ترجمة معاني سورة هود باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ഹൂദ്


അലിഫ്- ലാം -റാഅ.് ഇത് വേദപുസ്തകമാകുന്നു. ഇതിലെ സൂക്തങ്ങള്‍ സുഭദ്രമാക്കിയിരിക്കുന്നു. പിന്നെ അവയെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവില്‍ നിന്നുളളതാണിത്.

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക. ഞാന്‍ നിങ്ങളിലേക്ക് അവനയച്ച മുന്നറിയിപ്പുകാരനും ശുഭവാര്‍ത്ത അറിയിക്കുന്നവനുമാണ്.

നിങ്ങള്‍ നിങ്ങളുടെ നാഥനായ അല്ലാഹുവോട് പാപമോചനം തേടുക. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കില്‍ ഒരു നിശ്ചിതകാലം വരെ അവന്‍ നിങ്ങള്‍ക്ക് ഉത്തമമായ ജീവിത വിഭവം നല്‍കും. ശ്രേഷ്ഠത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ ശ്രേഷ്ഠതക്കൊത്ത പ്രതിഫലമുണ്ട്. അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ ഭീകരമായ ഒരു നാളിലെ ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

നിങ്ങളുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.

അറിയുക: അവനില്‍ നിന്ന് മറച്ചുപിടിക്കാനായി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടിക്കൂട്ടുന്നു. എന്നാല്‍ ഓര്‍ക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കൊണ്ടു മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവനറിയുന്നു. നെഞ്ചകത്തുള്ളതൊക്കെ അറിയുന്നവനാണവന്‍; തീര്‍ച്ച.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരച്ചുമതല അല്ലാഹുവിനാണ്. അവ എവിടെക്കഴിയുന്നുവെന്നും അവസാനം എവിടെക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്.

ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. അവന്റെ സിംഹാസനം ജലപ്പരപ്പിലായിരുന്നു. നിങ്ങളില്‍ സല്‍ക്കര്‍മം ചെയ്യുന്നത് ആരെന്ന് പരീക്ഷിക്കാനാണത്. മരണശേഷം നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്ന് നീ പറഞ്ഞാല്‍ അവരിലെ അവിശ്വസിച്ചവര്‍ പറയും: ഇത് സ്പഷ്ടമായ മായാജാലം മാത്രമാണ്.

ഒരു നിശ്ചിത അവധിവരെ നാം അവരുടെ ശിക്ഷ വൈകിച്ചാല്‍ അവരിങ്ങനെ പറയും: "അതിനെ തടഞ്ഞുനിര്‍ത്തിയതെന്താണ്?” അറിയുക: അത് വന്നെത്തുന്ന ദിവസം ഒരു നിലക്കും അവരില്‍ നിന്നത് തട്ടി മാറ്റപ്പെടുന്നതല്ല. ഏതൊന്നിനെ അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, അതവരില്‍ വന്നു പതിക്കുക തന്നെ ചെയ്യും.

നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിക്കുകയും പിന്നെ അത് എടുത്ത് മാറ്റുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു.

അഥവാ, നാമവനെ ദുരന്തം അനുഭവിപ്പിച്ച ശേഷം അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അവന്‍ പറയും: "എന്റെ ദുരന്തങ്ങളൊക്കെ പോയിമറഞ്ഞിരിക്കുന്നു.” അങ്ങനെ അവന്‍ ആഹ്ളാദഭരിതനും അഹങ്കാരിയുമായിത്തീരുന്നു.

സഹനമവലംബിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാണ് പാപമോചനം. മഹത്തായ പ്രതിഫലവും.

“ഇയാള്‍ക്ക് ഒരു നിധി ഇറക്കിക്കൊടുക്കാത്തതെന്ത്? അല്ലെങ്കില്‍ ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്?” എന്നൊക്കെ അവര്‍ പറയുന്നതുകാരണം നിനക്കു ബോധനമായി ലഭിച്ച സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളഞ്ഞേക്കാം. അല്ലെങ്കിലതുവഴി നിനക്ക് മനോവിഷമമുണ്ടായേക്കാം. എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവോ സര്‍വ സംഗതികള്‍ക്കും ചുമതലപ്പെട്ടവനും.

അതല്ല; ഇത് ഇദ്ദേഹം കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ വാദിക്കുന്നത്? പറയുക: എങ്കില്‍ ഇതുപോലുള്ള പത്ത് അധ്യായം നിങ്ങള്‍ കെട്ടിച്ചമച്ച് കൊണ്ടുവരിക. അതിനായി അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍.

അഥവാ അവര്‍ നിങ്ങളുടെ വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അവനല്ലാതെ ദൈവമില്ല. ഇനിയെങ്കിലും നിങ്ങള്‍ മുസ്ലിംകളാവുന്നുണ്ടോ?

ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവു വരുത്തില്ല.

എന്നാല്‍ പരലോകത്ത് നരകത്തീ മാത്രമാണവര്‍ക്കുണ്ടാവുക. അവരിവിടെ ചെയ്തുകൂട്ടിയതൊക്കെയും നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം പാഴ്വേലകളായി പരിണമിച്ചിരിക്കുന്നു.

ഒരാള്‍ക്ക് തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവു ലഭിച്ചു. അതേ തുടര്‍ന്ന് തന്റെ നാഥനില്‍ നിന്നുള്ള ഒരു സാക്ഷി അയാള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. അതിനു മുമ്പേ മാതൃകയും ദിവ്യാനുഗ്രഹവുമായി മൂസാക്ക് ഗ്രന്ഥം വന്നെത്തിയിട്ടുമുണ്ട്. ഇയാളും ഭൌതിക പൂജകരെപ്പോലെ അത് തള്ളിക്കളയുമോ? അവരതില്‍ വിശ്വസിക്കുക തന്നെ ചെയ്യും. എന്നാല്‍ വിവിധ വിഭാഗങ്ങളില്‍ ആരെങ്കിലും അതിനെ നിഷേധിക്കുകയാണെങ്കില്‍ അവരുടെ വാഗ്ദത്ത സ്ഥലം നരകത്തീയായിരിക്കും. അതിനാല്‍ നീ ഇതില്‍ സംശയിക്കരുത്. തീര്‍ച്ചയായും ഇത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. എന്നിട്ടും ജനങ്ങളിലേറെപേരും വിശ്വസിക്കുന്നില്ല.

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കിയവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ തങ്ങളുടെ നാഥന്റെ സന്നിധിയില്‍ കൊണ്ടുവരപ്പെടും. അപ്പോള്‍ സാക്ഷികള്‍ പറയും: "ഇവരാണ് തങ്ങളുടെ നാഥന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവര്‍.” അറിയുക: അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ കൊടിയ ശാപമുണ്ട്.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുന്നവരും അവന്റെ വഴി വികലമാക്കാനാഗ്രഹിക്കുന്നവരുമാണവര്‍. പരലോകത്തെ തള്ളിപ്പറയുന്നവരും.

അവര്‍ ഈ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. അല്ലാഹുവല്ലാതെ അവര്‍ക്ക് മറ്റു രക്ഷകരില്ല. അവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ട്. അവര്‍ക്കൊന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരൊന്നും കണ്ടറിയുന്നവരുമായിരുന്നില്ല.

തങ്ങള്‍ക്കു തന്നെ നഷ്ടം വരുത്തിവെച്ചവരാണവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരില്‍ നിന്ന് ഏറെ അകന്നുപോയിരിക്കുന്നു.

സംശയമില്ല; അവര്‍ തന്നെയാണ് പരലോകത്ത് പരാജയപ്പെട്ടവര്‍.

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ നാഥങ്കലേക്ക് വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.

ഈ രണ്ടു വിഭാഗത്തിന്റെ ഉപമ ഇവ്വിധമത്രെ: ഒരുവന്‍ അന്ധനും ബധിരനും; അപരന്‍ കാഴ്ചയും കേള്‍വിയുമുള്ളവനും. ഈ ഉപമയിലെ ഇരുവരും ഒരുപോലെയാണോ? നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?

നൂഹിനെ നാം തന്റെ ജനതയിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.

"നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ വഴിപ്പെടരുത്. നോവേറിയ ശിക്ഷ ഒരുനാള്‍ നിങ്ങള്‍ക്കുണ്ടാവുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.”

അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്മാര്‍ മാത്രമാണ്, കാര്യവിചാരമില്ലാതെ നിന്നെ പിന്തുടര്‍ന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാളേറെ ഒരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല; നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.”

അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഞാനെന്റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നവനാണ്; അവന്‍ തന്റെ അനുഗ്രഹമെനിക്ക് തന്നിരിക്കുന്നു; നിങ്ങള്‍ക്കത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാണ്? നിങ്ങള്‍ക്കത് ഇഷ്ടമില്ലാതിരിക്കെ നിങ്ങളതംഗീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയോ?

"എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് സ്വത്തൊന്നും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. വിശ്വസിച്ചവരെ ആട്ടിയകറ്റുന്നവനല്ല ഞാന്‍. തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനുമായി സന്ധിക്കും. എന്നാല്‍ നിങ്ങളെ തികഞ്ഞ അവിവേകികളായാണ് ഞാന്‍ കാണുന്നത്.

"എന്റെ ജനമേ, ഞാന്‍ അവരെ ആട്ടിയകറ്റിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ആരാണെന്നെ രക്ഷിക്കുക? നിങ്ങളിക്കാര്യം മനസ്സിലാക്കുന്നില്ലേ?

"അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ വശമുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൌതിക കാര്യങ്ങളറിയുകയുമില്ല. ഞാന്‍ മലക്കാണെന്നു വാദിക്കുന്നുമില്ല. നിങ്ങളുടെ കണ്ണില്‍ നിസ്സാരരായി കാണുന്നവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുകയില്ല എന്നു പറയാനും ഞാനില്ല. അവരുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവന്‍ അല്ലാഹുവാണ്. ഇതൊന്നുമംഗീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ അതിക്രമികളില്‍പെട്ടവനായിത്തീരും; തീര്‍ച്ച.”

