ترجمة معاني سورة البقرة باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ബഖറ


അലിഫ് - ലാം - മീം. ‎

ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ‎ഭക്തന്മാര്‍ക്കിതു വഴികാട്ടി. ‎

അഭൌതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. ‎നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം ‎നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്. ‎

നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ ‎മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും ‎വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ‎അടിയുറച്ച ബോധ്യമുള്ളവരും. ‎

അവര്‍ തങ്ങളുടെ നാഥന്റെ നേര്‍വഴിയിലാണ്. വിജയം ‎വരിക്കുന്നവരും അവര്‍ തന്നെ. ‎

എന്നാല്‍ സത്യനിഷേധികളോ; അവര്‍ക്കു നീ താക്കീതു ‎നല്‍കുന്നതും നല്‍കാതിരിക്കുന്നതും തുല്യമാണ്. അവര്‍ ‎വിശ്വസിക്കുകയില്ല. ‎

അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു ‎മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. ‎അവര്‍ക്കാണ് കൊടിയ ശിക്ഷ. ‎

ചില ആളുകള്‍ അവകാശപ്പെടുന്നു: "അല്ലാഹുവിലും ‎അന്ത്യദിനത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” ‎യഥാര്‍ഥത്തിലവര്‍ വിശ്വാസികളേയല്ല. ‎

അല്ലാഹുവിനെയും വിശ്വാസികളെയും ‎വഞ്ചിക്കുകയാണവര്‍. എന്നാല്‍ ‎തങ്ങളെത്തന്നെയാണവര്‍ വഞ്ചിക്കുന്നത്; മറ്റാരെയുമല്ല. ‎അവരത് അറിയുന്നില്ലെന്നുമാത്രം. ‎

അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അല്ലാഹു ആ ‎രോഗം വര്‍ധിപ്പിച്ചു. ഇനി അവര്‍ക്കുള്ളത് നോവേറിയ ‎ശിക്ഷയാണ്; അവര്‍ കള്ളം ‎പറഞ്ഞുകൊണ്ടിരുന്നതിനാലാണത്. ‎

‎“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ നന്മ ‎ചെയ്യുന്നവര്‍ മാത്രമാകുന്നു.“ ‎

അറിയുക; അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, ‎അവരതറിയുന്നില്ല. ‎

‎“മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക" ‎എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: "വിഡ്ഢികള്‍ ‎വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?" ‎എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. ‎പക്ഷേ, അവരതറിയുന്നില്ല. ‎

സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ‎‎"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവരും അവരുടെ ‎പിശാചുക്കളും മാത്രമായാല്‍ അവര്‍ പറയും: "ഞങ്ങള്‍ ‎നിങ്ങളോടൊപ്പം തന്നെയാണ്. ഞങ്ങള്‍ അവരെ ‎പരിഹസിക്കുക മാത്രമായിരുന്നു." ‎

അല്ലാഹു അവരെ പരിഹാസ്യരാക്കുകയും ‎അതിക്രമങ്ങളില്‍ അന്ധരായി അലയാന്‍ ‎വിട്ടിരിക്കുകയുമാണ്. ‎

അവരാണ് നേര്‍വഴി വിറ്റ് വഴികേട് ‎വിലയ്ക്കെടുത്തവര്‍. അവരുടെ കച്ചവടം ഒട്ടും ‎ലാഭകരമല്ല. അവര്‍ക്കു നേര്‍മാര്‍ഗം നഷ്ടപ്പെട്ടിരിക്കുന്നു. ‎

അവരുടെ ഉപമ ഇവ്വിധമാകുന്നു: ഒരാള്‍ തീകൊളുത്തി. ‎ചുറ്റും പ്രകാശം പരന്നപ്പോള്‍ അല്ലാഹു അവരുടെ ‎വെളിച്ചം അണച്ചു. എന്നിട്ടവരെ ഒന്നും കാണാത്തവരായി ‎കൂരിരുളിലുപേക്ഷിച്ചു. ‎

ബധിരരും മൂകരും കുരുടരുമാണവര്‍. ‎അതിനാലവരൊരിക്കലും നേര്‍വഴിയിലേക്കു ‎തിരിച്ചുവരില്ല. ‎

അല്ലെങ്കില്‍ മറ്റൊരുപമ: മാനത്തുനിന്നുള്ള പെരുമഴ. ‎അതില്‍ ഇരുളും ഇടിമുഴക്കവും മിന്നല്‍പ്പിണരുമുണ്ട്. ‎മേഘഗര്‍ജനം കേട്ട് മരണഭീതിയാല്‍ അവര്‍ ചെവികളില്‍ ‎വിരലുകള്‍ തിരുകുന്നു. അല്ലാഹു സത്യനിഷേധികളെ ‎സദാ വലയം ചെയ്യുന്നവനത്രെ. ‎

മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ ‎കവര്‍ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം ‎കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ‎ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ‎ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും ‎അവന്‍ കെടുത്തിക്കളയുമായിരുന്നു. തീര്‍ച്ചയായും ‎അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. ‎

ജനങ്ങളേ, നിങ്ങളെയും മുന്‍ഗാമികളെയും സൃഷ്ടിച്ച ‎നിങ്ങളുടെ നാഥന് വഴിപ്പെടുക. നിങ്ങള്‍ ‎ഭക്തരായിത്തീരാന്‍. ‎

അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കി. ‎ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴ വീഴ്ത്തി. ‎അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ‎കിളിര്‍പ്പിച്ചുതന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് ‎സമന്മാരെ സങ്കല്‍പിക്കരുത്. നിങ്ങള്‍ എല്ലാം ‎അറിയുന്നവരായിരിക്കെ. ‎

നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്ത ഈ വേദം ‎നമ്മുടേതുതന്നെയോ എന്ന് നിങ്ങള്‍ ‎സംശയിക്കുന്നുവെങ്കില്‍ ഇതുപോലുള്ള ‎ഒരധ്യായമെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു ‎പുറമെ നിങ്ങള്‍ക്ക് സഹായികളോ സാക്ഷികളോ ‎ഉണ്ടെങ്കില്‍ അവരെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ ‎സത്യസന്ധരെങ്കില്‍! ‎

നിങ്ങള്‍ക്കതു ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ -നിങ്ങള്‍ക്കതു ‎സാധ്യമല്ല; തീര്‍ച്ച- നിങ്ങള്‍ നരകത്തീയിനെ ‎കാത്തുകൊള്ളുക. മനുഷ്യരും കല്ലുകളും ഇന്ധനമായ ‎നരകാഗ്നിയെ. സത്യനിഷേധികള്‍ക്കായി ‎തയ്യാറാക്കപ്പെട്ടതാണത്. ‎

സത്യവിശ്വാസം സ്വീകരിക്കുകയും ‎സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവരെ ‎ശുഭവാര്‍ത്ത അറിയിക്കുക: അവര്‍ക്ക് താഴ്ഭാഗത്തൂടെ ‎അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അതിലെ ‎കനികള്‍ ആഹാരമായി ലഭിക്കുമ്പോഴൊക്കെ അവര്‍ ‎പറയും: "ഞങ്ങള്‍ക്കു നേരത്തെ നല്‍കിയതു ‎തന്നെയാണല്ലോ ഇതും." സത്യമോ, സമാനതയുള്ളത് ‎അവര്‍ക്ക് സമ്മാനിക്കപ്പെടുകയാണ്. അവര്‍ക്കവിടെ ‎വിശുദ്ധരായ ഇണകളുണ്ട്. അവരവിടെ ‎സ്ഥിരവാസികളായിരിക്കും. ‎

കൊതുകിനെയോ അതിലും നിസ്സാരമായതിനെപ്പോലുമോ ‎ഉപമയാക്കാന്‍ അല്ലാഹുവിന് ഒട്ടും സങ്കോചമില്ല. ‎അപ്പോള്‍ വിശ്വാസികള്‍ അതു തങ്ങളുടെ നാഥന്റെ ‎സത്യവചനമാണെന്നു തിരിച്ചറിയുന്നു. എന്നാല്‍ ‎സത്യനിഷേധികള്‍ ചോദിക്കുന്നു: "ഈ ഉപമ കൊണ്ട് ‎അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത്?“ അങ്ങനെ ഈ ഉപമ ‎കൊണ്ട് അവന്‍ ചിലരെ വഴിതെറ്റിക്കുന്നു. പലരേയും ‎നേര്‍വഴിയിലാക്കുന്നു. എന്നാല്‍ ധിക്കാരികളെ മാത്രമേ ‎അവന്‍ വഴിതെറ്റിക്കുന്നുള്ളൂ. ‎

അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ചശേഷം അതു ‎ലംഘിക്കുന്നവരാണവര്‍; അല്ലാഹു കൂട്ടിയിണക്കാന്‍ ‎കല്‍പിച്ചതിനെ വേര്‍പെടുത്തുന്നവര്‍; ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍തന്നെ. ‎

എങ്ങനെ നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കും? ‎നിങ്ങള്‍ക്ക് ജീവനില്ലായിരുന്നു. പിന്നെ അവന്‍ നിങ്ങള്‍ക്കു ‎ജീവനേകി. അവന്‍ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ‎ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ ‎നിങ്ങളെല്ലാം തിരിച്ചുചെല്ലും. ‎

അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി ‎സൃഷ്ടിച്ചത്. കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ‎ഉപരിലോകത്തെ അവന്‍ സംവിധാനിച്ചു. എല്ലാ ‎കാര്യങ്ങളും അറിയുന്നവനാണവന്‍. ‎

നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‎‎"ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ ‎നിയോഗിക്കുകയാണ്." അവരന്വേഷിച്ചു: "ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ‎ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ ‎നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി ‎വാഴ്ത്തുകയും ചെയ്യുന്നു." അല്ലാഹു പറഞ്ഞു: ‎‎"നിങ്ങളറിയാത്തവയും ഞാനറിയുന്നു." ‎

അല്ലാഹു ആദമിനെ എല്ലാ വസ്തുക്കളുടെയും പേരുകള്‍ ‎പഠിപ്പിച്ചു. പിന്നീട് അവയെ മലക്കുകളുടെ മുന്നില്‍ ‎പ്രദര്‍ശിപ്പിച്ച് അവന്‍ കല്‍പിച്ചു: "നിങ്ങള്‍ ഇവയുടെ ‎പേരുകള്‍ പറയുക, നിങ്ങള്‍ സത്യം പറയുന്നവരെങ്കില്‍?" ‎

അവര്‍ പറഞ്ഞു: "കുറ്റമറ്റവന്‍ നീ മാത്രം. നീ ‎പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം ‎അറിയുന്നവനും യുക്തിമാനും നീ മാത്രം." ‎

അല്ലാഹു പറഞ്ഞു: "ആദം! ഇവയുടെ പേരുകള്‍ അവരെ ‎അറിയിക്കുക." അങ്ങനെ ആദം അവരെ, ആ ‎പേരുകളറിയിച്ചു. അപ്പോള്‍ അല്ലാഹു ചോദിച്ചു: ‎‎"ആകാശഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നതൊക്കെയും ‎ഞാനറിയുന്നുവെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ? ‎നിങ്ങള്‍ തെളിയിച്ചു കാണിക്കുന്നവയും ‎ഒളിപ്പിച്ചുവെക്കുന്നവയും ഞാനറിയുന്നുവെന്നും?" ‎

നാം മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് ‎സാഷ്ടാംഗം ചെയ്യുക." അവരൊക്കെയും സാഷ്ടാംഗം ‎പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു; ‎അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ അവന്‍ ‎സത്യനിഷേധികളില്‍ പെട്ടവനായി. ‎

നാം പറഞ്ഞു: "ആദമേ, നീയും നിന്റെ ഇണയും ‎സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ ‎വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ ‎വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും ‎അതിക്രമികളായിത്തീരും.“ ‎

എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് ‎തെറ്റിച്ചു. അവരിരുവരെയും ‎അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ ‎നാം കല്‍പിച്ചു: "ഇവിടെ നിന്നിറങ്ങിപ്പോവുക. പരസ്പര ‎ശത്രുതയോടെ വര്‍ത്തിക്കും നിങ്ങള്‍. ഭൂമിയില്‍ ‎നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാന്‍ ഇടമുണ്ട്; കഴിക്കാന്‍ ‎വിഭവങ്ങളും." ‎

അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ ‎അഭ്യസിച്ചു. അതുവഴി പശ്ചാത്തപിച്ചു. അല്ലാഹു ‎അതംഗീകരിച്ചു. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ‎ദയാപരനുമാണവന്‍. ‎

നാം കല്‍പിച്ചു: "എല്ലാവരും ഇവിടം വിട്ട് പോകണം. ‎എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് അവിടെ വന്നെത്തും. ‎സംശയമില്ല; എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ ‎നിര്‍ഭയരായിരിക്കും; ദുഃഖമില്ലാത്തവരും". ‎

‎"എന്നാല്‍ അതിനെ അവിശ്വസിക്കുകയും നമ്മുടെ ‎തെളിവുകളെ തള്ളിപ്പറയുകയും ചെയ്യുന്നവരോ, ‎അവരാകുന്നു നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും." ‎

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ‎ഓര്‍ത്തുനോക്കൂ. നിങ്ങള്‍ എനിക്കുതന്ന വാഗ്ദാനം ‎പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും ‎നിറവേറ്റാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. ‎

ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു ‎നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. ‎അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. ‎എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. ‎എന്നോടുമാത്രം ഭക്തി പുലര്‍ത്തുക. ‎

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ‎ആശയക്കുഴപ്പമുണ്ടാക്കരുത്. ബോധപൂര്‍വം സത്യം ‎മറച്ചുവെക്കരുത്. ‎

നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് ‎നല്‍കുക, നമിക്കുന്നവരോടൊപ്പം നമിക്കുക. ‎

നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും സ്വന്തം ‎കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ‎ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ‎ആലോചിക്കുന്നില്ലേ? ‎

സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും ‎ദിവ്യസഹായം തേടുക. നമസ്കാരം വലിയ ഭാരം തന്നെ; ‎ഭക്തന്മാര്‍ക്കൊഴികെ. ‎

നിശ്ചയമായും തങ്ങളുടെ നാഥനുമായി സന്ധിക്കുമെന്നും; ‎അവസാനം അവനിലേക്കു തിരിച്ചുചെല്ലുമെന്നും ‎അറിയുന്നവരാണവര്‍. ‎

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ‎അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മറ്റാരെക്കാളും ‎ശ്രേഷ്ഠരാക്കിയതും. ‎

ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത; ‎ആരില്‍നിന്നും ശിപാര്‍ശയോ മോചനദ്രവ്യമോ ‎സ്വീകരിക്കാത്ത; കുറ്റവാളികള്‍ക്ക് ഒരുവിധ സഹായവും ‎ലഭിക്കാത്ത ആ ദിന ത്തെ കരുതിയിരിക്കുക. ‎

ഫറവോന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ‎ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും ‎പെണ്‍കുട്ടികളെ ജീവിക്കാന്‍ വിട്ടും അവന്‍ നിങ്ങളെ ‎കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ ‎നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത ‎പരീക്ഷണമുണ്ടായിരുന്നു. ‎

ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം ‎വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. ‎നിങ്ങള്‍ നോക്കിനില്‍ക്കെ ഫറവോന്റെ ആള്‍ക്കാരെ നാം ‎വെള്ളത്തിലാഴ്ത്തി. ‎

ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി ‎നിശ്ചയിച്ചു. അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ ‎പശുക്കുട്ടിയെ ഉണ്ടാക്കി. നിങ്ങള്‍ ‎അതിക്രമികളാവുകയായിരുന്നു. ‎

എന്നിട്ടും നാം നിങ്ങള്‍ക്കു പിന്നെയും മാപ്പേകി. നിങ്ങള്‍ ‎നന്ദിയുള്ളവരാകാന്‍. ‎

ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. ‎സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്ന ‎പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. ‎

ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, ‎പശുക്കിടാവിനെ ഉണ്ടാക്കിവെച്ചതിലൂടെ നിങ്ങള്‍ ‎നിങ്ങളോടുതന്നെ കൊടിയ ക്രൂരത കാണിച്ചിരിക്കുന്നു. ‎അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനോട് ‎പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. ‎അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." ‎പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. ‎അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ‎ദയാപരനുമല്ലോ. ‎

ഓര്‍ക്കുക: നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം: "മൂസാ, ദൈവത്തെ ‎നേരില്‍ പ്രകടമായി കാണാതെ ഞങ്ങള്‍ നിന്നില്‍ ‎വിശ്വസിക്കുകയില്ല." അപ്പോള്‍ ഒരു ഘോരഗര്‍ജനം ‎നിങ്ങളെ പിടികൂടി; നിങ്ങള്‍ നോക്കിനില്‍ക്കെ. ‎

പിന്നെ മരണശേഷം നിങ്ങളെ നാം ‎ഉയിര്‍ത്തെഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. ‎

നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നും ‎സല്‍വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: ‎‎"നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക." ‎അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ ‎തങ്ങള്‍ക്കുതന്നെയാണവര്‍ ദ്രോഹം വരുത്തിയത്. ‎

ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: "നിങ്ങള്‍ ഈ പട്ടണ ‎ത്തില്‍ പ്രവേശിക്കുക. അവിടെനിന്ന് ആവശ്യമുള്ളത്ര ‎വിശിഷ്ട വിഭവങ്ങള്‍ തിന്നുകൊള്ളുക. എന്നാല്‍ ‎നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. ‎പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം ‎നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. സുകൃതികള്‍ക്ക് ‎അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും." ‎

എന്നാല്‍ ആ അക്രമികള്‍, തങ്ങളോടു പറഞ്ഞതിനെ മാറ്റി ‎മറ്റൊന്ന് സ്വീകരിച്ചു. അതിനാല്‍ ആ അക്രമികള്‍ക്കുമേല്‍ ‎നാം മുകളില്‍നിന്ന് ശിക്ഷയിറക്കി. അവര്‍ അധര്‍മം ‎പ്രവര്‍ത്തിച്ചതിനാല്‍. ‎

ഓര്‍ക്കുക: മൂസ തന്റെ ജനതക്കുവേണ്ടി കുടിനീരുതേടി. ‎നാം കല്‍പിച്ചു: "നീ നിന്റെ വടികൊണ്ട് ‎പാറമേലടിക്കുക." അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ‎ഉറവകള്‍ പൊട്ടിയൊഴുകി. എല്ലാ വിഭാഗം ജനങ്ങളും ‎തങ്ങള്‍ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു. നാം ‎നിര്‍ദേശിച്ചു: "അല്ലാഹു നല്‍കിയ വിഭവങ്ങളില്‍നിന്ന് ‎തിന്നുകയും കുടിക്കുകയും ചെയ്യുക. ഭൂമിയില്‍ ‎നാശകാരികളായിക്കഴിയരുത്." ‎

നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: "ഓ മൂസാ, ഒരേതരം ‎അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ‎അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: ‎അവന്‍ ഞങ്ങള്‍ക്ക് മണ്ണില്‍ മുളച്ചുണ്ടാകുന്ന ചീര, ‎കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ‎ഉത്പാദിപ്പിച്ചുതരട്ടെ." മൂസ ചോദിച്ചു: "വിശിഷ്ട ‎വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ ‎നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും ‎പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ ‎നിങ്ങള്‍ക്കവിടെ കിട്ടും." അങ്ങനെ അവര്‍ നിന്ദ്യതയിലും ‎ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. ‎അവര്‍ അല്ലാഹുവിന്റെ തെളിവുകളെ ‎തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി ‎കൊന്നതിനാലുമാണത്. ധിക്കാരം കാട്ടുകയും പരിധിവിട്ട് ‎പ്രവര്‍ത്തിക്കുകയും ചെയ്തതിനാലും. ‎

ഈ ദൈവദൂതനില്‍ വിശ്വസിച്ചവരോ യഹൂദരോ ‎ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, ‎അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ‎സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ‎അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ ‎പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ‎ദുഃഖിക്കേണ്ടതുമില്ല. ‎

ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. ‎നിങ്ങള്‍ക്കുമീതെ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം ‎നിങ്ങള്‍ക്കു നല്‍കിയ വേദത്തെ ബലമായി ‎മുറുകെപ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ‎ഓര്‍ക്കാനും. നിങ്ങള്‍ ഭക്തരാകാന്‍. ‎

എന്നാല്‍ പിന്നെയും നിങ്ങള്‍ പിന്തിരിഞ്ഞു പോയി. ‎നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ‎ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടം ‎പറ്റിയവരാകുമായിരുന്നു.‎

സാബത്ത്നാളി ല്‍ നിങ്ങളിലെ അതിക്രമം കാണിച്ചവരെ ‎നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അവരോട് നാം വിധിച്ചു: ‎‎"നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാവുക." ‎

അങ്ങനെ ആ സംഭവത്തെ നാം അക്കാലക്കാര്‍ക്കും ‎പില്‍ക്കാലക്കാര്‍ക്കും ഗുണപാഠമാക്കി. ഭക്തന്മാര്‍ക്ക് ‎സദുപദേശവും. ‎

ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: "അല്ലാഹു ‎നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു." ‎അവര്‍ ചോദിച്ചു: "നീ ഞങ്ങളെ പരിഹസിക്കുകയാണോ?" ‎മൂസ പറഞ്ഞു: "അവിവേകികളില്‍ പെടാതിരിക്കാന്‍ ‎ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു." ‎

അവര്‍ പറഞ്ഞു: "അത് ഏതിനമായിരിക്കണമെന്ന് ‎ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ താങ്കളുടെ നാഥനോട് ‎അന്വേഷിക്കുക." മൂസ പറഞ്ഞു: "അല്ലാഹു ‎അറിയിക്കുന്നു: “ആ പശു പ്രായം കുറഞ്ഞതോ ‎കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം." ‎അതിനാല്‍ കല്‍പന പാലിക്കുക." ‎

അവര്‍ പറഞ്ഞു: "താങ്കള്‍ താങ്കളുടെ നാഥനോട് ‎ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ‎ഏതായിരിക്കണമെന്ന്." മൂസ പറഞ്ഞു: "കാണികളില്‍ ‎കൌതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള ‎പശുവായിരിക്കണമെന്ന് അല്ലാഹു ‎നിര്‍ദേശിച്ചിരിക്കുന്നു." ‎

അവര്‍ പറഞ്ഞു: "അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ‎ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്റെ ‎നാഥനോടപേക്ഷിക്കുക. പശുക്കളെല്ലാം ഏറക്കുറെ ‎ഒരുപോലിരിക്കുന്നതായി ഞങ്ങള്‍ക്കുതോന്നുന്നു. ‎ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ‎അതിനെ കണ്ടെത്തുക തന്നെ ചെയ്യും." ‎

മൂസ പറഞ്ഞു: "അല്ലാഹു അറിയിക്കുന്നു: നിലം ‎ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും ‎കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം ‎അത്." അവര്‍ പറഞ്ഞു: "ശരി, ഇപ്പോഴാണ് നീ ശരിയായ ‎വിവരം തന്നത്." അങ്ങനെ അവരതിനെ അറുത്തു. ‎അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല. ‎

ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് ‎പരസ്പരാരോപണം നടത്തി കുറ്റത്തില്‍നിന്ന് ‎ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ ‎മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ. ‎

അപ്പോള്‍ നാം പറഞ്ഞു: "നിങ്ങള്‍ അതിന്റെ ഒരു ‎ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക." അവ്വിധം ‎അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ‎ചിന്തിക്കാനായി അവന്‍ തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു ‎കാണിച്ചുതരുന്നു. ‎

അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. ‎അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ ‎കടുത്തു. ചില പാറകളില്‍നിന്ന് ഉറവകള്‍ ‎പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം ‎ചുരത്താറുമുണ്ട്. ദൈവഭയത്താല്‍ ‎നിലംപതിക്കുന്നവയുമുണ്ട്. നിങ്ങള്‍ ‎ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല. ‎

വിശ്വസിച്ചവരേ, നിങ്ങളുടെ സന്ദേശം ഈ ജനം ‎സ്വീകരിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? ‎അവരിലൊരു വിഭാഗം ദൈവവചനം കേള്‍ക്കുന്നു. ‎നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്‍വം ‎അവരതില്‍ കൃത്രിമം കാണിക്കുന്നു. ‎

സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ‎‎"ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." അവര്‍ ‎തനിച്ചാകുമ്പോള്‍ പരസ്പരം പറയും: "അല്ലാഹു ‎നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ‎ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി ‎നിങ്ങളുടെ നാഥങ്കല്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം ‎നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?" ‎

അവരറിയുന്നില്ലേ: അവര്‍ രഹസ്യമാക്കുന്നതും ‎പരസ്യമാക്കുന്നതും അല്ലാഹുവിനറിയാമെന്ന്. ‎

അവരില്‍ ചിലര്‍ നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും ‎അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ ‎വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക ‎മാത്രമാണവര്‍ ചെയ്യുന്നത്. ‎

അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് ‎അല്ലാഹുവില്‍നിന്നുള്ളതാണെന്ന് ‎അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ ‎കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. ‎തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ ‎അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും ‎അവര്‍ക്കു നാശം! ‎

അവരവകാശപ്പെടുന്നു: "എണ്ണപ്പെട്ട ഏതാനും ‎നാളുകളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല." ‎ചോദിക്കുക: "നിങ്ങള്‍ അല്ലാഹുവുമായി വല്ല കരാറും ‎ഉണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു തന്റെ കരാര്‍ ‎ലംഘിക്കുകയില്ല; തീര്‍ച്ച. അതോ, അല്ലാഹുവിന്റെ ‎പേരില്‍ നിങ്ങള്‍ക്കറിയാത്തത് ആരോപിക്കുകയാണോ?" ‎

എന്നാല്‍ അറിയുക: ആര്‍ പാപം പ്രവര്‍ത്തിക്കുകയും ‎പാപച്ചുഴിയിലകപ്പെടുകയും ചെയ്യുന്നുവോ അവരാണ് ‎നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും. ‎

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ ‎പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആരോ അവരാണ് ‎സ്വര്‍ഗാവകാശികള്‍. അവരതില്‍ ‎നിത്യവാസികളായിരിക്കും. ‎

ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: ‎അല്ലാഹുവിനല്ലാതെ നിങ്ങള്‍ വഴിപ്പെടരുത്; ‎മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും ‎അനാഥകളോടും അഗതികളോടും നല്ല നിലയില്‍ ‎വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം ‎നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. ‎പക്ഷേ, പിന്നീട് നിങ്ങള്‍ അവഗണനയോടെ ‎പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ. ‎

പരസ്പരം ചോര ചിന്തില്ലെന്നും വീടുകളില്‍നിന്ന് ‎പുറന്തള്ളുകയില്ലെന്നും നാം നിങ്ങളില്‍നിന്ന് ‎ഉറപ്പുവാങ്ങിയതോര്‍ക്കുക. നിങ്ങളത് സ്ഥിരീകരിച്ചു. ‎നിങ്ങളതിന് സാക്ഷികളുമായിരുന്നു. ‎

