surah.translation .

ഖിയാമ


ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.

കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെ ക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.

മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്?

എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.

എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.

ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു.

കണ്ണ് അഞ്ചിപ്പോവുകയും,

ചന്ദ്രന്‍ കെട്ടുപോവുകയും,

സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.

അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.

ഇല്ല! ഒരു രക്ഷയുമില്ല.

അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും.

അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു.

എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു.

അവന്‍ എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി.

ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല.

അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.

അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.

തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.

എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.

പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.

അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും.

തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും.

മറ്റു ചില മുഖങ്ങളന്ന് കറുത്തിരുണ്ടവയായിരിക്കും.

തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു.

മാത്രമല്ല; ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും,

മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും,

ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും,

കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍.

അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം.

എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്കരിച്ചതുമില്ല.

മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.

അതുതന്നെയാണ് നിനക്ക് ഏറ്റം പറ്റിയതും ഉചിതവും.

അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും.

മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?

അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ?

പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു.

അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി.

അതൊക്കെ ചെയ്തവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ?