surah.translation .

മര്‍യം


കാഫ്-ഹാ-യാ-ഐന്‍-സ്വാദ്.

നിന്റെ നാഥന്‍ തന്റെ ദാസന്‍ സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്.

അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം.

അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല.

"എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ!

"അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്മുറക്കാരനാകണം. എന്റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ.”

"സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.”

അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാണ്. ഞാനോ പ്രായാധിക്യത്താല്‍ പരവശനും.”

അല്ലാഹു അറിയിച്ചു: അതൊക്കെ ശരിതന്നെ. നിന്റെ നാഥന്‍ അരുള്‍ ചെയ്യുന്നു: എനിക്കത് നന്നെ നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനുമുമ്പ് നിന്നെ നാം സൃഷ്ടിച്ചല്ലോ.

സകരിയ്യാ പറഞ്ഞു: "നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?” അല്ലാഹു അറിയിച്ചു: "നിനക്കിപ്പോള്‍ വൈകല്യമൊന്നുമില്ല. എന്നാലും നീ മൂന്നുനാള്‍ ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.”

അങ്ങനെ അദ്ദേഹം പ്രാര്‍ഥനാ മണ്ഡപത്തില്‍ നിന്നിറങ്ങി തന്റെ ജനത്തിന്റെ അടുത്തേക്ക് പോയി. എന്നിട്ട് അദ്ദേഹം ആംഗ്യത്തിലൂടെ നിര്‍ദേശിച്ചു: "നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുക.”

"ഓ യഹ്യാ, വേദപുസ്തകം കരുത്തോടെ മുറുകെപ്പിടിക്കുക.” കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി.

നമ്മില്‍ നിന്നുള്ള ദയയും വിശുദ്ധിയും സമ്മാനിച്ചു. അദ്ദേഹം തികഞ്ഞ ഭക്തനായിരുന്നു;

തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനും. അദ്ദേഹം ക്രൂരനായിരുന്നില്ല. അനുസരണമില്ലാത്തവനുമായിരുന്നില്ല.

ജനനനാളിലും മരണദിനത്തിലും, ജീവനോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാളിലും അദ്ദേഹത്തിനു സമാധാനം!

ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.

സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.

അവര്‍ പറഞ്ഞു: "ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങളൊരു ഭക്തനെങ്കില്‍?”

മലക്ക് പറഞ്ഞു: "നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.”

അവര്‍ പറഞ്ഞു: "എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.”

മലക്ക് പറഞ്ഞു: "അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമായ കാര്യമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.”

അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.

പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്കുപോയി. അവര്‍ പറഞ്ഞു: "അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!”

അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: "നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.

"നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും

"അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: “ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.”

പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.

"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.”

അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”

കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

"ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.

"അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല.

"എന്റെ ജനനദിനത്തിലും മരണദിവസത്തിലും ഉയിര്‍ത്തെഴുന്നേല്‍പ് നാളിലും എനിക്ക് സമാധാനം!”

അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്.

പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിനു ചേര്‍ന്നതല്ല. അവനെത്ര പരിശുദ്ധന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ അതിനോട് “ഉണ്ടാവുക” എന്ന വചനമേ വേണ്ടൂ. അതോടെ അതുണ്ടാവുന്നു.

ഈസാ പറഞ്ഞു: "സംശയമില്ല; അല്ലാഹു എന്റെയും നിങ്ങളുടെയും നാഥനാണ്. അതിനാല്‍ അവനു വഴിപ്പെടുക. ഇതാണ് നേര്‍വഴി.”

എന്നാല്‍ അവര്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായി. ആ ഭീകരനാളിനെ കണ്ടുമുട്ടുമ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം കടുത്ത വിപത്താണുണ്ടാവുക.

അവര്‍ നമ്മുടെ അടുത്ത് വരുംദിനം അവര്‍ക്കെന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും? എന്നാലിന്ന് ആ അക്രമികള്‍ പ്രകടമായ വഴികേടിലാണ്.

തീരാ ദുഃഖത്തിന്റെ ആ ദുര്‍ ദിനത്തെപ്പറ്റി അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. കാര്യം അന്തിമമായി തീരുമാനിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധയിലാണ്. അവര്‍ വിശ്വസിക്കുന്നുമില്ല.