എന്നിട്ടും പിന്നെയുമിതാ നിങ്ങള്‍ സ്വന്തക്കാരെ ‎കൊല്ലുന്നു. സ്വജനങ്ങളിലൊരു വിഭാഗത്തെ അവരുടെ ‎വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു. കുറ്റകരമായും ‎ശത്രുതാപരമായും നിങ്ങള്‍ അവര്‍ക്കെതിരെ ‎ഒത്തുചേരുന്നു. അവര്‍ നിങ്ങളുടെ അടുത്ത് ‎യുദ്ധത്തടവുകാരായെത്തിയാല്‍ നിങ്ങളവരോട് ‎മോചനദ്രവ്യം വാങ്ങുന്നു. അവരെ തങ്ങളുടെ വീടുകളില്‍ ‎നിന്ന് പുറന്തള്ളുന്നതുതന്നെ നിങ്ങള്‍ക്കു നിഷിദ്ധമത്രെ. ‎നിങ്ങള്‍ വേദപുസ്തകത്തിലെ ചിലവശങ്ങള്‍ ‎വിശ്വസിക്കുകയും ചിലവശങ്ങള്‍ ‎തള്ളിക്കളയുകയുമാണോ? നിങ്ങളില്‍ അവ്വിധം ‎ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹികജീവിതത്തില്‍ ‎നിന്ദ്യത മാത്രമായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ‎കൊടിയ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടും. നിങ്ങള്‍ ‎ചെയ്യുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. ‎

പരലോകത്തിനു പകരം ഇഹ ലോകജീവിതം ‎വാങ്ങിയവരാണവര്‍. അതിനാല്‍ അവര്‍ക്ക് ശിക്ഷയില്‍ ‎ഇളവ് ലഭിക്കുകയില്ല. അവര്‍ക്ക് ഒരുവിധ സഹായവും ‎കിട്ടുകയുമില്ല. ‎

നിശ്ചയമായും മൂസാക്കു നാം വേദം നല്‍കി. ‎അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ ‎അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു ‎നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. ‎പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ‎ചെയ്തു. നിങ്ങളുടെ ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ‎ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ ‎ഗര്‍വിഷ്ഠരായി ധിക്കരിക്കുകയോ? അവരില്‍ ചിലരെ ‎നിങ്ങള്‍ തള്ളിപ്പറഞ്ഞു. ചിലരെ കൊല്ലുകയും ചെയ്തു. ‎

അവര്‍ പറഞ്ഞു: "ഞങ്ങളുടെ മനസ്സുകള്‍ ‎അടഞ്ഞുകിടക്കുകയാണ്." അല്ല; സത്യനിഷേധം കാരണം ‎അല്ലാഹു അവരെ ശപിച്ചിരിക്കയാണ്. അതിനാല്‍ ‎അവരില്‍ അല്‍പം ചിലരേ വിശ്വസിക്കുന്നുള്ളൂ. ‎

തങ്ങളുടെ വശമുള്ള വേദത്തെ സത്യപ്പെടുത്തുന്ന ഗ്രന്ഥം ‎ദൈവത്തില്‍നിന്ന് അവര്‍ക്ക് വന്നെത്തി. അവരോ, ‎അതിനുമുമ്പ് അത്തരമൊന്നിലൂടെ അവിശ്വാസികളെ ‎പരാജയപ്പെടുത്താനായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ‎എന്നിട്ടും അവര്‍ക്ക് നന്നായറിയാവുന്ന ആ ഗ്രന്ഥം ‎വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു! ‎അതിനാല്‍ ദൈവശാപം ആ സത്യനിഷേധികള്‍ക്കത്രെ. ‎

അല്ലാഹു അവതരിപ്പിച്ചതിനെ തള്ളിക്കളഞ്ഞതിലൂടെ ‎അവര്‍ സ്വയംവിറ്റുവാങ്ങിയത് എത്ര ചീത്ത. അതിനവരെ ‎പ്രേരിപ്പിച്ചതോ, ദൈവം തന്റെ ഔദാര്യം തന്റെ ‎ദാസന്മാരില്‍ താനിഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിയതിലെ ‎അമര്‍ഷവും. അതിനാലവര്‍ കൊടിയ ‎ദൈവികകോപത്തിനിരയായി. സത്യനിഷേധികള്‍ക്ക് ‎ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. ‎

അല്ലാഹു ഇറക്കിത്തന്നതില്‍ വിശ്വസിക്കുക ‎എന്നാവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ക്ക് ‎ഇറക്കിത്തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു." അതിന് ‎പുറത്തുള്ളതിനെ അവര്‍ തള്ളിക്കളയുന്നു. അത് അവരുടെ ‎വശമുള്ളതിനെ ശരിവെക്കുന്ന ‎സത്യസന്ദേശമായിരുന്നിട്ടും. ചോദിക്കുക: നിങ്ങള്‍ ‎വിശ്വാസികളെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ‎അല്ലാഹുവിന്റെ പ്രവാചകന്മാരെ ‎കൊന്നുകൊണ്ടിരുന്നത്? ‎

വ്യക്തമായ തെളിവോടെ മൂസ നിങ്ങളുടെ അടുക്കല്‍ ‎വന്നു. എന്നിട്ടും പിന്നെയും നിങ്ങള്‍ പശുക്കുട്ടിയെ ‎ദൈവമാക്കി. നിങ്ങള്‍ അതിക്രമം കാട്ടുകയായിരുന്നു. ‎

ഓര്‍ക്കുക: നിങ്ങള്‍ക്കു മീതെ പര്‍വതത്തെ ‎ഉയര്‍ത്തിക്കൊണ്ട് നിങ്ങളോടു നാം ഉറപ്പുവാങ്ങി. “നാം ‎നിങ്ങള്‍ക്കു നല്‍കിയത് ശക്തമായി മുറുകെപ്പിടിക്കുക. ‎ശ്രദ്ധയോടെ കേള്‍ക്കുക." അവര്‍ പറഞ്ഞു: “ഞങ്ങള്‍ ‎കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു." ‎സത്യനിഷേധം നിമിത്തം പശുഭക്തി അവരുടെ ‎മനസ്സുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. പറയുക: "നിങ്ങള്‍ ‎വിശ്വാസികളെങ്കില്‍ നിങ്ങളുടെ വിശ്വാസം ‎നിങ്ങളോടാവശ്യപ്പെടുന്നത് വളരെ ചീത്ത തന്നെ." ‎

പറയുക: “ദൈവത്തിങ്കല്‍ പരലോകരക്ഷ ‎മറ്റാര്‍ക്കുമില്ലാതെ നിങ്ങള്‍ക്കു മാത്രം ‎പ്രത്യേകമായുള്ളതാണെങ്കില്‍ നിങ്ങള്‍ മരണം ‎കൊതിക്കുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!" ‎

അവരൊരിക്കലും അതാഗ്രഹിക്കുകയില്ല. കാരണം ‎നേരത്തെ ചെയ്തുകൂട്ടിയ ചീത്ത പ്രവൃത്തികള്‍ തന്നെ. ‎അതിക്രമികളെ നന്നായി തിരിച്ചറിയുന്നവനാണ് ‎അല്ലാഹു. ‎

ജീവിതത്തോട് മറ്റാരെക്കാളും കൊതിയുള്ളവരായി ‎നിനക്കവരെ കാണാം; ബഹുദൈവ വിശ്വാസികളെക്കാളും ‎അത്യാഗ്രഹികളായി. ആയിരം കൊല്ലമെങ്കിലും ‎ആയുസ്സുണ്ടായെങ്കില്‍ എന്ന് അവര്‍ ഓരോരുത്തരും ‎ആഗ്രഹിക്കുന്നു. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം ശിക്ഷയില്‍ ‎നിന്ന് രക്ഷപ്പെടുത്തുകയില്ല. അവര്‍ ചെയ്യുന്നതൊക്കെയും ‎സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു. ‎

പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലി ‎നോടാണെങ്കില്‍ അവരറിയണം; ജിബ്രീല്‍ നിന്റെ മനസ്സില്‍ ‎വേദമിറക്കിയത് ദൈവനിര്‍ദേശപ്രകാരം മാത്രമാണ്. ‎അത് മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്നു. സത്യവിശ്വാസം ‎സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദേശിക്കുന്നു. ‎സുവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. ‎

ആരെങ്കിലും അല്ലാഹുവിന്റെയും മലക്കുകളുടെയും ‎അവന്റെ ദൂതന്മാരുടെയും ജിബ്രീലിന്റെയും ‎മീകാഈലി ന്റെയും ശത്രുവാണെങ്കില്‍ അറിയുക: ‎നിസ്സംശയം അല്ലാഹു സത്യനിഷേധികളോട് ‎വിരോധമുള്ളവനത്രെ. ‎

ഉറപ്പായും നിനക്കു നാം വ്യക്തമായ വചനങ്ങളാണ് ‎അവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളികളല്ലാതെ അതിനെ ‎തള്ളിക്കളയുകയില്ല. ‎

അവര്‍ ഏതൊരു കരാറിലേര്‍പ്പെട്ടാലും അവരിലൊരു ‎വിഭാഗം അതിനെ തള്ളിക്കളയുകയാണോ? അല്ല; ‎അവരിലേറെ പേരും സത്യനിഷേധികളാകുന്നു. ‎

അവരുടെ അടുത്ത് ദൈവദൂതന്‍ വന്നെത്തി. അദ്ദേഹം ‎അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. ‎എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ‎ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. ‎അവര്‍ക്കൊന്നും അറിയാത്തപോലെ. ‎

സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള്‍ ‎പറഞ്ഞുപരത്തിയതൊക്കെയും അവര്‍ പിന്‍പറ്റി. ‎യഥാര്‍ഥത്തില്‍ സുലൈമാന്‍ അവിശ്വാസി ആയിട്ടില്ല. ‎അവിശ്വസിച്ചത് ആ പിശാചുക്കളാണ്. അവര്‍ ജനങ്ങള്‍ക്ക് ‎മാരണം പഠിപ്പിക്കുകയായിരുന്നു. ‎ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ ‎മലക്കുകള്‍ക്ക് ഇറക്കിക്കൊടുത്തതിനെയും അവര്‍ ‎പിന്‍പറ്റി. അവരിരുവരും അതാരെയും ‎പഠിപ്പിച്ചിരുന്നില്ല: “ഞങ്ങളൊരു പരീക്ഷണം; അതിനാല്‍ ‎നീ സത്യനിഷേധിയാകരുത്" എന്ന് ‎അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം ‎അവരിരുവരില്‍നിന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ‎വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ ‎അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് ‎അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല. ‎തങ്ങള്‍ക്കു ദോഷകരവും ഒപ്പം ഒട്ടും ‎ഉപകാരമില്ലാത്തതുമാണ് അവര്‍ ‎പഠിച്ചുകൊണ്ടിരുന്നത്. ആ വിദ്യ സ്വീകരിക്കുന്നവര്‍ക്ക് ‎പരലോകത്ത് ഒരു വിഹിതവുമില്ലെന്ന് അവര്‍ക്കുതന്നെ ‎നന്നായറിയാം. അവര്‍ സ്വന്തത്തെ വിറ്റുവാങ്ങിയത് എത്ര ‎ചീത്ത? അവരതറിഞ്ഞിരുന്നെങ്കില്‍. ‎

അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും ദോഷബാധയെ ‎സൂക്ഷിക്കുകയുമാണെങ്കില്‍ അല്ലാഹുവിങ്കലുള്ള ‎പ്രതിഫലം അത്യുത്തമമാകുമായിരുന്നു. ‎അവരതറിഞ്ഞിരുന്നെങ്കില്‍. ‎

വിശ്വസിച്ചവരേ, നിങ്ങള്‍ “റാഇനാ" എന്നു പറയരുത്. ‎പകരം “ഉന്‍ളുര്‍നാ" എന്നുപറയുക. ശ്രദ്ധയോടെ ‎കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് ‎നോവേറിയ ശിക്ഷയുണ്ട്. ‎

വേദക്കാരിലെയും ബഹുദൈവവിശ്വാസികളിലെയും ‎സത്യനിഷേധികള്‍ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ‎ഒരു ഗുണവും ലഭിക്കുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല. ‎എന്നാല്‍ അല്ലാഹു തന്റെ കാരുണ്യത്താല്‍ ‎താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ‎അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവന്‍ തന്നെ. ‎

ഏതെങ്കിലും വേദവാക്യത്തെ നാം ദുര്‍ബലമാക്കുകയോ ‎മറപ്പിക്കുകയോ ആണെങ്കില്‍ പകരം തത്തുല്യമോ ‎കൂടുതല്‍ മികച്ചതോ നാം കൊണ്ടുവരും. നിനക്കറിയില്ലേ, ‎അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്. ‎

നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു ‎തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. ‎അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ ‎സഹായിയോ ഇല്ല. ‎

അല്ല; നേരത്തെ മൂസയോട് തന്റെ ജനം ഉന്നയിച്ചതു ‎പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ പ്രവാചകനോട് ‎ചോദിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്? സംശയമില്ല; ‎സത്യവിശ്വാസത്തിനുപകരം സത്യനിഷേധം ‎സ്വീകരിക്കുന്നവര്‍ നേര്‍വഴിയില്‍നിന്ന് ‎തെറ്റിപ്പോയിരിക്കുന്നു. ‎

വേദക്കാരില്‍ ഏറെപ്പേരും ആഗ്രഹിക്കുന്നു, നിങ്ങള്‍ ‎സത്യവിശ്വാസികളായ ശേഷം നിങ്ങളെ ‎സത്യനിഷേധികളാക്കി മാറ്റാന്‍ സാധിച്ചെങ്കിലെന്ന്! ‎അവരുടെ അസൂയയാണതിനു കാരണം. ഇതൊക്കെയും ‎സത്യം അവര്‍ക്ക് നന്നായി വ്യക്തമായ ശേഷമാണ്. ‎അതിനാല്‍ അല്ലാഹു തന്റെ കല്‍പന നടപ്പാക്കും വരെ ‎നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുക. സംയമനം പാലിക്കുക. ‎തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ‎കഴിവുറ്റവന്‍ തന്നെ. ‎

