ترجمة سورة الذاريات

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة الذاريات باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ദ്ദാരിയാത്ത്


പൊടി പറത്തുന്നവ സാക്ഷി.

കനത്ത മേഘങ്ങളെ വഹിക്കുന്നവ സാക്ഷി.

തെന്നി നീങ്ങുന്നവ സാക്ഷി.

കാര്യങ്ങള്‍ വീതിച്ചു കൊടുക്കുന്നവ സാക്ഷി.

നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സത്യം തന്നെ; തീര്‍ച്ച.

ന്യായവിധി നടക്കുക തന്നെ ചെയ്യും.

വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി.

തീര്‍ച്ചയായും നിങ്ങള്‍ വ്യത്യസ്താ ഭിപ്രായക്കാരാണ്.

നേര്‍വഴിയില്‍ നിന്ന് അകന്നവന്‍ ഈ സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു.

ഊഹങ്ങളെ അവലംബിക്കുന്നവര്‍ നശിച്ചതുതന്നെ.

അവരോ വിവരക്കേടില്‍ മതിമറന്നവര്‍.

അവര്‍ ചോദിക്കുന്നു, ന്യായവിധിയുടെ ദിനം എപ്പോഴെന്ന്!

അതോ, അവര്‍ നരകാഗ്നിയില്‍ എരിയുന്ന ദിനം തന്നെ.

അന്ന് അവരോട് പറയും: ഇതാ, നിങ്ങള്‍ക്കുള്ള ശിക്ഷ. ഇത് അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ തിടുക്കം കാട്ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ഇതാണല്ലോ.

എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.

തങ്ങളുടെ നാഥന്റെ വരദാനങ്ങള്‍ അനുഭവിക്കുന്നവരായി. അവര്‍ നേരത്തെ സദ്വൃത്തരായിരുന്നുവല്ലോ.

രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.

അവര്‍ രാവിന്റെ ഒടുവുവേളകളില്‍ പാപമോചനം തേടുന്നവരുമായിരുന്നു.

അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു.

ദൃഢവിശ്വാസികള്‍ക്ക് ഭൂമിയില്‍ നിരവധി തെളിവുകളുണ്ട്.

നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നോ?

ആകാശത്തില്‍ നിങ്ങള്‍ക്ക് ഉപജീവനമുണ്ട്. നിങ്ങളെ താക്കീത് ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷയും.

ആകാശഭൂമികളുടെ നാഥന്‍ സാക്ഷി. നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നപോലെ ഇത് സത്യമാകുന്നു.

ഇബ്റാഹീമിന്റെ ആദരണീയരായ അതിഥികളുടെ വിവരം നിനക്ക് വന്നെത്തിയോ?

അവരദ്ദേഹത്തിന്റെ അടുത്തുവന്ന സന്ദര്‍ഭം? അവരദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കും സലാം; അപരിചിതരാണല്ലോ.

അനന്തരം അദ്ദേഹം അതിവേഗം തന്റെ വീട്ടുകാരെ സമീപിച്ചു. അങ്ങനെ കൊഴുത്ത പശുക്കിടാവിനെ പാകം ചെയ്തുകൊണ്ടുവന്നു.

അതവരുടെ സമീപത്തുവെച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുന്നില്ലേ?

അപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ആശങ്ക തോന്നി. അവര്‍ പറഞ്ഞു: “പേടിക്കേണ്ട”. ജ്ഞാനിയായ ഒരു പുത്രന്റെ ജനനത്തെക്കുറിച്ച ശുഭവാര്‍ത്ത അവരദ്ദേഹത്തെ അറിയിച്ചു.

അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒച്ചവെച്ച് ഓടിവന്നു. സ്വന്തം മുഖത്തടിച്ചുകൊണ്ട് അവര്‍ ചോദിച്ചു: "വന്ധ്യയായ ഈ കിഴവിക്കോ?”

അവര്‍ അറിയിച്ചു: "അതെ, അങ്ങനെ സംഭവിക്കുമെന്ന് നിന്റെ നാഥന്‍ അറിയിച്ചിരിക്കുന്നു. അവന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച.”

അദ്ദേഹം അന്വേഷിച്ചു: അല്ലയോ ദൂതന്മാരേ, നിങ്ങളുടെ യാത്രോദ്ദേശ്യം എന്താണ്?

അവര്‍ അറിയിച്ചു: "കുറ്റവാളികളായ ജനത്തിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.

"അവര്‍ക്കുമേല്‍ ചുട്ടെടുത്ത കളിമണ്‍കട്ട വാരിച്ചൊരിയാന്‍.

"അവ അതിക്രമികള്‍ക്കായി നിന്റെ നാഥന്റെ വശം പ്രത്യേകം അടയാളപ്പെടുത്തിവെച്ചവയാണ്.”

പിന്നെ അവിടെയുണ്ടായിരുന്ന സത്യവിശ്വാസികളെയെല്ലാം നാം രക്ഷപ്പെടുത്തി.

എന്നാല്‍ നാമവിടെ മുസ്ലിംകളുടേതായി ഒരു വീടല്ലാതൊന്നും കണ്ടില്ല.

നോവേറിയ ശിക്ഷയെ പേടിക്കുന്നവര്‍ക്ക് നാമവിടെ ഒരടയാളം ബാക്കിവെച്ചു.

മൂസായിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വ്യക്തമായ തെളിവുമായി നാം അദ്ദേഹത്തെ ഫറവോന്റെ അടുത്തേക്കയച്ച സന്ദര്‍ഭം.

അവന്‍ തന്റെ കഴിവില്‍ ഗര്‍വ് നടിച്ച് പിന്തിരിഞ്ഞു. എന്നിട്ട് പറഞ്ഞു: ഇവനൊരു മായാജാലക്കാരന്‍; അല്ലെങ്കില്‍ ഭ്രാന്തന്‍.

അതിനാല്‍ അവനെയും അവന്റെ പട്ടാളത്തെയും നാം പിടികൂടി. പിന്നെ അവരെയൊക്കെ കടലിലെറിഞ്ഞു. അവന്‍ ആക്ഷേപാര്‍ഹന്‍ തന്നെ.

ആദ് ജനതയുടെ കാര്യത്തിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. വന്ധ്യമായ കാറ്റിനെ നാമവര്‍ക്കുനേരെ അയച്ച സന്ദര്‍ഭം.

തൊട്ടുഴിഞ്ഞ ഒന്നിനെയും അത് തുരുമ്പുപോലെ നുരുമ്പിച്ചതാക്കാതിരുന്നില്ല.

ഥമൂദിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. “ഒരു നിര്‍ണിത അവധി വരെ നിങ്ങള്‍ സുഖിച്ചു കൊള്ളുക” എന്ന് അവരോട ്പറഞ്ഞ സന്ദര്‍ഭം.

എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു. അങ്ങനെ അവര്‍ നോക്കിനില്‍ക്കെ ഘോരമായൊരിടിനാദം അവരെ പിടികൂടി.

അപ്പോഴവര്‍ക്ക് എഴുന്നേല്‍ക്കാനോ രക്ഷാമാര്‍ഗം തേടാനോ കഴിഞ്ഞില്ല.

അവര്‍ക്കു മുമ്പെ നൂഹിന്റെ ജനതയെയും നാം നശിപ്പിച്ചിട്ടുണ്ട്. ഉറപ്പായും അവരും അധാര്‍മികരായിരുന്നു.

ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഭൂമിയെ നാം വിടര്‍ത്തി വിരിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായി വിതാനിക്കുന്നവന്‍.

നാം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് ഓടിയെത്തുക. ഉറപ്പായും അവനില്‍നിന്ന് നിങ്ങളിലേക്കുള്ള തെളിഞ്ഞ താക്കീതുകാരനാണ് ഞാന്‍.

അല്ലാഹുവിനൊപ്പം മറ്റൊരു ദൈവത്തെയും സ്ഥാപിക്കാതിരിക്കുക. തീര്‍ച്ചയായും അവനില്‍നിന്ന് നിങ്ങള്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ് ഞാന്‍.

ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല.

അവരൊക്കെയും അങ്ങനെ ചെയ്യാന്‍ അന്യോന്യം പറഞ്ഞുറപ്പിച്ചിരിക്കയാണോ? അല്ല; അവരൊക്കെയും അതിക്രമികളായ ജനം തന്നെ.

അതിനാല്‍ നീ അവരില്‍നിന്ന് പിന്മാറുക. എങ്കില്‍ നീ ആക്ഷേപാര്‍ഹനല്ല.

നീ ഉദ്ബോധനം തുടരുക. ഉറപ്പായും സത്യവിശ്വാസികള്‍ക്ക് ഉദ്ബോധനം ഉപകരിക്കും.

ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.

ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല.

അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ.

ഉറപ്പായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്. അവരുടെ മുന്‍ഗാമികളായ കൂട്ടുകാര്‍ക്ക് കിട്ടിയ പോലുള്ള ശിക്ഷ. അതിനാല്‍ അവരെന്നോടതിനു തിടുക്കം കൂട്ടേണ്ടതില്ല.

സത്യനിഷേധികളോട് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ദിനമില്ലേ; അതവര്‍ക്ക് സര്‍വനാശത്തിന്റേതുതന്നെ.
Icon