ﯹ
surah.translation
.
ﰡ
ഇന്സാന്
താന്‍ പറയത്തക്ക ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടില്ലേ?
മനുഷ്യനെ നാം കൂടിക്കലര്‍ന്ന ദ്രവകണ ത്തില്‍നിന്ന് സൃഷ്ടിച്ചു; നമുക്ക് അവനെ പരീക്ഷിക്കാന്‍. അങ്ങനെ നാമവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി.
ഉറപ്പായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു. അവന് നന്ദിയുള്ളവനാകാം. നന്ദികെട്ടവനുമാകാം.
ഉറപ്പായും സത്യനിഷേധികള്‍ക്കു നാം ചങ്ങലകളും വിലങ്ങുകളും കത്തിക്കാളുന്ന നരകത്തീയും ഒരുക്കിവെച്ചിരിക്കുന്നു.
സുകര്‍മികളോ, തീര്‍ച്ചയായും അവര്‍ കര്‍പ്പൂരം ചേര്‍ത്ത പാനീയം നിറച്ച ചഷകത്തില്‍നിന്ന് പാനം ചെയ്യുന്നതാണ്.
അത് ഒരുറവയായിരിക്കും. ദൈവദാസന്മാര്‍ അതില്‍നിന്നാണ് കുടിക്കുക. അവരതിനെ ഇഷ്ടാനുസൃതം കൈവഴികളായി ഒഴുക്കിക്കൊണ്ടിരിക്കും.
അവര്‍; നേര്‍ച്ചകള്‍ നിറവേറ്റുന്നവരാണ്. ഒരു ഭീകരനാളിനെ പേടിക്കുന്നവരും. വിപത്ത് പടര്‍ന്നു പിടിക്കുന്ന നാളിനെ.
ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു.
അവര്‍ പറയും: "അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
"ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.”
അതിനാല്‍ ആ നാളിന്റെ നാശത്തില്‍നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിച്ചു. അവര്‍ക്ക് സമാശ്വാസവും സന്തോഷവും സമ്മാനിച്ചു.
അവര്‍ ക്ഷമ പാലിച്ചതിനാല്‍ പ്രതിഫലമായി അവനവര്‍ക്ക് പൂന്തോപ്പുകളും പട്ടുടുപ്പുകളും പ്രദാനം ചെയ്തു.
അവരവിടെ ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കും. അത്യുഷ്ണമോ അതിശൈത്യമോ അനുഭവിക്കുകയില്ല.
സ്വര്‍ഗീയഛായ അവര്‍ക്കു മേല്‍ തണല്‍ വിരിക്കും. അതിലെ പഴങ്ങള്‍, പറിച്ചെടുക്കാന്‍ പാകത്തില്‍ അവരുടെ അധീനതയിലായിരിക്കും.
വെള്ളിപ്പാത്രങ്ങളും സ്ഫടികക്കോപ്പകളുമായി പരിചാരകര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.
ആ സ്ഫടികവും വെള്ളിമയമായിരിക്കും. പരിചാരകര്‍ അവ കണിശതയോടെ കണക്കാക്കിവെക്കുന്നു.
ഇഞ്ചിനീരിന്റെ ചേരുവ ചേര്‍ത്ത പാനീയം അവര്‍ക്കവിടെ കുടിക്കാന്‍ കിട്ടും.
അത് സ്വര്‍ഗത്തിലെ ഒരരുവിയില്‍ നിന്നുള്ളതാണ്. സല്‍സബീല്‍ എന്നാണ് അതിനെ വിളിക്കുക.
നിത്യബാല്യം നല്‍കപ്പെട്ട കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റിനടന്നുകൊണ്ടിരിക്കും. അവരെ കണ്ടാല്‍ ചിതറിത്തെറിച്ച മുത്തുകളായേ നിനക്ക് തോന്നൂ.
സ്വര്‍ഗത്തില്‍ മഹത്തായ അനുഗ്രഹങ്ങളും ഒരു മഹാസാമ്രാജ്യത്തിന്റെ അവസ്ഥയും നിനക്കു കാണാം.
അവിടെ നേര്‍ത്തുമിനുത്ത പച്ചവില്ലൂസും കട്ടിയുള്ള പട്ടുടവയുമാണ് അവരെ അണിയിക്കുക. അവര്‍ക്ക് അവിടെ വെള്ളിവളകള്‍ അണിയിക്കുന്നതാണ്. അവരുടെ നാഥന്‍ അവരെ പരിശുദ്ധമായ പാനീയം കുടിപ്പിക്കുകയും ചെയ്യും.
ഇതാണ് നിങ്ങള്‍ക്കുള്ള പ്രതിഫലം; തീര്‍ച്ച. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്ദിപൂര്‍വം സ്വീകരിക്കപ്പെട്ടവയത്രെ.
ഉറപ്പായും ഈ ഖുര്‍ആന്‍ നിനക്ക് നാം അല്‍പാല്‍പമായി ഇറക്കിത്തന്നിരിക്കുന്നു.
അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. അവരിലെ കുറ്റവാളിയെയോ സത്യനിഷേധിയെയോ നീ അനുസരിക്കരുത്.
നിന്റെ നാഥന്റെ നാമം കാലത്തും വൈകുന്നേരവും സ്മരിക്കുക.
രാത്രിയില്‍ അവന്ന് സാഷ്ടാംഗം പ്രണമിക്കുക. നീണ്ട നിശാവേളകളില്‍ അവന്റെ മഹത്വം കീര്‍ത്തിക്കുക.
എന്നാല്‍ ഇക്കൂട്ടര്‍, ക്ഷണികമായ ഐഹിക നേട്ടമാണ് ഇഷ്ടപ്പെടുന്നത്. വരാനിരിക്കുന്ന ഭാരമേറിയ നാളിന്റെ കാര്യമവര്‍ പിറകോട്ട് തട്ടിമാറ്റുന്നു.
നാമാണ് അവരെ സൃഷ്ടിച്ചത്. അവരുടെ ശരീരഘടനക്ക് കരുത്തേകിയതും നാം തന്നെ. നാം ഇഛിക്കുന്നുവെങ്കില്‍ അവരുടെ രൂപം അപ്പാടെ മാറ്റിമറിക്കാവുന്നതാണ്.
തീര്‍ച്ചയായും ഇത് ഒരു ഉദ്ബോധനമാണ്. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്കുള്ള മാര്‍ഗമവലംബിക്കട്ടെ.
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ക്ക് അതിഷ്ടപ്പെടാനാവില്ല. നിശ്ചയമായും അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.
താനിഛിക്കുന്നവരെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. അക്രമികള്‍ക്കോ, നോവേറിയ ശിക്ഷയാണ് അവന്‍ ഒരുക്കിവെച്ചിരിക്കുന്നത്.