surah.translation .

ഫതഹ്


നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു.

നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം നിനക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നിന്നെ നയിക്കാനും.

അന്തസ്സുറ്റ സഹായം നിനക്കേകാനും.

അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.

സത്യവിശ്വാസികളെയും വിശ്വാസിനികളെയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവരില്‍നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനും. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ.

കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെപ്പറ്റി ചീത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കിവെച്ചിരിക്കുന്നു. അതെത്ര ചീത്ത സങ്കേതം!

ആകാശഭൂമികളിലെ സൈന്യങ്ങള്‍അല്ലാഹുവിന്റേതാണ്. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമാണ്.

നിശ്ചയം; നിന്നെ നാം സാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി നിയോഗിച്ചിരിക്കുന്നു.

നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനാണിത്. നിങ്ങളവനെ പിന്തുണക്കാനാണ്. അവനോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അവന്റെ മഹത്വം കീര്‍ത്തിക്കാനും.

നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും.

മാറിനിന്ന ഗ്രാമീണ അറബികള്‍ നിന്നോട് പറയും: "ഞങ്ങളുടെ സ്വത്തും സ്വന്തക്കാരും ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി. അതിനാല്‍ താങ്കള്‍ ഞങ്ങളുടെ പാപം പൊറുക്കാന്‍ പ്രാര്‍ഥിക്കുക." അവരുടെ മനസ്സുകളിലില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. ചോദിക്കുക: "അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ വരുത്താനുദ്ദേശിച്ചാല്‍ നിങ്ങള്‍ക്കുവേണ്ടി അവയെ തടയാന്‍ കഴിവുറ്റ ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു."

എന്നാല്‍ സംഗതി അതല്ല; ദൈവദൂതനും സത്യവിശ്വാസികളും തങ്ങളുടെ കുടുംബങ്ങളില്‍ ഒരിക്കലും തിരിച്ചെത്തില്ലെന്നാണ് നിങ്ങള്‍ കരുതിയത്. ആ തോന്നല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഹരമായിത്തീരുകയും ചെയ്തു. നന്നെ നീചമായ വിചാരമാണ് നിങ്ങള്‍ വെച്ചു പുലര്‍ത്തിയത്. നിങ്ങള്‍ തീര്‍ത്തും തുലഞ്ഞ ജനം തന്നെ.

അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാത്ത സത്യനിഷേധികള്‍ക്കു നാം കത്തിക്കാളും നരകത്തീ ഒരുക്കിയിരിക്കുന്നു;

ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.

നിങ്ങള്‍ സമരാര്‍ജിത സ്വത്ത് ശേഖരിക്കാന്‍ പുറപ്പെടുമ്പോള്‍ യുദ്ധം ചെയ്യാതെ മാറിനിന്നവര്‍ പറയും: "ഞങ്ങളെ വിട്ടേക്കൂ. ഞങ്ങളും നിങ്ങളുടെ കൂടെ വരട്ടെ." ദൈവവചനങ്ങളെ മാറ്റിമറിക്കാനാണ് അവരാഗ്രഹിക്കുന്നത്. പറയുക: "നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല. അല്ലാഹു നേരത്തെ തന്നെ അത് പറഞ്ഞറിയിച്ചിട്ടുണ്ട്." അപ്പോഴവര്‍ പറയും: "അല്ല; നിങ്ങള്‍ ഞങ്ങളോട് അസൂയ കാട്ടുകയാണ്." എന്നാല്‍; അവരൊന്നും മനസ്സിലാക്കുന്നില്ലെന്നതാണ് വസ്തുത; നന്നെക്കുറച്ചല്ലാതെ.

യുദ്ധത്തില്‍ നിന്നു വിട്ടുനിന്ന ഗ്രാമീണ അറബികളോട് പറയുക: "കഠിനമായ ആക്രമണ ശേഷിയുള്ള ജനത്തെ നേരിടാന്‍ നിങ്ങള്‍ക്ക് ആഹ്വാനം ലഭിക്കും. അവര്‍ കീഴടങ്ങും വരെ നിങ്ങളവരോട് പൊരുതേണ്ടിവരും. ആ ആഹ്വാനം നിങ്ങള്‍ അനുസരിച്ചാല്‍ അല്ലാഹു നിങ്ങള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും. അഥവാ നേരത്തെ നിങ്ങള്‍ പിന്തിരിഞ്ഞപോലെ പിന്മാറുന്നപക്ഷം നിങ്ങളെ അവന്‍ ശിക്ഷിക്കും. നോവേറും ശിക്ഷ."

കുരുടന് കുറ്റമില്ല. മുടന്തന്നും കുറ്റമില്ല. രോഗിക്കും കുറ്റമില്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അവന്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. പുറംതിരിഞ്ഞു മാറിനില്‍ക്കുന്നവനെ നോവേറും ശിക്ഷക്കിരയാക്കുകയും ചെയ്യും.

മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു.

അവര്‍ക്കെടുക്കാന്‍ ഒട്ടേറെ സമരാര്‍ജിത സ്വത്തും അവനേകി. അല്ലാഹു പ്രതാപിയും യുക്തിജ്ഞനും തന്നെ.

നിങ്ങള്‍ക്കെടുക്കാന്‍ ധാരാളം സമരാര്‍ജിത സമ്പത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാലിത് അല്ലാഹു നിങ്ങള്‍ക്ക് മുന്‍കൂട്ടി തന്നെ തന്നിരിക്കുന്നു. നിങ്ങളില്‍നിന്ന് ജനത്തിന്റെ കൈകളെ അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും.

നിങ്ങള്‍ക്കു കൈവരിക്കാനായിട്ടില്ലാത്ത മറ്റു നേട്ടങ്ങളും അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. അവയെയൊക്കെ അല്ലാഹു വലയം ചെയ്ത് വെച്ചിരിക്കുകയാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ.

സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധം ചെയ്തിരുന്നുവെങ്കില്‍ അവര്‍ പിന്തിരിഞ്ഞോടുമായിരുന്നു. പിന്നെ അവര്‍ക്കൊരു രക്ഷകനെയോ സഹായിയെയോ കണ്ടെത്താനാവില്ല.

മുമ്പു മുതലേ നടന്നുവരുന്ന അല്ലാഹുവിന്റെ നടപടി ക്രമമാണിത്. അല്ലാഹുവിന്റെ നടപടിക്രമങ്ങളിലൊരു മാറ്റവും നിനക്കു കാണാനാവില്ല.

മക്കയുടെ മാറിടത്തില്‍ വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകളെ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത് അല്ലാഹുവാണ് - അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.

മക്കയിലുണ്ടായിരുന്നവര്‍ സത്യത്തെ തള്ളിപ്പറഞ്ഞവരായിരുന്നു; നിങ്ങളെ മസ്ജിദുല്‍ ഹറാമില്‍നിന്ന് വിലക്കിയവരും ബലിമൃഗങ്ങളെ നിശ്ചിത സ്ഥലത്തെത്താനനുവദിക്കാതെ തടഞ്ഞു നിര്‍ത്തിയവരും. സത്യവിശ്വാസികളെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ചില സ്ത്രീ പുരുഷന്മാരെ നിങ്ങള്‍ ചവിട്ടിമെതിക്കാനും അങ്ങനെ കാര്യമറിയാതെ അവര്‍ കാരണമായി നിങ്ങള്‍ തെറ്റിലകപ്പെടാനും സാധ്യതയില്ലായിരുന്നുവെങ്കില്‍ അല്ലാഹു അങ്ങനെ ചെയ്യുമായിരുന്നില്ല. അല്ലാഹു താനിഛിക്കുന്നവരെ തന്റെ അനുഗ്രഹത്തിലുള്‍പ്പെടുത്താനാണിത്. അവര്‍ വെവ്വേറെയാണ് വസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്കു നാം നോവേറിയ ശിക്ഷ നല്‍കുമായിരുന്നു.

സത്യനിഷേധികള്‍ തങ്ങളുടെ മനസ്സുകളില്‍ ദുരഭിമാനം -അനിസ്ലാമികകാലത്തെ പക്ഷപാതിത്വ ദുരഭിമാനം-പുലര്‍ത്തിയപ്പോള്‍ അല്ലാഹു തന്റെ ദൂതന്നും വിശ്വാസികള്‍ക്കും മനശ്ശാന്തിയേകി. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന പുല്‍കാനവരെ നിര്‍ബന്ധിക്കുകയും ചെയ്തു. അതംഗീകരിക്കാന്‍ ഏറ്റം അര്‍ഹരും അതിന്റെ അവകാശികളും അവര്‍തന്നെ. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനാണ്.

അല്ലാഹു തന്റെ ദൂതന്ന് സത്യനിഷ്ഠമായ സ്വപ്നം കാണിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങള്‍ നിര്‍ഭയരായി തല മുണ്ഡനം ചെയ്തും മുടി വെട്ടിയും ഒന്നും പേടിക്കാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക തന്നെ ചെയ്യും, തീര്‍ച്ച. നിങ്ങളറിയാത്തത് അവനറിഞ്ഞു. അതിനാല്‍ ഇതുകൂടാതെ തൊട്ടുടനെത്തന്നെ അവന്‍ നിങ്ങള്‍ക്കു മഹത്തായ വിജയം നല്‍കി.

സന്മാര്‍ഗവും സത്യവ്യവസ്ഥയുമായി തന്റെ ദൂതനെ നിയോഗിച്ചത് അവനാണ്. മറ്റെല്ലാ വ്യവസ്ഥകളെക്കാളും അതിനെ വിജയിപ്പിക്കാനാണിത്. ഇതിനൊക്കെ സാക്ഷിയായി അല്ലാഹു മതി.

മുഹമ്മദ് ദൈവദൂതനാണ്. അവനോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്; പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും പ്രതീക്ഷിച്ച് അവര്‍ നമിക്കുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും നിനക്കു കാണാം. പ്രണാമത്തിന്റെ പാടുകള്‍ അവരുടെ മുഖങ്ങളിലുണ്ട്. ഇതാണ് തൌറാതില്‍ അവരുടെ വര്‍ണന. ഇന്‍ജീലിലെ അവരുടെ ഉപമയോ, അത് ഇവ്വിധമത്രെ: ഒരു വിള. അത് അതിന്റെ കൂമ്പ് വെളിവാക്കി. പിന്നെ അതിനെ പുഷ്ടിപ്പെടുത്തി. അങ്ങനെ അത് കരുത്തുനേടി. അത് കര്‍ഷകരില്‍ കൌതുകമുണര്‍ത്തി അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നുനില്‍ക്കുന്നു. ഇതേപോലെ വിശ്വാസികളുടെ വളര്‍ച്ച സത്യനിഷേധികളെ രോഷം കൊള്ളിക്കുന്നു. അവരിലെ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം നല്‍കിയിരിക്കുന്നു.