surah.translation .

ദുഖാന്


ഹാ - മീം.

സുവ്യക്തമായ വേദപുസ്തകംതന്നെ സത്യം.

അനുഗൃഹീതമായ ഒരു രാവിലാണ് നാം ഇതിറക്കിയത്. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്.

ആ രാവില്‍ യുക്തിപൂര്‍ണമായ സകല സംഗതികളും വേര്‍തിരിച്ച് വിശദീകരിക്കുന്നതാണ്.

നമ്മുടെ ഭാഗത്തുനിന്നുള്ള തീരുമാനമാണിത്. നാം ആവശ്യാനുസൃതം ദൂതന്മാരെ നിയോഗിക്കുന്നവനാണ്.

നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണിത്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. നിങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നവരെങ്കില്‍ നിങ്ങള്‍ക്കിതു ബോധ്യമാകും.

അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും നാഥനാണ്.

എന്നിട്ടും അവര്‍ സംശയത്തിലകപ്പെട്ട് ആടിക്കളിക്കുകയാണ്.

അതിനാല്‍ ആകാശം, തെളിഞ്ഞ പുക വരുത്തുന്ന നാള്‍ വരെ കാത്തിരിക്കുക.

അത് മനുഷ്യരാശിയെയാകെ മൂടിപ്പൊതിയും. ഇത് നോവേറിയ ശിക്ഷ തന്നെ.

അപ്പോഴവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങളെ ഈ ശിക്ഷയില്‍നിന്ന് ഒന്നൊഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം."

ഉദ്ബോധനം എങ്ങനെയാണവര്‍ക്ക് ഉപകരിക്കുക? എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന ദൈവദൂതന്‍ അവരുടെ അടുത്തെത്തിയിരുന്നു.

അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: "ഇവന്‍ പരിശീലനം ലഭിച്ച ഒരു ഭ്രാന്തന്‍ തന്നെ."

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാലും നിങ്ങള്‍ പഴയപടി എല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

ഒരുനാള്‍ കുതറിമാറാനാവാത്തവിധം കൊടുംപിടുത്തം നടക്കും. തീര്‍ച്ചയായും അന്നാണ് നാം പ്രതികാരം ചെയ്യുക.

ഇവര്‍ക്ക് മുമ്പ് ഫറവോന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്. ആദരണീയനായ ദൈവദൂതന്‍ അവരുടെയടുത്ത് ചെന്നു.

അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ അടിമകളെ നിങ്ങളെനിക്ക് വിട്ടുതരിക. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.

"നിങ്ങള്‍ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാന്‍ വ്യക്തമായ തെളിവുകള്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം.

"ഞാനിതാ എന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു; നിങ്ങളുടെ കല്ലേറില്‍നിന്ന് രക്ഷകിട്ടാന്‍.

"നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലെങ്കില്‍ എന്നില്‍നിന്നു വിട്ടകന്നുപോവുക."

ഒടുവില്‍ അദ്ദേഹം തന്റെ നാഥനെ വിളിച്ചു പറഞ്ഞു: “ഈ ജനം കുറ്റവാളികളാകുന്നു.”

അപ്പോള്‍ അല്ലാഹു പറഞ്ഞു: "എന്റെ ദാസന്മാരെയും കൊണ്ട് രാത്രി തന്നെ പുറപ്പെടുക. അവര്‍ നിങ്ങളെ പിന്തുടരുന്നുണ്ട്."

സമുദ്രത്തെ അത് പിളര്‍ന്ന അവസ്ഥയില്‍തന്നെ വിട്ടേക്കുക. സംശയം വേണ്ട; അവര്‍ മുങ്ങിയൊടുങ്ങാന്‍ പോകുന്ന സൈന്യമാണ്.

എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്!

കൃഷിയിടങ്ങളും മാന്യമായ മണിമേടകളും!

അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൌഭാഗ്യങ്ങള്‍!

അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു.

അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല.

ഇസ്രയേല്‍ മക്കളെ നാം നിന്ദ്യമായ ശിക്ഷയില്‍നിന്ന് രക്ഷിച്ചു.

ഫറവോനില്‍ നിന്ന്. അവന്‍ കടുത്ത അഹങ്കാരിയായിരുന്നു; അങ്ങേയറ്റം അതിരുകടന്നവനും.

അവരുടെ നിജസ്ഥിതിയറിഞ്ഞു കൊണ്ടുതന്നെ നാമവരെ ലോകത്താരെക്കാളും പ്രമുഖരായി തെരഞ്ഞെടുത്തു.

