ﮛ
surah.translation
.
ﰡ
ഹിജ്റ്
അലിഫ് - ലാം - റാഅ്. വേദപുസ്തകത്തിലെ അഥവാ, സുവ്യക്തമായ ഖുര്‍ആനിലെ വചനങ്ങളാണിവ.
തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എന്ന് സത്യനിഷേധികള്‍ കൊതിച്ചുപോകുന്ന അവസ്ഥയുണ്ടാകും.
അവരെ നീ വിട്ടേക്കുക. അവര്‍ തിന്നും സുഖിച്ചും വ്യാമോഹങ്ങള്‍ക്കടിപ്പെട്ടും കഴിയട്ടെ. വൈകാതെ അവര്‍ എല്ലാം അറിയും.
നിശ്ചിതമായ അവധി നല്‍കിക്കൊണ്ടല്ലാതെ നാം ഒരു നാടിനെയും നശിപ്പിച്ചിട്ടില്ല.
ഒരു സമുദായവും നിശ്ചിത അവധിക്കുമുമ്പ് നശിക്കുകയില്ല. അവധിയെത്തിയാല്‍ പിന്നെ പിന്തിക്കുകയുമില്ല.
സത്യനിഷേധികള്‍ പറഞ്ഞു: "ഉദ്ബോധനം ഇറക്കിക്കിട്ടിയവനേ, നീയൊരു ഭ്രാന്തന്‍ തന്നെ.”
"നീ സത്യവാനെങ്കില്‍ ഞങ്ങളുടെ അടുത്ത് മലക്കുകളെ കൊണ്ടുവരാത്തതെന്ത്?”
എന്നാല്‍ ന്യായമായ ആവശ്യത്തിനല്ലാതെ നാം മലക്കുകളെ ഇറക്കുകയില്ല. ഇറക്കിയാല്‍ പിന്നെ അവര്‍ക്ക് അവസരം നല്‍കുകയുമില്ല.
തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.
നിനക്കുമുമ്പ് പൂര്‍വികരായ പല വിഭാഗങ്ങളിലും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.
അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
അവ്വിധമാണ് നാം കുറ്റവാളികളുടെ മനസ്സുകളില്‍ നാം പരിഹാസം കടത്തിവിടുന്നത്.
എന്നിട്ടും അവരതില്‍ വിശ്വസിക്കുന്നില്ല. പൂര്‍വികരും ഇമ്മട്ടില്‍ തന്നെയായിരുന്നു.
നാമവര്‍ക്ക് മാനത്തുനിന്നൊരു വാതില്‍ തുറന്നുകൊടുത്തുവെന്ന് വെക്കുക. അങ്ങനെ അവരതിലൂടെ കയറിപ്പോയിക്കൊണ്ടിരിക്കുന്നുവെന്നും.
എന്നാല്‍പ്പോലും അവര്‍ പറയും: "നമ്മുടെ കണ്ണുകള്‍ക്ക് മയക്കം ബാധിച്ചതാണ്. അല്ല നാം മാരണത്തിനിരയായ ജനമത്രെ.”
ആകാശത്തു നാം രാശികളുണ്ടാക്കിയിരിക്കുന്നു. കാണികള്‍ക്ക് അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
ശപിക്കപ്പെട്ട സകല പിശാചുക്കളില്‍നിന്നും നാമതിനെ കാത്തുരക്ഷിച്ചിരിക്കുന്നു;
കട്ടുകേള്‍ക്കുന്നവനില്‍ നിന്നൊഴികെ. അങ്ങനെ ചെയ്യുമ്പോള്‍ തീക്ഷ്ണമായ ജ്വാല അവനെ പിന്തുടരുന്നു.
ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു.
നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവയ്ക്കും.
എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു.
നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ.
തീര്‍ച്ചയായും നാമാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. എല്ലാറ്റിനെയും അനന്തരമെടുക്കുന്നതും നാം തന്നെ.
നിങ്ങളില്‍നിന്ന് നേരത്തെ കടന്നുപോയവര്‍ ആരെന്ന് നമുക്ക് നന്നായറിയാം. പിറകെ വരുന്നവരാരെന്നും നാമറിയുന്നു.
നിസ്സംശയം; നിന്റെ നാഥന്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടും. അവന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ.
നിശ്ചയമായും മനുഷ്യനെ നാം, മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്നു സൃഷ്ടിച്ചു.
അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്ജ്വാലയില്‍നിന്ന് സൃഷ്ടിച്ചു.
നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായും മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.
അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം.
അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു.
ഇബ്ലീസൊഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു.
അല്ലാഹു ചോദിച്ചു: "പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്?”
ഇബ്ലീസ് പറഞ്ഞു: "മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.”
അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നീ ഇവിടെനിന്നിറങ്ങിപ്പോവുക. നീ ഭ്രഷ്ടനാണ്.
"ന്യായവിധിയുടെ നാള്‍വരെ നിനക്കു ശാപമുണ്ടായിരിക്കും.”
അവന്‍ പറഞ്ഞു: "എന്റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നാള്‍വരെ എനിക്ക് അവധി തന്നാലും.”
അല്ലാഹു അറിയിച്ചു: "നിനക്ക് അവസരം തന്നിരിക്കുന്നു.
"നിശ്ചിതസമയം വന്നെത്തുന്ന ദിനംവരെ.”
അവന്‍ പറഞ്ഞു: "എന്റെ നാഥാ, നീ എന്നെ വഴികേടിലാക്കി. അതേപോലെ ഭൂമിയില്‍ ഞാനവര്‍ക്ക് ചീത്തവൃത്തികള്‍ ചേതോഹരമായിത്തോന്നിപ്പിക്കും. അവരെയൊക്കെ ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും; തീര്‍ച്ച.
"അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ.”
അല്ലാഹു പറഞ്ഞു: "ഇതാണ് എന്നിലേക്കെത്താനുള്ള നേര്‍ വഴി.
"എന്റെ അടിമകളുടെ മേല്‍ നിനക്കൊരു സ്വാധീനവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലൊഴികെ.
"തീര്‍ച്ചയായും നരകമാണ് അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടം.”
അതിന് ഏഴു വാതിലുകളുണ്ട്. ഓരോ വാതിലിലൂടെയും പ്രവേശിക്കാന്‍ അവരില്‍നിന്ന് പ്രത്യേകം വീതിക്കപ്പെട്ട ഓരോ വിഭാഗമുണ്ട്.
ഉറപ്പായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
അവരോടു പറയും: "നിര്‍ഭയരായി സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക.”
അവരുടെ ഹൃദയങ്ങളിലുണ്ടായേക്കാവുന്ന വിദ്വേഷം നാം നീക്കിക്കളയും. പരസ്പരം സഹോദരങ്ങളായി ചാരുകട്ടിലുകളിലവര്‍ അഭിമുഖമായി ഇരിക്കും.
അവിടെ അവരെ ക്ഷീണം ബാധിക്കുകയില്ല. അവിടെനിന്നവര്‍ പുറന്തള്ളപ്പെടുകയുമില്ല.
ഞാന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണെന്ന് എന്റെ ദാസന്മാരെ അറിയിക്കുക;
തീര്‍ച്ചയായും എന്റെ ശിക്ഷയാണ് ഏറ്റം നോവേറിയ ശിക്ഷയെന്നും.
ഇബ്റാഹീമിന്റെ അതിഥികളെപ്പറ്റിയും നീ അവര്‍ക്കു പറഞ്ഞുകൊടുക്കുക.
