ترجمة سورة الأنعام

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة الأنعام باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

അന്ആം


ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെ വെക്കുന്നു.

അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു.

അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു.

അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നുകിട്ടുമ്പോഴും അവരതിനെ അവഗണിച്ച് കളയുക തന്നെയാകുന്നു.

അങ്ങനെ ഈ സത്യം അവര്‍ക്ക് വന്ന് കിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ച് കൊണ്ടിരുന്നുവോ അതിന്‍റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്ക് വന്നെത്തുന്നതാണ്‌.

അവര്‍ കണ്ടില്ലേ; അവര്‍ക്ക് മുമ്പ് നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്‌? നിങ്ങള്‍ക്ക് നാം ചെയ്ത് തന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ അവര്‍ക്ക് നാം ചെയ്ത് കൊടുത്തിരുന്നു. നാം അവര്‍ക്ക് ധാരാളമായി മഴ വര്‍ഷിപ്പിച്ച് കൊടുക്കുകയും, അവരുടെ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ കാരണം നാം അവരെ നശിപ്പിക്കുകയും, അവര്‍ക്ക് ശേഷം നാം വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു.

(നബിയേ,) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക.

ഇയാളുടെ (നബി (സ) യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല.

ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്‌) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്‌.

നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു.

(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ.

ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.

അവന്‍റെതാകുന്നു രാത്രിയിലും പകലിലും അടങ്ങിയതെല്ലാം. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്‌.

പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.

അന്നേ ദിവസം ആരില്‍ നിന്ന് അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീര്‍ച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം.

(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ.

അവന്‍ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്‌. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്‍.

(നബിയേ,) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്‌, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്‍റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്‌. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.

നാം അവരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും, പിന്നീട് ബഹുദൈവാരാധകരോട് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികള്‍ എവിടെയെന്ന് നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക.)

അനന്തരം, അവരുടെ ഗതികേട് ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണ സത്യം, ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല എന്ന് പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല.

നോക്കൂ; അവര്‍ സ്വന്തം പേരില്‍ തന്നെ എങ്ങനെ കള്ളം പറഞ്ഞു എന്ന്‌. അവര്‍ എന്തൊന്ന് കെട്ടിച്ചമച്ചിരുന്നുവോ അതവര്‍ക്ക് ഉപകരിക്കാതെ പോയിരിക്കുന്നു.

നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.

അവര്‍ അതില്‍ നിന്ന് മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന് (സ്വയം) അകന്നു നില്‍ക്കുകയും ചെയ്യുന്നു. (വാസ്തവത്തില്‍) അവര്‍ സ്വദേഹങ്ങള്‍ക്ക് തന്നെ നാശമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്‌. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.

അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്‌) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു.

അല്ല; അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു.

അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്‌.

അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.

അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ ഹോ! ഞങ്ങള്‍ക്ക് കഷ്ടം! അവര്‍ അവരുടെ പാപഭാരങ്ങള്‍ അവരുടെ മുതുകുകളില്‍ വഹിക്കുന്നുണ്ടായിരിക്കും. അവര്‍ പേറുന്ന ഭാരം എത്രയോ ചീത്ത!

ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ് ചിന്തിക്കാത്തത്‌?

(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്‌.

നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട് തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നത് വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് (കല്‍പനകള്‍ക്ക്‌) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത് നിനക്ക് വന്നുകിട്ടിയിട്ടുണ്ടല്ലോ.

അവര്‍ പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്‍) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന്‍ നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന്‍ സന്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്‌.

കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌. എന്നിട്ട് അവങ്കലേക്ക് അവര്‍ മടക്കപ്പെടുകയും ചെയ്യും.

ഇവന്‍റെ മേല്‍ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഏതെങ്കിലും ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്താണ് എന്നവര്‍ ചോദിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹു ദൃഷ്ടാന്തം ഇറക്കുവാന്‍ കഴിവുള്ളവനാണ്‌. പക്ഷെ, അവരില്‍ അധികപേരും (യാഥാര്‍ത്ഥ്യം) അറിയുന്നില്ല.

