surah.translation .

ഹൂദ്


അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌.

എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍.

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു.

അല്ലാഹുവിങ്കലേക്കണ് നിങ്ങളുടെ മടക്കം. അവന്‍ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.

ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്‌) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു.

ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്‌.

ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.

ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ് എന്ന്‌. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരില്‍ വന്നെത്തുകയും ചെയ്യും.

മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും.

അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്‌. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു.

ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്‌.

ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു.

അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

അവരാരും നിങ്ങളുടെ വിളിക്ക് ഉത്തരം നല്‍കിയില്ലെങ്കില്‍, അല്ലാഹുവിന്‍റെ അറിവോട് കൂടി മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍ കീഴ്പെടാന്‍ സന്നദ്ധരാണോ?

ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.

പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.

എന്നാല്‍ ഒരാള്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ഖുര്‍ആന്‍) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു. അതിന് മുമ്പ് മാതൃകയും കാരുണ്യവുമായിക്കൊണ്ട് മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്‌. (അങ്ങനെയുള്ള ഒരാള്‍ ആ ദുന്‍യാ പ്രേമികളെ പോലെ ഖുര്‍ആന്‍ നിഷേധിക്കുമോ? ഇല്ല.) അത്തരക്കാര്‍ അതില്‍ വിശ്വസിക്കും. വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെപ്പറ്റി സംശയത്തിലാവരുത്‌. തീര്‍ച്ചയായും അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല.

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്‌? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും, അതിന് വക്രത വരുത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവരാകട്ടെ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുമാണ്‌.

അക്കൂട്ടര്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിക്കാന്‍ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന് പുറമെ അവര്‍ക്ക് രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്‌. അവര്‍ കേള്‍ക്കാന്‍ കഴിയുന്നവരായില്ല. അവര്‍ കണ്ടറിയുന്നവരുമായില്ല.

അത്തരക്കാരാകുന്നു ആത്മനഷ്ടം പറ്റിയവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുകയും ചെയ്തു.

നിസ്സംശയം, അവര്‍ തന്നെയാണ് പരലോകത്തില്‍ ഏറ്റവും നഷ്ടം പറ്റിയവര്‍.

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.

ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?

നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ താക്കീത് നല്‍കുന്നവനാകുന്നു.

എന്തെന്നാല്‍ അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.

അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്‌. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക് തന്നിരിക്കുകയും, എന്നിട്ട് നിങ്ങള്‍ക്ക് (അത് കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത് ചെയ്യും?) നിങ്ങള്‍ അത് ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന് നിര്‍ബന്ധം ചെലുത്തുകയോ ?

എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത് മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്‌. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത് വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌.

എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ?

അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ് അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച് പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും.

അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ട് വരൂ.

അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ് നിങ്ങള്‍ക്കത് കൊണ്ട് വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക് (അവനെ) തോല്‍പിച്ച് കളയാനാവില്ല.

അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അവനാണ് നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്‌.

അതല്ല, അദ്ദേഹമത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: ഞാനത് കെട്ടിച്ചമച്ചുവെങ്കില്‍ ഞാന്‍ കുറ്റം ചെയ്യുന്നതിന്‍റെ ദോഷം എനിക്കു തന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ കാര്യത്തില്‍ ഞാന്‍ നിരപരാധിയുമാണ്‌.

നിന്‍റെ ജനതയില്‍ നിന്ന് വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു.

നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്‌.

അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത് കൂടി കടന്ന് പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്‌.

അപമാനകരമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ് വന്നുഭവിക്കുന്നതെന്നും നിങ്ങള്‍ക്ക് വഴിയെ അറിയാം.

അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ് ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട് ഇണകളെ വീതവും, നിന്‍റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്‌) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക.) അദ്ദേഹത്തോടൊപ്പം കുറച്ച് പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.

അദ്ദേഹം (അവരോട്‌) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്‍റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്‍റെ പേരിലാകുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ് തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌

അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.

ഭൂമീ! നിന്‍റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂ! എന്ന് കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ് നിറവേറ്റപ്പെടുകയും ചെയ്തു. അത് (കപ്പല്‍) ജൂദി പര്‍വ്വതത്തിന് മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു.

നൂഹ് തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌

അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്‌. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്‌.

അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും, നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.

(അദ്ദേഹത്തോട്‌) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്‌. അവര്‍ക്ക് നാം സൌഖ്യം നല്‍കുന്നതാണ്‌. പിന്നീട് നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക് ബാധിക്കുന്നതാണ്‌.

(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.

ആദ് ജനതയിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച് പറയുന്നവര്‍ മാത്രമാകുന്നു.

എന്‍റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ തരേണ്ടത് മാത്രമാണ്‌. നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്‌.

അവര്‍ പറഞ്ഞു: ഹൂടേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടു വന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല.

ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക.

അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട.

എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്‍റെ നെറുകയില്‍ പിടിക്കുന്ന (നിയന്ത്രിക്കുന്ന) തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നേരായ പാതയിലാകുന്നു.

ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍, ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിട്ടുണ്ട്‌. നിങ്ങളല്ലാത്ത ഒരു ജനതയെ എന്‍റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതുമാണ്‌. അവന്ന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ച് പോരുന്നവനാകുന്നു.

നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി.

അതാണ് ആദ് ജനത. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അവന്‍റെ ദൂതന്‍മാരെ അവര്‍ ധിക്കരിക്കുകയും, മര്‍ക്കടമുഷ്ടിക്കാരായ എല്ലാ സ്വേച്ഛാധിപതികളുടെയും കല്‍പന അവന്‍ പിന്‍പറ്റുകയും ചെയ്തു.

ഈ ഐഹികജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടു. ശ്രദ്ധിക്കുക: തീര്‍ച്ചയായും ആദ് ജനത തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചിരിക്കുന്നു. ശ്രദ്ധിക്കുക: ഹൂദിന്‍റെ ജനതയായ ആദിന് നാശം!

ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും, എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.

അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്‌.

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന് (രക്ഷിച്ചുകൊണ്ട്‌) എന്നെ സഹായിക്കാനാരുണ്ട്‌? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ.

എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന് തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌.

എന്നിട്ട് അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മൂന്ന് ദിവസം നിങ്ങളുടെ വീടുകളില്‍ സൌഖ്യമനുഭവിച്ചു കൊള്ളുക. (അതോടെ ശിക്ഷ വന്നെത്തും.) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്‌.

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും.

അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന് വീണ അവസ്ഥയിലായിരുന്നു.

അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു.) ശ്രദ്ധിക്കുക: തീര്‍ച്ചയായും ഥമൂദ് ജനത തങ്ങളുടെ രക്ഷിതാവിനോട് നന്ദികേട് കാണിച്ചു.ശ്രദ്ധിക്കുക: ഥമൂദ് ജനതയ്ക്ക് നാശം!

നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു.

എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌.

അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി (അ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.

അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.

അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു.

അങ്ങനെ ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു.

തീര്‍ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്‌.

ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു.

നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു.

ലൂത്വിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ?) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ?

അവര്‍ പറഞ്ഞു: നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്‌.

അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍.

അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്‌. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ?

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.

നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല.

മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍ കുറവ് വരുത്തരുത്‌. തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കാണുന്നത് ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.

എന്‍റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌.

അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല.

അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ?

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്‍റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത് പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക് ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന് അകലെയല്ല താനും.

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.

അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്‌. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്‍റെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍ കൂടുതല്‍ പ്രതാപമുള്ളവര്‍? എന്നിട്ട് അവനെ നിങ്ങള്‍ നിങ്ങളുടെ പിന്നിലേക്ക് പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്‌. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ് കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.

നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു.

അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (സ്ഥലം ശൂന്യമായി) ശ്രദ്ധിക്കുക: ഥമൂദ് നശിച്ചത് പോലെതന്നെ മദ്‌യനിന്നും നാശം.

നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി.

ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!

ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത!

വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍ ചിലതത്രെ അത്‌. നാമത് നിനക്ക് വിവരിച്ചുതരുന്നു. അവയില്‍ (ആ രാജ്യങ്ങളില്‍) ചിലതു നിലനില്‍ക്കുന്നുണ്ട്‌. ചിലത് ഉന്‍മൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌.

നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്‌. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്‌.

വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌.

പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌.

നിര്‍ണിതമായ ഒരു അവധിവരെ മാത്രമാണ് നാമത് നീട്ടിവെക്കുന്നത്‌.

ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകും.

എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.

ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം () അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.

എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌.

അപ്പോള്‍ ഇക്കൂട്ടര്‍ ആരാധിച്ച് വരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ് ഇവരുടെ പിതാക്കന്‍മാര്‍ ആരാധിച്ചിരുന്ന അതേ രീതിയില്‍ ആരാധന നടത്തുക മാത്രമാണിവര്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും അവര്‍ക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവര്‍ക്ക് നിറവേറ്റികൊടുക്കുന്നതാണ്‌.

മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. എന്നിട്ട് അതിന്‍റെ കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായും അവര്‍ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

തീര്‍ച്ചയായും അവരില്‍ ഓരോ വിഭാഗത്തിനും നിന്‍റെ രക്ഷിതാവ് അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പൂര്‍ണ്ണമായി നല്‍കുകതന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്‌) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌.

അക്രമം പ്രവര്‍ത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങള്‍ ചായരുത്‌. എങ്കില്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.

പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌.

നീ ക്ഷമിക്കുക. സുകൃതവാന്‍മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല;തീര്‍ച്ച.

ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍ നിന്ന് (ജനങ്ങളെ) തടയുന്ന, (നന്‍മയുടെ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍ നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍ നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്‌. അവര്‍ കുറ്റവാളികളായിരിക്കുന്നു.

നാട്ടുകാര്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കെ നിന്‍റെ രക്ഷിതാവ് അന്യായമായി രാജ്യങ്ങള്‍ നശിപ്പിക്കുന്നതല്ല.

നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌.

നിന്‍റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്‌. ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്‍റെ രക്ഷിതാവിന്‍റെ വചനം നിറവേറിയിരിക്കുന്നു.

ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്‍റെ മനസ്സിന് സൈ്ഥര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും, ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്‌.

വിശ്വസിക്കാത്തവരോട് നീ പറയുക: നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുകയാണ്‌.

നിങ്ങള്‍ കാത്തിരിക്കുക. തീര്‍ച്ചയായും ഞങ്ങളും കാത്തിരിക്കുകയാണ്‌.

ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല.