surah.translation .

ത്വലാഖ്


നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്തേക്കാം; നിനക്കത് അറിയില്ല.

അവരുടെ ഇദ്ദാ കാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്‍മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക. "സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേരാംവിധം സാക്ഷ്യം വഹിക്കുക.” അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണിത്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.

അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.

നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേതും ഇതുതന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും.

ഇത് നിങ്ങള്‍ക്കായി അല്ലാഹു അവതരിപ്പിച്ച കല്‍പനയാണ്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്റെ പാപങ്ങള്‍ അല്ലാഹു മായിച്ചുകളയുകയും അവന്റെ പ്രതിഫലം അവന്ന് മെച്ചപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.

നിങ്ങളുടെ കഴിവിനൊത്തവിധം ഇദ്ദാവേളയില്‍ അവരെ നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ താമസിപ്പിക്കുക. അവര്‍ക്ക് ഇടുക്കമുണ്ടാക്കുംവിധം നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക. അവര്‍ നിങ്ങള്‍ക്കായി കുഞ്ഞുങ്ങളെ മുലയൂട്ടുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കുക. അക്കാര്യം നിങ്ങള്‍ നല്ല നിലയില്‍ അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കുക. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും അത് പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുലയൂട്ടട്ടെ.

സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.

എത്രയോ നാടുകള്‍, അവയുടെ നാഥന്റെയും അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ നിരാകരിച്ച് ധിക്കാരം പ്രവര്‍ത്തിച്ചു. അപ്പോള്‍ നാം അവയെ കര്‍ക്കശമായ വിചാരണക്കു വിധേയമാക്കി. കൊടിയ ശിക്ഷ നല്‍കുകയും ചെയ്തു.

അങ്ങനെ അവ ആ ചെയ്തികളുടെ കെടുതികളനുഭവിച്ചു. കൊടിയ നഷ്ടമായിരുന്നു അതിന്റെ അന്ത്യം.

അല്ലാഹു അവര്‍ക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതിനാല്‍ സത്യവിശ്വാസം സ്വീകരിച്ച ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിശ്ചയം, അല്ലാഹു നിങ്ങള്‍ക്കായി ഒരുദ്ബോധനം നല്‍കിയിരിക്കുകയാണ്.

അല്ലാഹുവിന്റെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതനെ അവന്‍ നിയോഗിച്ചിരിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ, അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അല്ലാഹു അവന് വിശിഷ്ട വിഭവങ്ങളാണ് നല്‍കുക.

ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. ഭൂമിയില്‍നിന്നും അതുപോലെയുള്ളവയെ അവന്‍ സൃഷ്ടിച്ചു. അവയ്ക്കിടയില്‍ അവന്റെ കല്‍പനകളിറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്നും അവന്റെ അറിവ് സകല സംഗതികളെയും ചൂഴ്ന്നുനില്‍ക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കാനാണ് ഇവ്വിധം വിശദീകരിക്കുന്നത്.