surah.translation .

നജ്മ്


നക്ഷത്രം സാക്ഷി. അത് അസ്തമിക്കുമ്പോള്‍.

നിങ്ങളുടെ കൂട്ടുകാരനായ പ്രവാചകന് വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.

ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.

അദ്ദേഹത്തെ അത് അഭ്യസിപ്പിച്ചത് ഏറെ കരുത്തനാണ്.

പ്രബലനായ ഒരു വ്യക്തി. അങ്ങനെ അവന്‍ നിവര്‍ന്നുനിന്നു.

അത്യുന്നതമായ ചക്രവാളത്തിലായിക്കൊണ്ട്.

പിന്നെ അവന്‍ അടുത്തുവന്നു. വീണ്ടും അടുത്തു.

അങ്ങനെ രണ്ടു വില്ലോളമോ അതില്‍ കൂടുതലോ അടുത്ത് നിലകൊണ്ടു.

അപ്പോള്‍, അല്ലാഹു തന്റെ ദാസന് നല്‍കേണ്ട സന്ദേശം അവന്‍ ബോധനമായി നല്‍കി.

അദ്ദേഹം കണ്ണുകൊണ്ടു കണ്ടതിനെ മനസ്സ് കളവാക്കിയില്ല.

എന്നിട്ടും ആ പ്രവാചകന്‍ നേരില്‍ കണ്ടതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?

മറ്റൊരു ഇറങ്ങിവരവു വേളയിലും അദ്ദേഹം ജിബ്രീലിനെ കണ്ടിട്ടുണ്ട്.

സിദ്റതുല്‍ മുന്‍തഹായുടെ അടുത്ത് വെച്ച്.

അതിനടുത്താണ് അഭയസ്ഥാനമായ സ്വര്‍ഗം.

അന്നേരം സിദ്റയെ ആവരണം ചെയ്യുന്ന അതിഗംഭീരമായ പ്രഭാവം അതിനെ ആവരണം ചെയ്യുന്നുണ്ടായിരുന്നു.

അപ്പോള്‍ പ്രവാചകന്റെ ദൃഷ്ടി തെറ്റിപ്പോയില്ല. പരിധി ലംഘിച്ചുമില്ല.

ഉറപ്പായും അദ്ദേഹം തന്റെ നാഥന്റെ മഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടുണ്ട്.

“ലാതി”നെയും “ഉസ്സ”യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

കൂടാതെ മൂന്നാമതായുള്ള “മനാതി” നെക്കുറിച്ചും.

നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ?

എങ്കില്‍ ഇത് തീര്‍ത്തും നീതി രഹിതമായ വിഭജനം തന്നെ.

യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്ക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.

അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക?

എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്.

മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ.

പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്.

അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.

അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക.

അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ.

ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. ദുര്‍വൃത്തര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാനാണത്. സദ്വൃത്തര്‍ക്ക് സദ്ഫലം സമ്മാനിക്കാനും.

അവരോ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്. കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയപ്പോഴും നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ ഗര്‍ഭാശയത്തില്‍ ഭ്രൂണമായിരുന്നപ്പോഴും നിങ്ങളെപ്പറ്റി നന്നായറിയുന്നവന്‍ അവന്‍ തന്നെ. അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്.

എന്നാല്‍ സത്യത്തില്‍ നിന്ന് പിന്തിരിഞ്ഞവനെ നീ കണ്ടോ?

കുറച്ചു കൊടുത്തു നിര്‍ത്തിയവനെ?

അവന്റെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അങ്ങനെ അവനത് കണ്ടുകൊണ്ടിരിക്കുകയാണോ?

അതല്ല; മൂസായുടെ ഏടുകളിലുള്ളവയെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?

ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിച്ച ഇബ്റാഹീമിന്റെയും?

അതെന്തെന്നാല്‍ പാപഭാരം ചുമക്കുന്ന ആരും അപരന്റെ പാപച്ചുമട് പേറുകയില്ല.

മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതൊന്നുമില്ല.

തന്റെ കര്‍മഫലം താമസിയാതെ അവനെ കാണിക്കും.

പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും.

ഒടുവില്‍ ഒക്കെയും നിന്റെ നാഥങ്കലാണ് ചെന്നെത്തുക.

ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്.

മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ.

ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്.

ബീജത്തില്‍നിന്ന്; അത് സ്രവിക്കപ്പെട്ടാല്‍.

വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്റെ ബാധ്യതയത്രെ.

ഐശ്വര്യമേകിയതും തൃപ്തനാക്കിയതും അവന്‍ തന്നെ.

പുണര്‍തം നക്ഷത്രത്തിന്റെ നാഥനും അവനാണ്.

പൌരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ.

ഥമൂദിനെയും. അവരിലാരെയും ബാക്കിവെച്ചില്ല.

അതിനു മുമ്പെ നൂഹിന്റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു.

കീഴ്മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി.

അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി.

എന്നിട്ടും നിന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീ സംശയിക്കുന്നത്?

ഈ പ്രവാചകന്‍ മുമ്പുള്ള താക്കീതുകാരുടെ കൂട്ടത്തില്‍പെട്ട മുന്നറിയിപ്പുകാരന്‍ തന്നെ.

വരാനിരിക്കുന്ന ആ സംഭവം അഥവാ ലോകാവസാനം ഇതാ അടുത്തെത്തിയിരിക്കുന്നു.

അതിനെ തട്ടിമാറ്റാന്‍ അല്ലാഹു അല്ലാതെ ആരുമില്ല.

എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ?

നിങ്ങള്‍ ചിരിക്കുകയോ? കരയാതിരിക്കുകയും?

നിങ്ങള്‍ തികഞ്ഞ അശ്രദ്ധയില്‍ തന്നെ കഴിയുകയാണോ?

അതിനാല്‍ അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുക. അവന് മാത്രം വഴിപ്പെടുകയും ചെയ്യുക.