നിങ്ങള്‍ നിഷ്ഠയോടെ നമസ്കരിക്കുക. സകാത്ത് നല്‍കുക. ‎നിങ്ങള്‍ ചെയ്യുന്ന ഏതു നന്മയുടെയും സദ്ഫലം ‎നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ കണ്ടെത്താം. നിങ്ങള്‍ ‎ചെയ്യുന്നതൊക്കെയും ഉറപ്പായും അല്ലാഹു കാണുന്നുണ്ട്. ‎

ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും ‎സ്വര്‍ഗത്തിലെത്തുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. ‎അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: ‎നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ ‎സത്യസന്ധരെങ്കില്‍. ‎

എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം ‎അല്ലാഹുവിന് സമര്‍പിക്കുന്നുവോ അവന് തന്റെ ‎നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ‎ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല. ‎

ക്രിസ്ത്യാനികളുടെ നിലപാടുകള്‍ക്ക് ‎ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര്‍ പറയുന്നു. യഹൂദരുടെ ‎വാദങ്ങള്‍ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ‎ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ ‎വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ‎ചിലരെല്ലാം മുമ്പും ഇവര്‍ വാദിക്കും വിധം ‎പറഞ്ഞിട്ടുണ്ട്. അതിനാല്‍, അവര്‍ ‎ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ‎ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു വിധി ‎കല്‍പിക്കുന്നതാണ്. ‎

അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം ‎പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ ‎നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത ‎അക്രമി ആരാണ്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കവിടെ ‎പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ ‎അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും. ‎

കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ ‎നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും ‎അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. ‎അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം ‎അറിയുന്നവനും. ‎

ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര്‍ ‎വാദിക്കുന്നു. എന്നാല്‍ അവന്‍ അതില്‍നിന്നെല്ലാം എത്ര ‎പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം ‎അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും. ‎

ഇല്ലായ്മയില്‍നിന്ന് ആകാശ ഭൂമികളെ ‎ഉണ്ടാക്കിയവനാണവന്‍. അവനൊരു കാര്യം ‎തീരുമാനിച്ചാല്‍ “ഉണ്ടാവുക" എന്ന വചനം മതി. ‎അതോടെ അതുണ്ടാകുന്നു. ‎

അറിവില്ലാത്തവര്‍ ചോദിക്കുന്നു: "അല്ലാഹു ഞങ്ങളോട് ‎നേരില്‍ സംസാരിക്കാത്തതെന്ത്? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ‎ഒരടയാളമെങ്കിലും കൊണ്ടുവരാത്തതെന്ത്?" ‎ഇവരിപ്പോള്‍ ചോദിക്കുന്നപോലെ ഇവരുടെ ‎മുന്‍ഗാമികളും ചോദിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും ‎മനസ്സുകള്‍ ഒരുപോലെയാണ്. തീര്‍ച്ചയായും അടിയുറച്ചു ‎വിശ്വസിക്കുന്നവര്‍ക്ക് നാം തെളിവുകള്‍ ‎വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. ‎

നിസ്സംശയം, നിന്നെ നാം സത്യസന്ദേശവുമായാണ് ‎അയച്ചത്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് ‎നല്‍കുന്നവനുമായി. അതിനാല്‍ നരകാവകാശികളെപ്പറ്റി ‎നിന്നോടു ചോദിക്കുകയില്ല. ‎

ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് ‎സംതൃപ്തരാവുകയില്ല; നീ അവരുടെ ‎മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ‎ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു ‎യഥാര്‍ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ ‎പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവിന്റെ പിടിയില്‍നിന്ന് ‎നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ ‎സഹായിയോ ഉണ്ടാവുകയില്ല. ‎

നാം ഈ വേദഗ്രന്ഥം നല്‍കിയവര്‍ ആരോ അവരിത് ‎യഥാവിധി പാരായണം ചെയ്യുന്നു. അവരിതില്‍ ‎ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനെ ‎നിഷേധിക്കുന്നവരോ, യഥാര്‍ഥത്തില്‍ അവര്‍ തന്നെയാണ് ‎നഷ്ടംപറ്റിയവര്‍. ‎

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ ‎അനുഗ്രഹങ്ങളോര്‍ക്കുക; നിങ്ങളെ സകല ജനത്തേക്കാളും ‎ശ്രേഷ്ഠരാക്കിയതും. ‎

ആര്‍ക്കും മറ്റുള്ളവര്‍ക്കായി ഒന്നും ചെയ്യാനാവാത്ത; ‎ആരുടെയും പ്രായശ്ചിത്തം സ്വീകരിക്കാത്ത; ആര്‍ക്കും ‎ആരുടെയും ശിപാര്‍ശ ഉപകരിക്കാത്ത; ആര്‍ക്കും ‎ഒരുവിധ സഹായവും ലഭിക്കാത്ത ആ നാളിനെ ‎സൂക്ഷിക്കുക. ‎

ഓര്‍ക്കുക: ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ‎ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം ‎അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: ‎‎"നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്." ‎ഇബ്റാഹീം ആവശ്യപ്പെട്ടു: "എന്റെ മക്കളെയും." ‎അല്ലാഹു അറിയിച്ചു: "എന്റെ വാഗ്ദാനം ‎അക്രമികള്‍ക്കു ബാധകമല്ല." ‎

ഓര്‍ക്കുക: ആ ഭവന ത്തെ നാം മാനവതയുടെ മഹാസംഗമ ‎സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്റാഹീം ‎നിന്ന ഇടം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക. ത്വവാഫ് ‎ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും ‎സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി ‎എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ‎ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം ‎കല്‍പിച്ചു. ‎

ഇബ്റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: "എന്റെ നാഥാ! ‎ഇതിനെ നീ ഭീതി ഏതുമില്ലാത്ത നാടാക്കേണമേ! ഇവിടെ ‎പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ ‎നല്‍കേണമേ." അല്ലാഹു അറിയിച്ചു: "അവിശ്വാസിക്കും ‎നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ‎മാത്രമാണ് അവന്നുണ്ടാവുക. പിന്നെ നാമവനെ നരക ‎ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ." ‎

ഓര്‍ക്കുക: ഇബ്റാഹീമും ഇസ്മാഈലും ആ ‎മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. ‎അന്നേരമവര്‍ പ്രാര്‍ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ ‎നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം ‎കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ". ‎

‎"ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിന്നെ ‎അനുസരിക്കുന്നവരാക്കേണമേ! ഞങ്ങളുടെ ‎സന്തതികളില്‍നിന്ന് നിന്നെ വഴങ്ങുന്ന ഒരു സമുദായത്തെ ‎ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ‎ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ‎ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, ‎നീ പശ്ചാത്താപം ഉദാരമായി സ്വീകരിക്കുന്നവനും ‎കരുണാമയനും തന്നെ. ‎

‎"ഞങ്ങളുടെ നാഥാ! നീ അവര്‍ക്ക് അവരില്‍ നിന്നു തന്നെ ‎ഒരു ദൂതനെ നിയോഗിക്കേണമേ! അവര്‍ക്കു നിന്റെ ‎വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും വേദവും ‎വിജ്ഞാനവും പഠിപ്പിക്കുകയും അവരെ ‎സംസ്കരിക്കുകയും ചെയ്യുന്ന ദൂതനെ. നിസ്സംശയം, നീ ‎പ്രതാപിയും യുക്തിജ്ഞനും തന്നെ." ‎

ആരെങ്കിലും ഇബ്റാഹീമിന്റെ മാര്‍ഗം വെറുക്കുമോ? ‎സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം ‎അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. ‎പരലോകത്തും അദ്ദേഹം സച്ചരിതരിലായിരിക്കും. ‎

നിന്റെ നാഥന്‍ അദ്ദേഹത്തോട് “വഴിപ്പെടുക" എന്ന് ‎കല്‍പിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‎‎“സര്‍വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു." ‎

ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ‎ഇതുതന്നെ ഉപദേശിച്ചു: "എന്റെ മക്കളേ, അല്ലാഹു ‎നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്ന വിശിഷ്ടമായ ജീവിത ‎വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ ‎മുസ്ലിംകളായല്ലാതെ മരണപ്പെടരുത്." ‎

‎“എനിക്കുശേഷം നിങ്ങള്‍ ആരെയാണ് വഴിപ്പെടുക"യെന്ന് ‎ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ‎ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ ‎പറഞ്ഞു: "ഞങ്ങള്‍ അങ്ങയുടെ ദൈവത്തെ തന്നെയാണ് ‎വഴിപ്പെടുക. അങ്ങയുടെ പിതാവായ ‎ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും ‎ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ‎ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരാകും." ‎

ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. ‎അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് ‎നിങ്ങള്‍ ശേഖരിച്ചുവെച്ചതിന്റെയും. അവര്‍ ‎പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ആരും ‎ചോദിക്കുകയില്ല. ‎

അവര്‍ പറയുന്നു: "നിങ്ങള്‍ നേര്‍വഴിയിലാകണമെങ്കില്‍ ‎ജൂതരോ ക്രിസ്ത്യാനികളോ ആവുക."പറയുക: "അല്ല. ‎ശുദ്ധ മാനസനായ ഇബ്റാഹീമിന്റെ മാര്‍ഗമാണ് ‎സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ ‎വാദിയായിരുന്നില്ല." ‎

നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും ‎അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ‎ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, ‎അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ‎ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും ‎നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ‎നാഥനില്‍നിന്ന് അവതരിച്ചവയിലും ‎വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ‎ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ ‎അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരത്രെ. ‎

നിങ്ങള്‍ വിശ്വസിച്ചപോലെ അവരും ‎വിശ്വസിക്കുകയാണെങ്കില്‍ അവരും ‎നേര്‍വഴിയിലാകുമായിരുന്നു. അവര്‍ ‎പിന്തിരിയുകയാണെങ്കില്‍ പിന്നെ അവര്‍ കടുത്ത ‎കിടമത്സരത്തില്‍ തന്നെയായിരിക്കും. അവരില്‍നിന്ന് ‎നിന്നെ കാക്കാന്‍ അല്ലാഹുമതി. അവന്‍ എല്ലാം ‎കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. ‎

അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. ‎അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായി ആരുടെ ‎വര്‍ണമുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്. ‎

ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ‎ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും ‎നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ ‎കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ ‎ആത്മാര്‍ഥമായും അവന് മാത്രം ‎കീഴൊതുങ്ങിക്കഴിയുന്നവരാണ്. ‎

ഇബ്റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും ‎അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ‎ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ ‎വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം ‎നന്നായറിയുന്നവര്‍? അതോ അല്ലാഹുവോ? ‎അല്ലാഹുവില്‍ നിന്ന് വന്നെത്തിയ തന്റെ വശമുള്ള ‎സാക്ഷ്യം മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ‎ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ‎ഒട്ടും അശ്രദ്ധനല്ല അല്ലാഹു. ‎

അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം ‎അവര്‍ക്ക്. നിങ്ങള്‍ സമ്പാദിച്ചത് നിങ്ങള്‍ക്കും. അവര്‍ ‎പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ‎ചോദിക്കുകയില്ല. ‎

മൂഢന്മാര്‍ ചോദിക്കുന്നു: "അന്നോളം അവര്‍ ‎തിരിഞ്ഞുനിന്നിരുന്ന ഖിബ്ല യില്‍ നിന്ന് അവരെ ‎തെറ്റിച്ചതെന്ത്?" പറയുക: "കിഴക്കും പടിഞ്ഞാറും ‎അല്ലാഹുവിന്റേതുതന്നെ. അല്ലാഹു ‎അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു." ‎

ഇവ്വിധം നിങ്ങളെ നാം ഒരു മിത ‎സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് ‎സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്കു ‎സാക്ഷിയാകാനും. നീ നേരത്തെ തിരിഞ്ഞുനിന്നിരുന്ന ‎ദിക്കിനെ ഖിബ്ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ ‎പിന്‍പറ്റുന്നവരെയും പിന്‍മാറിപ്പോകുന്നവരെയും ‎വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അത് ഏറെ ‎പ്രയാസകരമായിരുന്നു; ദൈവിക ‎മാര്‍ഗദര്‍ശനത്തിനര്‍ഹരായവര്‍ക്കൊഴികെ. അല്ലാഹു ‎നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. ‎അല്ലാഹു ജനങ്ങളോട് അളവറ്റ ദയാപരനും ‎കരുണാമയനുമാകുന്നു. ‎

നിന്റെ മുഖം അടിക്കടി മാനത്തേക്ക് ‎തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. ‎അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നിന്നെ നാം ‎തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ ‎നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ ‎എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം ‎തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ ‎നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ ‎പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. ‎

നീ ഈ വേദക്കാരുടെ മുമ്പില്‍ എല്ലാ തെളിവുകളും ‎കൊണ്ടുചെന്നാലും അവര്‍ നിന്റെ ഖിബ്ലയെ ‎പിന്‍പറ്റുകയില്ല. അവരുടെ ഖിബ്ലയെ നിനക്കും ‎പിന്‍പറ്റാനാവില്ല. അവരില്‍തന്നെ ഒരുവിഭാഗം മറ്റു ‎വിഭാഗക്കാരുടെ ഖിബ്ലയെയും പിന്തുടരില്ല. ഈ ‎സത്യമായ അറിവ് ലഭിച്ചശേഷവും നീ അവരുടെ ‎തന്നിഷ്ടങ്ങളെ പിന്‍പറ്റിയാല്‍ ഉറപ്പായും നീയും ‎അതിക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോകും. ‎

നാം വേദം നല്‍കിയ ജനത്തിന് അദ്ദേഹത്തെ തങ്ങളുടെ ‎മക്കളെ അറിയുന്നപോലെ അറിയാം. എന്നിട്ടും ‎അവരിലൊരുകൂട്ടര്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യം ‎മറച്ചുവെക്കുകയാണ്. ‎

