ترجمة سورة ص

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة ص باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

സ്വാദ്


സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

എന്നാല്‍ സത്യനിഷേധികള്‍ ഔദ്ധത്യത്തിലും കിടമത്സരത്തിലുമാണ്.

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാമവര്‍ അലമുറയിട്ടു. എന്നാല്‍ അത് രക്ഷപ്പെടാനുള്ള അവസരമായിരുന്നില്ല.

തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ.

"ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!"

പ്രമാണിമാര്‍ ഇങ്ങനെ പറഞ്ഞു സ്ഥലംവിട്ടു: "നിങ്ങള്‍ പോകൂ; നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കൂ. ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യുന്ന കാര്യം തന്നെ.

"അവസാനം വന്നെത്തിയ സമുദായത്തില്‍ ഇതേപ്പറ്റി ഞങ്ങളൊന്നും കേട്ടിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാണ്.

"നമുക്കിടയില്‍ നിന്ന് ഇവന്നാണോ ഉദ്ബോധനം ഇറക്കിക്കിട്ടിയത്?" എന്നാല്‍ അങ്ങനെയല്ല. ഇവര്‍ എന്റെ ഉദ്ബോധനത്തെ സംബന്ധിച്ച് തികഞ്ഞ സംശയത്തിലാണ്. ഇവര്‍ ഇതേവരെ നമ്മുടെ ശിക്ഷ ആസ്വദിക്കാത്തതിനാലാണിത്.

അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?

അതുമല്ലെങ്കില്‍ ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ആധിപത്യം ഇവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ ഇവരൊന്ന് കയറിനോക്കട്ടെ.

ഇവിടെയുള്ളത് ഒരു സൈനിക സംഘമാണ്. വിവിധ കക്ഷികളില്‍ നിന്നുള്ളവരാണ്. തോല്‍ക്കാന്‍പോകുന്ന ദുര്‍ബല സംഘം.

ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ആദും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ആണിയടിച്ചുറപ്പിച്ചിരുന്ന ഫറവോനും.

സമൂദ് സമുദായവും ലൂത്വിന്റെ ജനതയും ഐക്ക നിവാസികളും ഇതുതന്നെ ചെയ്തിട്ടുണ്ട്. അവരാണ് ആ സംഘങ്ങള്‍.

ദൈവദൂതന്മാരെ തള്ളിപ്പറയാത്ത ആരും അവരിലില്ല. അതിനാല്‍ എന്റെ ശിക്ഷ അനിവാര്യമായിത്തീര്‍ന്നു.

ഒരൊറ്റ ഘോരഗര്‍ജനം മാത്രമാണ് ഇക്കൂട്ടര്‍ കാത്തിരിക്കുന്നത്. അതിനുശേഷം കാലതാമസമുണ്ടാവില്ല.

ഇവര്‍ പറയുന്നു: "ഞങ്ങളുടെ നാഥാ, വിചാരണ നാളിനു മുമ്പുതന്നെ ഞങ്ങള്‍ക്കുള്ള ശിക്ഷയുടെ വിഹിതം ഞങ്ങള്‍ക്കു നീ വേഗം നല്‍കേണമേ."

ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. നമ്മുടെ കരുത്തനായ ദാസന്‍ ദാവൂദിന്റെ കഥ ഇവര്‍ക്കു പറഞ്ഞുകൊടുക്കുക: തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങിയവനാണ്.

മലകളെ നാം അദ്ദേഹത്തിന് അധീനപ്പെടുത്തി. അങ്ങനെ വൈകുന്നേരവും രാവിലെയും അവ അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനം ചെയ്യാറുണ്ടായിരുന്നു.

ഒരുമിച്ചു പറക്കുന്ന പറവകളെയും നാം അദ്ദേഹത്തിനു വിധേയമാക്കി. എല്ലാം അവന്റെ സങ്കീര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു.

അദ്ദേഹത്തിന്റെ ആധിപത്യം നാം ഭദ്രമാക്കി. അദ്ദേഹത്തിനു നാം തത്ത്വജ്ഞാനം നല്‍കി. തീര്‍പ്പുകല്‍പിക്കാന്‍ പോന്ന സംസാരശേഷിയും.

