ترجمة سورة القلم

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة القلم باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ഖലം


നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.

നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.

നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.

നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.

വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും.

നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?

നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.

അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.

നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.

അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്.

അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍.

നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.

ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും.

അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും.

നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.”

അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും.

ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!

അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല.

അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.

അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി.

പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു:

"നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.”

അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു:

"ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.”

അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി.

എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: "നാം വഴി തെറ്റിയിരിക്കുന്നു.

"അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.”

കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: "നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?”

അവര്‍ പറഞ്ഞു: "നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.”

അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി.

അവര്‍ വിലപിച്ചു: "നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു.

"നമ്മുടെ നാഥന്‍ ഇതിനെക്കാള്‍ നല്ലത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നാം നമ്മുടെ നാഥനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു.”

ഇവ്വിധമാണ് ഇവിടത്തെ ശിക്ഷ. പരലോക ശിക്ഷയോ കൂടുതല്‍ കഠിനവും. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!

ഉറപ്പായും ദൈവ ഭക്തര്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.

അപ്പോള്‍ മുസ്ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക?

നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്.

അതല്ല, നിങ്ങളുടെ വശം വല്ല വേദപുസ്തകവുമുണ്ടോ? നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?

നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നിങ്ങള്‍ക്ക് അതിലുണ്ടെന്നോ?

അതല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിക്കുന്നതു തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ നിങ്ങള്‍ക്കുണ്ടോ?

അവരോട് ചോദിക്കുക: തങ്ങളില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നത്?

അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ പങ്കാളികളെ അവരിങ്ങ് കൊണ്ടുവരട്ടെ. അവര്‍ സത്യവാദികളെങ്കില്‍!

കണങ്കാല്‍ വെളിവാക്കപ്പെടുംനാള്‍; അന്നവര്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിളിക്കപ്പെടും. എന്നാല്‍ അവര്‍ക്കതിനു സാധ്യമാവില്ല.

അന്നവരുടെ നോട്ടം കീഴ്പോട്ടായിരിക്കും. അപമാനം അവരെ ആവരണം ചെയ്യും. നേരത്തെ അവര്‍ പ്രണാമമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരുന്നല്ലോ. അന്നവര്‍ സുരക്ഷിതരുമായിരുന്നു.

അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും.

നാമവര്‍ക്ക് സാവകാശം നല്‍കിയിരിക്കുകയാണ്. എന്റെ തന്ത്രം ഭദ്രം തന്നെ; തീര്‍ച്ച.

അല്ല; നീ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അവര്‍ കടബാധ്യതയാല്‍ കഷ്ടപ്പെടുകയാണോ?

അതല്ലെങ്കില്‍ അവരുടെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അവര്‍ അത് എഴുതിയെടുക്കുകയാണോ?

അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക. നീ ആ മത്സ്യക്കാരനെപ്പോലെ ആകരുത്. അദ്ദേഹം കൊടും ദുഃഖിതനായി പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക.

തന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹം രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ പാഴ്മണല്‍ക്കാട്ടില്‍ ആക്ഷേപിതനായി ഉപേക്ഷിക്കപ്പെടുമായിരുന്നു.

അവസാനം അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെ സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്തു.

ഈ ഉദ്ബോധനം കേള്‍ക്കുമ്പോള്‍ സത്യനിഷേധികള്‍ നീ നിന്റെ കാലിടറി വീഴുമാറ് നിന്നെ തുറിച്ചു നോക്കുന്നു. ഇവന്‍ ഒരു മുഴു ഭ്രാന്തന്‍ തന്നെയെന്ന് പുലമ്പുകയും ചെയ്യുന്നു.

എന്നാലിത് മുഴുലോകര്‍ക്കുമുള്ള ഒരുദ്ബോധനമല്ലാതൊന്നുമല്ല.
Icon