ترجمة سورة طه

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة طه باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

ത്വഹാ


ത്വാഹാ

നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌.

ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു.

അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.

നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക)

അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.

മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.

തീര്‍ച്ചയായും ഞാനാണ് നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.

ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക.

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.

തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.

ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌.

അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?

അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്‌.

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.

അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.

അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്‌.

നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്‌. അത് മറ്റൊരു ദൃഷ്ടാന്തമത്രെ.

നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്‌.

നീ ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.

എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.

എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.

ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.

എന്‍റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ.

അതായത് എന്‍റെ സഹോദരന്‍ ഹാറൂനെ.

അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കുകയും,

എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.

ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാനും,

ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി.

തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു.

മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട്‌.

അതായത് നിന്‍റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍.

നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌.

നിന്‍റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട് (അതു സംബന്ധിച്ച്‌) മനഃക്ലേശത്തില്‍ നിന്ന് നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട് ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു.

എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു.

എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌.

നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.

എന്നിട്ട് നിങ്ങള്‍ അവനോട് സൌമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം.

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌.

അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം.

നിഷേധിച്ച് തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.

അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്‌?

അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.

അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ് ?

അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും.

നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന് (ഫിര്‍ഔന്ന്‌) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിച്ച് തള്ളുകയും നിരസിക്കുകയുമാണ് ചെയ്തത്‌.

അവന്‍ പറഞ്ഞു: ഓ മൂസാ, നിന്‍റെ ജാലവിദ്യകൊണ്ട് ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറന്തള്ളാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌?

എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം. അത് കൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല. മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌.

അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വ്വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്‌.

എന്നിട്ട് ഫിര്‍ഔന്‍ പിരിഞ്ഞ് പോയി. തന്‍റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്‌) വന്നു.

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു.

(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി. അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു.

(ചര്‍ച്ചയ്ക്ക് ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്‌. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.

അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട് നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്‌) വരുകയും ചെയ്യുക. മികവ് നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക.

അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.

അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു.

അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി.

നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.

നിന്‍റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.

ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും.

അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച് കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.

ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും

തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്‍റെ രക്ഷിതാവിന്‍റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല.

സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.

അതായത് താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം.

മൂസായ്ക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പോകുക. എന്നിട്ട് അവര്‍ക്ക് വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല.

അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട് കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.

ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക് നയിച്ചില്ല.

ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക് നാം നിശ്ചയിച്ച് തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തു.

നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു.

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.

(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്‌?

അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്‌. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്‍റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്‌.

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്‍റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു.

അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?

അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു.

എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്‌) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്‌. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്‌.

എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?

മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്‌. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും,എന്‍റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്‌.

അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത്‌?

എന്നെ നീ പിന്തുടരാതിരിക്കാന്‍. നീ എന്‍റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്‌?

അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന് നീ കാത്തുനിന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌.

(തുടര്‍ന്ന് സാമിരിയോട്‌) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെ കാര്യം എന്താണ്‌?

അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്‍റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്‍റെ മനസ്സ് എന്നെ പ്രേരിപ്പിച്ചത്‌.

അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് തൊട്ടുകൂടാ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ച് കൊണേ്ടയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.

നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ അറിവ് എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു.

അപ്രകാരം മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളില്‍ നിന്ന് നാം നിനക്ക് വിവരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മുടെ പക്കല്‍ നിന്നുള്ള ബോധനം നല്‍കിയിരിക്കുന്നു.

ആരെങ്കിലും അതില്‍ നിന്ന് തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (പാപത്തിന്‍റെ) ഭാരം വഹിക്കുന്നതാണ്‌.

അതില്‍ അവര്‍ നിത്യവാസികളായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ആ ഭാരം അവര്‍ക്കെത്ര ദുസ്സഹം!

അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്‌.

അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌.

അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.

പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്‌.

എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌.

ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.

അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്‌. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല.

അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.

അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവര്‍ക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല.

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിന്‍റെ ഭാരം ചുമന്നവന്‍ പരാജയമടയുകയും ചെയ്തിരിക്കുന്നു.

ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല.

അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി.

സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.

മുമ്പ് നാം ആദമിനോട് കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല.

നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും.

തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.

നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ?

അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു.

അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.

എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.

അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ!

അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു.

അതിരുകവിയുകയും, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്‌. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു.

അവര്‍ക്ക് മുമ്പ് നാം എത്രയോ തലമുറകളെ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട് എന്ന വസ്തുത അവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടില്ലേ ? അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നുണ്ട്‌. ബുദ്ധിമാന്‍മാര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വാക്കും നിശ്ചിതമായ ഒരു അവധിയും മുമ്പേ പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അത് (ശിക്ഷാനടപടി ഇവര്‍ക്കും) അനിവാര്യമാകുമായിരുന്നു.

ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം.

അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും.

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.

അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ?

ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു.

(നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും.
Icon