പ്രകടമായ പരീക്ഷണമുള്‍ക്കൊള്ളുന്ന പല ദൃഷ്ടാന്തങ്ങളും അവര്‍ക്ക് നല്‍കി.

ഇക്കൂട്ടരിതാ പറയുന്നു:

"നമുക്ക് ഈ ഒന്നാമത്തെ മരണമല്ലാതൊന്നുമില്ല. നാമിനി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയുമില്ല.

"അങ്ങനെ സംഭവിക്കുമെങ്കില്‍ ഞങ്ങളുടെ പൂര്‍വപിതാക്കളെയിങ്ങ് ഉയിര്‍ത്തെഴുന്നേല്‍പിച്ചുകൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍?"

ഇവരാണോ കൂടുതല്‍ വമ്പന്മാര്‍; അതോ തുബ്ബഇന്റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമോ? അവരെയൊക്കെ നാം നശിപ്പിച്ചു. കാരണം അവര്‍ കുറ്റവാളികളായിരുന്നു.

നാം ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും വെറും വിനോദത്തിനു വേണ്ടി സൃഷ്ടിച്ചതല്ല.

തികഞ്ഞ യാഥാര്‍ഥ്യത്തോടെയല്ലാതെ നാമവയെ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഇവരിലേറെ പേരും ഇതൊന്നുമറിയുന്നില്ല.

ആ വിധിത്തീര്‍പ്പിന്റെ നാളിലാണ് അവരുടെയൊക്കെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാവുന്ന നിശ്ചിതസമയം.

അന്നാളില്‍ ഒരു കൂട്ടുകാരന്നും തന്റെ ഉറ്റവനെ ഒട്ടും ഉപകരിക്കുകയില്ല. ആര്‍ക്കും ഒരുവിധ സഹായവും ആരില്‍നിന്നും കിട്ടുകയുമില്ല.

അല്ലാഹു അനുഗ്രഹിച്ചവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ പ്രതാപിയാണ്; പരമദയാലുവും.

നിശ്ചയമായും “സഖൂം” വൃക്ഷമാണ്;

പാപികള്‍ക്കാഹാരം.

ഉരുകിയലോഹം പോലെയാണത്. വയറ്റില്‍ കിടന്ന് അത് തിളച്ചുമറിയും.

ചുടുവെള്ളം തിളയ്ക്കുംപോലെ.

“നിങ്ങളവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്റെ മധ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകൂ” എന്ന് കല്‍പനയുണ്ടാകും.

പിന്നെയവന്റെ തലക്കു മുകളില്‍ തിളച്ചവെള്ളം കൊണ്ടുപോയി ഒഴിക്കാനാവശ്യപ്പെടും.

"ഇത് ആസ്വദിച്ചുകൊള്ളുക. തീര്‍ച്ചയായും നീ ഏറെ പ്രതാപിയും ബഹുമാന്യനുമാണല്ലോ!

"നീ സംശയിച്ചുകൊണ്ടിരുന്ന അക്കാര്യമില്ലേ; അതു തന്നെയാണിത്; തീര്‍ച്ച."

എന്നാല്‍ ഭക്തിപുലര്‍ത്തിയവര്‍ ഭീതിയേതുമില്ലാത്ത ഒരിടത്തായിരിക്കും.

ആരാമങ്ങളിലും അരുവികളിലും!

അവര്‍ അഴകാര്‍ന്ന പട്ടിന്‍ വസ്ത്രവും കസവിന്‍ തുണിയും അണിയും. അവര്‍ അഭിമുഖമായാണിരിക്കുക.

ഇതാണവരുടെ പ്രഭവാവസ്ഥ. വിശാലാക്ഷികളായ തരുണീമണികളെ നാമവര്‍ക്ക് ഇണകളായി കൊടുക്കും.

അവരവിടെ സ്വസ്ഥതയോടെ പലവിധ പഴങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടിവരില്ല. അല്ലാഹു അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിച്ചിരിക്കുന്നു.

നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണത്. അതു തന്നെയാണ് അതിമഹത്തായ വിജയം!

നിനക്കു നിന്റെ ഭാഷയില്‍ ഈ വേദപുസ്തകത്തെ നാം വളരെ ലളിതമാക്കിത്തന്നിരിക്കുന്നു. ജനം ചിന്തിച്ചറിയാന്‍.

അതിനാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നുണ്ട്.