surah.translation .

അഅ് ലാ


അത്യുന്നതനായ നിന്റെ നാഥന്റെ നാമം കീര്‍ത്തിക്കുക.

അവനോ സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍.

ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍;

മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കിയവന്‍.

എന്നിട്ടവനതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി.

നിനക്കു നാം ഓതിത്തരും. നീയത് മറക്കുകയില്ല;

അല്ലാഹു ഇഛിച്ചതൊഴികെ. പരസ്യവും രഹസ്യവും അവനറിയുന്നു.

എളുപ്പമായ വഴി നിനക്കു നാം ഒരുക്കിത്തരാം.

അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!

ദൈവഭയമുള്ളവന്‍ ഉദ്ബോധനം ഉള്‍ക്കൊള്ളും.

കൊടിയ നിര്‍ഭാഗ്യവാന്‍ അതില്‍ നിന്ന് അകലുകയും ചെയ്യും.

അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍.

പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.

തീര്‍ച്ചയായും വിശുദ്ധി വരിച്ചവന്‍ വിജയിച്ചു.

അവന്‍ തന്റെ നാഥന്റെ നാമമോര്‍ത്തു. അങ്ങനെ അവന്‍ നമസ്കരിച്ചു.

എന്നാല്‍ നിങ്ങള്‍ ഈ ലോക ജീവിതത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.

പരലോകമാണ് ഏറ്റം ഉത്തമവും ഏറെ ശാശ്വതവും.

സംശയം വേണ്ടാ, ഇത് പൂര്‍വ വേദങ്ങളിലുമുണ്ട്.

അഥവാ, ഇബ്റാഹീമിന്റെയും മൂസായുടെയും ഗ്രന്ഥത്താളുകളില്‍!