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.

നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.

(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.

ഇല്ല, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്‍റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്‌. നിങ്ങള്‍ (അവനോട്‌) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും.

നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്‌. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി.

അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത് ? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്‌. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു.

അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.

അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്‌? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു.

(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; നിങ്ങള്‍ക്ക് അവിചാരിതമായിട്ടോ പ്രത്യക്ഷമായിട്ടോ അല്ലാഹുവിന്‍റെ ശിക്ഷ വന്നെത്തുന്ന പക്ഷം അക്രമികളായ ജനവിഭാഗമല്ലാതെ നശിപ്പിക്കപ്പെടുമോ ?

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല.അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാരോ അവര്‍ക്ക് ശിക്ഷ ബാധിക്കുന്നതാണ്‌; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്‌.

പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?

തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ദിവ്യബോധനം) മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.

തങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്‌. അവരുടെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത് ? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും.

അപ്രകാരം അവരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് നാം പരീക്ഷണവിധേയരാക്കിയിരിക്കുന്നു. ഞങ്ങളുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത് ഇക്കൂട്ടരെയാണോ എന്ന് അവര്‍ പറയുവാന്‍ വേണ്ടിയത്രെ അത്‌. നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ ?

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്‍റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

അപ്രകാരം നാം തെളിവുകള്‍ വിശദീകരിച്ച് തരുന്നു. കുറ്റവാളികളുടെ മാര്‍ഗം വ്യക്തമായി വേര്‍ തിരിഞ്ഞ് കാണുവാന്‍ വേണ്ടിയുമാകുന്നു അത്‌.

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു; സന്‍മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല.

പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണത്തിന്‍മേലാണ് ഞാന്‍. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്തൊന്നിന് വേണ്ടി തിടുക്കം കൂട്ടുന്നുവോ അത് (ശിക്ഷ) എന്‍റെ പക്കലില്ല. (അതിന്‍റെ) തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്‌. അവന്‍ സത്യം വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.

പറയുക: നിങ്ങള്‍ തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്ന കാര്യം എന്‍റെ പക്കലുണ്ടായിരുന്നുവെങ്കില്‍ എന്‍റെയും നിങ്ങളുടെയും ഇടയില്‍ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അല്ലാഹു അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.

അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.

അവനത്രെ രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവന്‍ അറിയുകയും ചെയ്യുന്നു. പിന്നീട് നിര്‍ണിതമായ ജീവിതാവധി പൂര്‍ത്തിയാക്കപ്പെടുവാന്‍ വേണ്ടി പകലില്‍ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങളുടെ മടക്കം. അനന്തരം നിങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അവന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.

അവനത്രെ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവന്‍. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.

എന്നിട്ട് അവര്‍ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവന്‍ അതിവേഗം കണക്ക് നോക്കുന്നവനത്രെ.

പറയുക: ഇതില്‍ നിന്ന് (ഈ വിപത്തുകളില്‍ നിന്ന്‌) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിക്കൊള്ളാം. എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങള്‍ താഴ്മയോടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്‌?

പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്‌. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നുവല്ലോ.

പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്‌!

(നബിയേ,) നിന്‍റെ ജനത ഇത് സത്യമായിരിക്കെ ഇതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. പറയുക: ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്തം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.

ഓരോ വൃത്താന്തത്തിനും അത് (സത്യമായി) പുലരുന്ന ഒരു സന്ദര്‍ഭമുണ്ട്‌. വഴിയെ നിങ്ങള്‍ അതറിഞ്ഞു കൊള്ളും.

നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌.

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ (അക്രമികളുടെ) കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയുമില്ല. പക്ഷെ, ഓര്‍മിപ്പിക്കേണ്ടതുണ്ട്‌. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.

തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.

പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്‌) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയില്‍ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?) ഞങ്ങളുടെ അടുത്തേക്ക് വരൂ എന്നു പറഞ്ഞുകൊണ്ട് അവനെ നേര്‍വഴിയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്‌. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന് കീഴ്പെടുവാനാണ് ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.

നിങ്ങള്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നും, അവനെ സൂക്ഷിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കായിരിക്കും നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.

അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.

ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു.

അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌.

അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.

അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ് ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്‌) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു.

തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.

അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്‌?

നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.

ഇബ്രാഹീമിന് തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.

അദ്ദേഹത്തിന് നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു.

സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.

ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു.

അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.

അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.

നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്‍പിച്ചിട്ടുണ്ട്‌

അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്‌. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്‌. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത് ? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്‌. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്‌) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.

ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി (മക്ക) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്‌. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്‌. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്‌.

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട് ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. (എന്ന് മലക്കുകള്‍ പറയും.)

(അവരോട് അല്ലാഹു പറയും:) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിതന്നതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍ വിട്ടേച്ച് പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് വരുത്തുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് വരുത്തുന്നതാണ്‌. അങ്ങനെയുള്ളവനത്രെ അല്ലാഹു.

പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.) പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്‌.

അവനാണ് നിങ്ങള്‍ക്ക് വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് അവ മുഖേന വഴിയറിയാന്‍ പാകത്തിലാക്കിത്തന്നത്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

അവനാണ് ഒരേ ആത്മാവില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. പിന്നെ (നിങ്ങള്‍ക്ക്‌) ഒരു സ്ഥിരസങ്കേതവും സൂക്ഷിപ്പ് കേന്ദ്രവുമുണ്ട്‌. (കാര്യം) ഗ്രഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ഇതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌.

അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കിയിരിക്കുന്നു. എന്നാല്‍ അവരെ അവന്‍ സൃഷ്ടിച്ചതാണ്‌. ഒരു വിവരവും കൂടാതെ അവന്ന് പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.

ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.

അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.

കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്‌. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല.

അപ്രകാരം നാം വിവിധ രൂപത്തില്‍ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. നീ (വല്ലവരില്‍ നിന്നും) പഠിച്ചുവന്നതാണെന്ന് അവിശ്വാസികള്‍ പറയുവാനും, എന്നാല്‍ മനസ്സിലാക്കുന്ന ആളുകള്‍ക്ക് നാം കാര്യം വ്യക്തമാക്കികൊടുക്കുവാനും വേണ്ടിയാണത്‌.

നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക.

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ (അവനോട്‌) പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല.

അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്‌.

തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല.

ഇതില്‍ (ഖുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.

നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു.

അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.

പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്‌) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്‌.

(പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്‌.

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌.

തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴിപ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്‌.

അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.

അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച് അറു) ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.

പാപത്തില്‍ നിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവരാരോ അവര്‍ ചെയ്ത് കൂട്ടുന്നതിന് തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നല്‍കപ്പെടുന്നതാണ്‌.

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.

നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു.

അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്‌. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.

അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്‍റെ ദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക. എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്‍റെ ദൌത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്‌. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്‍റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്‌.

ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.

നിന്‍റെ രക്ഷിതാവിന്‍റെ നേരായ മാര്‍ഗമാണിത്‌. ശ്രദ്ധിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.

അവര്‍ക്ക് അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ സമാധാനത്തിന്‍റെ ഭവനമുണ്ട്‌. അവന്‍ അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമത്രെ അത്‌.

അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.

അപ്രകാരം ആ അക്രമികളില്‍ ചിലരെ ചിലര്‍ക്ക് നാം കൂട്ടാളികളാക്കുന്നു. അവര്‍ സമ്പാദിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്‌.

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു വെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.

നാട്ടുകാര്‍ (സത്യത്തെപ്പറ്റി) ബോധവാന്‍മാരല്ലാതിരിക്കെ അവര്‍ ചെയ്ത അക്രമത്തിന്‍റെ പേരില്‍ നിന്‍റെ രക്ഷിതാവ് നാടുകള്‍ നശിപ്പിക്കുന്നവനല്ല എന്നതിനാലത്രെ അത് (ദൂതന്‍മാരെ അയച്ചത്‌)

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.

നിന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും കാരുണ്യവാനുമാകുന്നു. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങള്‍ക്ക് ശേഷം അവന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്‌. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍ നിന്ന് നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തത് പോലെ.

തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന ആ കാര്യം വരിക തന്നെ ചെയ്യും. (ആ വിഷയത്തില്‍ അല്ലാഹുവെ) പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.

(നബിയേ,) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും (അങ്ങനെ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.

അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരിചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്‌. വേറെ ചില കാലികളുമുണ്ട്‌; അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവന്‍റെ (അല്ലാഹുവിന്‍റെ) പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. അവര്‍ കെട്ടിച്ചമച്ച് കൊണ്ടിരുന്നതിന് തക്ക ഫലം അവന്‍ അവര്‍ക്ക് നല്‍കിക്കൊള്ളും.

അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയങ്ങളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതുമാണ്‌. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്ക് പറ്റുന്നവരായിരിക്കും. അവരുടെ ഈ ജല്‍പനത്തിന് തക്ക പ്രതിഫലം അവന്‍ (അല്ലാഹു) വഴിയെ അവര്‍ക്ക് നല്‍കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.

ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല.

പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും, അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റിപോകരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.

എട്ടു ഇണകളെ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) ചെമ്മരിയാടില്‍ നിന്ന് രണ്ടും, കോലാടില്‍ നിന്ന് രണ്ടും. പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, അതല്ല, പെണ്‍വര്‍ഗങ്ങളെയാണോ, അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്‌? അറിവിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എനിക്ക് പറഞ്ഞുതരൂ; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

ഒട്ടകത്തില്‍ നിന്ന് രണ്ട് ഇണകളെയും, പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളെയും(അവന്‍ സൃഷ്ടിച്ചു.) പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, പെണ്‍വര്‍ഗങ്ങളെയാണോ അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്‌? അല്ല, അല്ലാഹു നിങ്ങളോട് ഇതൊക്കെ ഉപദേശിച്ച സന്ദര്‍ഭത്തിന് നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ? അപ്പോള്‍ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്‌? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല; തീര്‍ച്ച.

(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

നഖമുള്ള എല്ലാ ജീവികളെയും ജൂതന്‍മാര്‍ക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട് എന്നീ വര്‍ഗങ്ങളില്‍ നിന്ന് അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക് നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക് മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന് നാമവര്‍ക്ക് നല്‍കിയ പ്രതിഫലമത്രെ അത്‌. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു.

ഇനി അവര്‍ നിന്നെ നിഷേധിച്ചുകളയുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്‍റെ ശിക്ഷ ഒഴിവാക്കപ്പെടുന്നതല്ല.

ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്‌. ഇതേ പ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത് വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌.

പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.

പറയുക: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവര്‍ (കള്ള) സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാകരുത്‌. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയവരും, പരലോകത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്‌.

(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌.

ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്‌. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌.

ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌.

നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി.

ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.

ഞങ്ങളുടെ മുമ്പുള്ള രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. അവര്‍ വായിച്ചുപഠിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്‌.)

അല്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു വേദഗ്രന്ഥം അവതരിച്ച് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ സന്‍മാര്‍ഗികളാകുമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍. അങ്ങനെ നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്‍റെ തെളിവുകളെ നിഷേധിച്ചുതള്ളുകയും, അവയില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? നമ്മുടെ തെളിവുകളില്‍ നിന്ന് തിരിഞ്ഞ് കളയുന്നവര്‍ക്ക് അവര്‍ തിരിഞ്ഞ് കളഞ്ഞുകൊണ്ടിരുന്നതിന് പ്രതിഫലമായി നാം കടുത്ത ശിക്ഷ നല്‍കുന്നതാണ്‌.

തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവ് തന്നെ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്‌? നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല.പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്‌.

തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്‌.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.

വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്‌. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.

പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്‌. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്‌. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.

പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.

അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.

പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്‌. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്‌.

അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്‌. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു.
Icon