മതില്‍ കയറി മറിഞ്ഞ് ചാടിവന്ന ആ വഴക്കിടുന്ന കക്ഷികളുടെ വാര്‍ത്ത നിനക്കു വന്നെത്തിയിട്ടുണ്ടോ?

അവര്‍ ദാവൂദിന്റെ അടുത്തുകടന്നു ചെന്ന സന്ദര്‍ഭം! അദ്ദേഹം അവരെക്കണ്ട് പരിഭ്രാന്തനായി. അവര്‍ പറഞ്ഞു: "പേടിക്കേണ്ട; തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് ഞങ്ങള്‍. ഞങ്ങളിലൊരുകൂട്ടര്‍ മറുകക്ഷിയോട് അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ന്യായമായ നിലയില്‍ തീര്‍പ്പുണ്ടാക്കണം. നീതികേട് കാട്ടരുത്. ഞങ്ങളെ നേര്‍വഴിയില്‍ നയിക്കുകയും വേണം.

"ഇതാ, ഇവനെന്റെ സഹോദരനാണ്. ഇവന്ന് തൊണ്ണൂറ്റൊമ്പത് പെണ്ണാടുണ്ട്. എനിക്കൊരു പെണ്ണാടും. എന്നിട്ടും ഇവന്‍ പറയുന്നു, അതുംകൂടി തനിക്ക് ഏല്‍പിച്ചുതരണമെന്ന്. വര്‍ത്തമാനത്തില്‍ ഇവനെന്നെ തോല്‍പിക്കുകയാണ്."

ദാവൂദ് പറഞ്ഞു: "തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന്‍ നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്." ദാവൂദിന് മനസ്സിലായി; നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നുവെന്ന്. അതിനാല്‍ അദ്ദേഹം തന്റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു മടങ്ങി.

അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ സന്നിധിയില്‍ അടുത്ത സ്ഥാനമുണ്ട്. ഉത്തമമായ പര്യവസാനവും.

അല്ലാഹു പറഞ്ഞു: "അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്."

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകശിക്ഷയുടെ കൊടുംനാശം.

അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?

നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാരശാലികള്‍ പാഠമുള്‍ക്കൊള്ളാനും.

ദാവൂദിനു നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാണ്.

കുതിച്ചുപായാന്‍ തയ്യാറായി നില്‍ക്കുന്ന മേത്തരം കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന സന്ദര്‍ഭം.

അപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഞാന്‍ ഈ സമ്പത്തിനെ സ്നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്." അങ്ങനെ ആ കുതിരകള്‍ മുന്നില്‍നിന്ന് പോയി മറഞ്ഞു.

അദ്ദേഹം കല്‍പിച്ചു: "നിങ്ങളവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക." എന്നിട്ട് അദ്ദേഹം അവയുടെ കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.

സുലൈമാനെയും നാം പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിട്ടു. പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി.

അദ്ദേഹം പറഞ്ഞു: "നാഥാ, എനിക്കു നീ പൊറുത്തുതരേണമേ! എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം നീ എനിക്കു നല്‍കേണമേ. നീ തന്നെയാണ് എല്ലാം തരുന്നവന്‍; തീര്‍ച്ച."

അപ്പോള്‍ നാം അദ്ദേഹത്തിന് കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു. താനിച്ഛിക്കുന്നേടത്തേക്ക് തന്റെ കല്‍പന പ്രകാരം അത് സൌമ്യമായി വീശിയിരുന്നു.

ചെകുത്താന്മാരെയും കീഴ്പെടുത്തിക്കൊടുത്തു. അവരിലെ എല്ലാ കെട്ടിട നിര്‍മാതാക്കളെയും മുങ്ങല്‍ വിദഗ്ധരെയും.

ചങ്ങലകളിട്ടു പൂട്ടിയ മറ്റു ചിലരെയും അധീനപ്പെടുത്തിക്കൊടുത്തു.

നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല.

സംശയമില്ല; അദ്ദേഹത്തിന് നമ്മുടെയടുത്ത് ഉറ്റ സാമീപ്യമുണ്ട്. മെച്ചപ്പെട്ട പര്യവസാനവും.

നമ്മുടെ ദാസന്‍ അയ്യൂബിനെ ഓര്‍ക്കുക: അദ്ദേഹം തന്റെ നാഥനെ വിളിച്ചിങ്ങനെ പറഞ്ഞു: "ചെകുത്താന്‍ എന്നെ ദുരിതവും പീഡനവും ഏല്‍പിച്ചല്ലോ."

നാം നിര്‍ദേശിച്ചു: "നിന്റെ കാലുകൊണ്ട് നിലത്തു ചവിട്ടുക. ഇതാ തണുത്ത വെള്ളം! കുളിക്കാനും കുടിക്കാനും."

അദ്ദേഹത്തിന് തന്റെ ആളുകളെയും അവരോടൊപ്പം അത്രതന്നെ വേറെ ആളുകളെയും നാം സമ്മാനിച്ചു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. വിചാരശാലികള്‍ക്ക് ഉദ്ബോധനമായും.

നാം പറഞ്ഞു: "നീ ഒരുപിടി പുല്ല് കയ്യിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. അങ്ങനെ ശപഥം പാലിക്കുക." സംശയമില്ല; നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു.

നമ്മുടെ ദാസന്മാരായ ഇബ്റാഹീം, ഇസ്ഹാഖ്, യഅ്്ഖൂബ് എന്നിവരെയും ഓര്‍ക്കുക: കൈക്കരുത്തും ദീര്‍ഘദൃഷ്ടിയുമുള്ളവരായിരുന്നു അവര്‍.

പരലോകസ്മരണ എന്ന വിശിഷ്ട ഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു.

സംശയമില്ല; അവര്‍ നമ്മുടെ അടുത്ത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരില്‍പെട്ടവരാണ്.

ഇസ്മാഈലിനെയും അല്‍യസഇനെയും ദുല്‍കിഫ്ലിനെയും ഓര്‍ക്കുക: ഇവരൊക്കെയും നല്ലവരായിരുന്നു.

ഇതൊരുദ്ബോധനമാണ്. തീര്‍ച്ചയായും ഭക്തജനത്തിന് മെച്ചപ്പെട്ട വാസസ്ഥലമുണ്ട്.

നിത്യവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയാണ്.

അവരവിടെ ചാരിയിരിക്കും. ധാരാളം പഴങ്ങളും പാനീയങ്ങളും യഥേഷ്ടം ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്ന സമപ്രായക്കാരായ തരുണികളുണ്ടായിരിക്കും.

ഇതത്രെ വിചാരണനാളില്‍ നിങ്ങള്‍ക്കു നല്‍കാമെന്ന് നാം വാഗ്ദാനം ചെയ്യുന്നത്.

സംശയമില്ല; നാം നല്‍കുന്ന ജീവിതവിഭവങ്ങളാണിവ. അതൊരിക്കലും തീര്‍ന്നുപോവുകയില്ല.

ഇതൊരവസ്ഥ. എന്നാല്‍ അതിക്രമികള്‍ക്ക് വളരെ ചീത്തയായ വാസസ്ഥലമാണുണ്ടാവുക.

നരകത്തീയാണത്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത സങ്കേതം.

ഇതാണവര്‍ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും.

ഇതുപോലുള്ള മറ്റു പലതരം ശിക്ഷകളും അവിടെയുണ്ട്.

അവരോട് അല്ലാഹു പറയും: "ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്." അപ്പോഴവര്‍ പറയും: "ഇവര്‍ക്ക് സ്വാഗതോപചാരമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ."

ആ കടന്നുവരുന്നവര്‍ പറയും: "അല്ല; നിങ്ങള്‍ക്കു തന്നെയാണ് സ്വാഗതോപചാരമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ ചീത്ത സങ്കേതം തന്നെയാണിത്."

അവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ശിക്ഷ വരുത്തിവെച്ചവര്‍ക്ക് നീ നരകത്തീയില്‍ ഇരട്ടി ശിക്ഷ നല്‍കേണമേ."

അവര്‍ പറയും: "നമുക്കെന്തു പറ്റി? ചീത്ത മനുഷ്യരെന്ന് നാം കരുതിയിരുന്ന പലരെയും ഇവിടെ കാണുന്നില്ലല്ലോ.

"നാം അവരെ പരിഹാസപാത്രമാക്കിയിരുന്നുവല്ലോ. അതല്ല അവര്‍ നമ്മുടെ കണ്ണില്‍പെടാത്തതാണോ?"

നരകവാസികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ച്ചയായും സംഭവിക്കാന്‍ പോവുന്നതു തന്നെയാണ്.

നബിയേ പറയുക: "ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവല്ലാതെ ദൈവമില്ല. അവന്‍ ഏകനാണ്. സര്‍വാധിപതിയും.

"ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും സംരക്ഷകനാണ്. പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും."

പറയുക: "ഇതൊരു മഹത്തായ സന്ദേശം തന്നെ.

"എന്നാല്‍ നിങ്ങളതിനെ അവഗണിക്കുന്നവരാണ്.

"അത്യുന്നതങ്ങളില്‍ വിശിഷ്ട സമൂഹം സംവാദം നടത്തിയ സന്ദര്‍ഭത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയുമായിരുന്നില്ല.

"അതേക്കുറിച്ച് എനിക്കു ബോധനം ലഭിച്ചത് ഞാന്‍ വ്യക്തമായൊരു മുന്നറിയിപ്പുകാരന്‍ എന്ന നിലക്കു മാത്രമാണ്."

നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: "ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.

"അങ്ങനെ ഞാനവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങളവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം."

അപ്പോള്‍ മലക്കുകളൊക്കെയും സാഷ്ടാംഗം പ്രണമിച്ചു.

ഇബ്ലീസൊഴികെ. അവന്‍ അഹങ്കരിച്ചു. അങ്ങനെ അവന്‍ സത്യനിഷേധിയായി.

അല്ലാഹു ചോദിച്ചു: "ഇബ്ലീസേ, ഞാനെന്റെ കൈകൊണ്ട് പടച്ചുണ്ടാക്കിയവന്ന് പ്രണമിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹങ്കരിച്ചോ? അതല്ല; നീ പൊങ്ങച്ചക്കാരില്‍പെട്ടുപോയോ?"

ഇബ്ലീസ് പറഞ്ഞു: "മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും."

അല്ലാഹു കല്‍പിച്ചു: "എങ്കില്‍ ഇവിടെ നിന്നിറങ്ങിപ്പോകണം. സംശയമില്ല; ഇനിമുതല്‍ ആട്ടിയോടിക്കപ്പെട്ടവനാണ് നീ.

"വിധിദിനം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്; തീര്‍ച്ച."

ഇബ്ലീസ് പറഞ്ഞു: "എന്റെ നാഥാ, എങ്കില്‍ അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നനാള്‍ വരെ നീ എനിക്കു അവസരം തരേണമേ."

അല്ലാഹു അറിയിച്ചു: "നീ അവസരം നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാണ്.

"നിശ്ചിതമായ ആ സമയം വന്നെത്തുന്ന ദിവസം വരെ."

ഇബ്ലീസ് പറഞ്ഞു: "നിന്റെ പ്രതാപമാണ് സത്യം. തീര്‍ച്ചയായും ഇവരെയൊക്കെ ഞാന്‍ വഴിപിഴപ്പിക്കും.

"ഇവരിലെ നിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ."

അല്ലാഹു പറഞ്ഞു: "എങ്കില്‍ സത്യം ഇതാണ്. സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ.

"നിന്നെയും നിന്നെ പിന്‍പറ്റിയ മറ്റെല്ലാവരെയുംകൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും."

പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല."

ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമാണ്.

നിശ്ചിത കാലത്തിനുശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങളറിയുക തന്നെ ചെയ്യും.
Icon