അവസാനം ഭൂമിയുടെയും അതിലുള്ളവരുടെയും അവകാശിയാകുന്നത് നാം തന്നെയാണ്. എല്ലാവരും തിരിച്ചെത്തുന്നതും നമ്മുടെ അടുത്തേക്കു തന്നെ.

ഈ വേദപുസ്തകത്തില്‍ ഇബ്റാഹീമിന്റെ കഥയും നീ വിവരിച്ചു കൊടുക്കുക: സംശയമില്ല; അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?

"എന്റുപ്പാ, അങ്ങയ്ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്കു വന്നെത്തിയിട്ടുണ്ട്. അതിനാല്‍ എന്നെ പിന്തുടരുക. ഞാന്‍ അങ്ങയ്ക്ക് നേര്‍വഴി കാണിച്ചുതരാം.

"എന്റുപ്പാ, അങ്ങ് പിശാചിന് വഴിപ്പെടരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനായ അല്ലാഹുവെ ധിക്കരിച്ചവനാണ്.

"പ്രിയ പിതാവേ, പരമകാരുണികനായ അല്ലാഹുവില്‍ നിന്നുള്ള വല്ല ശിക്ഷയും അങ്ങയെ ഉറപ്പായും പിടികൂടുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ അങ്ങ് പിശാചിന്റെ ഉറ്റമിത്രമായി മാറും.”

അയാള്‍ ചോദിച്ചു: "ഇബ്റാഹീമേ, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? എങ്കില്‍ ഉടനെത്തന്നെ ഇതവസാനിപ്പിക്കുക. അല്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞാട്ടും. നീ എന്നെന്നേക്കുമായി എന്നെ വിട്ടുപോകണം”

ഇബ്റാഹീം പറഞ്ഞു: "അങ്ങയ്ക്ക് സലാം. അങ്ങയ്ക്കു പൊറുത്തുതരാന്‍ ഞാനെന്റെ നാഥനോട് പ്രാര്‍ഥിക്കാം. സംശയമില്ല; അവനെന്നോട് ഏറെ കനിവുറ്റവനാണ്.

"നിങ്ങളെയും അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം.”

അങ്ങനെ ഇബ്റാഹീം അവരെയും അല്ലാഹു അല്ലാത്ത അവരുടെ ആരാധ്യരെയും വെടിഞ്ഞുപോയപ്പോള്‍ അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയെല്ലാം പ്രവാചകന്മാരാക്കുകയും ചെയ്തു.

അവരില്‍ നാം നമ്മുടെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു. അവരുടെ സല്‍ക്കീര്‍ത്തി ഉയര്‍ത്തി.

ഈ വേദപുസ്തകത്തില്‍ മൂസയുടെ കഥയും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.

ത്വൂര്‍ മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു.

നമ്മുടെ അനുഗ്രഹത്താല്‍ നാം അദ്ദേഹത്തിന് തന്റെ സഹോദരനെ- പ്രവാചകനായ ഹാറൂനിനെ- സഹായിയായി നല്‍കി.

ഈ വേദപുസ്തകത്തില്‍ ഇസ്മാഈലിന്റെ കാര്യവും പരാമര്‍ശിക്കുക: തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം നന്നായി പാലിക്കുന്നവനായിരുന്നു. ദൂതനും പ്രവാചകനുമായിരുന്നു.

അദ്ദേഹം തന്റെ ആള്‍ക്കാരോട് നമസ്കാരം നിര്‍വഹിക്കാനും സകാത്ത് നല്‍കാനും കല്‍പിച്ചു. അദ്ദേഹം തന്റെ നാഥന്ന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.

ഈ വേദപുസ്തകത്തില്‍ ഇദ്രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു.

നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.

ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.

പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും.

പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരോട് ഒട്ടും അനീതിയുണ്ടാവില്ല.

അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. പരമകാരുണികനായ അല്ലാഹു തന്റെ ദാസന്മാര്‍ക്ക് അഭൌതികജ്ഞാനത്തിലൂടെ നല്‍കിയ വാഗ്ദാനമാണിത്. അവന്റെ വാഗ്ദാനം നടപ്പാകുക തന്നെ ചെയ്യും.

