ﰡ
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.
നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.(1) പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു.
____________________
1) ലഹരിയല്ല, ഭയവിഹ്വലതയാണ് അവരെ ഉന്മത്തരാക്കിത്തീര്‍ക്കുന്നത്.
യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്.
അവനെ (പിശാചിനെ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍ (പിശാച്) തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നതാണ് എന്ന് അവനെ സംബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്നു.
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,(2) പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു.
____________________
2) ആദിമമനുഷ്യന്‍ കളിമണ്‍രൂപത്തില്‍ നിന്ന് നേരിട്ട് സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. ഓരോ മനുഷ്യന്റെയും ഭൗതികശരീരം മണ്ണിലെ ധാതുലവണങ്ങളുടെ സമുച്ചയമത്രെ.
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്.
അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും.
യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്.
അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്.) ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും.
(അന്നവനോട് ഇപ്രകാരം പറയപ്പെടും:) നിന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് നിമിത്തവും, അല്ലാഹു (തന്‍റെ) ദാസന്‍മാരോട് ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രെ അത്.
ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും.(3) അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്.(4) ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം.
____________________
3) അവന്‍ സമാധാനപൂര്‍വം അല്ലാഹുവെ ആരാധിക്കും.
4) ബഹുദൈവാരാധനയിലേക്കോ ദൈവനിഷേധത്തിലേക്കോ അവന്‍ മടങ്ങിപ്പോകും.
അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. അതു തന്നെയാണ് വിദൂരമായ വഴികേട്.
ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍!(5)
____________________
5) 'ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്തുനില്‍ക്കുന്നുവോ അവന്‍ എത്ര ചീത്ത സഹായി? എത്ര ചീത്ത കൂട്ടുകാരന്‍? എന്ന് അവന്‍ (പരലോകത്തുവെച്ച്) വിളിച്ചുപറയുന്നതാണ്' എന്നും ഈ വചനത്തിന് അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.'യദ്ഊ' എന്ന പദത്തിന് വിളിച്ചുപറയുന്നുവെന്നും വിളിച്ചു പ്രാര്‍ഥിക്കുന്നുവെന്നും അര്‍ത്ഥമുള്ളതിനാലാണ് ഈ വ്യാഖ്യാനഭേദം.
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.
ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ.(6) എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ.
____________________
6) 'തന്നെ അല്ലാഹു സഹായിക്കുകയേ ഇല്ലെന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ മുകള്‍ഭാഗത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് അവന്‍ ആത്മഹത്യ ചെയ്തുകൊള്ളട്ടെ' എന്നാണ് ഒട്ടേറെ വ്യാഖ്യാതാക്കള്‍ വ്യാഖ്യാനം നല്കിയിട്ടുള്ളത്.
അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്.
സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്.
അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും.
അവര്‍ക്ക് ഇരുമ്പിന്‍റെ ദണ്ഡുകളുമുണ്ടായിരിക്കും.(7)
____________________
7) ഇരുമ്പ്ദണ്ഡുകള്‍കൊണ്ടുള്ള ദണ്ഡനമുണ്ടായിരിക്കുമെന്നര്‍ഥം.
അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്. എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം.
വാക്കുകളില്‍ വെച്ച് ഉത്തമമായതിലേക്കാണ് അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കപ്പെട്ടത്. സ്തുത്യര്‍ഹനായ അല്ലാഹുവിന്‍റെ പാതയിലേക്കാണ് അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കപ്പെട്ടത്.
തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്.
ഇബ്രാഹീമിന് ആ ഭവനത്തിന്‍റെ (കഅ്ബയുടെ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം(8) (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദിക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്‍റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു.)
____________________
8) 'ബവ്വഅ്‌നാ' എന്ന വാക്കിന് 'നാം നിശ്ചയിച്ചുകൊടുത്തു', 'നാം സൗകര്യപ്പെടുത്തിക്കൊടുത്തു', 'നാം സങ്കേതമാക്കിക്കൊടുത്തു' എന്നൊക്കെ അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്.
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍(9) അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.