അവര്‍ പറഞ്ഞു: "നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെക്കൂടുതലായി തര്‍ക്കിച്ചു. അതിനാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ സത്യവാദിയാണെങ്കില്‍!”

നൂഹ് പറഞ്ഞു: "അല്ലാഹു ഇച്ഛിച്ചെങ്കില്‍ അവന്‍ തന്നെയാണ് നിങ്ങള്‍ക്കത് കൊണ്ടുവരിക. അപ്പോഴവനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.

"അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചു കളയാനിച്ഛിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ എത്ര ഉപദേശിച്ചാലും ആ ഉപദേശം നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല. അവനാണ് നിങ്ങളുടെ നാഥന്‍. അവങ്കലേക്കാണ് നിങ്ങള്‍ തിരിച്ചുചെല്ലേണ്ടത്.”

നബിയേ, അതല്ല; “അയാളിത് സ്വയം കെട്ടിച്ചമച്ചതാണെ”ന്നാണോ അവര്‍ പറയുന്നത്? പറയുക: "ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എന്റെ പാപത്തിന്റെ ദോഷഫലം എനിക്കുതന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍ നിന്ന് ഞാന്‍ തീര്‍ത്തും മുക്തനാണ്.”

നൂഹിന് ദിവ്യസന്ദേശം ലഭിച്ചു: നിന്റെ ജനതയില്‍ ഇതുവരെ വിശ്വസിച്ചുകഴിഞ്ഞവരല്ലാതെ ഇനിയാരും വിശ്വസിക്കുകയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് നീ സങ്കടപ്പെടേണ്ടതില്ല.

നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പലുണ്ടാക്കുക. അക്രമം കാണിച്ചവരുടെ കാര്യത്തില്‍ നീയെന്നോടൊന്നും പറയരുത്. അവര്‍ മുങ്ങിച്ചാവുകതന്നെ ചെയ്യും.

അദ്ദേഹം കപ്പലുണ്ടാക്കുന്നു. ആ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിനരികിലൂടെ നടന്നുപോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: "ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നു. ഒരുനാള്‍ നിങ്ങള്‍ പരിഹസിക്കുന്നപോലെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും.

"അപമാനകരമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുകയെന്നും സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നു പതിക്കുകയെന്നും നിങ്ങള്‍ വൈകാതെ അറിയും.”

അങ്ങനെ നമ്മുടെ വിധി വന്നു. അടുപ്പില്‍ ഉറവ പൊട്ടി. അപ്പോള്‍ നാം പറഞ്ഞു: "എല്ലാ ജന്തുവര്‍ഗത്തില്‍നിന്നും ഈരണ്ടു ഇണകളെ അതില്‍ കയറ്റുക. നിന്റെ കുടുംബത്തെയും. നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായവരെയൊഴികെ. വിശ്വസിച്ചവരെയും കയറ്റുക.” വളരെ കുറച്ചു പേരല്ലാതെ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരായി ഉണ്ടായിരുന്നില്ല.

അദ്ദേഹം പറഞ്ഞു: "നിങ്ങളതില്‍ കയറുക. അതിന്റെ നീക്കവും നില്‍പുമെല്ലാം അല്ലാഹുവിന്റെ നാമത്തിലാണ്. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.”

പര്‍വതങ്ങള്‍ പോലുള്ള തിരമാലകള്‍ക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. നൂഹ് തന്റെ മകനെ വിളിച്ചു- അവന്‍ വളരെ ദൂരെയായിരുന്നു- "എന്റെ കുഞ്ഞുമോനേ, നീ ഞങ്ങളുടെ കൂടെ ഇതില്‍ കയറുക. നീ സത്യനിഷേധികളോടൊപ്പമാകരുതേ.”

അവന്‍ പറഞ്ഞു: "ഞാനൊരു മലയില്‍ അഭയം തേടിക്കൊള്ളാം. അതെന്നെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചുകൊള്ളും.” നൂഹ് പറഞ്ഞു: "ഇന്ന് ദൈവ വിധിയില്‍നിന്ന് രക്ഷിക്കുന്ന ഒന്നുമില്ല. അവന്‍ കരുണ കാണിക്കുന്നവരൊഴികെ.” അപ്പോഴേക്കും അവര്‍ക്കിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുങ്ങിമരിച്ചവരില്‍ പെട്ടുപോയി.

അപ്പോള്‍ കല്‍പനയുണ്ടായി: "ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: "അക്രമികളായ ജനതക്കു നാശം!”

നൂഹ് തന്റെ നാഥനെ വിളിച്ചു പറഞ്ഞു: "നാഥാ! എന്റെ മകന്‍ എന്റെ കുടുംബത്തില്‍പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യവുമാണ്. നീയോ വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവനും.”

