ترجمة سورة الأعراف

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة الأعراف باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

അഅ്റാഫ്


അലിഫ് - ലാം - മീം - സ്വാദ്.

നിനക്കിറക്കിയ വേദമാണിത്. ഇതേക്കുറിച്ച് നിന്റെ മനസ്സ് ഒട്ടും അശാന്തമാവേണ്ടതില്ല. മുന്നറിയിപ്പ് നല്‍കാനുള്ളതാണിത്. വിശ്വാസികള്‍ക്ക് ഉദ്ബോധനമേകാനും.

നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ.

എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ നമ്മുടെ ശിക്ഷ രാത്രിയിലവരില്‍ വന്നെത്തി. അല്ലെങ്കില്‍ അവര്‍ ഉച്ചയുറക്കിലായിരിക്കെ.

നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരുടെ വിലാപം ഇതു മാത്രമായിരുന്നു: “ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.”

ദൈവദൂതന്മാര്‍ ആഗതരായ ജനതയെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും; ദൈവദൂതന്മാരെയും നാം ചോദ്യം ചെയ്യും; ഉറപ്പ്.

പിന്നെ നാംതന്നെ കൃത്യമായ അറിവോടെ കഴിഞ്ഞതൊക്കെയും അവര്‍ക്കു വിവരിച്ചുകൊടുക്കും. നമ്മുടെ സാന്നിധ്യം എവിടെയും ഉണ്ടാവാതിരുന്നിട്ടില്ല.

അന്നാളിലെ തൂക്കം സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ തന്നെയായിരിക്കും വിജയികള്‍.

ആരുടെ തുലാസിന്‍തട്ട് കനം കുറഞ്ഞതാവുന്നുവോ അവര്‍ തന്നെയാണ് സ്വയം നഷ്ടത്തിലകപ്പെട്ടവര്‍. അവര്‍, നമ്മുടെ പ്രമാണങ്ങളെ ധിക്കരിച്ചുകൊണ്ടിരുന്നതിനാലാണത്.

നിങ്ങള്‍ക്കു നാം ഭൂമിയില്‍ സൌകര്യമൊരുക്കിത്തന്നു. ജീവിത വിഭവങ്ങള്‍ തയ്യാറാക്കിത്തരികയും ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.

തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: "ആദമിനെ പ്രണമിക്കുക.” അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല.

അല്ലാഹു ചോദിച്ചു: "ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്?” അവന്‍ പറഞ്ഞു: "ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും.”

അല്ലാഹു കല്‍പിച്ചു: "എങ്കില്‍ നീ ഇവിടെ നിന്നിറങ്ങിപ്പോകൂ. നിനക്കിവിടെ അഹങ്കരിക്കാന്‍ അര്‍ഹതയില്ല. പുറത്തുപോ. സംശയമില്ല; നീ നിന്ദ്യരില്‍പെട്ടവന്‍ തന്നെ.”

ഇബ്ലീസ് പറഞ്ഞു: "എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസംവരെ എനിക്കു കാലാവധി നല്‍കിയാലും.”

അല്ലാഹു പറഞ്ഞു: "ശരി, സംശയംവേണ്ട നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.”

ഇബ്ലീസ് പറഞ്ഞു: "നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും.

"പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്കു കാണാനാവില്ല.”

അല്ലാഹു കല്‍പിച്ചു: "നിന്ദ്യനും ആട്ടിയിറക്കപ്പെട്ടവനുമായി നീ ഇവിടെനിന്ന് പുറത്തുപോവുക. മനുഷ്യരില്‍ നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും.”

"ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.”

പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി; അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു: "നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായിമാറുകയോ ഇവിടെ നിത്യവാസികളായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്.”

ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: "ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.”

അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരത്തിന്റെ രുചി ആസ്വദിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരെയും വിളിച്ചുചോദിച്ചു: "ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?”

ഇരുവരും പറഞ്ഞു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.”

അല്ലാഹു കല്‍പിച്ചു: "ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും. ഭൂമിയില്‍ നിങ്ങള്‍ക്ക് താമസസൌകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.”

അവന്‍ പറഞ്ഞു: "നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും. അവിടെത്തന്നെ മരിക്കും. അവിടെ നിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.”

ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍.

ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയപോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു.

വല്ല മ്ളേച്ഛവൃത്തിയും ചെയ്താല്‍ അവര്‍ പറയുന്നു: "ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് കല്‍പിച്ചതും അതാണ്.” പറയുക: മ്ളേച്ഛവൃത്തികള്‍ ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല. നിങ്ങള്‍ അറിവില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുകയാണോ?

പറയുക: എന്റെ നാഥന്‍ നീതിയാണ് നിര്‍ദേശിച്ചത്. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം അവന് നേരെ നിറുത്തണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വിധേയത്വം അവനോടു മാത്രമാക്കി അവനോടു പ്രാര്‍ഥിക്കണമെന്നും. ആദ്യത്തില്‍ നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ അവ്വിധം തന്നെ നിങ്ങള്‍ തിരിച്ചുചെല്ലും.

ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കി. മറ്റൊരു വിഭാഗം, അല്ലാഹുവെ വിട്ട് പിശാചുക്കളെ രക്ഷാധികാരികളാക്കിയതിനാല്‍ ദുര്‍മാര്‍ഗത്തിനാണ് അര്‍ഹരായത്. എന്നിട്ടും അവര്‍ വിചാരിക്കുന്നു; തങ്ങള്‍ നേര്‍വഴിയിലാണെന്ന്.

ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു.

പറയുക: രഹസ്യവും പരസ്യവുമായ നീചവൃത്തികള്‍, കുറ്റകൃത്യം, അന്യായമായ അതിക്രമം, അല്ലാഹു ഒരു തെളിവും ഇറക്കിത്തരാത്ത വസ്തുക്കളെ അവനില്‍ പങ്കുചേര്‍ക്കല്‍, നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കല്‍- ഇതൊക്കെയാണ് എന്റെ നാഥന്‍ നിഷിദ്ധമാക്കിയത്.

ഓരോ സമുദായത്തിനും നിശ്ചിതമായ കാലാവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ അവര്‍ക്കൊരു നിമിഷംപോലും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവില്ല.

ആദം സന്തതികളേ, നിങ്ങളുടെ അടുത്ത് എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരാനായി നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്മാര്‍ വരും. അപ്പോള്‍ ഭക്തിപുലര്‍ത്തുകയും തങ്ങളുടെ നടപടികള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.

എന്നാല്‍ നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്യുന്നവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയോ ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ ദൈവത്തിന്റെ വിധിത്തീര്‍പ്പനുസരിച്ചുള്ള തങ്ങളുടെ വിഹിതം ഏറ്റുവാങ്ങേണ്ടിവരിക തന്നെ ചെയ്യും. അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: "അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോഴെവിടെ?” അവര്‍ പറയും: "അവരൊക്കെയും ഞങ്ങളെ കൈവിട്ടിരിക്കുന്നു.” അങ്ങനെ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ തന്നെ തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കും.

