ترجمة سورة النّمل

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة النّمل باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

നംല്‌


ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയുമത്രെ അത്‌.

നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌.

പരലോകത്തില്‍ വിശ്വസിക്കാത്തതാരോ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവര്‍ വിഹരിച്ചുകൊണ്ടിരിക്കുന്നു.

അവരത്രെ കഠിനശിക്ഷയുള്ളവര്‍. പരലോകത്താകട്ടെ അവര്‍ തന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവര്‍.

തീര്‍ച്ചയായും യുക്തിമാനും സര്‍വ്വജ്ഞനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്നാകുന്നു നിനക്ക് ഖുര്‍ആന്‍ നല്‍കപ്പെടുന്നത്‌.

മൂസാ തന്‍റെ കുടുംബത്തോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. അതിന്‍റെ അടുത്ത് നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വല്ല വിവരവും കൊണ്ട് വരാം. അല്ലെങ്കില്‍ അതില്‍ നിന്ന് ഒരു തീ നാളം കൊളുത്തി എടുത്ത് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ട് വരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.

ഹേ; മൂസാ, തീര്‍ച്ചയായും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ് ഞാന്‍.

നീ നിന്‍റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്‌. ദൂതന്‍മാര്‍ എന്‍റെ അടുക്കല്‍ പേടിക്കേണ്ടതില്ല; തീര്‍ച്ച.

പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട് തിന്‍മയ്ക്ക് ശേഷം നന്‍മയെ പകരം കൊണ്ട് വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട് അത് പുറത്ത് വരും. ഫിര്‍ഔന്‍റെയും അവന്‍റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.

അങ്ങനെ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഇതു സ്പഷ്ടമായ ജാലവിദ്യതന്നെയാകുന്നു.

അവയെപ്പറ്റി അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോള്‍ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക.

ദാവൂദിനും സുലൈമാന്നും നാം വിജ്ഞാനം നല്‍കുകയുണ്ടായി. തന്‍റെ വിശ്വാസികളായ ദാസന്‍മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു.

സുലൈമാന്‍ ദാവൂദിന്‍റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളില്‍ നിന്നും നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് തന്നെയാകുന്നു പ്രത്യക്ഷമായ അനുഗ്രഹം.

സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു.

അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.

അപ്പോള്‍ അതിന്‍റെ വാക്ക് കേട്ട് അദ്ദേഹം നന്നായൊന്ന് പുഞ്ചിരിച്ചു. എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.

അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു; എന്തുപറ്റി? മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലം വിട്ടു പോയ കൂട്ടത്തിലാണോ?

ഞാനതിന് കഠിനശിക്ഷ നല്‍കുകയോ, അല്ലെങ്കില്‍ അതിനെ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്ക് ബോധിപ്പിച്ചു തരണം.

എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ട് അത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌. സബഇല്‍ നിന്ന് യഥാര്‍ത്ഥമായ ഒരു വാര്‍ത്തയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്‌.

ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്‌. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്‌.

അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്‌. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല.

ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞു കിടക്കുന്നത് പുറത്ത് കൊണ്ട് വരികയും, നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കുവാന്‍ വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു.)

മഹത്തായ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല.

സുലൈമാന്‍ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം.

നീ എന്‍റെ ഈ എഴുത്ത് കൊണ്ടു പോയി അവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍ നിന്ന് മാറി നിന്ന് അവര്‍ എന്ത് മറുപടി നല്‍കുന്നു എന്ന് നോക്കുക.

അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു.

അത് സുലൈമാന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരികയും ചെയ്യുക.

അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എന്‍റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍.

അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്‌. അധികാരം അങ്ങേക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക.

അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. അപ്രകാരമാകുന്നു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌.

ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്‍മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോകുകയാണ്‌.

അങ്ങനെ അവന്‍ (ദൂതന്‍) സുലൈമാന്‍റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ സമ്പത്ത് തന്ന് എന്നെ സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു.

നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും, നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്‌.

അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്‍റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക.?

ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.

വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു.

അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമോ, അതല്ല അവള്‍ യാഥാര്‍ത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം.

അങ്ങനെ അവള്‍ വന്നപ്പോള്‍ (അവളോട്‌) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതു പോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്ലിംകളാവുകയും ചെയ്തിരുന്നു.

അല്ലാഹുവിന് പുറമെ അവള്‍ ആരാധിച്ചിരുന്നതില്‍നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു. തീര്‍ച്ചയായും അവള്‍ സത്യനിഷേധികളായ ജനതയില്‍ പെട്ടവളായിരുന്നു.

കൊട്ടാരത്തില്‍ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് വിചാരിക്കുകയും, തന്‍റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികകഷ്ണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.

നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു.

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌.? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം.

അവര്‍ പറഞ്ഞു: നീ മൂലവും, നിന്‍റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു.

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും, ഒരു നന്‍മയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേര്‍ ആ പട്ടണത്തിലുണ്ടായിരുന്നു.