അല്ലാഹു പറഞ്ഞു: "നൂഹേ, നിശ്ചയമായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. അവന്‍ ദുര്‍വൃത്തിയാകുന്നു. അതിനാല്‍ യാഥാര്‍ഥ്യം എന്തെന്ന് നിനക്കറിയാത്ത കാര്യം നീ എന്നോടാവശ്യപ്പെടരുത്. അവിവേകികളില്‍ പെടരുതെന്ന് ഞാനിതാ നിന്നെ ഉപദേശിക്കുന്നു.”

നൂഹ് പറഞ്ഞു: "എന്റെ നാഥാ, എനിക്കറിയാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവനായിത്തീരും.”

അദ്ദേഹത്തോടു പറഞ്ഞു: "നൂഹേ, നീ കരക്കിറങ്ങുക. നമ്മില്‍ നിന്നുള്ള സമാധാനം നിനക്കുണ്ട്. നിനക്കും നിന്നോടൊപ്പമുള്ള ചില സമൂഹങ്ങള്‍ക്കും നമ്മുടെ അനുഗ്രഹവുമുണ്ട്. എന്നാല്‍ മറ്റു ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം താല്‍ക്കാലിക ജീവിതസുഖം നല്‍കും. പിന്നെ നമ്മില്‍ നിന്നുള്ള നോവേറിയ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും.

നബിയേ, ഇതൊക്കെ അദൃശ്യ കാര്യങ്ങളെ സംബന്ധിച്ച വര്‍ത്തമാനങ്ങളില്‍പെട്ടതാണ്. നിനക്കു നാമത് ബോധനം നല്‍കുന്നു. നീയോ നിന്റെ ജനതയോ ആരും തന്നെ ഇതിനു മുമ്പ് ഇതേക്കുറിച്ച് അറിയുമായിരുന്നില്ല. അതിനാല്‍ ക്ഷമിക്കുക. സംശയമില്ല; അവസാനഫലം ഭക്തന്മാര്‍ക്കനുഗുണമായിരിക്കും.

ആദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്.

"എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ പടച്ചവന്റെതുമാത്രമാണ്. നിങ്ങള്‍ ആലോചിക്കുന്നില്ലേ?

"എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞുപോവരുത്.”

അവര്‍ പറഞ്ഞു: "ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായൊരു തെളിവും കൊണ്ടുവന്നിട്ടില്ല. നിന്റെ വാക്കുകേട്ട് മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വെടിയുകയുമില്ല. ഞങ്ങള്‍ നിന്നിലൊട്ടും വിശ്വസിക്കുന്നുമില്ല.

"ഞങ്ങള്‍ക്കു പറയാനുള്ളതിതാണ്: നിനക്കു ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ദോഷബാധയേറ്റിരിക്കുന്നു.” ഹൂദ് പറഞ്ഞു: "ഞാന്‍ അല്ലാഹുവെ സാക്ഷിയാക്കുന്നു. നിങ്ങളും സാക്ഷ്യം വഹിക്കുക. നിങ്ങളവനില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ ഞാന്‍ മുക്തനാകുന്നു....

അല്ലാഹുവെക്കൂടാതെ. അതിനാല്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് എനിക്കെതിരെ തന്ത്രം പ്രയോഗിച്ചുകൊള്ളുക. നിങ്ങള്‍ എനിക്കൊട്ടും അവധി തരേണ്ടതില്ല.

"ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. എന്റെയും നിങ്ങളുടെയും നാഥനാണവന്‍. ഒരു ജന്തുവുമില്ല; അതിന്റെ മൂര്‍ധാവ് അവന്റെ പിടിയിലായിക്കൊണ്ടല്ലാതെ. എന്റെ നാഥന്‍ നേര്‍വഴിയിലാകുന്നു; തീര്‍ച്ച.

"ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിങ്ങളിലേക്ക് നിയോഗിതനായത് അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ എന്റെ നാഥന്‍ കൊണ്ടുവരിക തന്നെ ചെയ്യും. അവനൊരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. എന്റെ നാഥന്‍ എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കുന്നവനാണ്.”

നമ്മുടെ വിധിവന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹത്താല്‍ നാം രക്ഷപ്പെടുത്തി. കൊടിയ ശിക്ഷയില്‍നിന്ന് നാമവരെ മോചിപ്പിച്ചു.

അതാണ് ആദ് ജനത. തങ്ങളുടെ നാഥന്റെ പ്രമാണങ്ങളെ അവര്‍ നിഷേധിച്ചു. അവന്റെ ദൂതന്മാരെ ധിക്കരിച്ചു. ധിക്കാരികളായ എല്ലാ സ്വേച്ഛാധിപതികളുടെയും കല്‍പന പിന്‍പറ്റുകയും ചെയ്തു.

എന്നാല്‍ ഐഹികജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പുനാളിലും ശാപം അവരെ പിന്തുടരും. അറിയുക: ആദ് ജനത തങ്ങളുടെ നാഥനെ തള്ളിപ്പറഞ്ഞു. അതിനാല്‍, ഹൂദിന്റെ ജനതയായ ആദിന് നാശം!

സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു വളര്‍ത്തി. നിങ്ങളെ അവിടെ കുടിയിരുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങളവനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിശ്ചയമായും എന്റെ നാഥന്‍ നിങ്ങള്‍ക്ക് ഏറെ അടുത്തവനത്രെ. ഉത്തരം നല്‍കുന്നവനും അവന്‍ തന്നെ.”

അവര്‍ പറഞ്ഞു: "സ്വാലിഹേ, ഇതിനുമുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ ഏറെ വേണ്ടപ്പെട്ടവനായിരുന്നു. നീയിപ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ പൂജിച്ചിരുന്നവയെ ഞങ്ങള്‍ പൂജിക്കുന്നത് വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ സങ്കീര്‍ണമായ സംശയത്തിലാണ്.”

സ്വാലിഹ് പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നു. അവന്റെ അനുഗ്രഹം അവനെനിക്കു നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ അല്ലാഹുവെ ധിക്കരിക്കുകയാണെങ്കില്‍ അവന്റെ കഠിനമായ ശിക്ഷയില്‍ നിന്ന് ആരാണെന്നെ രക്ഷിക്കുക? എനിക്ക് കൂടുതല്‍ നഷ്ടം വരുത്താനല്ലാതെ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും?

"എന്റെ ജനമേ, ഇതാ അല്ലാഹുവിന്റെ ഒട്ടകം. നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണിത്. അല്ലാഹുവിന്റെ ഭൂമിയില്‍ മേഞ്ഞുനടക്കാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിനൊരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ അടുത്തുതന്നെ കടുത്ത ശിക്ഷ നിങ്ങളെ പിടികൂടും.”

എന്നിട്ടും അവരതിനെ അറുകൊല ചെയ്തു. അപ്പോള്‍ സ്വാലിഹ് പറഞ്ഞു: "നിങ്ങളിനി മൂന്നുദിവസം മാത്രം നിങ്ങളുടെ വീടുകളില്‍ സുഖിച്ചുകഴിയുക. ഒട്ടും പിഴവുപറ്റാത്ത സമയ നിര്‍ണയമാണിത്.”

അങ്ങനെ നമ്മുടെ വിധി വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളേയും നമ്മുടെ കാരുണ്യത്താല്‍ നാം രക്ഷപ്പെടുത്തി. അന്നാളിലെ അപമാനത്തില്‍ നിന്നും നാമവരെ മോചിപ്പിച്ചു. നിന്റെ നാഥന്‍ ശക്തനും അജയ്യനുമാണ്.

അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ പ്രഭാതത്തിലവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നു വീണുകിടക്കുന്നവരായിത്തീര്‍ന്നു.

അവരവിടെ പാര്‍ത്തിട്ടേയില്ലെന്ന പോലെയായി. അറിയുക: സമൂദ് ഗോത്രം തങ്ങളുടെ നാഥനെ ധിക്കരിച്ചു. അതിനാല്‍ സമൂദ് ഗോത്രത്തിന് നാശം!

നമ്മുടെ ദൂതന്മാര്‍ ശുഭവൃത്താന്തവുമായി ഇബ്റാഹീമിനെ സമീപിച്ചു. അവര്‍ പറഞ്ഞു: "സലാം.” അദ്ദേഹം പറഞ്ഞു: "സലാം.” ഒട്ടും വൈകാതെ അദ്ദേഹം വേവിച്ചു പാകംചെയ്ത ഒരു കാളക്കുട്ടിയെ കൊണ്ടുവന്നു.

അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരെ സംബന്ധിച്ച് സംശയമായി. അവരെപ്പറ്റി പേടി തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു: "പേടിക്കേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടവരാണ്.”

ഇബ്റാഹീമിന്റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാര്‍ത്ത അറിയിച്ചു.

അവര്‍ പറഞ്ഞു: "എന്ത്! ഞാന്‍ പടുകിഴവിയായിരിക്കുന്നു. ഇനി പ്രസവിക്കുകയോ? എന്റെ ഭര്‍ത്താവും ഇതാ പടുവൃദ്ധനായിരിക്കുന്നു. ഇതൊരദ്ഭുതകരമായ കാര്യം തന്നെ.”

ആ ദൂതന്മാര്‍ പറഞ്ഞു: "അല്ലാഹുവിന്റെ വിധിയില്‍ നീ അദ്ഭുതപ്പെടുകയോ? ഇബ്റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമുണ്ടാവട്ടെ. അവന്‍ സ്തുത്യര്‍ഹനും ഏറെ മഹത്വമുള്ളവനുമാണ്.”

അങ്ങനെ ഇബ്റാഹീമിന്റെ പരിഭ്രമം വിട്ടുമാറുകയും ശുഭവാര്‍ത്ത വന്നെത്തുകയും ചെയ്തപ്പോള്‍ ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ അദ്ദേഹം നമ്മോടു തര്‍ക്കിക്കാന്‍ തുടങ്ങി.

ഉറപ്പായും ഇബ്റാഹീം ക്ഷമാശീലനും ഏറെ ദയാലുവുമാണ്. സദാ പശ്ചാത്തപിക്കുന്നവനും.

