ترجمة سورة المزّمّل

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة المزّمّل باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

മുസ്സമ്മില്


മൂടിപ്പുതച്ചവനേ,

രാത്രിയില്‍ എഴുന്നേറ്റ് നമസ്കരിക്കുക -കുറച്ചുനേരമൊഴികെ.

അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക.

അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക.

നിനക്കു നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്.

രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റുള്ള നമസ്കാരം ഏറെ ഹൃദയസാന്നിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും.

പകല്‍സമയത്ത് നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ടല്ലോ.

നിന്റെ നാഥന്റെ നാമം സ്മരിക്കുക. മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞ് അവനില്‍ മാത്രം മുഴുകുക.

അവന്‍ ഉദയാസ്തമയ സ്ഥലങ്ങളുടെ ഉടമയാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ അവനെ മാത്രം ഭരമേല്‍പിക്കുക.

സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക. അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്‍ക്കുക.

സമ്പന്നരായ ഈ നിഷേധികളുടെ കൈകാര്യം എനിക്ക് വിട്ടേക്കുക. അവര്‍ക്ക് ഈ അവസ്ഥയില്‍ അല്പം കൂടി സമയം അനുവദിക്കുക.

തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ച്ചങ്ങലകളും കത്തിക്കാളുന്ന നരകത്തീയുമുണ്ട്.

ചങ്കില്‍ കുടുങ്ങുന്ന ആഹാരവും നോവേറിയ ശിക്ഷയും.

ഭൂമിയും മലകളും വിറകൊള്ളുകയും പര്‍വതങ്ങള്‍ മണല്‍ക്കൂനകള്‍പോലെ ചിതറിപ്പോവുകയും ചെയ്യുന്ന ദിനമാണത്.

ഉറപ്പായും നിങ്ങളിലേക്ക് നാം ഒരു ദൂതനെ നിയോഗിച്ചിരിക്കുന്നു- നിങ്ങള്‍ക്ക് സാക്ഷിയായി. ഫറവോന്റെ അടുത്തേക്ക് ദൂതനെ അയച്ചപോലെ.

ഫറവോന്‍ ആ ദൂതനെ ധിക്കരിച്ചു. അതിനാല്‍ അവനെ നാം ശക്തമായ ഒരു പിടുത്തം പിടിച്ചു.

നിങ്ങള്‍ സത്യത്തെ നിഷേധിക്കുകയാണെങ്കില്‍ കൊച്ചു കുട്ടികളെക്കൂടി നരച്ചവരാക്കുന്ന ആ ദിനത്തെ നിങ്ങള്‍ക്ക് എങ്ങനെ കരുതിയിരിക്കാനാവും?

ആകാശം പൊട്ടിപ്പിളരുന്ന ദിനമാണത്. അല്ലാഹുവിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുകതന്നെ ചെയ്യും.

ഇത് ഒരുദ്ബോധനമാണ്. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്കുള്ള മാര്‍ഗം അവലംബിച്ചു കൊള്ളട്ടെ.

നിന്റെ നാഥന്നറിയാം: നീയും നിന്റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്കരിക്കുന്നുണ്ട്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയുംവിധം പാരായണം ചെയ്ത് നമസ്കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൌകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി മുന്‍കൂട്ടി ചെയ്യുന്ന നന്മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കു കണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
Icon