ഇത് നിന്റെ നാഥനില്‍ നിന്നുള്ള സത്യസന്ദേശമാണ്. ‎അതിനാല്‍ അതേപ്പറ്റി നീ സംശയാലുവാകരുത്. ‎

ഓരോ വിഭാഗത്തിനും ഓരോ ദിശയുണ്ട്. അവര്‍ ‎അതിന്റെ നേരെ തിരിയുന്നു. നിങ്ങള്‍ നന്മയിലേക്കു ‎മുന്നേറുക. നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു ‎നിങ്ങളെയെല്ലാം ഒന്നിച്ചുകൊണ്ടുവരും. അല്ലാഹു ‎എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. ‎

നീ ഏതുവഴിയില്‍ സഞ്ചരിച്ചാലും ‎മസ്ജിദുല്‍ഹറാമിന്റെ നേരെ മുഖം തിരിക്കുക. ‎കാരണം അത് നിന്റെ നാഥനില്‍ നിന്നുള്ള ‎സത്യനിഷ്ഠമായ നിര്‍ദേശമാണ്. നിങ്ങള്‍ ‎പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല. ‎

നീ എവിടെനിന്നു പുറപ്പെട്ടാലും നിന്റെ മുഖം ‎മസ്ജിദുല്‍ഹറാമിന്റെ നേരെ തിരിക്കുക. നിങ്ങള്‍ ‎എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് മുഖം ‎തിരിക്കേണ്ടത്. നിങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ഒരു ‎ന്യായവും ഇല്ലാതിരിക്കാനാണിത്. അവരിലെ ‎അതിക്രമികള്‍ക്കൊഴികെ. നിങ്ങളവരെ പേടിക്കരുത്. ‎എന്നെ മാത്രം ഭയപ്പെടുക. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ‎തികവോടെ തരാനാണിത്; നിങ്ങള്‍ നേര്‍വഴി ‎പ്രാപിക്കാനും. ‎

നാം നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ദൂതനെ ‎അയച്ചുതന്നപോലെയാണിത്. അദ്ദേഹമോ നിങ്ങള്‍ക്ക് ‎നമ്മുടെ സൂക്തങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ ‎സംസ്കരിക്കുന്നു. വേദവും വിജ്ഞാനവും പഠിപ്പിക്കുന്നു. ‎നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് ‎അറിയിച്ചുതരികയും ചെയ്യുന്നു. ‎

അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ‎ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് ‎കാണിക്കരുത്. ‎

വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും ‎നമസ്കാരത്തിലൂടെയും ദിവ്യസഹായം തേടുക. ‎തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു. ‎

ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരെ “മരിച്ചവരെ"ന്ന് ‎പറയാതിരിക്കുക. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവരാണ്. ‎പക്ഷേ, നിങ്ങളത് അറിയുന്നില്ല. ‎

ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം ‎എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ‎ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത ‎അറിയിക്കുക. ‎

ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ‎‎“ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ ‎തിരിച്ചുചെല്ലേണ്ടവരും." ‎

അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ ‎അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് ‎നേര്‍വഴി പ്രാപിച്ചവര്‍. ‎

തീര്‍ച്ചയായും സ്വഫായും മര്‍വ യും അല്ലാഹുവിന്റെ ‎അടയാള ങ്ങളില്‍പെട്ടവയാണ്. അതിനാല്‍ ‎അല്ലാഹുവിന്റെ ആദരണീയ ഭവന ത്തിങ്കല്‍ ഹജ്ജോ ‎ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയ്ക്കിടയില്‍ ‎പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്നമേയില്ല. ‎സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ ‎മനസ്സിലാക്കട്ടെ: അല്ലാഹു എല്ലാം അറിയുന്നവനും ‎നന്ദിയുള്ളവനുമാണ്. ‎

നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും ‎മാര്‍ഗനിര്‍ദേശങ്ങളും വേദപുസ്തകത്തിലൂടെ ‎വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും അവയെ ‎മറച്ചുവെക്കുന്നവരെ ഉറപ്പായും അല്ലാഹു ശപിക്കുന്നു. ‎ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു. ‎

പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ‎മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ‎ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന്‍ ‎സ്വീകരിക്കുന്നു. ഞാന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ‎ദയാപരനും തന്നെ. ‎

സത്യത്തെ തള്ളിക്കളയുകയും ‎സത്യനിഷേധികളായിത്തന്നെ മരണമടയുകയും ‎ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും ‎മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ട്. ‎

അവരത് എക്കാലവും അനുഭവിക്കും. അവര്‍ക്ക് ‎ശിക്ഷയിലൊട്ടും ഇളവുണ്ടാവില്ല. മറ്റൊരവസരം ‎അവര്‍ക്ക് ലഭിക്കുകയുമില്ല. ‎

നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. ‎അവന്‍ പരമ കാരുണികന്‍. ദയാപരന്‍. ‎

ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി ‎വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി ‎സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍; അല്ലാഹു ‎മാനത്തുനിന്ന് മഴവീഴ്ത്തി അതുവഴി, ജീവനറ്റ ഭൂമിക്ക് ‎ജീവനേകുന്നതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും ‎പരത്തിവിടുന്നതില്‍; കാറ്റിനെ ചലിപ്പിക്കുന്നതില്‍; ‎ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയായി ‎നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍; എല്ലാറ്റിലും ‎ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; ‎സംശയമില്ല. ‎

ചിലയാളുകള്‍ അല്ലാഹു അല്ലാത്തവരെ അവന്ന് ‎സമന്മാരാക്കിവെക്കുന്നു. അവര്‍ അല്ലാഹുവെ ‎സ്നേഹിക്കുന്നപോലെ ഇവരെയും സ്നേഹിക്കുന്നു. ‎സത്യവിശ്വാസികളോ, പരമമായി സ്നേഹിക്കുന്നത് ‎അല്ലാഹുവിനെയാണ്. അക്രമികള്‍ക്ക് പരലോകശിക്ഷ ‎നേരില്‍ കാണുമ്പോള്‍ ബോധ്യമാകും, ശക്തിയൊക്കെയും ‎അല്ലാഹുവിനാണെന്നും അവന്‍ കഠിനമായി ‎ശിക്ഷിക്കുന്നവനാണെന്നും. ഇക്കാര്യം ഇപ്പോള്‍ തന്നെ ‎അവര്‍ കണ്ടറിഞ്ഞിരുന്നെങ്കില്‍. ‎

പിന്തുടരപ്പെട്ടവര്‍ പിന്തുടരുന്നവരി ല്‍നിന്ന് ‎ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും ‎അന്യോന്യമുള്ള ബന്ധം അറ്റുപോവുകയും ചെയ്യുന്ന ‎സന്ദര്‍ഭം! ‎

അനുയായികള്‍ അന്ന് പറയും: "ഞങ്ങള്‍ക്ക് ഒരു ‎തിരിച്ചുപോക്കിന് അവസരമുണ്ടായെങ്കില്‍ ഇവരിപ്പോള്‍ ‎ഞങ്ങളെ കൈവെടിഞ്ഞപോലെ ഇവരെ ഞങ്ങളും ‎കൈവെടിയുമായിരുന്നു." അങ്ങനെ അവരുടെ ‎ചെയ്തികള്‍ അവര്‍ക്ക് കൊടിയ ഖേദത്തിന് ‎കാരണമായതായി അല്ലാഹു അവര്‍ക്ക് ‎കാണിച്ചുകൊടുക്കും. നരകത്തീയില്‍നിന്നവര്‍ക്ക് ‎പുറത്തുകടക്കാനാവില്ല. ‎

മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ‎ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ ‎കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ ‎പ്രത്യക്ഷ ശത്രുവാണ്. ‎

ചീത്തകാര്യങ്ങളിലും നീചവൃത്തികളിലും ‎വ്യാപരിക്കാനാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്. ‎ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ ‎കെട്ടിപ്പറയാനും. ‎

അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങളുടെ പൂര്‍വ ‎പിതാക്കള്‍ പിന്തുടര്‍ന്നുകണ്ട പാതയേ ഞങ്ങള്‍ ‎പിന്‍പറ്റുകയുള്ളൂ." അവരുടെ പിതാക്കള്‍ ‎ചിന്തിക്കുകയോ നേര്‍വഴി പ്രാപിക്കുകയോ ‎ചെയ്യാത്തവരായിരുന്നിട്ടും! ‎

സത്യനിഷേധികളോടു സംസാരിക്കുന്നവന്റെ ഉപമ ‎വിളിയും തെളിയുമല്ലാതൊന്നും കേള്‍ക്കാത്ത ‎കാലികളോട് ഒച്ചയിടുന്ന ഇടയനെ പോലെയാണ്. അവര്‍ ‎ബധിരരും മൂകരും കുരുടരുമാണ്. അവരൊന്നും ‎ആലോചിച്ചറിയുന്നില്ല. ‎

വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയ ‎വിഭവങ്ങളില്‍നിന്ന് വിശിഷ്ടമായത് ആഹരിക്കുക. ‎അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം ‎വഴിപ്പെടുന്നവരാണെങ്കില്‍! ‎

നിങ്ങള്‍ക്ക് അവന്‍ നിഷിദ്ധമാക്കിയത് ഇവ മാത്രമാണ്: ‎ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ ‎പേരില്‍ അറുക്കപ്പെട്ടത്. എന്നാല്‍ ‎നിര്‍ബന്ധിതാവസ്ഥയിലുള്ളവന് അതില്‍ ഇളവുണ്ട്. ‎പക്ഷേ ഇത് നിയമലംഘനമാഗ്രഹിച്ചാവരുത്. ‎അത്യാവശ്യത്തിലധികവുമാവരുത്. അല്ലാഹു ഏറെ ‎പൊറുക്കുന്നവനും ദയാപരനുമല്ലോ. ‎

വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ ‎മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ‎ഐഹികതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ‎ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് ‎നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ‎അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ‎ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്ക് നോവേറിയ ‎ശിക്ഷയുണ്ട്. ‎

സന്മാര്‍ഗം വിറ്റ് ദുര്‍മാര്‍ഗം വാങ്ങിയവരാണവര്‍. ‎പാപമോചനത്തിനുപകരം ശിക്ഷയും. നരകശിക്ഷ ‎ഏറ്റുവാങ്ങാനുള്ള അവരുടെ ധാര്‍ഷ്ട്യം അപാരം തന്നെ! ‎

പരമസത്യം വ്യക്തമാക്കുന്ന വേദപുസ്തകം അല്ലാഹു ‎ഇറക്കിത്തന്നു. എന്നിട്ടും വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍ ‎ഭിന്നിച്ചവര്‍ തങ്ങളുടെ മാത്സര്യത്തില്‍പെട്ട് ‎സത്യത്തില്‍നിന്ന് ഏറെ ദൂരെയായിരിക്കുന്നു. അതാണ് ‎ഇതിനൊക്കെയും കാരണം. ‎

നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ‎മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, ‎അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും ‎വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; ‎സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് ‎അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും ‎വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ ‎മോചനത്തിനും ചെലവഴിക്കുക; നമസ്കാരം ‎നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; ‎കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; ‎പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധരംഗത്തും ‎ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് ‎പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. അവര്‍ ‎തന്നെയാണ് യഥാര്‍ഥ ഭക്തന്മാര്‍. ‎

വിശ്വസിച്ചവരേ, കൊല്ലപ്പെടുന്നവരുടെ കാര്യത്തില്‍ ‎പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു: ‎സ്വതന്ത്രന് സ്വതന്ത്രന്‍; അടിമക്ക് അടിമ; സ്ത്രീക്ക് സ്ത്രീ. ‎എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് ‎ഇളവു ലഭിക്കുകയാണെങ്കില്‍ മര്യാദ പാലിയില്‍ അതം ‎ഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും ‎വേണം. നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരിളവും ‎കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് ‎നോവേറിയ ശിക്ഷയുണ്ട്. ‎

ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ‎ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാനാണിത്. ‎

നിങ്ങളിലാര്‍ക്കെങ്കിലും മരണമടുത്തുവെന്നറിഞ്ഞാല്‍ ‎നിങ്ങള്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ ‎മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ ‎നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ‎ഭക്തന്മാര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ. ‎

ഒസ്യത്ത് കേട്ടശേഷം ആരെങ്കിലും അത് മാറ്റിമറിച്ചാല്‍ ‎കുറ്റം മാറ്റിമറിച്ചവര്‍ക്കാണ്. നിസ്സംശയം, അല്ലാഹു ‎എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ‎

അഥവാ, ഒസ്യത്ത് ചെയ്തവനില്‍നിന്ന് വല്ല അനീതിയോ ‎തെറ്റോ സംഭവിച്ചതായി ആരെങ്കിലും ‎ആശങ്കിക്കുന്നുവെങ്കില്‍ അയാള്‍ ബന്ധപ്പെട്ടവര്‍ക്കിടയില്‍ ‎ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാഹു ‎ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. ‎

വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് ‎നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ ‎മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന ‎പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. ‎

നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും ‎രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ മറ്റു ‎ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ ‎പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ ‎നോമ്പുപേക്ഷിച്ചാല്‍ പകരം പ്രായശ്ചിത്തമായി ‎ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും ‎സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. ‎നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ ‎തിരിച്ചറിയുന്നവരെങ്കില്‍. ‎

ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ‎ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം ‎വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ ‎വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ ‎നിങ്ങളിലാരെങ്കിലും ആ മാസത്തിന് ‎സാക്ഷികളാകുന്നുവെങ്കില്‍ ആ മാസം ‎വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ ‎യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് ‎അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് ‎എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ ‎നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ ‎നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ ‎അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് ‎നന്ദിയുള്ളവരാകാനുമാണിത്. ‎

എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ ‎പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു ‎പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ‎ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ ‎വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ‎ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. ‎

നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ‎ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. ‎അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള ‎വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുക ‎യായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ‎അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. ‎നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ ‎അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ ‎നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ ‎തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ ‎വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു ‎കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ ‎വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ‎ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ‎ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. ‎അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു ‎അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് ‎വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത ‎പാലിക്കുന്നവരാകാന്‍. ‎

നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം ‎അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂര്‍വം ‎കുറ്റകരമായ മാര്‍ഗത്തിലൂടെ അന്യരുടെ സ്വത്തില്‍നിന്ന് ‎ഒരു ഭാഗം തിന്നാനായി നിങ്ങള്‍ അതുമായി ‎ഭരണാധികാരികളെ സമീപിക്കുകയുമരുത്. ‎

അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ചു ചോദിക്കുന്നു. ‎പറയുക: അത് ജനങ്ങള്‍ക്ക് കാലം ‎കണക്കാക്കാനുള്ളതാണ്. ഹജ്ജിനുള്ള അടയാളവും. ‎നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ പിന്‍ഭാഗത്തൂടെ ‎പ്രവേശിക്കുന്നതില്‍ പുണ്യമൊന്നുമില്ല. അല്ലാഹുവെ ‎സൂക്ഷിച്ചു ജീവിക്കുന്നതിലാണ് യഥാര്‍ഥ പുണ്യം. ‎അതിനാല്‍ വീടുകളില്‍ മുന്‍വാതിലുകളിലൂടെ തന്നെ ‎പ്രവേശിക്കുക. അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. ‎എങ്കില്‍ നിങ്ങള്‍ക്കു വിജയം വരിക്കാം. ‎

നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ ‎നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ‎ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎

ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും നിങ്ങളവരെ ‎വധിക്കുക. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തുനിന്ന് ‎നിങ്ങളവരെയും പുറന്തള്ളുക. മര്‍ദനം കൊലയെക്കാള്‍ ‎ഭീകരമാണ്. മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് അവര്‍ ‎നിങ്ങളോടേറ്റുമുട്ടുന്നില്ലെങ്കില്‍ അവിടെ വെച്ച് നിങ്ങള്‍ ‎അവരോട് യുദ്ധം ചെയ്യരുത്. അഥവാ, അവര്‍ നിങ്ങളോടു ‎യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളവരെ വധിക്കുക. ‎അതാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം. ‎

എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കിലോ, അറിയുക: ‎അല്ലാഹു ഏറെ മാപ്പേകുന്നവനും ദയാമയനുമാകുന്നു. ‎

മര്‍ദനം ഇല്ലാതാവുകയും “ദീന്‍" ‎അല്ലാഹുവിന്റേതായിത്തീരുക യും ചെയ്യുന്നതുവരെ ‎നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ ‎വിരമിക്കുക യാണെങ്കില്‍ അറിയുക: ‎അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല. ‎

ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ‎ആദരണീയമായ മറ്റു കാര്യങ്ങള്‍ ‎കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. ‎അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും ‎അക്രമമഴിച്ചുവിട്ടാല്‍ അതേവിധം നിങ്ങളവരെയും ‎നേരിടുക. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, ‎സൂക്ഷ്മത പുലര്‍ത്തുന്നവരോടൊപ്പമാണ് അല്ലാഹു. ‎

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക. നിങ്ങള്‍ ‎നിങ്ങളുടെ കൈകളാല്‍ നിങ്ങളെത്തന്നെ ‎ആപത്തിലകപ്പെടുത്തരുത്. നന്മ ചെയ്യുക. തീര്‍ച്ചയായും ‎നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കും. ‎

നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ ‎നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാ ല്‍ ‎നിങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ബലിനടത്തുക. ‎ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ ‎തലമുടിയെടുക്കരുത്. അഥവാ, ആരെങ്കിലും രോഗം ‎കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ ‎മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ‎ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ ‎നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് ‎കാലംവരെ സൌകര്യം ഉപയോഗപ്പെടുത്തുക ‎യുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ‎ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് ‎പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് ‎വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. ‎കുടുംബത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്റെ അടുത്ത് ‎താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ ‎സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ‎ശിക്ഷിക്കുന്നവനാണ്. ‎

ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ ‎നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ ‎പ്രവേശിച്ചാല്‍ പിന്നെ സ്ത്രീപുരുഷവേഴ്ചയോ ‎ദുര്‍വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള്‍ എന്തു ‎സുകൃതം ചെയ്താലും അല്ലാഹു അതറിയുക തന്നെ ‎ചെയ്യും. നിങ്ങള്‍ യാത്രക്കാവശ്യമായ ‎വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ ‎വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. ‎വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക. ‎

അതോടൊപ്പം നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ ‎അനുഗ്രഹങ്ങള്‍ തേടുന്ന തില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ ‎അറഫ യില്‍ നിന്ന് മടങ്ങിക്കഴിഞ്ഞാല്‍ മശ്അറുല്‍ ‎ഹറാമി നടുത്തുവച്ച് അല്ലാഹുവെ സ്മരിക്കുക. അവന്‍ ‎നിങ്ങള്‍ക്ക് കാണിച്ചുതന്നപോലെ അവനെ ‎പ്രകീര്‍ത്തിക്കുകയും ചെയ്യുക. ഇതിനുമുമ്പ് നിങ്ങള്‍ ‎വഴിപിഴച്ചവരായിരുന്നല്ലോ. ‎

പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് ‎നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം ‎തേടുക. നിശ്ചയമായും അല്ലാഹു ഏറെ ‎പൊറുക്കുന്നവനും ദയാപരനും തന്നെ. ‎

നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ ‎അല്ലാഹുവെ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ‎ഓര്‍ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ ‎സ്മരിക്കുക. ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ ‎നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം ‎തരേണമേ." അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല. ‎

മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ‎ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, ‎പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ‎ഞങ്ങളെ നീ രക്ഷിക്കേണമേ." ‎

അവര്‍ സമ്പാദിച്ചതിന്റെ വിഹിതം അവര്‍ക്കുണ്ട്. ‎അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു. ‎

നിര്‍ണിതനാളുകളി ല്‍ നിങ്ങള്‍ ദൈവസ്മരണയില്‍ ‎മുഴുകുക. ആരെങ്കിലും ധൃതി കാണിച്ച് രണ്ടുദിവസം ‎കൊണ്ടുതന്നെ മതിയാക്കി മടങ്ങിയാല്‍, അതില്‍ ‎തെറ്റൊന്നുമില്ല. ആരെങ്കിലും പിന്തിമടങ്ങുന്നുവെങ്കില്‍ ‎അതിലും തെറ്റില്ല. ഭക്തിപുലര്‍ത്തുന്നവര്‍ക്കുള്ളതാണ് ഈ ‎നിയമം. നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. ‎അറിയുക: നിങ്ങളെല്ലാം അവന്റെ സന്നിധിയില്‍ ‎ഒരുമിച്ചു കൂട്ടപ്പെടുന്നവരാണ്. ‎

ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തെ സംബന്ധിച്ച ‎അവരുടെ സംസാരം നിന്നില്‍ കൌതുകമുണര്‍ത്തും. ‎തങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവര്‍ ‎അല്ലാഹുവെ സാക്ഷിനിര്‍ത്തും. വാസ്തവത്തിലവര്‍ ‎സത്യത്തിന്റെ കൊടും വൈരികളത്രെ. ‎

അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ ‎കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും ‎മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു ‎കുഴപ്പം ഇഷ്ടപ്പെടുന്നില്ല. ‎

‎“അല്ലാഹുവെ സൂക്ഷിക്കുക" എന്ന് അവനോട് ‎ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെ ‎അതിനനുവദിക്കാതെ പാപത്തില്‍ തന്നെ ‎ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് ‎എത്ര ചീത്ത ഇടം! ‎

മറ്റുചില മനുഷ്യരുണ്ട്. അവര്‍ അല്ലാഹുവിന്റെ പ്രീതി ‎പ്രതീക്ഷിച്ച് സ്വന്തത്തെ സമ്പൂര്‍ണമായി സമര്‍പ്പിക്കുന്നു. ‎അല്ലാഹു തന്റെ അടിമകളോട് അതീവ ദയാലുവാണ്. ‎

വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ ‎പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ ‎പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. ‎

വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും നിങ്ങള്‍ ‎സത്യമാര്‍ഗത്തില്‍നിന്ന് വഴുതിപ്പോവുകയാണെങ്കില്‍ ‎അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. ‎

മേഘമേലാപ്പിനുകീഴെ അല്ലാഹുവും മലക്കുകളും ‎അവരുടെ അടുത്ത് വരികയും കാര്യം ‎തീരുമാനിക്കുകയും ചെയ്യണമെന്നാണോ അവര്‍ ‎പ്രതീക്ഷിക്കുന്നത്? അന്ത്യവിധിക്കായി എല്ലാ കാര്യങ്ങളും ‎തിരിച്ചെത്തുന്നത് അല്ലാഹുവിങ്കലേക്കു തന്നെ. ‎

ഇസ്രയേല്‍ മക്കളോട് ചോദിക്കുക, എത്രയെത്ര വ്യക്തമായ ‎തെളിവുകളാണ് നാം അവര്‍ക്കു നല്‍കിയതെന്ന്. ‎അല്ലാഹുവിന്റെ അനുഗ്രഹം വന്നെത്തിയശേഷം അതിനെ ‎മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവന്‍ അറിയട്ടെ: അല്ലാഹു ‎കഠിനമായി ശിക്ഷിക്കുന്നവനാണ്. ‎

സത്യനിഷേധികള്‍ക്ക് ഈ ലോകജീവിതം ഏറെ ‎ചേതോഹരമായി തോന്നിയിരിക്കുന്നു. ‎സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. ‎എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ‎ദൈവഭക്തന്മാരായിരിക്കും അവരെക്കാള്‍ ഉന്നതന്മാര്‍. ‎അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ ‎വിഭവങ്ങള്‍ നല്‍കുന്നു. ‎

ആദിയില്‍ മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. ‎പിന്നീട് അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ ‎ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് ‎നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ ‎നിയോഗിച്ചു. അവര്‍ക്കിടയില്‍ അഭിപ്രായ ‎വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി ‎അവരോടൊപ്പം സത്യവേദ പുസ്തകവും ‎അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് ‎വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ‎ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ‎എന്നാല്‍ സത്യവിശ്വാസികളെ അവര്‍ ഭിന്നിച്ചകന്നുപോയ ‎സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് ‎വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ ‎നേര്‍വഴിയിലേക്കു നയിക്കുന്നു. ‎

അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ‎ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ ‎സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? ‎പീഡനങ്ങളും പ്രയാസങ്ങളും അവരെ ബാധിച്ചു. ‎ദൈവദൂതനും കൂടെയുള്ള വിശ്വാസികളും “ദൈവ ‎സഹായം എപ്പോഴാണുണ്ടാവുക"യെന്ന് ‎വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ ‎അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ ‎സഹായം അടുത്തുതന്നെയുണ്ടാകും. ‎

അവര്‍ ചോദിക്കുന്നു: അവരെന്താണ് ‎ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ‎ചെലവഴിക്കുന്ന നല്ലതെന്തും മാതാപിതാക്കള്‍ക്കും ‎അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും ‎വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ‎ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും. ‎

യുദ്ധം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു; അത് ‎നിങ്ങള്‍ക്ക് അനിഷ്ടകരം തന്നെ. എന്നാല്‍ ഗുണകരമായ ‎കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ‎ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു ‎അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല. ‎

ആദരണീയ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ സംബന്ധിച്ച് ‎അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതിലെ യുദ്ധം ‎അതീവഗുരുതരം തന്നെ. എന്നാല്‍ ദൈവമാര്‍ഗത്തില്‍ ‎നിന്ന് ജനങ്ങളെ വിലക്കുക, അവനെ നിഷേധിക്കുക, ‎മസ്ജിദുല്‍ഹറാമില്‍ വിലക്കേര്‍പ്പെടുത്തുക, അതിന്റെ ‎അവകാശികളെ അവിടെനിന്ന് പുറത്താക്കുക- ഇതെല്ലാം ‎അല്ലാഹുവിങ്കല്‍ അതിലും കൂടുതല്‍ ഗൌരവമുള്ളതാണ്. ‎‎“ഫിത്ന" കൊലയെക്കാള്‍ ഗുരുതരമാണ്. അവര്‍ക്കു ‎കഴിയുമെങ്കില്‍ നിങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് ‎പിന്തിരിപ്പിക്കും വരെ അവര്‍ നിങ്ങളോട് യുദ്ധം ‎ചെയ്തുകൊണ്ടേയിരിക്കും. നിങ്ങളാരെങ്കിലും തന്റെ ‎മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി ‎മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ‎ഇഹത്തിലും പരത്തിലും പാഴായതുതന്നെ. ‎അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും. ‎

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ ‎പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്റെ ‎മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് ‎ദിവ്യാനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ ‎പൊറുക്കുന്നവനും ദയാപരനും തന്നെ. ‎

നിന്നോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ‎ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ ‎തിന്മയുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. ‎എന്നാല്‍ അവയിലെ തിന്മയാണ് പ്രയോജനത്തെക്കാള്‍ ‎ഏറെ വലുത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും ‎അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ‎‎“ആവശ്യംകഴിച്ച് മിച്ചമുള്ളത്." ഇവ്വിധം അല്ലാഹു ‎നിങ്ങള്‍ക്ക് വിധികള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ‎ചിന്തിക്കുന്നവരാകാന്‍; ‎