____________________
9) തീര്‍ത്ഥാടനം കൊണ്ട് ജനങ്ങള്‍ക്ക് ആത്മീയവും ഭൗതികവുമായ ധാരാളം പ്രയോജനങ്ങളുണ്ട്. മഹത്തായ പുണ്യകര്‍മങ്ങളിലൂടെ അവര്‍ക്ക് അല്ലാഹുവിന്റെ പ്രീതി നേടാന്‍ കഴിയുന്നു. വിവിധ ദേശക്കാരും വര്‍ണ്ണക്കാരും ഭാഷക്കാരുമായ ആളുകളെ അടുത്തറിയാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കുന്നു. വിവിധ നാട്ടുകാരായ തീര്‍ത്ഥാടകര്‍ അവരവരുടെ നാട്ടിലെ ഉല്പന്നങ്ങളുമായി അവിടെ എത്തുന്നതിനാല്‍ കച്ചവടസംബന്ധമായ പ്രയോജനങ്ങളും ലഭിക്കുന്നു.
പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും,(10) തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.
____________________
10) ക്ഷൗരം ചെയ്യുക, നഖം മുറിക്കുക തുടങ്ങിയ കാര്യങ്ങളത്രെ അഴുക്ക് നീക്കല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.(11) ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക.
____________________
11) ഭക്ഷിക്കാന്‍ പാടില്ലാത്തത് എന്തൊക്കെയെന്ന് സൂറഃ അല്‍മാഇദഃയില്‍ വിവരിച്ചിട്ടുണ്ട്.
വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.
അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ(12) ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.
____________________
12) ഇവിടെ മതചിഹ്നങ്ങള്‍ കൊണ്ടുള്ള വിവക്ഷ തീര്‍ത്ഥാടകര്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോകുന്ന ബലിമൃഗങ്ങളത്രെ. അവയെ ആദരിക്കുക എന്നതിന് നല്ലയിനം മൃഗങ്ങളെ ബലിക്കായി തെരഞ്ഞെടുക്കുക എന്നാണ് പല വ്യാഖ്യാതാക്കളും അര്‍ത്ഥം കല്പിച്ചിട്ടുള്ളത്. വില കുറഞ്ഞതരം ബലിയര്‍പ്പിക്കുന്നത് ബലികര്‍മത്തെ ഒരുതരത്തില്‍ അനാദരിക്കലാണല്ലോ.
അവയില്‍ നിന്ന് ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് പ്രയോജനങ്ങളെടുക്കാം. പിന്നെ അവയെ ബലികഴിക്കേണ്ട സ്ഥലം ആ പുരാതന ഭവന (കഅ്ബഃ) ത്തിങ്കലാകുന്നു.
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം(13) നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
____________________
13) 'മന്‍സക്' എന്ന പദത്തിന് ആരാധനാകര്‍മം എന്നും, ബലികര്‍മം എന്നും അര്‍ത്ഥമുണ്ട്.
അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍.
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്.(14) അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.
____________________
14) ബലിയര്‍പ്പിക്കുന്നതുവരെ സവാരിക്കും മറ്റും അവയെ ഉപയോഗപ്പെടുത്താം. ബലിയിലൂടെ ആത്മീയമായ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാം.
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച
യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു.(15) തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.
____________________
15) ശത്രുക്കള്‍ എന്തൊക്കെ മര്‍ദ്ദനങ്ങള്‍ നടത്തിയാലും ക്ഷമിക്കണമെന്നായിരുന്നു ആദ്യകാലത്ത് സത്യവിശ്വാസികള്‍ക്കുള്ള നിര്‍ദേശം. ഈ വചനത്തിലൂടെയാണ് പ്രത്യാക്രമണം നടത്താന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കപ്പെട്ടത്.
യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.(16) തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.
____________________
16) അതിരും എതിരുമില്ലാത്ത ധിക്കാരവുമായി സംഹാരതാണ്ഡവം തുടരാന്‍ അല്ലാഹു ഒരു ജനവിഭാഗത്തെയും അനുവദിക്കുകയില്ല. ഒരുവിഭാഗത്തിന്റെ ആക്രമണം മറ്റൊരു വിഭാഗത്തെക്കൊണ്ട് തടയുക എന്ന തന്ത്രം മുഖേന ഭൂമിയില്‍ അല്ലാഹു ശാക്തികസന്തുലനം നിലനിര്‍ത്തുന്നു. ആരാധനാലയങ്ങളും, ആരാധനാനിരതരായ സാത്വികരും അങ്ങനെ ഉന്മൂലനത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നു.
ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.
(നബിയേ,) നിന്നെ ഇവര്‍ നിഷേധിച്ചു തള്ളുന്ന പക്ഷം ഇവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദും, ഥമൂദും (പ്രവാചകന്‍മാരെ) നിഷേധിച്ച് തള്ളിയിട്ടുണ്ട്.
ഇബ്രാഹീമിന്‍റെ ജനതയും, ലൂത്വിന്‍റെ ജനതയും.
മദ്‌യന്‍ നിവാസികളും (നിഷേധിച്ചിട്ടുണ്ട്.) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിശ്വാസികള്‍ക്ക് ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ് ചെയ്തത്. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.?
എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍!
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്.(17)
____________________
17) ജീവിതത്തിലേക്ക് സത്യത്തിന്റെ വെളിച്ചം കടന്നുചെല്ലുന്നതിന് കണ്ണിന്റെ അന്ധത ഒരിക്കലും തടസ്സമാകുന്നില്ല. മനസ്സ് അന്ധമായാല്‍ ജീവിതത്തിലാകെ അസത്യത്തിന്റെ ഇരുട്ട് പരക്കുന്നു.
(നബിയേ,) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.)(18)
____________________
18) അനന്തകോടി നക്ഷത്രങ്ങളിലൊന്നു മാത്രമാണ് സൂര്യന്‍. സൂര്യന്റെ ഗ്രഹങ്ങളിലൊന്നായ ഭൂമിയില്‍, സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒരു സമയമാത്രയാണ് ദിവസം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു കാര്യം ആസന്നമാകുന്നുവെന്ന് പറഞ്ഞാല്‍ ഒന്നോ രേണ്ടാ ദിവസത്തിന്നുള്ളില്‍ നടക്കുന്നതാണ് എന്നായിരിക്കും ഉദ്ദേശ്യം. എന്നാല്‍ ആദ്യവും അന്ത്യവും ഇല്ലാത്ത അല്ലാഹുവെ സംബന്ധിച്ചിടത്തോളം സമയം ഒരു നക്ഷത്രത്തിന്റെയോ ഗ്രഹത്തിന്റെയോ പരിമിതികളാല്‍ സീമിതമല്ല. അവനെ സംബന്ധിച്ചിടത്തോളം ഒരു ദിവസമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള ഒരു യുഗമായിരിക്കും.
എത്രയോ നാടുകള്‍ക്ക് അവിടത്തുകാര്‍ അക്രമികളായിരിക്കെതന്നെ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്‍റെ അടുത്തേക്കാകുന്നു (എല്ലാറ്റിന്‍റെയും) മടക്കം.
(നബിയേ,) പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കുന്നതാണ്.
(നമ്മെ) തോല്‍പിച്ച് കളയാമെന്ന ഭാവത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാരോ അവരത്രെ നരകാവകാശികള്‍.
നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല.(19) എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
____________________
19) ഏതൊരു പ്രവാചകന്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ജനങ്ങളെ കേള്‍പ്പിച്ചപ്പോഴും പിശാച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. ചിലപ്പോള്‍ പിശാച് ആളുകളെക്കൊണ്ട് പറയിച്ചു; അതൊക്കെ ഭ്രാന്തന്‍ ജല്പനങ്ങളാണെന്ന്, ചിലപ്പോള്‍ പഴങ്കഥകളാണെന്ന്, ചിലപ്പോള്‍ ആരില്‍ നിന്നോ കേട്ടുപഠിച്ചതാണെന്ന്, ചിലപ്പോള്‍ മന്ത്രവിദ്യയാണെന്ന്.
ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു.
വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു.
തങ്ങള്‍ക്ക് അന്ത്യസമയം പെട്ടെന്ന് വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക് വന്നെത്തുകയോ ചെയ്യുന്നത് വരെ ആ അവിശ്വാസികള്‍ ഇതിനെ (സത്യത്തെ) പ്പറ്റി സംശയത്തിലായിക്കൊണേ്ടയിരിക്കും.
അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും.
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ(20) ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
____________________
20) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗങ്ങളനുഷ്ഠിച്ചവന്‍ പടക്കളത്തില്‍ കൊല്ലപ്പെട്ടാലും, യുദ്ധത്തെ അതിജീവിച്ചിട്ട് സ്വാഭാവികമരണമടഞ്ഞാലും അല്ലാഹുവിന്റെ അനുഗ്രഹത്തിന് അവകാശി തന്നെ.
അവര്‍ക്ക് തൃപ്തികരമായ ഒരു സ്ഥലത്ത് തീര്‍ച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും ക്ഷമാശീലനുമാകുന്നു.
അത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും(21) ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
____________________
21) മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഒരിക്കലും അതിക്രമമോ കൈയ്യേറ്റമോ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ അവര്‍ കൈയ്യേറ്റത്തിന് വിധേയരായാല്‍ തുല്യമായ അളവില്‍ തിരിച്ചടിക്കാന്‍ അവര്‍ക്ക് അനുവാദമുണ്ട്. വീുണ്ടം മുസ്‌ലിംകള്‍ അതിക്രമത്തിന് ഇരയാകുന്നപക്ഷം അവര്‍ക്ക് അല്ലാഹു സഹായം ഉറപ്പ് നല്‍കുന്നു.
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍.
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍.(22) അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
____________________
22) അല്ലാഹുവിന്റെ ഉണ്മ നിത്യസത്യമത്രെ. മറ്റുള്ളതിനെല്ലാം ക്ഷണികവും നശ്വരവുമായ അസ്തിത്വമാണുള്ളത്.
അല്ലാഹു ആകാശത്ത് നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു.) അവന്‍റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു.(23) തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു.
____________________
23) ആകാശഗോളങ്ങള്‍ ശൂന്യതയിലൂടെ അലക്ഷ്യമായി നീങ്ങുകയാണെങ്കില്‍ അവ അന്യോന്യം കൂട്ടിമുട്ടി തകരുമായിരുന്നു. കണിശമായ പ്രകൃതി നിയമങ്ങള്‍ അവയുടെ ഭ്രമണത്തിന്റെ ആവൃത്തിയും ആവേഗവും നിയന്ത്രിക്കുന്നതുകൊണ്ടാണ് അവ വ്യവസ്ഥാപിതമായി വര്‍ത്തിക്കുന്നത്. അല്ലാഹു ഈ വ്യവസ്ഥ മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ എല്ലാം ശിഥിലമായി സമ്പൂര്‍ണനാശം സംഭവിക്കുന്നതാണ്. ഈ വചനത്തില്‍ 'സമാഅ്' എന്ന പദം കൊണ്ട് മേഘമാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അവനാണ് നിങ്ങളെ ജീവിപ്പിച്ചവന്‍. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവന്‍ നിങ്ങളെ ജീവിപ്പിക്കുംഠീര്‍ച്ചയായും മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെയാകുന്നു.
ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്ഠിച്ചു വരുന്നത്. അതിനാല്‍ ഈ കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നു.
അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ വിധികല്‍പിച്ചു കൊള്ളും.
ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്.(24) തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ.
____________________
24) അല്ലാഹുവിന്റെ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രകാരമാണ് ഏത് കാര്യവും സംഭവിക്കുന്നത്.
അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക് തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല.
വ്യക്തമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവിശ്വാസികളുടെ മുഖങ്ങളില്‍ അനിഷ്ടം (പ്രകടമാകുന്നത്) നിനക്ക് മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ തന്നെ അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നരകാഗ്നിയത്രെ അത്. അവിശ്വാസികള്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത!
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.
മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു ദൂതന്‍മാരെ തെരഞ്ഞെടുക്കുന്നു.(25) തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
____________________
25) മനുഷ്യര്‍ക്ക് സത്യസന്ദേശമെത്തിക്കാന്‍ മനുഷ്യരായ ദൂതന്മാരെ നിയോഗിക്കുന്നു. പ്രവാചകന്മാര്‍ക്ക് വഹ്‌യ് നല്‍കാനും മറ്റും മലക്കുകളെ ദൂതന്മാരായി നിയോഗിക്കുന്നു.
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!