ترجمة سورة لقمان

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة لقمان باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ലുഖ്മാന്‍


അലിഫ്-ലാം-മീം.

യുക്തിപൂര്‍ണമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.

സച്ചരിതര്‍ക്കിതൊരനുഗ്രഹമാണ്. വഴികാട്ടിയും.

അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. സകാത്ത് നല്‍കുന്നവരാണ്. പരലോകത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും.

അവര്‍ തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴിയിലാണ്. വിജയികളും അവര്‍ തന്നെ.

ജനങ്ങളില്‍ വിടുവാക്കുകള്‍ വിലയ്ക്കു വാങ്ങുന്ന ചിലരുണ്ട്. ഒരു വിവരവുമില്ലാതെ മനുഷ്യരെ ദൈവമാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയാന്‍ വേണ്ടിയാണിത്. ദൈവമാര്‍ഗത്തെ പുച്ഛിച്ചുതള്ളാനും. അത്തരക്കാര്‍ക്കാണ് നന്നെ നിന്ദ്യമായ ശിക്ഷയുള്ളത്.

അവരിലൊരുവനെ നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അഹങ്കാരത്തോടെ തിരിഞ്ഞുനടക്കും. അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ലാത്ത വിധം. അവന്റെ ഇരു കാതുകളിലും അടപ്പുള്ളപോലെ. അതിനാലവനെ നോവേറിയ ശിക്ഷയെ സംബന്ധിച്ച “ശുഭവാര്‍ത്ത” അറിയിക്കുക.

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഉറപ്പായും അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.

അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ അലംഘനീയമായ വാഗ്ദാനമാണിത്. അവന്‍ ഏറെ പ്രതാപിയും യുക്തിമാനുമാണ്.

നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന തൂണുകളൊന്നുമില്ലാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു. ഭൂമിയില്‍ ഊന്നിയുറച്ച പര്‍വതങ്ങളുണ്ടാക്കി. ഭൂമി നിങ്ങളെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതിലവന്‍ സകലയിനം ജീവജാലങ്ങളെയും വ്യാപിപ്പിച്ചു. മാനത്തുനിന്നു മഴ വീഴ്ത്തി. അതുവഴി ഭൂമിയില്‍ നാം സകലയിനം മികച്ച സസ്യങ്ങളേയും മുളപ്പിച്ചു.

ഇതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടിയാണ്. എന്നാല്‍ അവനല്ലാത്തവര്‍ സൃഷ്ടിച്ചത് ഏതെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചുതരൂ. അല്ല; അതിക്രമികള്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്.

ലുഖ്മാന്ന് നാം തത്ത്വജ്ഞാനം നല്‍കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു: "നീ അല്ലാഹുവിനോടു നന്ദി കാണിക്കുക." ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.

ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച."

മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്.

നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.

"എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും." നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.

"എന്റെ കുഞ്ഞുമോനേ, നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നന്മ കല്‍പിക്കുക. തിന്മ വിലക്കുക. വിപത്തു വന്നാല്‍, ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്.

"നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.

"നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!"

നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്.

"അല്ലാഹു ഇറക്കിത്തന്നതിനെ പിന്‍പറ്റുക"യെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "അല്ല, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായാണോ ഞങ്ങള്‍ കണ്ടിട്ടുള്ളത് ആ മാര്‍ഗമാണ് ഞങ്ങള്‍ പിന്‍പറ്റുക." കത്തിക്കാളുന്ന നരകത്തീയിലേക്കാണ് പിശാച് അവരെ നയിക്കുന്നതെങ്കില്‍ അതുമവര്‍ പിന്‍പറ്റുമെന്നോ?

ആരെങ്കിലും സച്ചരിതനായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ മുറുകെപ്പിടിച്ചത് ഏറ്റം ഉറപ്പുള്ള പിടിവള്ളിയില്‍ തന്നെയാണ്. കാര്യങ്ങളുടെയൊക്കെ പര്യവസാനം അല്ലാഹുവിന്റെ സന്നിധിയിലാണ്.

ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാമവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

അല്‍പകാലം നാമവരെ സുഖിപ്പിക്കുന്നു. പിന്നീട് നാമവരെ കൊടുംശിക്ഷയിലേക്ക് തള്ളിവിടും.

ആകാശഭൂമികളെ പടച്ചതാരെന്നു ചോദിച്ചാല്‍ അവര്‍ പറയും "അല്ലാഹു"വെന്ന്. പറയുക: "സര്‍വ സ്തുതിയും ആ അല്ലാഹുവിനാണ്." എന്നാല്‍ അവരിലേറെ പേരും അത് മനസ്സിലാക്കുന്നില്ല.

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റെതാണ്. തീര്‍ച്ചയായും അല്ലാഹു സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.

ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനയാവുക; സമുദ്രങ്ങളെല്ലാം മഷിയാവുക; വേറെയും ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുക; എന്നാലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീര്‍ക്കാനാവില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.

നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യും പോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

തീര്‍ച്ചയായും അല്ലാഹു രാവിനെ പകലില്‍ കടത്തിവിടുന്നു; പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. അവന്‍ സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഇതൊന്നും നിങ്ങള്‍ കണ്ടറിയുന്നില്ലേ?

അതിനൊക്കെ കാരണമിതാണ്. നിശ്ചയമായും അല്ലാഹു മാത്രമാണ് പരമമായ സത്യം. അവനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നതെല്ലാം മിഥ്യയാണ്. അല്ലാഹുതന്നെയാണ് ഉന്നതനും വലിയവനും.

നീ കാണുന്നില്ലേ; കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്.

മലകള്‍ പോലുള്ള തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടുംചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല.

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.

ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ വീഴ്ത്തുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും.
Icon