ഈ ലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും. ‎അനാഥക്കുട്ടികളെ സംബന്ധിച്ചും അവര്‍ നിന്നോടു ‎ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ ‎വരുത്തുന്നതെല്ലാം നല്ലതാണ്. നിങ്ങള്‍ അവരോടൊപ്പം ‎താമസിക്കുന്നതിലും തെറ്റില്ല. അവര്‍ നിങ്ങളുടെ ‎സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മ ‎വരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നു. ‎ദൈവമിച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങളെ ‎പ്രയാസപ്പെടുത്തുമായിരുന്നു. ഉറപ്പായും അല്ലാഹു ‎പ്രതാപിയും യുക്തിമാനുമാകുന്നു. ‎

സത്യവിശ്വാസം സ്വീകരിച്ചാലല്ലാതെ ബഹുദൈവ ‎വിശ്വാസിനികളെ നിങ്ങള്‍ വിവാഹം ചെയ്യരുത്. ‎സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ ‎വിശ്വാസിനിയെക്കാളുത്തമം. അവള്‍ നിങ്ങളില്‍ ‎കൌതുകമുണര്‍ത്തിയാലും ശരി. അപ്രകാരം തന്നെ ‎സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ ‎വിശ്വാസികള്‍ക്ക് നിങ്ങള്‍ മക്കളെ വിവാഹം ‎ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ‎ബഹുദൈവ വിശ്വാസിയെക്കാളുത്തമം. അവന്‍ ‎നിങ്ങളില്‍ കൌതുകമുണര്‍ത്തിയാലും ശരി. അവര്‍ ‎ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ, ‎അവന്റെ ഹിതാനുസൃതം സ്വര്‍ഗത്തിലേക്കും ‎പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്റെ ‎തെളിവുകള്‍ ജനങ്ങള്‍ക്കായി വിശദീകരിച്ചുകൊടുക്കുന്നു. ‎അവര്‍ കാര്യം മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍. ‎

ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ‎ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ‎ആര്‍ത്തവ വേളയില്‍ നിങ്ങള്‍ ‎സ്ത്രീകളില്‍നിന്നകന്നുനില്‍ക്കുക. ശുദ്ധിയാകുംവരെ ‎അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ ‎അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ ‎സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ ‎സ്നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും ‎അവനിഷ്ടപ്പെടുന്നു. ‎

നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിട മാകുന്നു. ‎അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് ‎നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല്‍ ‎നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ‎ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ‎അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ‎ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക. ‎

നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ ‎രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ‎ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ ‎പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം ‎കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും. ‎

ബോധപൂര്‍വമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ ‎പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ ‎നിങ്ങള്‍ മനപ്പൂര്‍വം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ‎അല്ലാഹു പിടികൂടും. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎ക്ഷമിക്കുന്നവനുമാണ്. ‎

തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ‎ചെയ്തവര്‍ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര്‍ ‎മടങ്ങുന്നു വെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ‎ദയാപരനുമാകുന്നു. ‎

അഥവാ, അവര്‍ വിവാഹമോചനം തന്നെയാണ് ‎തീരുമാനിക്കുന്നതെങ്കില്‍ അല്ലാഹു എല്ലാം ‎കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ‎

വിവാഹമോചിതര്‍ മൂന്നു തവണ മാസമുറ ‎ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. ‎അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ ‎സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് ‎അനുവാദമില്ല. അവര്‍ അല്ലാഹുവിലും ‎അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! ‎അതിനിടയില്‍ അവര്‍ ബന്ധം നന്നാക്കാന്‍ ‎ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ ‎അവരുടെ ഭര്‍ത്താക്കന്മാര്‍ ഏറ്റം അര്‍ഹരത്രെ. ‎സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ ‎അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് ‎അവരെക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു ‎പ്രതാപിയും യുക്തിമാനുമാകുന്നു. ‎

വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ‎ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ‎ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യമാര്‍ക്ക് ‎നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ ‎പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ ‎പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. ‎അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ ‎പാലിക്കുകയില്ലെന്ന് നിങ്ങള്‍ക്ക് ആശങ്ക ‎തോന്നുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും ‎നല്‍കി വിവാഹമോചനം നേടുന്ന തില്‍ ഇരുവര്‍ക്കും ‎കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. ‎നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള്‍ ‎ലംഘിക്കുന്നവര്‍ തന്നെയാണ് അതിക്രമികള്‍. ‎

വീണ്ടും വിവാഹമോചനം നടത്തിയാല്‍ പിന്നെ അവന് ‎അവള്‍ അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള്‍ ‎വിവാഹം കഴിക്കുകയും അയാള്‍ അവളെ ‎വിവാഹമോചനം നടത്തുകയും ചെയ്താലല്ലാതെ. ‎അപ്പോള്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ‎ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല; ‎മേലില്‍ ഇരുവരും ദൈവികനിയമങ്ങള്‍ പാലിക്കുമെന്ന് ‎കരുതുന്നുവെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച ‎നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു ‎അവ വിശദീകരിച്ചുതരികയാണ്. ‎

നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും ‎അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ ‎അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. ‎അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ‎ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ‎ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ ‎തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. ‎അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ ‎കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു ‎നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു ‎നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും ‎തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. ‎അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: ‎നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്. ‎

നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ ‎തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ‎ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ‎ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ‎ഭര്‍ത്താക്കന്മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. ‎നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് ‎നിങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠവും വിശുദ്ധവും. അല്ലാഹു ‎അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല. ‎

മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം ‎പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം ‎പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. ‎മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും ‎വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ ‎പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ ‎കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു ‎മാതാവും തന്റെ കുഞ്ഞ് കാരണമായി ‎പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുട്ടി ‎തന്റേതാണെന്ന കാരണത്താല്‍ പിതാവും ‎പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ ‎അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ‎ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം ‎കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ ‎നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. ‎അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് ‎മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ‎അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല ‎നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ ‎സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ‎ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്. ‎

നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു ‎മരിച്ചുപോയാല്‍ ആ ഭാര്യമാര്‍ നാല് മാസവും പത്തു ‎ദിവസവും തങ്ങളെ സ്വയം നിയന്ത്രിച്ചുനിര്‍ത്തേണ്ട ‎താണ്. അങ്ങനെ അവരുടെ കാലാവധിയെത്തിയാല്‍ ‎തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയില്‍ അവര്‍ ‎പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. ‎നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി ‎അറിയുന്നവനാണ് അല്ലാഹു. ‎

ആ സ്ത്രീകളു മായി നിങ്ങള്‍ വിവാഹക്കാര്യം ‎വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ‎ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ ‎അവരെ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. ‎എന്നാല്‍ സ്വകാര്യമായി അവരുമായി ഒരുടമ്പടിയും ‎ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് അവരോട് മാന്യമായ ‎നിലയില്‍ സംസാരിക്കാം. നിശ്ചിത അവധി എത്തുംവരെ ‎വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്‍ച്ചയായും ‎നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. ‎അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ‎ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്. ‎

സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം ‎നിശ്ചയിക്കുകയോ ചെയ്യുംമുമ്പെ നിങ്ങളവരെ ‎വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ ‎കുറ്റമില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് മാന്യമായ നിലയില്‍ ‎ജീവിതവിഭവം നല്‍കണം. കഴിവുള്ളവന്‍ തന്റെ ‎കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന്‍ തന്റെ ‎അവസ്ഥയനുസരിച്ചും. നല്ല മനുഷ്യരുടെ ‎ബാധ്യതയാണിത്. ‎

അഥവാ, ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ ‎വിവാഹബന്ധം വേര്‍പ്പെടുത്തുകയും നിങ്ങളവരുടെ ‎വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ‎നിങ്ങള്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി ‎അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് ‎അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ ‎കയ്യിലാണോ അയാള്‍ വിട്ടുവീഴ്ച ‎ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള്‍ വിട്ടുവീഴ്ച ‎ചെയ്യലാണ് ദൈവഭക്തിയുമായി ഏറെ ‎പൊരുത്തപ്പെടുന്നത്. പരസ്പരം ഔദാര്യം കാണിക്കാന്‍ ‎മറക്കരുത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം ‎കണ്ടുകൊണ്ടിരിക്കുന്നവനാണ്; തീര്‍ച്ച. ‎

നിങ്ങള്‍ നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ‎വിശേഷിച്ചും വിശിഷ്ടമായ നമസ്കാരം. ‎അല്ലാഹുവിന്റെ മുന്നില്‍ ഭക്തിയോടെ നിന്ന് ‎നമസ്കരിക്കുക. ‎

അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നുകൊണ്ടോ ‎വാഹനത്തിലിരുന്നുകൊണ്ടോ നമസ്കാരം ‎നിര്‍വഹിക്കുക. എന്നാല്‍ സുരക്ഷിതാവസ്ഥയിലായാല്‍ ‎നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് ‎പഠിപ്പിച്ചുതന്ന പോലെ നിങ്ങളവനെ സ്മരിക്കുക. ‎

നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര്‍ ‎തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ‎ജീവിതവിഭവങ്ങള്‍ വസ്വിയ്യത്തു ചെയ്യേണ്ടതാണ്. ‎അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ ‎സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ‎ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് ‎ഉത്തരവാദിത്തമില്ല. അല്ലാഹു പ്രതാപിയും ‎യുക്തിമാനും തന്നെ. ‎

വിവാഹമോചിതര്‍ക്ക് ന്യായമായ നിലയില്‍ ‎ജീവിതവിഭവം നല്‍കണം. ഭക്തന്മാരുടെ ‎ബാധ്യതയാണിത്. ‎

ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തന്റെ കല്‍പനകള്‍ ‎വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍. ‎

ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ ‎വീടുവിട്ടിറങ്ങിയ ജനത യുടെ അവസ്ഥ നീ ‎കണ്ടറിഞ്ഞില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: ‎‎"നിങ്ങള്‍ മരിച്ചുകൊള്ളുക." പിന്നെ അല്ലാഹു അവരെ ‎ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഉദാരത ‎പുലര്‍ത്തുന്നവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും ‎നന്ദി കാണിക്കുന്നില്ല. ‎

നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. ‎തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും ‎അറിയുന്നവനുമാണ്. ഇക്കാര്യം നന്നായി മനസ്സിലാക്കുക. ‎

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവരായി ‎ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് ‎അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം ‎പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും ‎അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ ‎മടക്കം. ‎

നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രയേലി ‎പ്രമാണിമാരുടെ കാര്യം? അവര്‍ തങ്ങളുടെ ‎പ്രവാചകനോടു പറഞ്ഞു: “ഞങ്ങള്‍ക്കൊരു രാജാവിനെ ‎നിശ്ചയിച്ചുതരിക. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ ‎പടപൊരുതാം." പ്രവാചകന്‍ ചോദിച്ചു: “യുദ്ധത്തിന് ‎കല്‍പന കിട്ടിയാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ‎ചെയ്യാതിരിക്കുമോ?" അവര്‍ പറഞ്ഞു: ‎‎“ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും? ‎ഞങ്ങളെ സ്വന്തം വീടുകളില്‍ നിന്നും മക്കളില്‍നിന്നും ‎ആട്ടിപ്പുറത്താക്കിയിരിക്കെ?" എന്നാല്‍ യുദ്ധത്തിന് ‎കല്‍പന കൊടുത്തപ്പോള്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു; ‎ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി ‎നന്നായറിയുന്നവനാണ്. ‎

അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: “അല്ലാഹു ‎ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി ‎നിശ്ചയിച്ചിരിക്കുന്നു." അവര്‍ പറഞ്ഞു: ‎‎“അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? ‎രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ‎ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ ‎പണക്കാരനൊന്നുമല്ലല്ലോ." പ്രവാചകന്‍ പ്രതിവചിച്ചു: ‎‎“അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി ‎തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും ‎വൈജ്ഞാനികവുമായ കഴിവ് ധാരാളമായി ‎നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം ‎താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ ‎വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും." ‎

അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: ‎‎“അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ ‎പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ ‎നാഥനില്‍ നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ‎ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ ‎വിശിഷ്ടാവശിഷ്ടങ്ങളും. മലക്കുകള്‍ അതു ‎ചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ‎മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍!" ‎

അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ ‎പറഞ്ഞു: “അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ ‎പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് ‎കുടിക്കുന്നവനാരോ, അവന്‍ എന്റെ കൂട്ടത്തില്‍ ‎പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് ‎എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു ‎കോരല്‍ എടുത്തവന്‍ ഇതില്‍ നിന്നൊഴിവാണ്." പക്ഷേ, ‎അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ‎അതില്‍നിന്ന് ഇഷ്ടംപോലെ കുടിച്ചു. അങ്ങനെ ‎ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി ‎മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: ‎‎“ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും ‎നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല." എന്നാല്‍ ‎അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന ‎വിചാരമുള്ളവര്‍ പറഞ്ഞു: “എത്രയെത്ര ‎ചെറുസംഘങ്ങളാണ് ദിവ്യാനുമതിയോടെ ‎വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ‎ക്ഷമിക്കുന്നവരോടൊപ്പമാണ്." ‎

അങ്ങനെ ജാലൂത്തിനും സൈന്യത്തിനുമെതിരെ ‎പടവെട്ടാനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ‎‎"ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ക്ഷമ ‎പകര്‍ന്നുതരേണമേ! ഞങ്ങളുടെ പാദങ്ങളെ ‎ഉറപ്പിച്ചുനിര്‍ത്തേണമേ! സത്യനിഷേധികളായ ‎ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." ‎

അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ ‎തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. ‎അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും ‎നല്‍കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. ‎അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് ‎പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയാകെ ‎കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് ‎അത്യുദാരനാണ് അല്ലാഹു. ‎

അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമിതു ‎വേണ്ടതുപോലെ നിനക്ക് ഓതിക്കേള്‍പ്പിച്ചുതരികയാണ്. ‎തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ പെട്ടവന്‍ തന്നെ. ‎

