ترجمة سورة الفجر

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة الفجر باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

ഫജ്റ്


പ്രഭാതം തന്നെയാണ സത്യം.

പത്തു രാത്രികള്‍ തന്നെയാണ സത്യം.

ഇരട്ടയും ഒറ്റയും തന്നെയാണ സത്യം

രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.

അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?

ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌

തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.

താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും

ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.

നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും

അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.

അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.

എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.

എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.

അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.

പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.

അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.

അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,

നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,

അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌?

അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.

അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.

ഹേ; സമാധാനമടഞ്ഞ ആത്മാവേ,

നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.

എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.

എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.
Icon