അവനെ (സ്വാലിഹിനെ) യും അവന്‍റെ ആളുകളെയും നമുക്ക് രാത്രിയില്‍ കൊന്നുകളയണമെന്നും പിന്നീട് അവന്‍റെ അവകാശിയോട്‌, തന്‍റെ ആളുകളുടെ നാശത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യണം എന്ന് അവര്‍ തമ്മില്‍ പറഞ്ഞുറച്ചു.

അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.

എന്നിട്ട് അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു.

അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍ ദൃഷ്ടാന്തമുണ്ട്‌.

വിശ്വസിക്കുകയും, ധര്‍മ്മനിഷ്ഠ പാലിച്ചു വരികയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ?

നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.

ലൂത്വിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്‌.

അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!

(നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതല്ല, (അവനോട്‌) അവര്‍ പങ്കുചേര്‍ക്കുന്നവയോ?

അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.

അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.

അഥവാ കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കുകയും, തന്‍റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, നിങ്ങളുടെദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു.

അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ട് വരിക.

(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.

അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്‌. അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ.

അവിശ്വസിച്ചവര്‍ പറഞ്ഞു: ഞങ്ങളും ഞങ്ങളുടെ പിതാക്കളുമൊക്കെ മണ്ണായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ (ശവകുടീരങ്ങളില്‍ നിന്ന്‌) പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?

ഞങ്ങളോടും മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്‌. പൂര്‍വ്വികന്‍മാരുടെ ഇതിഹാസങ്ങള്‍ മാത്രമാകുന്നു ഇത്‌.

(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ട് കുറ്റവാളികളുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.

നീ അവരുടെ പേരില്‍ ദുഃഖിക്കേണ്ട. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രത്തെപ്പറ്റി നീ മനഃപ്രയാസത്തിലാവുകയും വേണ്ട.

അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം നടപ്പില്‍ വരിക? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (പറഞ്ഞുതരൂ.)

നീ പറയുക: നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഒരു പക്ഷെ നിങ്ങളുടെ തൊട്ടു പുറകില്‍ എത്തിയിട്ടുണ്ടായിരിക്കാം.

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.

അവരുടെ ഹൃദയങ്ങള്‍ ഒളിച്ച് വെക്കുന്നതും അവര്‍ പരസ്യമാക്കുന്നതും എല്ലാം നിന്‍റെ രക്ഷിതാവ് അറിയുന്നു.

ആകാശത്തിലോ ഭൂമിയിലോ മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും സ്പഷ്ടമായ ഒരു രേഖയില്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല.

ഇസ്രായീല്‍ സന്തതികള്‍ അഭിപ്രായഭിന്നത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ മിക്കതും ഈ ഖുര്‍ആന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു.

തീര്‍ച്ചയായും ഇത് സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ വിധിയിലൂടെ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌. അവനത്രെ പ്രതാപിയും സര്‍വ്വജ്ഞനും.

അതിനാല്‍ നീ അല്ലാഹുവെ ഭരമേല്‍പിച്ചു കൊള്ളുക. തീര്‍ച്ചയായും നീ സ്പഷ്ടമായ സത്യത്തില്‍ തന്നെയാകുന്നു.

മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല.

അന്ധന്‍മാരെ അവരുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും നേര്‍വഴിക്ക് കൊണ്ടുവരാനും നിനക്ക് കഴിയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും തന്നിമിത്തം കീഴൊതുങ്ങുന്നവരായിരിക്കുകയും ചെയ്യുന്നവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.

ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്‌. മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്‌.

ഓരോ സമുദായത്തില്‍ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുന്ന ഓരോ സംഘത്തെ നാം ഒരുമിച്ചുകൂട്ടുകയും, അങ്ങനെ അവര്‍ ക്രമത്തില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന ദിവസത്തെ (ഓര്‍ക്കുക.)

അങ്ങനെ അവര്‍ വന്നു കഴിഞ്ഞാല്‍ അവന്‍ പറയും: എന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തികച്ചും മനസ്സിലാക്കാതെ നിങ്ങള്‍ അവയെ നിഷേധിച്ച് തള്ളുകയാണോ ചെയ്തത്‌? അതല്ല, എന്താണ് നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്‌.?

അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അവരുടെ മേല്‍ വന്നു ഭവിച്ചു. അപ്പോള്‍ അവര്‍ (യാതൊന്നും) ഉരിയാടുകയില്ല.

രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

കാഹളത്തില്‍ ഊതപ്പെടുന്ന ദിവസത്തെ (ഓര്‍ക്കുക). അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട് അവന്‍റെ അടുത്ത് ചെല്ലുകയും ചെയ്യും.

പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ച് പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്‌. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

ആര്‍ നന്‍മയും കൊണ്ട് വന്നോ അവന് (അന്ന്‌) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും.

ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?

(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ വസ്തുവും അവന്‍റെതത്രെ. ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു.

ഖുര്‍ആന്‍ ഓതികേള്‍പിക്കുവാനും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) ആകയാല്‍ വല്ലവരും സന്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാന്‍ മുന്നറിയിപ്പുകാരില്‍ ഒരാള്‍ മാത്രമാകുന്നു.

പറയുക: അല്ലാഹുവിന് സ്തുതി. തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്‌. അപ്പോള്‍ നിങ്ങള്‍ക്കവ മനസ്സിലാകും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല.
Icon