ഇബ്റാഹീമേ; ഇതങ്ങ് വിട്ടേക്കുക. നിശ്ചയമായും നിന്റെ നാഥന്റെ വിധി വന്നുകഴിഞ്ഞു. ആര്‍ക്കും തടുക്കാനാവാത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.

നമ്മുടെ ദൂതന്മാര്‍ ലൂത്വിന്റെ അടുത്തെത്തി. അവരുടെ വരവില്‍ അദ്ദേഹം അതീവ ദുഃഖിതനായി. അവരെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സ് നൊമ്പരം കൊണ്ടു. അദ്ദേഹം പറഞ്ഞു: "ഇത് പ്രയാസകരമായ ദിനംതന്നെ.”

ലൂത്വിന്റെ ജനത അദ്ദേഹത്തിന്റെയടുത്തേക്ക് ഓടിയടുത്തു. നേരത്തെ തന്നെ അവര്‍ നീചവൃത്തികള്‍ ചെയ്യുന്നവരായിരുന്നു. ലൂത്വ് പറഞ്ഞു: "എന്റെ ജനമേ, ഇതാ എന്റെ പെണ്‍കുട്ടികള്‍. ഇവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ വിശുദ്ധിയുള്ളവര്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ മാനക്കേടിലാക്കാതിരിക്കുക. നിങ്ങളില്‍ വിവേകമുള്ള ഒരാളുമില്ലേ?”

അവര്‍ പറഞ്ഞു: "നിന്റെ പെണ്‍മക്കളെക്കൊണ്ട് ഞങ്ങള്‍ക്കൊരു പ്രയോജനവുമില്ലെന്ന് നിനക്കുതന്നെ അറിയാമല്ലോ. ഞങ്ങളെന്താണാഗ്രഹിക്കുന്നതെന്നും നിനക്കറിയാം.”

ലൂത്വ് പറഞ്ഞു: "നിങ്ങളെ നേരിടാന്‍ എനിക്കു കരുത്തുണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍ ശക്തമായ ഒരു താങ്ങ് എനിക്ക് അവലംബിക്കാനുണ്ടായിരുന്നെങ്കില്‍.”

മലക്കുകള്‍ പറഞ്ഞു: "ലൂത്വേ, ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. ഈ ആളുകള്‍ക്കൊരിക്കലും നിന്നെ തൊടാനാവില്ല. അതിനാല്‍ രാവേറെക്കഴിഞ്ഞാല്‍ നീ നിന്റെ കുടുംബത്തെ കൂട്ടി പുറപ്പെടുക. നിങ്ങളിലാരും തിരിഞ്ഞുനോക്കരുത്. പക്ഷേ, നിന്റെ ഭാര്യ കൂടെ വരുന്നതല്ല. അക്കൂട്ടര്‍ക്കുള്ള ശിക്ഷ അവളെയും ബാധിക്കും. അവരുടെ നാശത്തിന്റെ നിശ്ചിതസമയം പ്രഭാതമാണ്. പ്രഭാതം അടുത്തുതന്നെയല്ലേ?

അങ്ങനെ നമ്മുടെ കല്‍പന വന്നെത്തി. നാം ആ നാടിനെ കീഴ്മേല്‍ മറിച്ചു. അട്ടിയട്ടിയായി ചൂളവെച്ച മണ്‍കട്ടകള്‍ നാം ആ നാടിനുമേല്‍ വര്‍ഷിച്ചു.

ആ കട്ടകള്‍ നിന്റെ നാഥന്റെ അടുക്കല്‍വെച്ച് അടയാളപ്പെടുത്തിയവയാണ്. ഈ ശിക്ഷയാവട്ടെ; അത് ഈ അതിക്രമികളില്‍ നിന്ന് ഒട്ടും വിദൂരമല്ല.

മദ്യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ അളവിലും തൂക്കത്തിലും കുറവു വരുത്തരുത്. ഞാന്‍ നിങ്ങളെ കാണുന്നത് സുസ്ഥിതിയിലാണ്. അതോടൊപ്പം നിങ്ങളെയാകെ വലയം ചെയ്യുന്ന ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.

"എന്റെ ജനമേ, നിങ്ങള്‍ നീതിയോടെ അളവിലും തൂക്കത്തിലും തികവു വരുത്തുക. നിങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവു വരുത്തരുത്. ഭൂമിയില്‍ കുഴപ്പക്കാരായി കൂത്താടി നടക്കരുത്.

"അല്ലാഹു നിങ്ങള്‍ക്കായി കരുതിവെക്കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍! ഞാന്‍ നിങ്ങളുടെ മേല്‍നോട്ടക്കാരനല്ല.”

അവര്‍ പറഞ്ഞു: "ശുഐബേ, നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചുപോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടംപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്കാരമാണോ? നീ വല്ലാത്തൊരു വിവേകശാലിയും സന്മാര്‍ഗി യും തന്നെ!”

ശുഐബ് പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ; ഞാന്‍ എന്റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണം മുറുകെ പിടിക്കുന്നവനാണ്. അവന്‍ എനിക്കു തന്റെ പക്കല്‍നിന്നുള്ള ഉത്തമ വിഭവം നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ നന്ദികെട്ടവനാവുകയോ? ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ നിങ്ങള്‍ക്കെതിരായി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഴിയാവുന്നിടത്തോളം നിങ്ങള്‍ക്ക് നന്മവരുത്തണമെന്നേ ഞാനുദ്ദേശിക്കുന്നുള്ളൂ. അല്ലാഹുവിലൂടെയല്ലാതെ എനിക്കൊന്നിനും ഒരു കഴിവും കിട്ടുന്നില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്കുതന്നെ ഞാന്‍ എളിമയോടെ മടങ്ങിപ്പോവുകയും ചെയ്യും.

"എന്റെ ജനമേ, എന്നോടുള്ള എതിര്‍പ്പ്, നൂഹിന്റെയും സ്വാലിഹിന്റെയും ലൂത്വിന്റെയും ജനതക്ക് ബാധിച്ചതുപോലുള്ള ശിക്ഷ നിങ്ങളെയും ബാധിക്കാന്‍ ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍നിന്ന് ഏറെയൊന്നും അകലെയല്ലല്ലോ.

"നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. തീര്‍ച്ചയായും എന്റെ നാഥന്‍ പരമദയാലുവാണ്. ഏറെ സ്നേഹമുള്ളവനും.”

അവര്‍ പറഞ്ഞു: "ശുഐബേ, നീ പറയുന്നവയില്‍ ഏറെയും ഞങ്ങള്‍ക്ക് മനസ്സിലാകുന്നേയില്ല. തീര്‍ച്ചയായും ഞങ്ങളറിയുന്നു; ഞങ്ങളെക്കാള്‍ ഏറെ ദുര്‍ബലനാണ് നീയെന്ന്. നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍ എന്നോ നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയൊട്ടും അജയ്യനല്ല.”

ശുഐബ് ചോദിച്ചു: "എന്റെ ജനമേ, എന്റെ കുടുംബമാണോ അല്ലാഹുവിനെക്കാള്‍ നിങ്ങള്‍ക്ക് പ്രധാനം? അങ്ങനെ നിങ്ങളവനെ നിസ്സാരമാക്കി പുറംതള്ളുകയാണോ? എന്റെ നാഥന്‍ നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ്; തീര്‍ച്ച.

"എന്റെ ജനമേ, നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്നും ആരാണ് കള്ളം പറയുന്നതെന്നും ഉറപ്പായും നിങ്ങള്‍ അടുത്തുതന്നെ അറിയും. നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.”

അവസാനം നമ്മുടെ വിധി വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി. അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി. അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണു കിടക്കുന്നവരായിത്തീര്‍ന്നു;

അവരവിടെ പാര്‍ത്തിട്ടേയില്ലെന്ന പോലെ. അറിയുക: മദ്യന്‍ വാസികള്‍ പൂര്‍ണമായും തൂത്തെറിയപ്പെട്ടു. സമൂദ് ഗോത്രം തൂത്തെറിയപ്പെട്ടപോലെത്തന്നെ.

മൂസായെ നാം നമ്മുടെ പ്രമാണങ്ങളും വ്യക്തമായ അടയാളങ്ങളുമായി അയച്ചു.

ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക്. എന്നിട്ടും അവര്‍ ഫറവോന്റെ കല്‍പന പിന്‍പറ്റുകയാണുണ്ടായത്. ഫറവോന്റെ കല്‍പനയോ, അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല.

ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഫറവോന്‍ തന്റെ ജനതയുടെ മുന്നിലുണ്ടായിരിക്കും. അങ്ങനെ അവനവരെ നരകത്തീയിലേക്ക് നയിക്കും. ചെന്നെത്താവുന്നതില്‍ ഏറ്റവും ചീത്തയായ ഇടമാണത്.

ഈ ലോകത്ത് ശാപം അവരെ പിന്തുടര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അതങ്ങനെത്തന്നെ. കിട്ടാവുന്നതില്‍വെച്ച് ഏറ്റം മോശമായ സമ്മാനമാണത്.

വിവിധ നാടുകളിലെ സംഭവകഥകളില്‍ ചിലതാണിത്. നാമത് നിനക്ക് വിവരിച്ചുതരുന്നു. ആ നാടുകളില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണ്ട്. ചിലത് നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.

നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു. നിന്റെ നാഥന്റെ വിധിവന്നു. അപ്പോള്‍ അല്ലാഹുവെ വിട്ട് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ക്കൊന്നും അവര്‍ക്കൊരുപകാരവും ചെയ്യാനായില്ല. അവര്‍ക്കവ നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുത്തതുമില്ല.

നാട്ടുകാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടുകയാണെങ്കില്‍ ഇവ്വിധമാണ് നിന്റെ നാഥന്‍ പിടികൂടുക. അവന്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ.

പരലോകശിക്ഷ പേടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ വ്യക്തമായ തെളിവുണ്ട്. മുഴുവന്‍ മനുഷ്യരും ഒരിടത്തൊരുമിച്ചുകൂടുന്ന ദിനമാണതുണ്ടാവുക. എല്ലാറ്റിനും സാക്ഷ്യമുണ്ടാകുന്ന ദിനമാണത്.

നിശ്ചയിക്കപ്പെട്ട ഒരവധി വരെയല്ലാതെ നാമത് നീട്ടിവെക്കുകയില്ല.

അത് വന്നെത്തുന്ന ദിനം അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ആര്‍ക്കും ഒന്നും പറയാനാവില്ല. അവരില്‍ കുറേ പേര്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും. കുറേപേര്‍ സൌഭാഗ്യവാന്മാരും.

നിര്‍ഭാഗ്യവാന്മാര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങലുകളുമാണുണ്ടാവുക.

ആകാശഭൂമികള്‍ ഉള്ളേടത്തോളംകാലം അവരവിടെ സ്ഥിരവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിച്ച കാലമൊഴികെ. തീര്‍ച്ചയായും നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് നടപ്പാക്കുന്നവനാണ്.

എന്നാല്‍ സൌഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിക്കുന്ന കാലമൊഴികെ. ഒടുക്കമില്ലാത്ത സമ്മാനമായിരിക്കും അത്.

ഇക്കൂട്ടര്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയെ സംബന്ധിച്ച് നിനക്കൊരിക്കലും സംശയം വേണ്ടാ. മുമ്പ് ഇവരുടെ പിതാക്കന്മാര്‍ പൂജിച്ചിരുന്നപോലെത്തന്നെയാണ് ഇന്നിവരും പൂജ നടത്തുന്നത്. ഇവരുടെ വിഹിതം ഒട്ടും കുറവുവരുത്താതെ നാമവര്‍ക്ക് അവരുടെ ശിക്ഷ നല്‍കുന്നതാണ്.

മൂസാക്കു നാം വേദഗ്രന്ഥം നല്‍കി. അപ്പോഴതിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. നിന്റെ നാഥനില്‍ നിന്ന് നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ അക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ വിധി കല്‍പിക്കുമായിരുന്നു. തീര്‍ച്ചയായും അവരിക്കാര്യത്തില്‍ ആശങ്കാകുലമായ സംശയത്തിലാണ്.

അവരില്‍ ഓരോരുത്തര്‍ക്കും നിന്റെ നാഥന്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം പൂര്‍ണമായി നല്‍കുക തന്നെ ചെയ്യും. നിശ്ചയമായും അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണവന്‍.

നിന്നോടു കല്‍പിച്ചവിധം നീയും നിന്നോടൊപ്പം പശ്ചാത്തപിച്ചു മടങ്ങിയവരും നേര്‍വഴിയില്‍ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് സൂക്ഷ്മമായി കാണുന്നവനാണവന്‍.

അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങളെ പിടികൂടും. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് രക്ഷകരായി ആരുമില്ല. പിന്നീട് നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയുമില്ല.

പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്ബോധനമാണിത്.

ക്ഷമിക്കുക. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം അല്ലാഹു ഒട്ടും നഷ്ടപ്പെടുത്തുകയില്ല; ഉറപ്പ്.

നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരില്‍ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരൊഴികെ. അക്രമികള്‍ തങ്ങള്‍ക്കു കിട്ടിയ സുഖസൌകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായിരുന്നു.

നാട്ടുകാര്‍ സല്‍കൃത്യങ്ങള്‍ ചെയ്യുന്നവരായിരിക്കെ അല്ലാഹു അക്രമമായി ആ നാടുകളെ നശിപ്പിക്കുകയില്ല.

നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.

നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനുവേണ്ടിയാണ് അവനവരെ സൃഷ്ടിച്ചത്. “ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പെട്ടവരെക്കൊണ്ട് നാം നരകത്തെ നിറക്കുക തന്നെ ചെയ്യു”മെന്ന നിന്റെ നാഥന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായിരിക്കുന്നു.

ദൈവദൂതന്മാരുടെ വാര്‍ത്തകളില്‍നിന്ന് നിന്റെ മനസ്സിന് ദൃഢത നല്‍കുന്നതെല്ലാം നിനക്കു നാം പറഞ്ഞുതരുന്നു. ഇതിലൂടെ യഥാര്‍ഥ ജ്ഞാനവും സത്യവിശ്വാസികള്‍ക്കുള്ള സദുപദേശവും ഉദ്ബോധനവും നിനക്ക് വന്നെത്തിയിരിക്കുന്നു.

വിശ്വസിക്കാത്തവരോട് പറയുക: നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിക്കുക. ഞങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.

നിങ്ങള്‍ കാത്തിരിക്കുക. ഉറപ്പായും ഞങ്ങളും കാത്തിരിക്കാം.

ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതൊക്കെയും അല്ലാഹുവിനുള്ളതാണ്. അവസാനം എല്ലാം മടങ്ങിയെത്തുന്നതും അവങ്കലേക്കുതന്നെ. അതിനാല്‍ നീ അവനുമാത്രം വഴിപ്പെടുക. അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയൊന്നും നിന്റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.