അവരവിടെ ഒരനാവശ്യവും കേള്‍ക്കുകയില്ല; സമാധാനത്തിന്റെ അഭിവാദ്യമല്ലാതെ. തങ്ങളുടെ ആഹാരവിഭവങ്ങള്‍ രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.

നമ്മുടെ ദാസന്മാരിലെ ഭക്തന്മാര്‍ക്ക് നാം അവകാശമായി നല്‍കുന്ന സ്വര്‍ഗമാണത്.

"നിന്റെ നാഥന്റെ കല്‍പനയില്ലാതെ ഞങ്ങള്‍ ഇറങ്ങിവരാറില്ല. നമ്മുടെ മുന്നിലും പിന്നിലും അവയ്ക്കിടയിലുമുള്ളതെല്ലാം അവന്റേതാണ്. നിന്റെ നാഥനൊന്നും മറക്കുന്നവനല്ല.”

അവന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവയ്ക്കിടയിലുള്ളവയുടെയും. അതിനാല്‍ അവന്നു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക. അവനോട് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?

മനുഷ്യന്‍ ചോദിക്കുന്നു: "ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നെ വീണ്ടും എന്നെ ജീവനോടെ പുറത്തുകൊണ്ടുവരുമെന്നോ!”

മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനൊന്നോര്‍ത്തുകൂടേ?

നിന്റെ നാഥന്‍ തന്നെ സത്യം! തീര്‍ച്ചയായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. പിന്നെ നാമവരെ മുട്ടിലിഴയുന്നവരായി നരകത്തിനു ചുറ്റും കൊണ്ടുവരും.

പിന്നീട് ഓരോ വിഭാഗത്തില്‍നിന്നും പരമകാരുണികനായ അല്ലാഹുവോട് ഏറ്റം കൂടുതല്‍ ധിക്കാരം കാണിച്ചവരെ നാം വേര്‍തിരിച്ചെടുക്കും.

അവരില്‍ നരകത്തീയിലെരിയാന്‍ ഏറ്റവും അര്‍ഹര്‍ ആരെന്ന് നമുക്ക് നന്നായറിയാം.

നിങ്ങളിലാരും തന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്റെ നാഥന്റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്.

പിന്നെ, ഭക്തന്മാരായിരുന്നവരെ നാം രക്ഷപ്പെടുത്തും. അതിക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയും ചെയ്യും.

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ ഈ ജനത്തെ വായിച്ചുകേള്‍പ്പിക്കും. അപ്പോള്‍ സത്യനിഷേധികള്‍ സത്യവിശ്വാസികളോടു ചോദിക്കുന്നു: "അല്ല, പറയൂ: നാം ഇരുകൂട്ടരില്‍ ആരാണ് ഉയര്‍ന്ന പദവിയുള്ളവര്‍? ആരുടെ സംഘമാണ് ഏറെ ഗംഭീരം?”

എന്നാല്‍ സാധന സാമഗ്രികളിലും ബാഹ്യപ്രതാപത്തിലും ഇവരേക്കാളേറെ മികച്ച എത്രയെത്ര തലമുറകളെയാണ് നാം ഇവര്‍ക്കു മുമ്പേ നശിപ്പിച്ചിട്ടുള്ളത്!

പറയുക: ദുര്‍മാര്‍ഗികളെ പരമകാരുണികനായ അല്ലാഹു അയച്ചുവിടുന്നതാണ്. അങ്ങനെ അവരോട് വാഗ്ദാനം ചെയ്യുന്ന കാര്യം, അഥവാ ഒന്നുകില്‍ ദൈവശിക്ഷ, അല്ലെങ്കില്‍ അന്ത്യദിനം, നേരില്‍ കാണുമ്പോള്‍ അവരറിയുകതന്നെ ചെയ്യും; ആരാണ് മോശമായ അവസ്ഥയിലുള്ളതെന്ന്. ആരുടെ സൈന്യമാണ് ദുര്‍ബലമെന്നും.

നേര്‍വഴി സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗനിഷ്ഠ വര്‍ധിപ്പിച്ചുകൊടുക്കുന്നു. നശിക്കാതെ ബാക്കിനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെ അടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. മെച്ചപ്പെട്ട പരിണതിയും അവയ്ക്കുതന്നെ.

നമ്മുടെ വചനങ്ങളെ നിഷേധിച്ചു തള്ളുകയും എന്നിട്ട് എനിക്കാണ് കൂടുതല്‍ സമ്പത്തും സന്താനങ്ങളും നല്‍കപ്പെടുകയെന്ന് വീമ്പു പറയുകയും ചെയ്യുന്നവനെ നീ കണ്ടിട്ടുണ്ടോ?

അവന്‍ വല്ല അഭൌതിക കാര്യവും കണ്ടറിഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് വല്ല കരാറും അവന്‍ വാങ്ങിയിട്ടുണ്ടോ?

ഒരിക്കലുമില്ല. അവന്‍ പറയുന്നതൊക്കെ നാം രേഖപ്പെടുത്തുന്നുണ്ട്. അവന്നു നാം ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുകതന്നെ ചെയ്യും.

അവന്‍ തന്റേതായി എടുത്തുപറയുന്ന സാധനസാമഗ്രികളെല്ലാം നമ്മുടെ വരുതിയിലായിത്തീരും. പിന്നെ അവന്‍ ഏകനായി നമ്മുടെ അടുത്തുവരും.

അവര്‍ അല്ലാഹുവെക്കൂടാതെ നിരവധി മൂര്‍ത്തികളെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവ തങ്ങള്‍ക്ക് താങ്ങായിത്തീരുമെന്ന് കരുതിയാണത്.

എന്നാല്‍ അവയെല്ലാം ഇക്കൂട്ടരുടെ ആരാധനയെ തള്ളിപ്പറയും. ആ ആരാധ്യര്‍ ഇവരുടെ വിരോധികളായിത്തീരുകയും ചെയ്യും.

നാം സത്യനിഷേധികളുടെയിടയിലേക്ക് പിശാചുക്കളെ വിട്ടയച്ചത് നീ കണ്ടിട്ടില്ലേ? ആ പിശാചുക്കള്‍ അവരെ വളരെയേറെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.

അതിനാല്‍ അവരുടെ കാര്യത്തില്‍ നീ ധൃതികാണിക്കേണ്ട. നാം അവരുടെ നാളുകളെണ്ണിക്കൊണ്ടിരിക്കുകയാണ്.

ഭക്തജനങ്ങളെ പരമകാരുണികനായ അല്ലാഹുവിന്റെ അടുത്ത് ഒരുമിച്ചുകൂട്ടുന്നദിനം.

അന്ന് കുറ്റവാളികളെ ദാഹാര്‍ത്തരായി നരകത്തീയിലേക്ക് തെളിച്ചുകൊണ്ടുപോകും.

അന്ന് ആര്‍ക്കും ശിപാര്‍ശക്കധികാരമില്ല; പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്‍ക്കൊഴികെ.

പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.

ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.

ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.

പരമകാരുണികനായ അല്ലാഹുവിന് പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ.

ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പരമകാരുണികനായ അല്ലാഹുവിന് ചേര്‍ന്നതല്ല.

ആകാശഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണികന്റെ മുന്നില്‍ കേവലം ദാസന്മാരായി വന്നെത്തുന്നവരാണ്.

തീര്‍ച്ചയായും അവന്‍ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട്. എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്ക് അവന്റെ അടുത്ത് വന്നെത്തും.

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുമായി പരമകാരുണികനായ അല്ലാഹു സ്നേഹബന്ധമുണ്ടാക്കും.

നാം ഈ വചനങ്ങളെ നിന്റെ ഭാഷയില്‍ വളരെ ലളിതവും സരളവുമാക്കിയിരിക്കുന്നു. നീ ഭക്തജനങ്ങളെ ശുഭവാര്‍ത്ത അറിയിക്കാനാണിത്. താര്‍ക്കികരായ ജനത്തെ താക്കീത് ചെയ്യാനും.

ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചു! എന്നിട്ട് അവരിലാരെയെങ്കിലും നീയിപ്പോള്‍ കാണുന്നുണ്ടോ? അല്ലെങ്കില്‍ അവരുടെ നേര്‍ത്ത ശബ്ദമെങ്കിലും കേള്‍ക്കുന്നുണ്ടോ?