അല്ലാഹു പറയും: നിങ്ങള്‍ക്കുമുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലും പെട്ട സമൂഹങ്ങളോടൊപ്പം നിങ്ങളും നരകത്തീയില്‍ പ്രവേശിക്കുക. ഓരോ സംഘവും അതില്‍ പ്രവേശിക്കുമ്പോള്‍ തങ്ങളുടെ മുന്‍ഗാമികളായ സംഘത്തെ ശപിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരൊക്കെയും അവിടെ ഒരുമിച്ചുകൂടിയാല്‍ അവരിലെ പിന്‍ഗാമികള്‍ തങ്ങളുടെ മുന്‍ഗാമികളെക്കുറിച്ച് പറയും: "ഞങ്ങളുടെ നാഥാ! ഇവരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത്. അതിനാല്‍ ഇവര്‍ക്കു നീ ഇരട്ടി നരകശിക്ഷ നല്‍കേണമേ.” അല്ലാഹു അരുളും: "എല്ലാവര്‍ക്കും ഇരട്ടി ശിക്ഷയുണ്ട്. പക്ഷേ; നിങ്ങളറിയുന്നില്ലെന്നുമാത്രം.”

അവരിലെ മുന്‍ഗാമികള്‍ തങ്ങളുടെ പിന്‍ഗാമികളോടു പറയും: "അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. അതിനാല്‍ നിങ്ങള്‍ ശേഖരിച്ചുവെച്ചിരുന്നതിന്റെ ഫലമായുള്ള ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.”

നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്തവര്‍ക്കുവേണ്ടി ഒരിക്കലും ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുവോളം അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അവ്വിധമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുക.

അവര്‍ക്ക് നരകത്തീയാലുള്ള മെത്തകളാണുണ്ടാവുക. അവര്‍ക്കുമീതെ തീ കൊണ്ടുള്ള പുതപ്പുകളുമുണ്ടാകും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക.

എന്നാല്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, - ആരെയും അവരുടെ കഴിവിന്നതീതമായ ബാധ്യത നാം ഏല്‍പിക്കുന്നില്ല - അവരാണ് സ്വര്‍ഗാവകാശികള്‍. അതിലവര്‍ നിത്യവാസികളായിരിക്കും.

അവരുടെ മനസ്സുകളിലെ പകയെ നാം തുടച്ചുമാറ്റും. അവരുടെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അപ്പോള്‍ അവരിങ്ങനെ പറയും: "ഞങ്ങളെ ഇവിടേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും സന്മാര്‍ഗം പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ നാഥന്റെ ദൂതന്മാര്‍ സത്യസന്ദേശവുമായി എത്തിയവരായിരുന്നു.” അപ്പോള്‍ അവരോടിങ്ങനെ വിളിച്ചുപറയും: "ഇതാ നിങ്ങള്‍ക്കുള്ള സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങളിതിന്റെ അവകാശികളായിത്തീര്‍ന്നിരിക്കുന്നു.”

സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചുചോദിക്കും: "ഞങ്ങളുടെ നാഥന്‍ ഞങ്ങളോട് ചെയ്ത വാഗ്ദാനങ്ങളൊക്കെയും സത്യമായിപ്പുലര്‍ന്നത് ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥന്‍ നിങ്ങളോടു ചെയ്ത വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായി പുലര്‍ന്നത് നിങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയോ?” അവര്‍ പറയും: "അതെ.” അപ്പോള്‍ ഒരു വിളിയാളന്‍ അവര്‍ക്കിടയില്‍ വിളിച്ചറിയിക്കും: "അല്ലാഹുവിന്റെ ശാപം അക്രമികള്‍ക്കാണ്; സംശയമില്ല.”

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുകയും അതിനെ വക്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്; പരലോകത്തെ നിഷേധിക്കുന്നവരും.

ഈ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു മതിലുണ്ടായിരിക്കും. അതിന്റെ മുകളില്‍ ചില മനുഷ്യരുണ്ടാവും. അവരോരോരുത്തരെയും തങ്ങളുടെ അടയാളങ്ങളിലൂടെ തിരിച്ചറിയും. സ്വര്‍ഗസ്ഥരോട് അവര്‍ വിളിച്ചുപറയും: "നിങ്ങള്‍ക്ക് സമാധാനം.” ഇക്കൂട്ടര്‍ ഇനിയും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവരാണ്. അതോടൊപ്പം അതാഗ്രഹിച്ചുകൊണ്ടിരിക്കുന്നവരും.

അവരുടെ കണ്ണുകള്‍ നരകാവകാശികളുടെ നേരെ തിരിഞ്ഞാല്‍ അവര്‍ പറയും: "ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ അക്രമികളുടെ കൂട്ടത്തില്‍ പെടുത്തരുതേ!”

മതില്‍പ്പുറത്തുള്ളവര്‍ അടയാളങ്ങളിലൂടെ തങ്ങള്‍ക്ക് തിരിച്ചറിയാവുന്ന ചില നരകക്കാരെ വിളിച്ച് പറയും: "നിങ്ങളുടെ ആള്‍ബലവും നിങ്ങള്‍ അഹങ്കരിച്ചുനടന്നതും നിങ്ങള്‍ക്കെന്ത് നേട്ടമാണുണ്ടാക്കിയത്?

"ഇക്കൂട്ടരെപ്പറ്റിയല്ലേ അല്ലാഹു അവര്‍ക്കൊരനുഗ്രഹവും നല്‍കുകയില്ലെന്ന് നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നത്? എന്നിട്ട് അവരോടാണല്ലോ “നിങ്ങള്‍ സ്വര്‍ഗത്തില്‍ കടന്നുകൊള്ളുക. നിങ്ങളൊന്നും പേടിക്കേണ്ടതില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടിവരികയുമില്ല” എന്നു പറഞ്ഞത്.

നരകത്തിലെത്തിയവര്‍ സ്വര്‍ഗത്തിലെത്തിയവരോട് വിളിച്ചുകേഴും: "ഞങ്ങള്‍ക്ക് ഇത്തിരി വെള്ളം ഒഴിച്ചുതരേണമേ, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു തന്ന അന്നത്തില്‍നിന്ന് അല്‍പം തരേണമേ.” അവര്‍ പറയും: "സത്യനിഷേധികള്‍ക്ക് അല്ലാഹു ഇവ രണ്ടും പൂര്‍ണമായും വിലക്കിയിരിക്കുന്നു.”

അവര്‍ തങ്ങളുടെ ജീവിതക്രമത്തെ കളിതമാശയാക്കിയവരാണ്. ഐഹികജീവിതം കണ്ട് വഞ്ചിതരായവരും. അതിനാല്‍ ഇന്ന് നാം അവരെ മറന്നിരിക്കുന്നു. അവര്‍ ഈ ദിനത്തെ കണ്ടുമുട്ടുമെന്ന കാര്യം മറന്നിരുന്നപോലെത്തന്നെ. നമ്മുടെ വചനങ്ങളെ അവര്‍ തള്ളിക്കളഞ്ഞിരുന്ന പോലെയും.

യഥാര്‍ഥ അറിവിന്റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ വിശദീകരിച്ച ഗ്രന്ഥം നാം അവര്‍ക്കെത്തിച്ചുകൊടുത്തു. വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണത്.