ആ ദൈവദൂതന്മാരില്‍ ചിലരെ നാം മറ്റുള്ളവരെക്കാള്‍ ‎ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ ‎സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റുചിലരെ അവന്‍ ‎വിശിഷ്ടമായ ചില പദവികളിലേക്കുയര്‍ത്തിയിരിക്കുന്നു. ‎മര്‍യമിന്റെ മകന്‍ യേശുവിന് നാം വ്യക്തമായ ‎അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ ‎അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ‎അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് ‎വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. ‎എന്നാല്‍ അവര്‍ പരസ്പരം ഭിന്നിച്ചു. അവരില്‍ ‎വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ‎ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ തമ്മിലടിക്കുമായിരുന്നില്ല. ‎പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു. ‎

വിശ്വസിച്ചവരേ, കൊള്ളക്കൊടുക്കകളോ ‎സ്നേഹസ്വാധീനമോ ശിപാര്‍ശയോ ഒന്നും നടക്കാത്ത ‎നാള്‍ വന്നെത്തുംമുമ്പെ, നാം നിങ്ങള്‍ക്കു നല്‍കിയവയില്‍ ‎നിന്ന് ചെലവഴിക്കുക. സത്യനിഷേധികള്‍ തന്നെയാണ് ‎അതിക്രമികള്‍. ‎

അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ‎ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും ‎പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ‎ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും ‎അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ‎ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ‎ഇന്നലെകളിലുണ്ടായതും ‎നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. ‎അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ ‎അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ‎ആധിപത്യം ആകാശഭൂമികളെയാകെ ‎ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം ‎അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും ‎മഹാനുമാണ്. ‎

മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. ‎നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും ‎വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ദൈവേതര ‎ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ ‎വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ‎ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു ‎എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ‎

അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ ‎അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് ‎നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ ‎രക്ഷാധികാരികള്‍ ദൈവേതരശക്തികളാണ്. അവര്‍ ‎അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ‎ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് ‎നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും. ‎

നീ കണ്ടില്ലേ; ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ ‎നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു ‎അവന്ന് രാജാധികാരം നല്‍കി. ഇബ്റാഹീം പറഞ്ഞു: ‎‎"ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് ‎എന്റെ നാഥന്‍." അയാള്‍ അവകാശപ്പെട്ടു: "ഞാനും ‎ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ!" ‎ഇബ്റാഹീം പറഞ്ഞു: "എന്നാല്‍ അല്ലാഹു സൂര്യനെ ‎കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ‎ഉദിപ്പിക്കുക." അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. ‎അക്രമികളായ ജനത്തെ അല്ലാഹു ‎നേര്‍വഴിയിലാക്കുകയില്ല. ‎

അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ ‎മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ ‎സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: ‎‎"നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു ‎എങ്ങനെ ജീവിപ്പിക്കാനാണ്?" അപ്പോള്‍ അല്ലാഹു ‎അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ‎ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: "നീ ‎എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: ‎‎"ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ‎ഭാഗം." അല്ലാഹു പറഞ്ഞു: "അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ ‎കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ ‎നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ ‎നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ‎ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ ‎എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ ‎കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം ‎കൊണ്ട് പൊതിയുന്നുവെന്നും." ഇങ്ങനെ സത്യം ‎വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: "അല്ലാഹു ‎എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു." ‎

ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: "എന്റെ നാഥാ! ‎മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു ‎കാണിച്ചുതരേണമേ." അല്ലാഹു ചോദിച്ചു: "നീ ‎വിശ്വസിച്ചിട്ടില്ലേ?" അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും ‎അതെ. എന്നാല്‍ എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ‎ഞാനിതാവശ്യപ്പെടുന്നത്." അല്ലാഹു കല്‍പിച്ചു: "എങ്കില്‍ ‎നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ‎ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ‎ഓരോ മലയില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. ‎അവ നിന്റെ അടുക്കല്‍ ഓടിയെത്തും. അറിയുക: ‎അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്." ‎

ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ‎ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ‎ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു ‎മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ‎ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ ‎വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്. ‎

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ‎ചെലവഴിക്കുന്നു; എന്നിട്ട് ചെലവഴിച്ചത് ‎എടുത്തുപറയുകയോ ദാനം വാങ്ങിയവരെ ‎ശല്യപ്പെടുത്തുകയോ ചെയ്യുന്നുമില്ല; അത്തരക്കാര്‍ക്ക് ‎അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ ‎പ്രതിഫലമുണ്ട്. അവര്‍ക്ക് പേടിക്കേണ്ടിവരില്ല. ‎ദുഃഖിക്കേണ്ടിയും വരില്ല. ‎

ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു ‎പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു. അല്ലാഹു ‎സ്വയം പര്യാപ്തനും ഏറെ ക്ഷമയുള്ളവനും തന്നെ. ‎

വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സ്വൈരം ‎കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ ‎പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ‎ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ: ‎ഒരുറച്ച പാറ; അതിന്മേല്‍ ഇത്തിരി മണ്ണുണ്ടായിരുന്നു. ‎അങ്ങനെ അതിന്മേല്‍ കനത്ത മഴ പെയ്തു. അതോടെ ‎അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ ‎അധ്വാനിച്ചതിന്റെ ഫലമൊന്നുമനുഭവിക്കാനവര്‍ക്ക് ‎കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ ‎നേര്‍വഴിയിലാക്കുകയില്ല. ‎

ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും ‎തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ‎ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ ‎കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു ‎കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ‎ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ‎ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു. ‎

നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി ‎വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ ‎താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. ‎അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ ‎വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാള്‍ക്ക് ദുര്‍ബലരായ ‎കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം ‎കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് ‎നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു ‎നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ‎ആലോചിച്ചറിയാന്‍. ‎

വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ ‎വസ്തുക്കളില്‍നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ‎ഉത്പാദിപ്പിച്ചുതന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. ‎കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ ‎സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ‎ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു ‎അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്. ‎

പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. ‎നീചവൃത്തികള്‍ക്കു നിങ്ങളെ പ്രേരിപ്പിക്കുകയും ‎ചെയ്യുന്നു. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള ‎പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ‎നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും എല്ലാം ‎അറിയുന്നവനുമാണ്. ‎

അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് ‎നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, ‎കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ‎ബുദ്ധിമാന്മാര്‍ മാത്രമേ ഇതില്‍നിന്ന് ‎പാഠമുള്‍ക്കൊള്ളുന്നുള്ളൂ. ‎

നിങ്ങള്‍ എത്രയൊക്കെ ചെലവഴിച്ചാലും എന്തൊക്കെ ‎നേര്‍ച്ചയാക്കിയാലും അതെല്ലാം ഉറപ്പായും അല്ലാഹു ‎അറിയുന്നു. അക്രമികള്‍ക്ക് സഹായികളായി ‎ആരുമുണ്ടാവില്ല. ‎

നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ ‎അതു നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് ‎രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് ‎നല്‍കുകയുമാണെങ്കില്‍ അതാണ് കൂടുതലുത്തമം. അത് ‎നിങ്ങളുടെ പല പിഴവുകളെയും മായ്ച്ചുകളയും. ‎നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് ‎അല്ലാഹു. ‎

ജനങ്ങളെ നേര്‍വഴിയിലാക്കേണ്ട ബാധ്യതയൊന്നും ‎നിനക്കില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ‎നേര്‍വഴിയിലാക്കുന്നു. നിങ്ങള്‍ നല്ലതെന്തെങ്കിലും ‎ചെലവഴിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ ‎നന്മക്കുവേണ്ടിത്തന്നെയാണ്. ദൈവപ്രീതി പ്രതീക്ഷിച്ച് ‎മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നിങ്ങള്‍ ‎നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം ‎നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളൊട്ടും ‎അനീതിക്കിരയാവുകയില്ല. ‎

ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ ‎അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ ‎തീവ്രയത്നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ‎ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ‎ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. ‎എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. ‎അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ ‎നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു ‎അതറിയുന്നവനാണ്. ‎

രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ‎ധനം ചെലവഴിക്കുന്നവര്‍ക്ക് അവരുടെ നാഥന്റെ ‎അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. ‎അവര്‍ക്കൊന്നും പേടിക്കാനില്ല. അവര്‍ ‎ദുഃഖിക്കേണ്ടിവരികയുമില്ല. ‎

പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് ‎കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് ‎എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ ‎നിവര്‍ന്നുനില്‍ക്കാനാവില്ല. “കച്ചവടവും ‎പലിശപോലെത്തന്നെ" എന്ന് അവര്‍ ‎പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം ‎അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ‎ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം ‎വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് ‎വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. ‎അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ‎ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ ‎അവരാണ് നരകാവകാശികള്‍. അവരതില്‍ ‎സ്ഥിരവാസികളായിരിക്കും. ‎

അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധര്‍മങ്ങളെ ‎പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ‎ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ ‎പ്രവര്‍ത്തിക്കുകയും നമസ്കാരം നിഷ്ഠയോടെ ‎നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് ‎തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന ‎പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ‎ദുഃഖിക്കേണ്ടിവരികയുമില്ല. ‎

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ‎പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ ‎വിശ്വാസികളെങ്കില്‍! ‎

നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: ‎നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ‎ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ ‎പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം ‎നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ‎ദ്രോഹിക്കാതെയും. ആരുടെയും ‎ദ്രോഹത്തിനിരയാകാതെയും. ‎

കടക്കാരന്‍ ക്ളേശിക്കുന്നവനെങ്കില്‍ ‎ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ‎ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ ‎അറിയുന്നവരെങ്കില്‍.‎

നിങ്ങള്‍ ദൈവസന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന ‎നാളിനെ സൂക്ഷിക്കുക. അന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ‎പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി ‎നല്‍കുന്നതാണ്. ആരും അനീതിക്കിരയാവില്ല. ‎

വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ ‎വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് ‎രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ ‎നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ‎ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ ‎എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് ‎രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന്‍ ‎പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ ‎സൂക്ഷിക്കുകയും തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച ‎വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന്‍ ‎മൂഢനോ കാര്യശേഷി കുറഞ്ഞവനോ ‎പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ ‎അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി ‎നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. ‎നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്‍ത്തണം. ‎അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ‎ഒരു പുരുഷനും രണ്ട് സ്ത്രീ യും ‎സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് ‎പിശകുപറ്റിയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണിത്. ‎സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ‎ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ ‎അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ വിമുഖത ‎കാണിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം ‎നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ ‎കരുത്തുനല്‍കുന്നതും നിങ്ങള്‍ക്ക് സംശയം ‎തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ ‎നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ‎ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് ‎രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും ‎നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ ‎സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ ‎സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ‎ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ ‎അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം ‎വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ ‎കാര്യങ്ങളും നന്നായറിയുന്നവനത്രെ. ‎

അഥവാ, നിങ്ങള്‍ യാത്രയിലാവുകയും എഴുതാന്‍ ആളെ ‎കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയവസ്തുക്കള്‍ ‎കൈമാറിയാല്‍ മതി. നിങ്ങളിലൊരാള്‍ മറ്റൊരാളെ ‎വല്ലതും വിശ്വസിച്ചേല്‍പിച്ചാല്‍ അയാള്‍ തന്റെ ‎വിശ്വാസ്യത പാലിക്കണം. തന്റെ നാഥനെ ‎സൂക്ഷിക്കുകയും വേണം. നിങ്ങള്‍ സാക്ഷ്യം ഒരിക്കലും ‎മറച്ചുവെക്കരുത്. ആരതിനെ മറച്ചുവെക്കുന്നുവോ, ‎അവന്റെ മനസ്സ് പാപപങ്കിലമാണ്. നിങ്ങള്‍ ‎ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു. ‎

ആകാശഭൂമികളിലുള്ളതൊക്കെയും ‎അല്ലാഹുവിന്റേതാണ്. നിങ്ങളുടെ മനസ്സിലുള്ളത് ‎നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിപ്പിച്ചുവെച്ചാലും ‎അല്ലാഹു അതിന്റെപേരില്‍ നിങ്ങളെ വിചാരണ ചെയ്യും. ‎അങ്ങനെ അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകും. ‎അവനിച്ഛിക്കുന്നവരെ അവന്‍ ശിക്ഷിക്കും. അല്ലാഹു ‎എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. ‎

ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ‎ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ ‎സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും ‎അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ‎ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ‎‎“ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം ‎കല്‍പിക്കുന്നില്ലെ"ന്ന് അവര്‍ സമ്മതിക്കുന്നു. ‎അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: "ഞങ്ങള്‍ ‎കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ‎ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. ‎നിന്നിലേക്കാണല്ലോ ഞങ്ങളുടെ മടക്കം." ‎

അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് ‎നിര്‍ബന്ധിക്കുന്നില്ല. ഒരുവന്‍ സമ്പാദിച്ചതിന്റെ സദ്ഫലം ‎അവന്നുള്ളതാണ്. അവന്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലവും ‎അവന്നുതന്നെ. "ഞങ്ങളുടെ നാഥാ; മറവി ‎സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില്‍ ‎ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ‎പൂര്‍വികരെ വഹിപ്പിച്ചതുപോലുള്ള ഭാരം ഞങ്ങളുടെ ‎മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു ‎താങ്ങാനാവാത്ത കൊടും ഭാരം ഞങ്ങളെ നീ ‎വഹിപ്പിക്കരുതേ. ഞങ്ങള്‍ക്കു നീ മാപ്പേകേണമേ! ‎പൊറുത്തു തരേണമേ. ഞങ്ങളോടു നീ കരുണ ‎കാണിക്കേണമേ. നീയാണല്ലോ ഞങ്ങളുടെ രക്ഷകന്‍. ‎അതിനാല്‍ സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ ‎നീ സഹായിക്കേണമേ." ‎