ترجمة سورة المرسلات

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة المرسلات باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

മുര്സലാത്ത്


തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.

പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.

പരക്കെപരത്തുന്നവ സത്യം.

പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.

ഒഴികഴിവായോ, താക്കീതായോ.

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.

നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,

ആകാശം പിളര്‍ന്ന് പോവുകയും,

പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,

ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍.

ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?

വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.

വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!

മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?

അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.

കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!

നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?

എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.

ഒരു നിശ്ചിത അവധി വരെ.

അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.

ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക.

മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക.

അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.

അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.

അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.

എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.

അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.

അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.

ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?
Icon