ഈ വേദപുസ്തകത്തിലുള്ളത് പുലരുന്നതല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്? അത് പുലരുംനാളില്‍ നേരത്തെ അതിനെ മറന്നിരുന്നവര്‍ പറയും: "നമ്മുടെ നാഥന്റെ ദൂതന്മാര്‍ സത്യസന്ദേശവുമായി വന്നവരായിരുന്നു. ഇനി ശിപാര്‍ശകരായി വല്ലവരെയും നമുക്ക് കിട്ടുമോ? അതല്ലെങ്കില്‍ ഞങ്ങളെയൊന്ന് തിരിച്ചയക്കുമോ? എങ്കില്‍ ഞങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.” അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരെ വിട്ടകന്നിരിക്കുന്നു.

നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ- ചന്ദ്ര-നക്ഷത്രങ്ങളെയെല്ലാം തന്റെ കല്‍പനക്ക് വിധേയമാംവിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്.

നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോടു പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച.

ഭൂമിയില്‍ നന്മ വരുത്തിയശേഷം നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ പേടിയോടെയും പ്രതീക്ഷയോടെയും പടച്ചവനോടു മാത്രം പ്രാര്‍ഥിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം നന്മ ചെയ്യുന്നവരോടു ചേര്‍ന്നാണ്.

തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം.

നല്ല പ്രദേശത്തെ സസ്യങ്ങള്‍ അതിന്റെ നാഥന്റെ അനുമതിയോടെ കിളുര്‍ത്തുവരുന്നു. എന്നാല്‍ ചീത്തമണ്ണില്‍ വളരെക്കുറച്ചല്ലാതെ സസ്യങ്ങള്‍ മുളച്ചുവരില്ല. ഇവ്വിധം നന്ദിയുള്ള ജനത്തിന് നാം പ്രമാണങ്ങള്‍ പലവിധം വിവരിച്ചുകൊടുക്കുന്നു.

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. ഒരു ഭീകര നാളിലെ കൊടിയ ശിക്ഷ നിങ്ങളെ ബാധിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.”

അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: "നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.”

അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, എന്നില്‍ വഴികേടൊന്നുമില്ല. ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാകുന്നു.

"ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങളുടെ നന്മമാത്രം കൊതിക്കുന്നു. നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത പലതും അല്ലാഹുവില്‍ നിന്ന് ഞാനറിയുന്നു.

"നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും നിങ്ങള്‍ ഭക്തിയുള്ളവരാകാനും നിങ്ങള്‍ക്ക് കാരുണ്യം കിട്ടാനുമായി നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയോ?”

എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നാം അദ്ദേഹത്തെയും കൂടെയുള്ളവരെയും കപ്പലില്‍ രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിപ്പറഞ്ഞവരെ മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ഉള്‍ക്കാഴ്ചയില്ലാത്ത ജനമായിരുന്നു.

ആദ്സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”

അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ കള്ളം പറയുന്നവന്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.”

അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഒരു വിഡ്ഢിത്തവും എനിക്കില്ല. എന്നാല്‍ ഓര്‍ക്കുക: ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്.

"ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെ ഗുണകാംക്ഷിയാണ് ഞാന്‍.

"നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അദ്ഭുതപ്പെടുകയോ? നൂഹിന്റെ ജനതക്കുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയതോര്‍ക്കുക. നിങ്ങള്‍ക്ക് പ്രകൃത്യാ തന്നെ കായികശേഷി പോഷിപ്പിച്ചുതന്നതും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.”

അവര്‍ പറഞ്ഞു: "ഞങ്ങള്‍ ഏകദൈവത്തെ മാത്രം ആരാധിക്കാനും ഞങ്ങളുടെ പൂര്‍വപിതാക്കള്‍ പൂജിച്ചിരുന്നവയെയൊക്കെ വെടിയാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തേക്ക് വന്നത്? എങ്കില്‍, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക; നീ സത്യവാനാണെങ്കില്‍.”

ഹൂദ് പറഞ്ഞു: "നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാപകോപങ്ങളെല്ലാം നിങ്ങളില്‍ വന്നുപതിച്ചിരിക്കുന്നു. അല്ലാഹു ഒരു തെളിവും തരാതിരിക്കെ, നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും കെട്ടിച്ചമച്ച കുറേ ദൈവങ്ങളുടെ പേരും പറഞ്ഞ് എന്നോട് തര്‍ക്കിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക. ഉറപ്പായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.”

അങ്ങനെ നാം നമ്മുടെ കാരുണ്യത്താല്‍ ഹൂദിനേയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കിത്തള്ളിയവരെ മുരടോടെ മുറിച്ചുമാറ്റുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നില്ല.

സമൂദ്സമുദായത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. അതിനാല്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ഭൂമിയില്‍ തിന്നുനടക്കട്ടെ. നിങ്ങളതിന് ഒരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ നോവേറിയ ശിക്ഷ നിങ്ങളെ പിടികൂടും.

"ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ തന്റെ പ്രതിനിധികളാക്കിയതും ഭൂമിയില്‍ താമസ സൌകര്യമൊരുക്കിത്തന്നതും ഓര്‍ക്കുക. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടാക്കുന്നു. മല തുരന്നു വീടുണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. കുഴപ്പക്കാരായി ഭൂമിയില്‍ നാശമുണ്ടാക്കരുത്.”

അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ അവരിലെ ദുര്‍ബലരോട് അഥവാ അവരിലെ വിശ്വസിച്ചവരോട് ചോദിച്ചു: "സ്വാലിഹ് തന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ തന്നെയാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?” അവര്‍ അറിയിച്ചു: "അദ്ദേഹം ഞങ്ങളിലേക്കു വന്നത് ഏതൊരു സന്ദേശവുമായാണോ അതില്‍ വിശ്വസിച്ചവരാണ് ഞങ്ങള്‍; സംശയമില്ല.”

ആ അഹങ്കാരികള്‍ പറഞ്ഞു: "നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ അതിനെ നിഷേധിക്കുന്നവരാണ് ഞങ്ങള്‍.”

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തു. തങ്ങളുടെ നാഥന്റെ കല്‍പനയെ ധിക്കരിച്ചു. അവര്‍ പറഞ്ഞു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ ദൈവദൂതനെങ്കില്‍!”

പെട്ടെന്നൊരു പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ മരിച്ചുവീണവരായി കാണപ്പെട്ടു.

സ്വാലിഹ് അവരെ വിട്ടുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തന്നു. നിങ്ങള്‍ക്കു നന്മ വരട്ടെയെന്നാഗ്രഹിച്ചു. പക്ഷേ, ഗുണകാംക്ഷികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.”

ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തി യിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്?

"നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.”

എന്നാല്‍ അദ്ദേഹത്തിന്റെ ജനത്തിന്റെ മറുപടി ഇത്രമാത്രമായിരുന്നു: "ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക. ഇവര്‍ വല്ലാത്ത വിശുദ്ധന്മാര്‍ തന്നെ!”

അപ്പോള്‍ ലൂത്തിനെയും കുടുംബത്തേയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവള്‍ പിന്മാറിനിന്നവരില്‍ പെട്ടവളായിരുന്നു.

നാം ആ ജനതക്കുമേല്‍ പേമാരി പെയ്യിച്ചു. നോക്കൂ: എവ്വിധമായിരുന്നു ആ പാപികളുടെ പരിണതിയെന്ന്!

മദ്യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തിവെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം.”

ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗ്ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.

ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിയോഗിതനായിരിക്കുന്നത് അതില്‍ നിങ്ങളിലൊരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുംവരെ ക്ഷമിക്കുക. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവന്‍ തന്നെ.

അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: "ശുഐബേ, നിന്നെയും നിന്നോടൊപ്പമുള്ള വിശ്വാസികളെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും; ഉറപ്പ്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരിക തന്നെ വേണം.” അദ്ദേഹം ചോദിച്ചു: "ഞങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കിലും?

"അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന് രക്ഷപ്പെടുത്തി.അതിലേക്കു തന്നെ തിരിച്ചു വരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ.”

അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "നിങ്ങള്‍ ശുഐബിനെ പിന്‍പറ്റിയാല്‍ ഉറപ്പായും നിങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.”

അപ്പോള്‍ ഘോരമായ പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ ചേതനയറ്റ് കമിഴ്ന്നു വീണുകിടക്കുന്നവരായിത്തീര്‍ന്നു.

ശുഐബിനെ തള്ളിപ്പറഞ്ഞവരുടെ അവസ്ഥ അവരവിടെ പാര്‍ത്തിട്ടുപോലുമില്ലാത്തവിധം ആയിത്തീര്‍ന്നു. ശുഐബിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.

ശുഐബ് അവരെ വിട്ടുപോയി. അന്നേരം അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, ഞാനെന്റെ നാഥന്റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചുതന്നു. നിങ്ങളോടു ഗുണകാംക്ഷ പുലര്‍ത്തി. അതിനാല്‍ സത്യനിഷേധികളായ ജനത്തിന്റെ പേരില്‍ എനിക്കെങ്ങനെ ഖേദമുണ്ടാകും?”

നാം പ്രവാചകനെ നിയോഗിച്ച ഒരു നാട്ടിലെയും നിവാസികളെ പ്രയാസവും പ്രതിസന്ധിയും കൊണ്ട് പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനീതരാവാന്‍ വേണ്ടിയാണത്.

പിന്നീട് നാം അവരുടെ ദുഃസ്ഥിതി സുസ്ഥിതിയാക്കി മാറ്റി. അവര്‍ അഭിവൃദ്ധിപ്പെടുവോളം. അങ്ങനെ അവര്‍ പറഞ്ഞു: "ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും ദുരിതവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ.” അപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല.

അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചുതള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി.

എന്നാല്‍ അന്നാട്ടുകാര്‍, രാത്രിയില്‍ അവര്‍ ഉറക്കിലായിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിപ്പോയോ?

അല്ലെങ്കില്‍, അവിടത്തെയാളുകള്‍ പകല്‍വേളയില്‍ വിനോദ വൃത്തികളിലായിരിക്കെ, നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിരിക്കയാണോ?

അങ്ങനെ അവര്‍ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റിത്തന്നെ നിര്‍ഭയരായിരിക്കയാണോ? എന്നാല്‍ അറിയുക: നശിച്ച ജനമല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാവുകയില്ല.

നേരത്തെ ഭൂമിയില്‍ വസിച്ചിരുന്നവര്‍ക്കുശേഷം അതില്‍ അനന്തരാവകാശികളായി വന്നവര്‍ മനസ്സിലാക്കുന്നില്ലയോ, നാം ഇച്ഛിക്കുന്നുവെങ്കില്‍ അവരെയും തങ്ങളുടെ പാപങ്ങളുടെ പേരില്‍ നമ്മുടെ ശിക്ഷ ബാധിക്കുമെന്ന്. നാം അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെക്കും. അതോടെ അവരൊന്നും കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.

ആ നാടുകളെ സംബന്ധിച്ച ചില വിവരങ്ങള്‍ നാം നിനക്ക് പറഞ്ഞു തരികയാണ്: അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു വന്നു. എന്നിട്ടും അവര്‍ നേരത്തെ നിഷേധിച്ചു തള്ളിയതില്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. ഇവ്വിധം നാം സത്യനിഷേധികളുടെ മനസ്സുകള്‍ക്ക് മുദ്രവെക്കും.

അവരിലേറെ പേരെയും കരാര്‍ പാലിക്കുന്നവരായി നാം കണ്ടില്ല. അവരിലേറെ പേരെയും അധര്‍മികളായാണ് നാം കണ്ടത്.

പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നാം നമ്മുടെ തെളിവുകളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അവരും നമ്മുടെ തെളിവുകളോട് അനീതി ചെയ്തു. നോക്കൂ! ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.

മൂസാ പറഞ്ഞു: "ഫിര്‍ഔന്‍, ഉറപ്പായും ഞാന്‍ പ്രപഞ്ചനാഥനില്‍ നിന്നുള്ള ദൂതനാണ്.

"അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുമായാണ് ഞാന്‍ നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രയേല്‍ മക്കളെ എന്നോടൊപ്പം അയക്കുക.”

ഫറവോന്‍ പറഞ്ഞു: "നീ തെളിവുമായാണ് വന്നതെങ്കില്‍ അതിങ്ങു കൊണ്ടുവാ; നീ സത്യവാനെങ്കില്‍!”

അപ്പോള്‍ മൂസാ തന്റെ വടി നിലത്തിട്ടു. ഉടനെ അത് പൂര്‍ണാര്‍ഥത്തില്‍ ഒരു പാമ്പായി മാറി.

അദ്ദേഹം തന്റെ കൈ പുറത്തെടുത്തു. അപ്പോഴത് കാണുന്നവര്‍ക്കൊക്കെ വെളുത്തു തിളങ്ങുന്നതായിത്തീര്‍ന്നു.

ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: "സംശയമില്ല; ഇവനൊരു പഠിച്ച മായാജാലക്കാരന്‍ തന്നെ.”

"നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കാനാണ് ഇവനാഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത്?”

അവര്‍ പറഞ്ഞു: "ഇവനും ഇവന്റെ സഹോദരനും ഇവിടെ നില്‍ക്കട്ടെ. എന്നിട്ടു വിളിച്ചുകൂട്ടുവാന്‍ കഴിയുന്നവരെയെല്ലാം നഗരങ്ങളിലേക്കയക്കുക.

"അവര്‍ വിവരമുള്ള മായാജാലക്കാരെയൊക്കെ അങ്ങയുടെ സന്നിധിയില്‍ കൊണ്ടുവരട്ടെ.”

ജാലവിദ്യക്കാര്‍ ഫറവോന്റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: " ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് മികച്ച പ്രതിഫലമുണ്ടാകുമെന്ന് ഉറപ്പാണല്ലോ.”

ഫറവോന്‍ പറഞ്ഞു: "അതെ ഉറപ്പായും. അതോടൊപ്പം നിങ്ങള്‍ നമ്മുടെ സ്വന്തക്കാരായി മാറുകയും ചെയ്യും.”

മായാജാലക്കാര്‍ പറഞ്ഞു: "മൂസാ, ഒന്നുകില്‍ നീ ആദ്യം വടിയെറിയുക. അല്ലെങ്കില്‍ ഞങ്ങളെറിയാം.”

