surah.translation .

മആരിജ്


സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.

അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.

ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.

മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍

അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.

അവരത് അകലെയായാണ് കാണുന്നത്.

നാമോ അടുത്തായും കാണുന്നു.

അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.

മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.

അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.

അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!

സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!

തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.

ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!

വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.

തൊലി ഉരിച്ചു കളയുന്ന തീ!

സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.

ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.

മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.

വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.

നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.

നമസ്കരിക്കുന്നവരൊഴികെ.

അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്.

അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട് --

ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും.

വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍.

തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും.

അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച.

അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.

തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.

എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.

തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍.

തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.

നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും.

അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.

ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.

ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി.

അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ?

ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്.

വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്.

അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല.

അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.

അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ.

കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.