ترجمة سورة المطفّفين

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة المطفّفين باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

മുതഫിഫീന്


കള്ളത്താപ്പുകാര്‍ക്ക് നാശം!

അവര്‍ ജനങ്ങളില്‍നിന്ന് അളന്നെടുക്കുമ്പോള്‍ തികവു വരുത്തും.

ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും.

അവരോര്‍ക്കുന്നില്ലേ; തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്.

ഭീകരമായ ഒരു ദിനത്തില്‍.

പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം.

സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ.

സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം?

അതൊരു ലിഖിത രേഖയാണ്.

അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്.

അവരോ, പ്രതിഫലനാളിനെ കള്ളമാക്കി തള്ളുന്നവര്‍.

അതിക്രമിയും അപരാധിയുമല്ലാതെ ആരും അതിനെ തള്ളിപ്പറയുകയില്ല.

നമ്മുടെ സന്ദേശം ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും: “ഇത് പൂര്‍വികരുടെ പൊട്ടക്കഥകളാണ്.”

അല്ല. അവര്‍ ചെയ്തുകൂട്ടുന്ന കുറ്റങ്ങള്‍ അവരുടെ ഹൃദയങ്ങളിന്മേല്‍ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്.

നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും.

പിന്നെയവര്‍ കത്തിക്കാളുന്ന നരകത്തീയില്‍ കടന്നെരിയും.

പിന്നീട് അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചുകൊണ്ടിരുന്ന ശിക്ഷയാണിത്.

സംശയമില്ല; സുകര്‍മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാണ്.

ഇല്ലിയ്യീനെ സംബന്ധിച്ച് നിനക്കെന്തറിയാം?

അതൊരു ലിഖിത രേഖയാണ്.

ദൈവസാമീപ്യം സിദ്ധിച്ചവര്‍ അതിനു സാക്ഷികളായിരിക്കും.

സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളിലായിരിക്കും.

ചാരുമഞ്ചങ്ങളിലിരുന്ന് അവരെല്ലാം നോക്കിക്കാണും.

അവരുടെ മുഖങ്ങളില്‍ ദിവ്യാനുഗ്രഹങ്ങളുടെ ശോഭ നിനക്കു കണ്ടറിയാം.

അടച്ചു മുദ്രവെച്ച പാത്രങ്ങളിലെ പവിത്ര മദ്യം അവര്‍ കുടിപ്പിക്കപ്പെടും.

അതിന്റെ മുദ്ര കസ്തൂരികൊണ്ടായിരിക്കും. മത്സരിക്കുന്നവര്‍ അതിനായി മത്സരിക്കട്ടെ.

ആ പാനീയത്തിന്റെ ചേരുവ തസ്നീം ആയിരിക്കും.

അതോ, ദിവ്യസാന്നിധ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവയാണത്.

കുറ്റവാളികള്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.

അവരുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ പരിഹാസത്തോടെ കണ്ണിറുക്കുമായിരുന്നു.

അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് രസിച്ചുല്ലസിച്ചാണ് തിരിച്ചു ചെന്നിരുന്നത്.

അവര്‍ സത്യവിശ്വാസികളെ കണ്ടാല്‍ പരസ്പരം പറയുമായിരുന്നു: "ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ; തീര്‍ച്ച.”

സത്യവിശ്വാസികളുടെ മേല്‍നോട്ടക്കാരായി ഇവരെയാരും ചുമതലപ്പെടുത്തിയിട്ടില്ല.

എന്നാലന്ന് ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കും.

അവര്‍ ചാരുമഞ്ചങ്ങളിലിരുന്ന് ഇവരെ നോക്കിക്കൊണ്ടിരിക്കും;

സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം കിട്ടിക്കഴിഞ്ഞോ എന്ന്.
Icon