surah.translation .

സ്വഫ്


ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചിരിക്കുന്നു. അവനാകുന്നു പ്രതാപിയും യുക്തിമാനും.

സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു?

നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.

(കല്ലുകള്‍) സുദൃഢമായി സംയോജിപ്പിച്ച ഒരു മതില്‍ പോലെ അണിചേര്‍ന്നുകൊണ്ട് തന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.

മൂസാ തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്‌? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.

മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.

താന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.

അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.

സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്‌) അനിഷ്ടകരമായാലും ശരി.

സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ?

നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവന്‍ നല്‍കുന്നതാണ്‌.) അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബിയേ,) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിരിക്കുക. മര്‍യമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.