മൂസാ പറഞ്ഞു: "നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക.” അവര്‍ വടിയെറിഞ്ഞു. അവര്‍ ആളുകളുടെ കണ്ണുകളെ മാരണം ചെയ്യുകയും അവരില്‍ ഭീതിയുണര്‍ത്തുകയും ചെയ്തു. ഗംഭീരമായ മായാജാലമാണ് അവര്‍ കാണിച്ചത്.

മൂസായോട് നാം നിര്‍ദേശിച്ചു: "നീ നിന്റെ വടിയെറിയുക.” അതൊരു പാമ്പായി അവരുടെ മായാജാലത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങി.

അങ്ങനെ സത്യം സ്ഥാപിതമായി. അവര്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം പാഴാവുകയും ചെയ്തു.

അവ്വിധം അവിടെ വെച്ചവര്‍ പരാജിതരായി. നന്നെ നിന്ദ്യരായിത്തീരുകയും ചെയ്തു.

അതോടെ ആ മായാജാലക്കാര്‍ സാഷ്ടാംഗംചെയ്തു വീണു.

അവര്‍ പറഞ്ഞു: "ഞങ്ങളിതാ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.

"മൂസായുടെയും ഹാറൂന്റെയും നാഥനില്‍.”

ഫറവോന്‍ പറഞ്ഞു: "ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ? സംശയമില്ല; ഇതൊരു കൊടുംവഞ്ചന തന്നെ. ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത്. അതിനാല്‍ ഇതിന്റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു.

"ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ ഒന്നിനൊന്ന് വിപരീതമായി വെട്ടിമുറിക്കുക തന്നെ ചെയ്യും. പിന്നെ നിങ്ങളെയൊക്കെ ഞാന്‍ കുരിശിലേറ്റും; തീര്‍ച്ച.”

അവര്‍ പറഞ്ഞു: "ഉറപ്പായും ഞങ്ങളുടെ നാഥങ്കലേക്കാണ് ഞങ്ങള്‍ക്ക് മടങ്ങിച്ചെല്ലാനുള്ളത്.

"ഞങ്ങളുടെ നാഥന്റെ തെളിവുകള്‍ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. അതിന്റെ പേരില്‍ മാത്രമാണല്ലോ താങ്കള്‍ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ; ഞങ്ങള്‍ക്കു നീ ക്ഷമ നല്‍കേണമേ! ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ!”

ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: "നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും തള്ളിപ്പറയാനും അങ്ങ് മൂസായെയും അവന്റെ ആള്‍ക്കാരെയും സ്വതന്ത്രമായി വിടുകയാണോ?” ഫറവോന്‍ പറഞ്ഞു: "നാം അവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടും. തീര്‍ച്ചയായും നാം അവരുടെ മേല്‍ മേധാവിത്വമുള്ളവരായിരിക്കും.”

മൂസാ തന്റെ ജനതയോടു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവനതിന്റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാര്‍ക്കാണ്.”

അവര്‍ പറഞ്ഞു: "താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനുമുമ്പ് ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കള്‍ വന്നശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണല്ലോ.” മൂസാ പറഞ്ഞു: "നിങ്ങളുടെ നാഥന്‍ നിങ്ങളുടെ എതിരാളിയെ നശിപ്പിച്ചേക്കാം. അങ്ങനെ നിങ്ങളെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തേക്കാം. അപ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കും.”

ഫറവോന്റെ ആള്‍ക്കാരെ കൊല്ലങ്ങളോളം നാം ക്ഷാമത്തിലും വിളക്കമ്മിയിലുമകപ്പെടുത്തി. അവര്‍ ബോധവാന്മാരാകുമോയെന്ന് നോക്കാന്‍.

അങ്ങനെ, വല്ല നന്മയും വന്നാല്‍ അവര്‍ പറയും: "ഇതു നാം അര്‍ഹിക്കുന്നതുതന്നെ.” വല്ല വിപത്തും ബാധിച്ചാല്‍ അതിനെ മൂസായുടെയും കൂടെയുള്ളവരുടെയും ദുശ്ശകുനമായി കാണുകയും ചെയ്യും. അറിയുക: അവരുടെ ശകുനം അല്ലാഹുവിന്റെ അടുക്കല്‍ തന്നെയാണ്. പക്ഷേ, അവരിലേറെപേരും അറിയുന്നില്ല.

അവര്‍ പറഞ്ഞു: "ഞങ്ങളെ മായാജാലത്തിലകപ്പെടുത്താനായി എന്ത് വിദ്യ കൊണ്ടുവന്നാലും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല.”

അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നു അവര്‍.

അവര്‍ക്ക് വിപത്ത് വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "മൂസാ, നിന്റെ നാഥന്‍ നിനക്കു നല്‍കിയ ഉറപ്പനുസരിച്ച് നീ ഞങ്ങള്‍ക്കുവേണ്ടി അവനോട് പ്രാര്‍ഥിക്കുക. അങ്ങനെ ഞങ്ങളില്‍ നിന്ന് ഈ വിപത്തുകള്‍ നീക്കിത്തന്നാല്‍ ഉറപ്പായും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കും. നിന്റെ കൂടെ ഇസ്രയേല്‍ മക്കളെ അയക്കുകയും ചെയ്യും.”

എന്നാല്‍, അവരെത്തേണ്ട നിശ്ചിത അവധിവരെ നാം അവരില്‍ നിന്ന് എല്ലാ വിപത്തുകളും ഒഴിവാക്കി. അപ്പോള്‍ അവരെല്ലാം ആ വാക്ക് ലംഘിക്കുകയാണുണ്ടായത്.

അതിനാല്‍ നാം അവരോട് പ്രതികാരം ചെയ്തു. നാം അവരെ കടലില്‍ മുക്കിക്കൊന്നു. അവര്‍ നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.

മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രയേല്‍ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമ പാലിച്ചതിനാലാണിത്. ഫറവോനും അവന്റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു.

ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹപൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: "മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക.” മൂസാ പറഞ്ഞു: "നിങ്ങളൊരു വിവരംകെട്ട ജനം തന്നെ.”

ഇക്കൂട്ടര്‍ അവലംബങ്ങളാക്കിയവയെല്ലാം നശിക്കാനുള്ളതാണ്. അവര്‍ ചെയ്തുപോരുന്നതോ നിഷ്ഫലവും.

മൂസാ പറഞ്ഞു: "അല്ലാഹു അല്ലാത്ത വേറെ ദൈവത്തെ ഞാന്‍ നിങ്ങള്‍ക്കായി തേടുകയോ? ലോകരിലാരെക്കാളും നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനായിരിക്കെ.”

ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന് നാം നിങ്ങളെ രക്ഷിച്ചതോര്‍ക്കുക: അവര്‍ നിങ്ങളെ പീഡനങ്ങളേല്‍പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍കുട്ടികളെ അവര്‍ അറുകൊല നടത്തി. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിട്ടു. അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു.

മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി. അങ്ങനെ തന്റെ നാഥന്‍ നിശ്ചയിച്ച നാല്‍പത് നാള്‍ തികഞ്ഞു. മൂസാ തന്റെ സഹോദരന്‍ ഹാറൂനോട് പറഞ്ഞു: "എനിക്കു പിറകെ നീ എന്റെ ജനത്തിന് എന്റെ പ്രതിനിധിയാവണം. നല്ല നിലയില്‍ വര്‍ത്തിക്കണം. കുഴപ്പക്കാരുടെ വഴിയെ പോകരുത്.”

