surah.translation .
من تأليف: عبد الحميد حيدر المدني وكونهي محمد .

ഓ; നബീ, നീയെന്തിനാണ് നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത് നിഷിദ്ധമാക്കുന്നത്‌?(1) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
1) പ്രവാചകപത്‌നിമാര്‍ ഉന്നതമായ ധാര്‍മിക മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നുവെങ്കിലും സ്ത്രീ സഹജമായ ചില ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടായിരുന്നു. നബി(സ)ക്ക് മറ്റു പത്‌നിമാരോടുള്ളതിനെക്കാള്‍ കൂടുതല്‍ സ്‌നേഹം തങ്ങളോടായിരിക്കണമെന്ന് അവരില്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു.
ഒരിക്കല്‍ നബി(സ) പത്‌നിമാരില്‍ ഒരാളായ സൈനബ് ബിന്‍തു ജഹ്ശിന്റെ വീട്ടില്‍വെച്ച് അല്പം തേന്‍ കഴിച്ചു. ഈ വിവരം എങ്ങനെയോ ആഇശയും ഹഫ്‌സയും അറിഞ്ഞു. അവര്‍ക്ക് അത്ര ഇഷ്ടമായില്ല. അവരിരുവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. നബി(സ) തങ്ങളുടെ അടുത്തുവന്നാല്‍ 'താങ്കള്‍ 'മഗാഫിര്‍' പശ ചവച്ചുവല്ലേ, താങ്കളുടെ വായ് നാറുന്നു' എന്ന് അദ്ദേഹത്തോട് പറയണമെന്നായിരുന്നു ഈ തീരുമാനം. താന്‍ അല്പം തേന്‍ കഴിച്ചതേയുള്ളൂവെന്ന് നബി(സ) അവരോട് വ്യക്തമാക്കുകയും, സഹധര്‍മിണികളുടെ അനിഷ്ടം പരിഗണിച്ച് ഇനിമേല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. അല്ലാഹു അനുവദനീയമാക്കിയ തേന്‍ ഭാര്യമാരുടെ താല്പര്യം മാനിച്ച് വര്‍ജിക്കാന്‍ തീരുമാനിച്ചത് ഉചിതമായില്ലെന്ന് അല്ലാഹു ഈ വചനത്തില്‍ നബി(സ)യെ ഉണര്‍ത്തുന്നു.
നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം(2) അല്ലാഹു നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ യജമാനനാകുന്നു. അവനത്രെ സര്‍വ്വജ്ഞനും യുക്തിമാനും.
____________________
2) ഒരു സല്‍കര്‍മമോ, അനുവദനീയമായ കാര്യമോ ചെയ്യുകയില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്യാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ ശപഥം ലംഘിക്കുകയും പ്രായശ്ചിത്തം ചെയ്യുകയുമാണ് വേണ്ടത്.
നബി അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)(3) എന്നിട്ട് ആ ഭാര്യ അത് (മറ്റൊരാളെ) അറിയിക്കുകയും, നബിക്ക് അല്ലാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ അതിന്‍റെ ചില ഭാഗം അദ്ദേഹം (ആ ഭാര്യയ്ക്ക്‌) അറിയിച്ചുകൊടുക്കുകയും ചില ഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ അവളോട് (ആ ഭാര്യയോട്‌) അദ്ദേഹം അതിനെ പറ്റി വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: താങ്കള്‍ക്ക് ആരാണ് ഈ വിവരം അറിയിച്ചു തന്നത് ? നബി (സ) പറഞ്ഞു: സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമായിട്ടുള്ളവനാണ് എനിക്ക് വിവരമറിയിച്ചു തന്നത്‌.
____________________
3) താന്‍ മേലില്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്ത കാര്യവും മറ്റു ചില വിവരങ്ങളും നബി(സ) പത്‌നിമാരില്‍ ഒരാളായ ഹഫ്‌സയെ രഹസ്യമായി അറിയിച്ചതായിരുന്നു. ഈ കാര്യങ്ങള്‍ മറ്റാരെയും അറിയിക്കരുതെന്ന് അദ്ദേഹം ഹഫ്‌സയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത്ര ഗൗരവമുള്ള വിഷയമൊന്നുമല്ലല്ലോ എന്ന നിലയില്‍ ഹഫ്‌സ ഈ വിവരം ആഇശയോട് പറഞ്ഞു.
 നിങ്ങള്‍ രണ്ടു പേരും(4) അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്‌. 
____________________
4) പ്രവാചകപത്‌നിമാരായ ആഇശയെയും ഹഫ്‌സയെയും പറ്റിയാണ് പരാമര്‍ശം. ഏതു ചെറിയ കാര്യത്തിലും കല്പനകള്‍ പൂര്‍ണമായി അനുസരിക്കേണ്ടവരാണ് അവിടുത്തെ പത്‌നിമാര്‍. ആ കാര്യത്തിലുള്ള ചെറിയ വീഴ്ചപോലും അല്ലാഹു ഗൗരവപൂര്‍വം വീക്ഷിക്കുന്നു.
5) നരകത്തില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് സത്യനിഷേധികളോട് പറയപ്പെടുന്നതാണിത്.
(പ്രവാചകപത്നിമാരേ,) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ. 
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 
സത്യനിഷേധികളേ, നിങ്ങള്‍ ഇന്ന് ഒഴികഴിവ് പറയേണ്ട. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനു മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്‌(5)
____________________
5) നരകത്തില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് സത്യനിഷേധികളോട് പറയപ്പെടുന്നതാണിത്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
 ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!
സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല.(6) നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. 
____________________
6) രണ്ട് പ്രവാചകന്മാരുടെ ഭാര്യമാരായിട്ടും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷ നല്കാന്‍ ആ ദാമ്പത്യബന്ധം അവര്‍ക്ക് സഹായകമായില്ല. അതുപോലെ തന്നെ മുഹമ്മദ് നബി(സ)യുമായി കുടുംബബന്ധമുണ്ടായതിന്റെ പേരിലും ആര്‍ക്കും മോക്ഷം നേടാനാവില്ല. അവരവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും സദ്കര്‍മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തെങ്കിലല്ലാതെ.
സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു.(7) അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
____________________
7) മൂസാ നബി(അ)യുടെ പ്രതിയോഗിയും നിഷ്ഠൂരനായ സ്വേച്ഛാധിപതിയുമായിരുന്ന ഫിര്‍ഔന്റെ ഭാര്യ (ആസിയ എന്നാണ് വ്യാഖ്യാനഗ്രന്ഥങ്ങളില്‍ അവരുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്) മൂസാ നബി(അ)യുടെ സന്ദേശത്തില്‍ അടിയുറച്ച് വിശ്വസിച്ച ഒരു മഹതിയായിരുന്നു. അവര്‍ സത്യവിശ്വാസം സ്വീകരിച്ച വിവരം മനസ്സിലാക്കിയ ഫിര്‍ഔന്‍ അവരെ ക്രൂരമായി പീഡനങ്ങളേല്‍പ്പിച്ചിരുന്നു.
തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.