ترجمة سورة الملك

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة الملك باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

മുലക്


ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.

ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ?

വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കു തന്നെ തിരികെ വരും, തീര്‍ച്ച.

തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.

തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ.

അതിലേക്ക് എറിയപ്പെടുമ്പോള്‍ അതിന്റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും.

ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും. ഓരോ സംഘവും അതില്‍ വലിച്ചെറിയപ്പെടുമ്പോള്‍ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിച്ചുകൊണ്ടിരിക്കും: "നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ലേ?”

അവര്‍ പറയും: "ഞങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്.”

അവര്‍ കേണുകൊണ്ടിരിക്കും: "അന്നത് കേള്‍ക്കുകയോ, അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ നരകത്തീയില്‍ അകപ്പെട്ടവരില്‍ പെടുമായിരുന്നില്ല.”

അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്റെ ആള്‍ക്കാര്‍ക്കു ശാപം!

തങ്ങളുടെ നാഥനെ കാണാതെ തന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുക. തീര്‍ച്ചയായും മനസ്സിലുള്ളതെല്ലാം അറിയുന്നവനാണവന്‍.

സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ! അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.

അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്കുതന്നെ.

ഉപരിലോകത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ ഭൂമി ഇളകി മറിയുന്നതിനെയും സംബന്ധിച്ച് നിങ്ങളൊട്ടും ഭയപ്പെടുന്നില്ലേ?

അതല്ല; ഉപരിലോകത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരലുകള്‍ ചൊരിയുന്ന കാറ്റിനെ അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ക്കൊരു പേടിയുമില്ലേ? നമ്മുടെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിയുകതന്നെ ചെയ്യും.

അവര്‍ക്ക് മുമ്പുണ്ടായിരുന്നവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എവ്വിധമായിരുന്നു എന്റെ ശിക്ഷ.

തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ. അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതാരുമല്ല. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച.

പരമകാരുണികനായ ദൈവമല്ലാതെ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സൈന്യമേതുണ്ട്? ഉറപ്പായും ഈ സത്യനിഷേധികള്‍ വഞ്ചനയിലകപ്പെട്ടിരിക്കുകയാണ്.

അല്ലാഹു അവന്റെ വിഭവം വിലക്കിയാല്‍ നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ ആരുണ്ട്? യഥാര്‍ഥത്തില്‍ അവര്‍ ധിക്കാരത്തിലും പകയിലും ആണ്ടുപൂണ്ടിരിക്കുകയാണ്.

അല്ല, മുഖം നിലത്തുകുത്തി നടക്കുന്നവനോ നേര്‍വഴി പ്രാപിച്ചവന്‍? അതല്ല, സത്യപാതയിലൂടെ നിവര്‍ന്ന് നടക്കുന്നവനോ?

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ.

പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയത്. അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.

അവര്‍ ചോദിക്കുന്നു: നിങ്ങള്‍ സത്യവാദികളെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദാനം പുലരുക?

പറയുക: ആ അറിവ് അല്ലാഹുവിന്റെ അടുക്കല്‍ മാത്രം. ഞാന്‍ വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനല്ലാതാരുമല്ല.

മുന്നറിയിപ്പായി പറയുന്ന കാര്യം അടുത്തെത്തിയതായി കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖം വിഷാദമൂകമായി മാറും. അപ്പോള്‍ അവരോട് പറയും: "ഇതുതന്നെയാണ് നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.”

ചോദിക്കുക: "നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്?

പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെതന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും.

ചോദിക്കുക: നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീരുറവ എത്തിക്കുക?
Icon