അവര്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന സന്ദര്‍ഭം: അപ്പോള്‍ അവര്‍ പറഞ്ഞു: "താങ്കള്‍ക്കു സമാധാനം.” അദ്ദേഹം പറഞ്ഞു: "സത്യമായും ഞങ്ങള്‍ക്കു നിങ്ങളെപ്പറ്റി പേടിതോന്നുന്നു.”
അവര്‍ പറഞ്ഞു: "താങ്കള്‍ പേടിക്കേണ്ട. ജ്ഞാനമുള്ള ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത ഞങ്ങളിതാ താങ്കളെ അറിയിക്കുന്നു.”
അദ്ദേഹം പറഞ്ഞു: "ഈ വയസ്സുകാലത്താണോ നിങ്ങളെന്നെ പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നത്? എന്തൊരു ശുഭവാര്‍ത്തയാണ് നിങ്ങള്‍ ഈ നല്‍കുന്നത്?”
അവര്‍ പറഞ്ഞു: "ഞങ്ങള്‍ താങ്കള്‍ക്കു നല്‍കുന്നത് ശരിയായ ശുഭവാര്‍ത്ത തന്നെ. അതിനാല്‍ താങ്കള്‍ നിരാശനാവാതിരിക്കുക.”
ഇബ്റാഹീം പറഞ്ഞു: "തന്റെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ച് ആരാണ് നിരാശനാവുക? വഴിപിഴച്ചവരൊഴികെ.”
ഇബ്റാഹീം ചോദിച്ചു: "അല്ലയോ ദൂതന്മാരേ, നിങ്ങളുടെ പ്രധാന ദൌത്യമെന്താണ്?”
അവര്‍ പറഞ്ഞു: "കുറ്റവാളികളായ ഒരു ജനതയിലേക്കാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്.”
ലൂത്വിന്റെ കുടുംബം അതില്‍ നിന്നൊഴിവാണ്. അവരെയൊക്കെ നാം രക്ഷപ്പെടുത്തും.
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവള്‍ പിന്തിനില്‍ക്കുന്നവരിലായിരിക്കുമെന്ന് നാം തീരുമാനിച്ചിരിക്കുന്നു.
അങ്ങനെ ആ മലക്കുകള്‍ ലൂത്വിന്റെ ആളുകളുടെ അടുക്കലെത്തിയപ്പോള്‍.
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.”
അവര്‍ പറഞ്ഞു: "ഈ ജനം സംശയിച്ചുകൊണ്ടിരുന്ന കാര്യവുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.
"ഞങ്ങള്‍ സത്യവുമായാണ് താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാണ്.
"അതിനാല്‍ രാവിന്റെ ഒരു ഖണ്ഡം മാത്രം ബാക്കിനില്‍ക്കെ താങ്കള്‍ കുടുംബത്തെയും കൂട്ടി ഇവിടം വിടുക. താങ്കള്‍ അവരുടെ പിന്നില്‍ നടക്കണം. ആരും തിരിഞ്ഞുനോക്കരുത്. ആവശ്യപ്പെടുന്നേടത്തേക്ക് പോവുക.”
അഥവാ, അടുത്ത പ്രഭാതത്തോടെ ഇക്കൂട്ടരുടെ മുരടു മുറിച്ചുമാറ്റുമെന്ന് നാം അദ്ദേഹത്തെ ഖണ്ഡിതമായി അറിയിച്ചു.
അപ്പോഴേക്കും നഗരവാസികള്‍ ആഹ്ളാദഭരിതരായി വന്നെത്തി.
ലൂത്വ് പറഞ്ഞു: "നിശ്ചയമായും ഇവരെന്റെ വിരുന്നുകാരാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുതേ.
"അല്ലാഹുവെ ഓര്‍ത്ത് നിങ്ങളെന്നെ മാനക്കേടിലാക്കാതിരിക്കുക.”
അവര്‍ പറഞ്ഞു: "ജനങ്ങളുടെ കാര്യത്തിലിടപെടരുതെന്ന് നിന്നെ ഞങ്ങള്‍ വിലക്കിയിരുന്നില്ലേ?”
അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ എന്തെങ്കിലും ചെയ്തേ അടങ്ങൂ എങ്കില്‍ ഇതാ ഇവര്‍, എന്റെ പെണ്‍മക്കള്‍.”
നിന്റെ ജീവിതമാണ് സത്യം! അവര്‍ തങ്ങളുടെ ലഹരിയില്‍ മതിമറന്ന് എന്തൊക്കെയോ ചെയ്യുകയാണ്.
പ്രഭാതോദയത്തോടെ ഒരു ഘോരഗര്‍ജനം അവരെ പിടികൂടി.
അങ്ങനെ ആ നാടിനെ നാം കീഴ്മേല്‍ മറിച്ചു. പിന്നെ നാം ചുട്ടുപഴുത്ത കല്ലുകള്‍ അവരുടെമേല്‍ വീഴ്ത്തി.
കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ധാരാളം തെളിവുകളുണ്ട്.
ആ നാട് ഇന്നും ജനസഞ്ചാരമുള്ള വഴിയിലാണ്.
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിതില്‍ മഹത്തായ അടയാളമുണ്ട്.
ഉറപ്പായും ഐക്കവാസികള്‍ അക്രമികളായിരുന്നു.
അതിനാല്‍ അവരെയും നാം ശിക്ഷിച്ചു. തീര്‍ച്ചയായും ഈ രണ്ടു നാടുകളും തുറസ്സായ വഴിയില്‍തന്നെയാണുള്ളത്.
ഹിജ്റ് ദേശക്കാരും ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
നാമവര്‍ക്ക് നമ്മുടെ തെളിവുകള്‍ നല്‍കി. എന്നാല്‍ അവര്‍ അവയെ അവഗണിക്കുകയായിരുന്നു.
അവര്‍ പര്‍വതങ്ങളിലെ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കി. അവരവിടെ നിര്‍ഭയരായി കഴിയുകയായിരുന്നു.
അങ്ങനെ ഒരു പ്രഭാതവേളയില്‍ ഘോരഗര്‍ജനം അവരെ പിടികൂടി.
അപ്പോള്‍ അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ന്യായമായ ആവശ്യത്തിനല്ലാതെ സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. അതിനാല്‍ നീ വിട്ടുവീഴ്ച കാണിക്കുക. മാന്യമായ വിട്ടുവീഴ്ച.
നിശ്ചയമായും നിന്റെ നാഥന്‍ എല്ലാറ്റിനെയും സൃഷ്ടിച്ചവനാണ്. എല്ലാം അറിയുന്നവനും.
ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന ഏഴു സൂക്തങ്ങള്‍ നിനക്കു നാം നല്‍കിയിട്ടുണ്ട്. മഹത്തായ ഈ ഖുര്‍ആനും.
അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവരെപ്പറ്റി ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക.
നീ ഇങ്ങനെ പറയുകയും ചെയ്യുക: "തീര്‍ച്ചയായും ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.”
ശൈഥില്യം സൃഷ്ടിച്ചവര്‍ക്ക് നാം താക്കീതു നല്‍കി. അതുപോലെയാണിതും.
ഖുര്‍ആനെ വ്യത്യസ്ത തട്ടുകളാക്കി മാറ്റിയവരാണവര്‍.
നിന്റെ നാഥന്‍ സാക്ഷി. അവരെയൊക്കെ നാം വിചാരണ ചെയ്യും.
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക.
കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ സങ്കല്‍പിക്കുന്നവരാണവര്‍. അതിന്റെ ഫലം അടുത്തുതന്നെ അവരറിയും.
അവര്‍ പറഞ്ഞുപരത്തുന്നതു കാരണം നിന്റെ മനസ്സ് തിടുങ്ങുന്നുണ്ടെന്ന് നാം അറിയുന്നു.
അതിനാല്‍ നീ നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക.
നീ നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ.