ترجمة سورة نوح

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة نوح باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

നൂഹ്


നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. “നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുക”യെന്ന നിര്‍ദേശത്തോടെ.

അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.

"അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.

"എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല; തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.”

നൂഹ് പറഞ്ഞു: "നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചും.

"എന്നാല്‍ എന്റെ ക്ഷണം അവരെ കൂടുതല്‍ അകറ്റുകയാണുണ്ടായത്.

"നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു.

"വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു.

"പിന്നെ പരസ്യമായും വളരെ രഹസ്യമായും ഉദ്ബോധനം നല്‍കി.

"ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്.

"അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും.

"സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും.”

നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ക്ക് അല്ലാഹുവിന്റെ മഹത്വം ഒട്ടും അംഗീകരിക്കാനാവുന്നില്ലല്ലോ.

നിങ്ങളെ വിവിധ ഘട്ടങ്ങളിലൂടെ സൃഷ്ടിച്ചു വളര്‍ത്തിയത് അവനാണ്.

അല്ലാഹു ഒന്നിനുമീതെ മറ്റൊന്നായി ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ?

അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും.

അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് മുളപ്പിച്ചു വളര്‍ത്തി.

പിന്നെ അവന്‍ നിങ്ങളെ അതിലേക്കുതന്നെ മടക്കുന്നു. വീണ്ടും നിങ്ങളെ പുനരുജ്ജീവിപ്പിച്ച് പുറപ്പെടുവിക്കുന്നതാണ്.

അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു.

നിങ്ങള്‍ അതിലെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കാന്‍.

നൂഹ് പറഞ്ഞു: "എന്റെ നാഥാ! ഇവരെന്നെ ധിക്കരിച്ചു. എന്നിട്ടവര്‍ പിന്‍പറ്റിയതോ തന്റെ സ്വത്തും സന്താനവും വഴി നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കാത്തവനെയും.

"അവര്‍ കൊടിയ കുതന്ത്രമാണ് കാണിച്ചത്.

"അവര്‍ ജനത്തോടു പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വെടിയരുത്. വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈവിടരുത്.”

"അവരിങ്ങനെ വളരെപ്പേരെ വഴിപിഴപ്പിച്ചു. ഈ അതിക്രമകാരികള്‍ക്ക് നീ വഴികേടല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ.”

തങ്ങളുടെ തന്നെ തെറ്റിനാല്‍ അവരെ മുക്കിക്കൊന്നു. പിന്നെ അവര്‍ നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവെ കൂടാതെ ഒരു സഹായിയെയും അവര്‍ക്കവിടെ കണ്ടുകിട്ടിയില്ല.

നൂഹ് പ്രാര്‍ഥിച്ചു: "നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ!

"നീ അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല.

"നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!”
Icon