ترجمة سورة الجمعة

الترجمة المليبارية
ترجمة معاني سورة الجمعة باللغة المليبارية من كتاب الترجمة المليبارية .
من تأليف: عبد الحميد حيدر المدني وكونهي محمد .

രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.
അവരില്‍പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.)(1) അവനാകുന്നു പ്രതാപിയും യുക്തിമാനും.
____________________
1) നബി(സ)യുടെ ദേശക്കാരും കാലക്കാരുമല്ലാത്ത ജനവിഭാഗങ്ങള്‍ക്കുകൂടി അദ്ദേഹത്തിന്റെ ദൗത്യം ബാധകമാണെന്നര്‍ഥം.
അത് അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കുന്നു. അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നവനത്രെ.
തൌറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു.(2) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല.
____________________
2) വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍ അഭിമാനിക്കുകയും, വേദത്തിന്റെ ഉള്ളടക്കം ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഈ ഉപമ ബാധകമത്രെ.
(നബിയേ,) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന് നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക.(3) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
____________________
3) മരണത്തോടെ സ്വര്‍ഗീയസുഖങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ മാത്രം ദൈവസാമീപ്യം നേടിയവരാണ് തങ്ങളെന്നാണ് അവരുടെ അവകാശവാദമെങ്കില്‍ അവര്‍ മരണത്തെ കൊതിക്കുകയാണ് വേണ്ടത്. പലതരം വിഷമങ്ങള്‍ നിറഞ്ഞ ഭൗതികലോകത്ത് അവര്‍ തുടരാന്‍ ആഗ്രഹിക്കുന്നത് അനുചിതമാണ്.
എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്‍റെ ഫലമായി അവര്‍ ഒരിക്കലും അത് കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു.
(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.
അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.(4) നീ പറയുക: അല്ലാഹുവിന്‍റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു.
____________________
4) ഒരു വെള്ളിയാഴ്ച മദീനാ പള്ളിയിലെ മിമ്പറില്‍ നബി(സ) പ്രസംഗിച്ചുകൊണ്ടു നില്‌ക്കെ മദീനാ കമ്പോളത്തില്‍ ഒരു സാര്‍ത്ഥവാഹകസംഘം വന്നു കൊട്ടുംകുരവയുമുണ്ടാക്കിയപ്പോള്‍ ഖുത്വ്ബ കേട്ടുകൊണ്ടിരുന്നവരില്‍ ഏതാനും പേരൊഴിച്ച് ബാക്കിയുള്ളവര്‍ കമ്പോളത്തിലേക്ക് ഓടിപ്പോയി. ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.
Icon