നാം നിശ്ചയിച്ച സമയത്ത് മൂസാ വന്നു. തന്റെ നാഥന്‍ അദ്ദേഹത്തോട് സംസാരിച്ചു. അപ്പോള്‍ മൂസാ പറഞ്ഞു: "എന്റെ നാഥാ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ! ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ.” അല്ലാഹു പറഞ്ഞു: "നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് സ്വസ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും.” അങ്ങനെ അദ്ദേഹത്തിന്റെ നാഥന്‍ പര്‍വതത്തിന് പ്രത്യക്ഷമായപ്പോള്‍ അവനതിനെ പൊടിയാക്കി. മൂസാ ബോധംകെട്ടു വീഴുകയും ചെയ്തു. പിന്നീട് ബോധമുണര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീയെത്ര പരിശുദ്ധന്‍. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമനാകുന്നു.”

അല്ലാഹു പറഞ്ഞു: "മൂസാ, ഞാനെന്റെ സന്ദേശങ്ങളാലും സംഭാഷണങ്ങളാലും മറ്റെല്ലാ മനുഷ്യരെക്കാളും പ്രാധാന്യം നല്‍കി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്കു തന്നതൊക്കെ മുറുകെപ്പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യുക.”

സകലസംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങളും നാം മൂസാക്ക് ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: "അവയെ മുറുകെപ്പിടിക്കുക. അവയിലെ ഏറ്റം നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. അധര്‍മകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.”

ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരെ ഞാനെന്റെ വചനങ്ങളില്‍ നിന്ന് തെറ്റിച്ചുകളയും. എന്തു തെളിവു കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍വഴി കണ്ടാലും അവര്‍ ആ മാര്‍ഗം സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ അവര്‍ ആ പാത പിന്തുടരുകയും ചെയ്യും. നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.

നമ്മുടെ വചനങ്ങളെയും പരലോകത്തെ അഭിമുഖീകരിക്കുമെന്നതിനെയും തള്ളിപ്പറയുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്ക് കിട്ടുമോ?

മൂസാ പോയശേഷം അദ്ദേഹത്തിന്റെ ജനത തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ രൂപമുണ്ടാക്കി. അത് അവരോട് സംസാരിക്കുന്നില്ലെന്നും അതവരെ നേര്‍വഴിയില്‍ നയിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ? എന്നിട്ടും അവരതിനെ ദൈവമാക്കി. അവര്‍ കടുത്ത അക്രമികള്‍ തന്നെ.

പിന്നീട് അവര്‍ക്ക് കുറ്റവിചാരമുണ്ടാവുകയും തങ്ങള്‍ പിഴച്ചുപോയതായി അവര്‍ കണ്ടറിയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ നാഥന്‍ ഞങ്ങളോടു കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകും.”

മൂസാ കുപിതനും ദുഃഖിതനുമായി തന്റെ ജനതയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം പറഞ്ഞു: "എനിക്ക് പിറകെ എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം വളരെ ചീത്ത തന്നെ. നിങ്ങളുടെ നാഥന്റെ വിധി വരാന്‍ കാത്തിരിക്കാതെ നിങ്ങള്‍ ധൃതി കാണിച്ചോ?” അദ്ദേഹം ഫലകം നിലത്തെറിഞ്ഞു. സഹോദരന്റെ തല തന്റെ നേരെ പിടിച്ചുവലിച്ചു. സഹോദരന്‍ പറഞ്ഞു: "എന്റെ മാതാവിന്റെ മകനേ, ഈ ജനം എന്നെ കഴിവുകെട്ടവനായിക്കണ്ടു. അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി. അതിനാല്‍ എതിരാളികള്‍ക്ക് എന്നെ നോക്കിച്ചിരിക്കാന്‍ ഇടവരുത്താതിരിക്കുക. അക്രമികളായ ജനത്തിന്റെ കൂട്ടത്തില്‍ എന്നെ പെടുത്താതിരിക്കുക.”

മൂസാ പറഞ്ഞു: "എന്റെ നാഥാ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരേണമേ. ഞങ്ങളെ നീ നിന്റെ അനുഗ്രഹത്തിന് അര്‍ഹരാക്കേണമേ. നീ പരമകാരുണികനല്ലോ.”

പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക.

ദുര്‍വൃത്തികള്‍ ചെയ്തശേഷം പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തവരോട് നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.

മൂസായുടെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം ആ ഫലകങ്ങളെടുത്തു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍ക്ക് ആ രേഖാഫലകത്തില്‍ മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണുണ്ടായിരുന്നത്.

നാം നിശ്ചയിച്ച സമയത്ത് തന്റെ കൂടെ ഹാജരാകാന്‍ മൂസാ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് എഴുപതുപേരെ തെരഞ്ഞെടുത്തു. പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്ന പ്രകമ്പനം അവരെ പിടികൂടി. അപ്പോള്‍ മൂസാ പറഞ്ഞു: "എന്റെ നാഥാ, നീ ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെതന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലെ ഏതാനും വിഡ്ഢികള്‍ പ്രവര്‍ത്തിച്ച പാപത്തിന്റെ പേരില്‍ നീ ഞങ്ങളെയൊക്കെ നശിപ്പിക്കുകയാണോ? നിന്റെ ഒരു പരീക്ഷണമല്ലാതൊന്നുമല്ലിത്. അതുവഴി നീ ഇച്ഛിച്ചവരെ നീ വഴികേടിലാക്കുന്നു. നീ ഇച്ഛിച്ചവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. പൊറുക്കുന്നവരില്‍ അത്യുത്തമന്‍ നീയാണല്ലോ.

"ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.” അല്ലാഹു അറിയിച്ചു: "എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു.”

തങ്ങളുടെ വശമുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍.

പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം.

മൂസായുടെ ജനതയില്‍തന്നെ സത്യമനുസരിച്ച് നേര്‍വഴി കാട്ടുകയും അതിനനുസരിച്ച് നീതി നടത്തുകയും ചെയ്യുന്ന ഒരു സമുദായമുണ്ട്.

അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി വിഭജിച്ചു. മൂസായോട് അദ്ദേഹത്തിന്റെ ജനത കുടിവെള്ളം ചോദിച്ചു. അപ്പോള്‍ നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു: "നീ നിന്റെ വടികൊണ്ട് പാറക്കല്ലില്‍ അടിക്കുക.” അങ്ങനെ അതില്‍നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. ഓരോ വിഭാഗത്തിനും തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലമേതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അവര്‍ക്കു നാം കാര്‍മേഘംകൊണ്ട് തണലേകി. മന്നായും സല്‍വായും ഇറക്കിക്കൊടുത്തു. നാം നിര്‍ദേശിച്ചു: "നാം നിങ്ങള്‍ക്കു നല്‍കിയ ഉത്തമ പദാര്‍ഥങ്ങളില്‍നിന്ന് തിന്നുകൊള്ളുക.” തങ്ങളുടെ ചെയ്തികളിലൂടെ അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവരെത്തന്നെയാണ് അവര്‍ ദ്രോഹിച്ചുകൊണ്ടിരുന്നത്.

അവരോടിങ്ങനെ പറഞ്ഞതോര്‍ക്കുക: "നിങ്ങള്‍ ഈ പട്ടണത്തില്‍ പാര്‍ക്കുകയും ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ളേടത്തുനിന്ന് തിന്നുകയും ചെയ്യുക. നിങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. പട്ടണ കവാടത്തിലൂടെ പ്രണമിക്കുന്നവരായി പ്രവേശിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരും. നല്ലവര്‍ക്ക് നാം കൂടുതല്‍ നല്‍കും.

എന്നാല്‍ അവരോട് പറഞ്ഞതിനെ അവരിലെ അക്രമികള്‍ മാറ്റിമറിച്ചു. അങ്ങനെ അവര്‍ അക്രമം കാണിച്ചു. തദ്ഫലമായി നാം അവരുടെമേല്‍ ഉപരിലോകത്തുനിന്ന് ശിക്ഷ അയച്ചു.

സമുദ്ര തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ ഇവരോടൊന്നു ചോദിച്ചുനോക്കൂ. സാബത്ത് ദിനാചരണത്തില്‍ അവര്‍ അതിക്രമം കാണിച്ച കാര്യം. സാബത്ത് ദിനത്തില്‍ അവര്‍ക്കാവശ്യമായ മത്സ്യങ്ങള്‍ ജലപ്പരപ്പില്‍ അവരുടെയടുത്ത് കൂട്ടമായി വന്നതും സാബത്ത് ആചരിക്കേണ്ടാത്ത ദിനങ്ങളില്‍ അവ അവരുടെ അടുത്ത് വരാതിരുന്നതുമായ കാര്യം. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാം അവരെ അവ്വിധം പരീക്ഷിക്കുകയായിരുന്നു.

അവരില്‍ ഒരു വിഭാഗം ഇങ്ങനെ പറഞ്ഞതോര്‍ക്കുക: "അല്ലാഹു നിശ്ശേഷം നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ജനത്തെ നിങ്ങളെന്തിന് ഉപദേശിക്കുന്നു?” അവര്‍ മറുപടി പറഞ്ഞു: "നിങ്ങളുടെ നാഥന്റെ അടുത്ത് ഞങ്ങള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ന്യായം ബോധിപ്പിക്കാന്‍. ഒരുവേള അവര്‍ സൂക്ഷ്മതയുള്ളവരായേക്കാമല്ലോ.”

അങ്ങനെ അവരെ ഓര്‍മിപ്പിച്ചിരുന്ന ഉപദേശം അവര്‍ പൂര്‍ണമായും മറന്നപ്പോള്‍, തിന്മകള്‍ തടഞ്ഞിരുന്നവരെ നാം രക്ഷപ്പെടുത്തി. അതിക്രമം കാണിച്ചവരെയെല്ലാം അവരുടെ പാപവൃത്തികളുടെ പേരില്‍ കൊടും ശിക്ഷയാല്‍ പിടികൂടുകയും ചെയ്തു.

അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര്‍ ധിക്കാരം കാണിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: "നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ.”

നിന്റെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെനേരെ അന്ത്യനാള്‍ വരെയും അവന്‍ നിയോഗിച്ചുകൊണ്ടിരിക്കും. നിന്റെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും.

ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അവരില്‍ സജ്ജനങ്ങളുണ്ട്. നേരെമറിച്ചുള്ളവരുമുണ്ട്. നാം അവരെ ഗുണദോഷങ്ങളാല്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള അവര്‍ തിരിച്ചുവന്നെങ്കിലോ.

പിന്നീട് അവര്‍ക്കുപിറകെ അവരുടെ പിന്‍ഗാമികളായി ഒരു വിഭാഗം വന്നു. അവര്‍ വേദഗ്രന്ഥം അനന്തരമെടുത്തു. ഈ അധമലോകത്തിന്റെ വിഭവങ്ങളാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. “ഞങ്ങള്‍ക്ക് ഇതൊക്കെ പൊറുത്തുകിട്ടു”മെന്ന് അവര്‍ പറയുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഐഹികവിഭവങ്ങള്‍ വീണ്ടും വന്നുകിട്ടിയാല്‍ അതവര്‍ വാരിപ്പുണരും. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് കരാര്‍ വാങ്ങുകയും അതിലുള്ളത് അവര്‍ പഠിച്ചറിയുകയും ചെയ്തിട്ടില്ലേ? പരലോക ഭവനമാണ് ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ?

വേദഗ്രന്ഥം മുറുകെപ്പിടിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്ന സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തുകയില്ല; തീര്‍ച്ച.

ഓര്‍ക്കുക: നാം അവര്‍ക്കുമീതെ മലയെ കുടയായി പിടിച്ചു. അത് തങ്ങളുടെ മേല്‍ വീഴുമെന്ന് അവര്‍ കരുതി. അപ്പോള്‍ നാം പറഞ്ഞു: "നാം നിങ്ങള്‍ക്കു നല്‍കിയത് മുറുകെപ്പിടിക്കുക. അതിലുള്ളത് ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.”

നിന്റെ നാഥന്‍ ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം. അവന്‍ ചോദിച്ചു: "നിങ്ങളുടെ നാഥന്‍ ഞാനല്ലയോ?” അവര്‍ പറഞ്ഞു: "അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ “ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു”വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്.

അല്ലെങ്കില്‍ നിങ്ങളിങ്ങനെയും പറയാതിരിക്കാനാണ്: "വളരെ മുമ്പുതന്നെ ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തിരുന്നു. അവര്‍ക്കു ശേഷം വന്ന അവരുടെ പിന്മുറക്കാര്‍ മാത്രമാണ് ഞങ്ങള്‍. എന്നിട്ടും ആ ദുരാചാരികള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഞങ്ങളെ ശിക്ഷിക്കുകയോ?”

ഇവ്വിധം നാം തെളിവുകള്‍ വിശദമായി വിവരിച്ചുതരുന്നു. ഒരുവേള അവര്‍ തിരിച്ചുവന്നെങ്കിലോ.

ആ ഒരുവന്റെ വിവരം നീ അവരെ വായിച്ചു കേള്‍പ്പിക്കുക. നാം അയാള്‍ക്ക് നമ്മുടെ വചനങ്ങള്‍ നല്‍കി. എന്നിട്ടും അയാള്‍ അതില്‍നിന്നൊഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അവന്റെ പിറകെകൂടി. അങ്ങനെ അവന്‍ വഴികേടിലായി.

നാം ഇച്ഛിച്ചിരുന്നെങ്കില്‍ ആ വചനങ്ങളിലൂടെത്തന്നെ നാമവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അയാള്‍ ഭൂമിയോട് ഒട്ടിച്ചേര്‍ന്ന് തന്നിഷ്ടത്തെ പിന്‍പറ്റുകയാണുണ്ടായത്. അതിനാല്‍ അയാളുടെ ഉപമ ഒരു നായയുടേതാണ്. നീ അതിനെ ദ്രോഹിച്ചാല്‍ അത് നാക്ക് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് നീട്ടിയിടും. നമ്മുടെ വചനങ്ങളെ കള്ളമാക്കിയ ജനത്തിന്റെ ഉദാഹരണവും ഇതുതന്നെ. അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിശദീകരിച്ചുകൊടുക്കുക. ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ.

നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും തങ്ങള്‍ക്കുതന്നെ ദ്രോഹം വരുത്തിവെക്കുകയും ചെയ്യുന്നവരുടെ ഉപമ വളരെ ചീത്ത തന്നെ.

അല്ലാഹു നന്മയിലേക്കു നയിക്കുന്നവര്‍ മാത്രമാണ് നേര്‍വഴി പ്രാപിച്ചവര്‍. അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നവര്‍ നഷ്ടം പറ്റിയവരാണ്.

ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് പിഴച്ചവര്‍. അവര്‍ തന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവര്‍.

അല്ലാഹുവിന് അത്യുല്‍കൃഷ്ടമായ അനേകം നാമങ്ങളുണ്ട്. ആ നാമങ്ങളില്‍ തന്നെ നിങ്ങളവനെ വിളിച്ചു പ്രാര്‍ഥിക്കുക. അവന്റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ അവഗണിക്കുക. സംശയം വേണ്ട. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലം അവര്‍ക്ക് കിട്ടുക തന്നെ ചെയ്യും.

നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്.

എന്നാല്‍ നമ്മുടെ വചനങ്ങളെ തള്ളിക്കളയുന്നവരെ അവരറിയാതെ നാം ക്രമേണ പിടികൂടും.

നാം അവര്‍ക്ക് വീണ്ടും വീണ്ടും അവസരം കൊടുത്തുകൊണ്ടിരിക്കുകയാണ്. അറിയുക: തീര്‍ച്ചയായും നമ്മുടെ തന്ത്രം ഭദ്രം തന്നെ.

ഇക്കൂട്ടര്‍ ആലോചിച്ചറിഞ്ഞിട്ടില്ലേ; തങ്ങളുടെ കൂട്ടുകാരന് ഭ്രാന്തൊന്നുമില്ലെന്ന്. അദ്ദേഹം തെളിഞ്ഞ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.

ആകാശഭൂമികളുടെ ഭരണ സംവിധാനത്തെക്കുറിച്ച് അവര്‍ അല്‍പവും ആലോചിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ച ഒന്നിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അവരുടെ ജീവിതാവധി അടുത്തെത്തിയിരിക്കാമെന്നതിനെപ്പറ്റിയും? ഇനി ഈ ഖുര്‍ആനിനുശേഷം അതല്ലാത്ത ഏതൊരു സന്ദേശത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?

അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല. അവനവരെ തങ്ങളുടെ അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ വിട്ടിരിക്കയാണ്.

ആ അന്ത്യനിമിഷത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു: അതെപ്പോഴാണ് വന്നെത്തുകയെന്ന്. പറയുക: അതേക്കുറിച്ച അറിവ് എന്റെ നാഥന്റെ വശം മാത്രമേയുള്ളൂ. യഥാസമയം അവനാണത് വെളിപ്പെടുത്തുക. ആകാശഭൂമികളില്‍ അതുണ്ടാക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും. തീര്‍ത്തും യാദൃഛികമായാണ് അത് നിങ്ങളില്‍ വന്നെത്തുക. നീ അതേക്കുറിച്ച് ചുഴിഞ്ഞ് അന്വേഷിച്ചറിഞ്ഞവനാണെന്നപോലെ അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ. എങ്കിലും ഏറെപ്പേരും ഇതൊന്നുമറിയുന്നില്ല.

പറയുക: "ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൌതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.”

ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. ആ ഇണയോടൊത്ത് സംതൃപ്തി നേടാന്‍. അവന്‍ അവളെ പുണര്‍ന്നു. അങ്ങനെ അവള്‍ ഗര്‍ഭത്തിന്റെ ലഘുവായ ഭാരം വഹിച്ചു. അവള്‍ അതും ചുമന്നു നടന്നു. പിന്നീട് അതവള്‍ക്ക് ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: "ഞങ്ങള്‍ക്ക് നീ നല്ലൊരു കുഞ്ഞിനെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങളെന്നും നന്ദിയുള്ളവരായിരിക്കും.”

അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ലൊരു കുഞ്ഞിനെ കൊടുത്തു. അപ്പോള്‍ അവനവര്‍ക്ക് നല്‍കിയതില്‍ അവര്‍ അല്ലാഹുവിന് പങ്കുകാരെ സങ്കല്‍പിച്ചു. എന്നാല്‍ അവര്‍ സങ്കല്‍പിക്കുന്ന പങ്കാളികളില്‍നിന്നെല്ലാം അതീതനും ഉന്നതനുമാണ് അല്ലാഹു.

ഒന്നും പടച്ചുണ്ടാക്കാത്തവരെയാണോ അവര്‍ അവനില്‍ പങ്കാളികളാക്കുന്നത്? അവര്‍ തന്നെയും അല്ലാഹുവാല്‍ സൃഷ്ടിക്കപ്പെട്ടവരാണ്.

ഇവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്കാവില്ല. എന്തിനേറെ തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കു സാധ്യമല്ല.

നിങ്ങള്‍ ഇവരെ നേര്‍വഴിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും ഇവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല. നിങ്ങളിവരെ ക്ഷണിക്കുന്നതും വെറുതെ മൌനമവലംബിക്കുന്നതും നിങ്ങളെ സംബന്ധിച്ചേടത്തോളം സമമാണ്.

അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍, നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്. നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചുനോക്കൂ. നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളെങ്കില്‍!

അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ കാണാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; എന്നിട്ട് എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ. എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല.

ഈ വേദഗ്രന്ഥമിറക്കിയ അല്ലാഹുവാണ് എന്റെ രക്ഷകന്‍. അവന്‍ സജ്ജനങ്ങളെ സംരക്ഷിക്കുന്നു.

അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല.

നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ അതവര്‍ കേള്‍ക്കുക പോലുമില്ല. അവര്‍ നിന്റെ നേരെ നോക്കുന്നതായി നിനക്കു കാണാം. ഫലത്തിലോ അവരൊന്നും കാണുന്നില്ല.

നീ വിട്ടുവീഴ്ച കാണിക്കുക. നല്ലതു കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക.

പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവില്‍ ശരണം തേടുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

ദൈവഭക്തരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ പെട്ടെന്നുതന്നെ അവര്‍ അതേക്കുറിച്ച് ബോധവാന്മാരായിത്തീരുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും.

എന്നാല്‍ പിശാചുക്കളുടെ സഹോദരന്മാരെ അവര്‍ ദുര്‍മാര്‍ഗത്തിലൂടെ വിഹരിക്കാന്‍ വിടുന്നു. പിന്നെ അവരതിലൊട്ടും കുറവ് വരുത്തുകയില്ല.

നീ ഈ ജനത്തിന് ഒരു ദിവ്യാത്ഭുതവും കാണിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ പറയും: "നിനക്ക് സ്വയം തന്നെ ഒരു ദൃഷ്ടാന്തം തെരഞ്ഞെടുത്തുകൂടേ?” പറയുക: "എനിക്കെന്റെ നാഥനില്‍ നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള വ്യക്തമായ വചനങ്ങളാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണ്.”

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൌനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.

നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.

നിന്റെ നാഥന്റെ അടുത്തുള്ളവര്‍ അവനെ വണങ്ങുന്ന കാര്യത്തില്‍ ഒരിക്കലും അഹങ്കരിക്കാറില്ല. അവര്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു.
Icon