ചോദിക്കുക: ഇതാണോ നല്ലത്, അതോ ശാശ്വത സ്വര്‍ഗമോ? ഭക്തന്മാര്‍ക്ക് വാഗ്ദാനമായി നല്‍കിയത് അതാണ്. അവര്‍ക്കുള്ള പ്രതിഫലമാണത്. അന്ത്യസങ്കേതവും അതുതന്നെ.
അവിടെ അവര്‍ക്ക് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അവരവിടെ നിത്യവാസികളായിരിക്കും. പൂര്‍ത്തീകരണം തന്റെ ബാധ്യതയായി നിശ്ചയിച്ച് നിന്റെ നാഥന്‍ നല്‍കിയ വാഗ്ദാനമാണിത്.
അവരെയും അല്ലാഹുവെക്കൂടാതെ അവര്‍ പൂജിച്ചുവരുന്നവയെയും ഒരുമിച്ചുകൂട്ടുന്ന ദിവസം അല്ലാഹു അവരോട് ചോദിക്കും: "നിങ്ങളാണോ എന്റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്. അതല്ല; അവര്‍ സ്വയം പിഴച്ചുപോയതോ?”
അവര്‍ പറയും: "നീയെത്ര പരിശുദ്ധന്‍! നിന്നെക്കൂടാതെ ഏതെങ്കിലും രക്ഷാധികാരികളെ സ്വീകരിക്കുകയെന്നത് ഞങ്ങള്‍ക്കു ചേര്‍ന്നതല്ല. എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ ഈ ഉദ്ബോധനം മറന്നുകളഞ്ഞു. അതുവഴി അവരൊരു നശിച്ച ജനതയായി.”
അല്ലാഹു പറയും: "നിങ്ങള്‍ പറയുന്നതൊക്കെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കുന്നു. ഇനി ശിക്ഷയെ തട്ടിമാറ്റാനോ എന്തെങ്കിലും സഹായം നേടാനോ നിങ്ങള്‍ക്കു സാധ്യമല്ല. അതിനാല്‍ നിങ്ങളില്‍നിന്ന് അക്രമം കാണിച്ചവരെ നാം കഠിനശിക്ഷക്കു വിധേയമാക്കും.”
ആഹാരംകഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കുമുമ്പും നാം ദൂതന്മാരായി അയച്ചിട്ടില്ല. യഥാര്‍ഥത്തില്‍ നിങ്ങളില്‍ ചിലരെ മറ്റുചിലര്‍ക്കു നാം പരീക്ഷണമാക്കിയിരിക്കുന്നു. നിങ്ങള്‍ ക്ഷമിക്കുമോ എന്നറിയാന്‍. നിന്റെ നാഥന്‍ എല്ലാം കണ്ടറിയുന്നവനാണ്.
നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ പറഞ്ഞു: "നമുക്ക് മലക്കുകള്‍ ഇറക്കപ്പെടാത്തതെന്ത്? അല്ലെങ്കില്‍ നമ്മുടെ നാഥനെ നാം നേരില്‍ കാണാത്തതെന്ത്?” അവര്‍ സ്വയം പൊങ്ങച്ചം നടിക്കുകയും കടുത്തധിക്കാരം കാട്ടുകയും ചെയ്തിരിക്കുന്നു.
മലക്കുകളെ അവര്‍ കാണുംദിനം. അന്ന് കുറ്റവാളികള്‍ക്ക് ശുഭവാര്‍ത്തയൊന്നുമില്ല. അവരിങ്ങനെ പറയും: "കാക്കണേ; തടുക്കണേ!”
അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മങ്ങളുടെ നേരെ നാം തിരിയും. അങ്ങനെ നാമവയെ ചിതറിയ പൊടിപടലങ്ങളാക്കും.
സ്വര്‍ഗാവകാശികള്‍ നല്ല വാസസ്ഥലവും ഉത്തമമായ വിശ്രമകേന്ദ്രവും ഉള്ളവരായിരിക്കും.
ആകാശം പൊട്ടിപ്പിളര്‍ന്ന് മേഘപടലം പുറത്തുവരികയും മലക്കുകളെ കൂട്ടംകൂട്ടമായി ഇറക്കുകയും ചെയ്യുന്ന ദിവസം.
അന്ന് യഥാര്‍ഥ ആധിപത്യം പരമകാരുണികനായ അല്ലാഹുവിനായിരിക്കും. സത്യനിഷേധികള്‍ക്കാണെങ്കില്‍ അത് ഏറെ ക്ളേശകരമായ ദിനമായിരിക്കും.
അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. അന്ന് അയാള്‍ പറയും: "ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.
"എന്റെ നിര്‍ഭാഗ്യം! ഞാന്‍ ഇന്നയാളെ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍!
"എനിക്ക് ഉദ്ബോധനം വന്നെത്തിയശേഷം അവനെന്നെ അതില്‍നിന്ന് തെറ്റിച്ചുകളഞ്ഞല്ലോ. പിശാച് മനുഷ്യനെ സംബന്ധിച്ചിടത്തോളം കൊടിയ വഞ്ചകന്‍ തന്നെ.”
ദൈവദൂതന്‍ അന്ന് പറയും: "നാഥാ, എന്റെ ജനം ഈ ഖുര്‍ആനെ തീര്‍ത്തും നിരാകരിച്ചു.”
അവ്വിധം എല്ലാ പ്രവാചകന്മാര്‍ക്കും കുറ്റവാളികളായ ചില ശത്രുക്കളെ നാം ഉണ്ടാക്കിയിരിക്കുന്നു. വഴികാട്ടിയായും സഹായിയായും നിന്റെ നാഥന്‍ തന്നെ മതി.
സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഈ ഖുര്‍ആന്‍ മുഴുവനും ഒന്നിച്ച് ഒരേസമയം ഇറക്കിക്കൊടുക്കാത്തതെന്ത്?” എന്നാല്‍ അത് ഇങ്ങനെത്തന്നെയാണ് വേണ്ടത്. നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താനാണിത്. നാമിത് ഇടവിട്ട് ഇടവിട്ട് പലതവണയായി ഓതിക്കേള്‍പ്പിക്കുന്നു.
അവര്‍ ഏതൊരു പ്രശ്നവുമായി നിന്നെ സമീപിക്കുകയാണെങ്കിലും അവയ്ക്കെല്ലാം ശക്തമായ ന്യായവും വ്യക്തമായ വിശദീകരണവും നിനക്കു നാമെത്തിച്ചുതരാതിരിക്കില്ല.
മുഖംകുത്തി നരകത്തീയിലേക്കു തള്ളപ്പെടുന്നവരാണ് ഏറ്റം നീചാവസ്ഥയിലുള്ളവര്‍. അങ്ങേയറ്റം പിഴച്ചവരും അവര്‍ തന്നെ.
മൂസാക്കു നാം വേദപുസ്തകം നല്‍കി. അദ്ദേഹത്തോടൊപ്പം സഹോദരന്‍ ഹാറൂനെ സഹായിയായി നിശ്ചയിച്ചു.
എന്നിട്ടു നാം പറഞ്ഞു: "നിങ്ങളിരുവരും പോകൂ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിന്റെ അടുത്തേക്ക്.” അങ്ങനെ നാം അവരെ തകര്‍ത്തുതരിപ്പണമാക്കി.
നൂഹിന്റെ ജനതയെയും നാം അതുതന്നെ ചെയ്തു. അവര്‍ ദൈവദൂതന്മാരെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ മുക്കിക്കൊന്നു. അങ്ങനെ നാം അവരെ ജനങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. അക്രമികള്‍ക്കു നാം നോവേറിയശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
ആദ്, സമൂദ്, റസ്സുകാര്‍, അതിനിടയിലെ നിരവധി തലമുറകള്‍, എല്ലാവരെയും നാം നശിപ്പിച്ചു.
എല്ലാവര്‍ക്കും നാം മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊടുത്തിരുന്നു. അവസാനം അവരെയൊക്കെ നാം തകര്‍ത്ത് തരിപ്പണമാക്കി.
വിപത്തിന്റെ മഴ പെയ്തിറങ്ങിയ ആ നാട്ടിലൂടെയും ഇവര്‍ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഇവരിതൊന്നും കണ്ടിട്ടില്ലേ? യഥാര്‍ഥത്തിലിവര്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഒട്ടും പ്രതീക്ഷിക്കാത്തവരായിരുന്നു.
നിന്നെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ നിന്നെ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: "ഇയാളെയാണോ ദൈവം തന്റെ ദൂതനായി അയച്ചത്?
"നമ്മുടെ ദൈവങ്ങളിലെ വിശ്വാസത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അവയില്‍നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയുമായിരുന്നു.” എന്നാല്‍ ശിക്ഷ നേരില്‍ കാണുംനേരം അവര്‍ തിരിച്ചറിയും, ഏറ്റം വഴിപിഴച്ചവര്‍ ആരെന്ന്.
തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ?
അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ്.
നിന്റെ നാഥനെക്കുറിച്ച് നീ ആലോചിച്ചുനോക്കിയിട്ടില്ലേ? എങ്ങനെയാണവന്‍ നിഴലിനെ നീട്ടിയിട്ടുകൊണ്ടിരിക്കുന്നതെന്ന്. അവനിച്ഛിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ ഒരേ സ്ഥലത്തുതന്നെ നിശ്ചലമാക്കുമായിരുന്നു. സൂര്യനെ നാം നിഴലിന് വഴികാട്ടിയാക്കി.
പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു.
അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വുവേളയുമാക്കിയതും അവന്‍ തന്നെ.
തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി ശുഭസൂചനയോടെ കാറ്റുകളെ അയച്ചവനും അവനാണ്. മാനത്തുനിന്നു നാം ശുദ്ധമായ വെള്ളം വീഴ്ത്തി.
അതുവഴി ചത്ത നാടിനെ ചൈതന്യമുള്ളതാക്കാന്‍. നാം സൃഷ്ടിച്ച ഒട്ടുവളരെ കന്നുകാലികളെയും മനുഷ്യരെയും കുടിപ്പിക്കാനും.
നാം ആ മഴവെള്ളത്തെ അവര്‍ക്കിടയില്‍ വിതരണം ചെയ്തു. അവര്‍ ചിന്തിച്ചറിയാന്‍. എന്നാല്‍ ജനങ്ങളിലേറെപ്പേരും നന്ദികേടു കാട്ടാനാണ് ഒരുമ്പെട്ടത്.
നാം ഇച്ഛിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ നാട്ടിലും നാം ഓരോ താക്കീതുകാരനെ നിയോഗിക്കുമായിരുന്നു.
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഈ ഖുര്‍ആനുപയോഗിച്ച് നീ അവരോട് ശക്തമായി സമരം ചെയ്യുക.
രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും.
വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി. നിന്റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.
അല്ലാഹുവെക്കൂടാതെ, തങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാത്ത പലതിനെയും അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. സത്യനിഷേധി തന്റെ നാഥനെതിരെ എല്ലാ ദുശ്ശക്തികളെയും സഹായിക്കുന്നവനാണ്.
ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുനല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ആരെങ്കിലും തന്റെ നാഥനിലേക്കുള്ള വഴിയവലംബിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളട്ടെയെന്നുമാത്രം.”
എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനില്‍ ഭരമേല്‍പിക്കുക. അവന്റെ വിശുദ്ധി വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവന്‍ തന്നെ മതി.
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ആറുദിനംകൊണ്ട് സൃഷ്ടിച്ചവനാണവന്‍. പിന്നെയവന്‍ സിംഹാസനസ്ഥനായി. പരമകാരുണികനാണവന്‍. അവനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവരോടു ചോദിച്ചുനോക്കൂ.
ആ പരമകാരുണികനെ സാഷ്ടാംഗം പ്രണമിക്കൂ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും: "എന്താണീ പരമകാരുണികനെന്നു പറഞ്ഞാല്‍? നീ പറയുന്നവരെയൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കണമെന്നോ?” അങ്ങനെ സത്യപ്രബോധനം അവരുടെ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയാണുണ്ടായത്.
ആകാശത്ത് നക്ഷത്രപഥങ്ങളുണ്ടാക്കിയവന്‍ ഏറെ അനുഗ്രഹമുള്ളവന്‍ തന്നെ. അതിലവന്‍ ജ്വലിക്കുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നു. പ്രകാശിക്കുന്ന ചന്ദ്രനും.
രാപകലുകള്‍ മാറിമാറിവരുംവിധമാക്കിയവനും അവന്‍ തന്നെ. ചിന്തിച്ചറിയാനോ നന്ദി കാണിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഇതൊക്കെയും ഒരുക്കിയത്.
പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ “നിങ്ങള്‍ക്കു സമാധാനം” എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍;
സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും തങ്ങളുടെ നാഥന്റെ മുമ്പില്‍ രാത്രി കഴിച്ചുകൂട്ടുന്നവരും.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് നീ നരകശിക്ഷയെ തട്ടിനീക്കേണമേ തീര്‍ച്ചയായും അതിന്റെ ശിക്ഷ വിട്ടൊഴിയാത്തതുതന്നെ.”
അത് ഏറ്റം ചീത്തയായ താവളവും മോശമായ പാര്‍പ്പിടവുമത്രെ.
ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല. രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും. വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും.
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ഇരട്ടി ശിക്ഷ കിട്ടും. അവനതില്‍ നിന്ദിതനായി എന്നെന്നും കഴിയേണ്ടിവരും.
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവന്‍ അല്ലാഹുവിങ്കലേക്ക് യഥാവിധി മടങ്ങിച്ചെല്ലുകയാണ് ചെയ്യുന്നത്.
കള്ളസാക്ഷ്യം പറയാത്തവരാണവര്‍. അനാവശ്യം നടക്കുന്നിടത്തൂടെ പോകേണ്ടിവന്നാല്‍ അതിലിടപെടാതെ മാന്യമായി കടന്നുപോകുന്നവരും
തങ്ങളുടെ നാഥന്റെ വചനങ്ങളിലൂടെ ഉദ്ബോധനം നല്‍കിയാല്‍ ബധിരരും അന്ധരുമായി അതിന്മേല്‍ വീഴാത്തവരും.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: "ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.”
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തിലെ ഉന്നതസ്ഥാനങ്ങള്‍ പ്രതിഫലമായി നല്‍കും. അഭിവാദ്യത്തോടെയും സമാധാനാശംസകളോടെയുമാണ് അവരെയവിടെ സ്വീകരിക്കുക.
അവരവിടെ നിത്യവാസികളായിരിക്കും. എത്ര നല്ല താവളം! എത്ര നല്ല വാസസ്ഥലം!
പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും.