ترجمة سورة المؤمنون

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة المؤمنون باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

മുഅ്മിനൂന്


നിശ്ചയമായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു.

അവര്‍ തങ്ങളുടെ നമസ്കാരത്തില്‍ ഭക്തി പുലര്‍ത്തുന്നവരാണ്.

അനാവശ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണ്;

സകാത്ത് നല്‍കുന്നവരും.

തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരുമാണ്.

തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല.

എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവര്‍ അതിക്രമകാരികളാണ്.

ആ സത്യവിശ്വാസികള്‍ തങ്ങളുടെ ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കുന്നവരാണ്.

അവര്‍ തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്.

അവര്‍ തന്നെയാണ് അനന്തരാവകാശികള്‍.

പറുദീസ അനന്തരമെടുക്കുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.

മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു.

പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു.

അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.

പിന്നെ, ഇനി ഉറപ്പായും നിങ്ങള്‍ മരിക്കേണ്ടവരാണ്.

പിന്നീട് പുനരുത്ഥാനനാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകതന്നെ ചെയ്യും.

നിങ്ങള്‍ക്കുമീതെ നാം ഏഴു സഞ്ചാരപഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെ സംബന്ധിച്ച് നാമൊട്ടും അശ്രദ്ധനായിട്ടില്ല.

നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതുവറ്റിച്ചുകളയാനും നമുക്കു കഴിയും.

അങ്ങനെ ആ വെള്ളംവഴി നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളിയുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. നിങ്ങള്‍ക്കവയില്‍ ഒരുപാട് പഴങ്ങളുണ്ട്. നിങ്ങള്‍ അവയില്‍നിന്ന് ആഹരിച്ചുകൊണ്ടിരിക്കുന്നു.

സീനാമലയില്‍ മുളച്ചുവരുന്ന ഒരു മരവും നാമുണ്ടാക്കി. അത് എണ്ണയും ആഹരിക്കുന്നവര്‍ക്ക് കറിയും ഉല്‍പാദിപ്പിക്കുന്നു.

തീര്‍ച്ചയായും കന്നുകാലികളില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ ഉദരത്തിലുള്ളവയില്‍നിന്ന് നിങ്ങളെ നാം കുടിപ്പിക്കുന്നു. നിങ്ങള്‍ക്കവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. നിങ്ങളവയെ ഭക്ഷിക്കുകയും ചെയ്യുന്നു.

അവയുടെ പുറത്ത് നിങ്ങള്‍ യാത്രചെയ്യുന്നു. കപ്പലുകളിലും.

നൂഹിനെ നാം തന്റെ ജനതയിലേക്ക് ദൂതനായി അയച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. എന്നിട്ടും നിങ്ങള്‍ ഭക്തരാവുന്നില്ലേ?”

അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: "ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളെക്കാള്‍ വലുപ്പം നേടാന്‍ നോക്കുകയാണ് ഇവന്‍. സത്യത്തില്‍ ദൈവം ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കിത്തരുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയിലൊന്നും ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടേയില്ല.

"ഇയാള്‍ ഭ്രാന്തുബാധിച്ച ഒരാള്‍ മാത്രമാണ്. അതിനാല്‍ ഇയാളുടെ കാര്യത്തില്‍ നിങ്ങള്‍ ഇത്തിരികാലം കാത്തിരിക്കുക.”

നൂഹ് പ്രാര്‍ഥിച്ചു: "എന്റെ നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെനിക്കു തുണയായുണ്ടാകേണമേ.”

അപ്പോള്‍ നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്‍കി: "നമ്മുടെ മേല്‍നോട്ടത്തിലും നമ്മുടെ നിര്‍ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്‍പനവരും. അപ്പോള്‍ അടുപ്പില്‍നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെയും കൂട്ടി അതില്‍ കയറുക. നിന്റെ കുടുംബത്തെയും അതില്‍ കയറ്റുക. അവരില്‍ ചിലര്‍ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര്‍ മുങ്ങിയൊടുങ്ങാന്‍ പോവുകയാണ്.

"അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”

നീ വീണ്ടും പറയുക: “എന്റെ നാഥാ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ നീയാണല്ലോ.”

തീര്‍ച്ചയായും ആ സംഭവത്തില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. സംശയമില്ല; നാം പരീക്ഷണം നടത്തുന്നവന്‍ തന്നെ.

പിന്നീട് അവര്‍ക്കുപിറകെ നാം മറ്റൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവന്നു.

അങ്ങനെ അവരില്‍നിന്നു തന്നെയുള്ള ഒരു ദൂതനെ നാം അവരിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. എന്നിട്ടും നിങ്ങള്‍ ഭക്തരാവുന്നില്ലേ?”

അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: "ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു.

"നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെത്തന്നെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍, സംശയമില്ല; നിങ്ങള്‍ തീര്‍ത്തും നഷ്ടപ്പെട്ടവര്‍ തന്നെ.

"നിങ്ങള്‍ മരിക്കുകയും എല്ലും മണ്ണുമായി മാറുകയും ചെയ്താല്‍ പിന്നെയും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുമെന്നാണോ ഇവന്‍ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നത്?

"നിങ്ങള്‍ക്കു നല്‍കുന്ന ആ വാഗ്ദാനം വളരെ വളരെ വിദൂരം തന്നെ.

"നമ്മുടെ ഈ ഐഹികജീവിതമല്ലാതെ വേറെ ജീവിതമില്ല. നാം ജീവിക്കുന്നു; മരിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല.

"ദൈവത്തിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച ഒരുത്തന്‍ മാത്രമാണിവന്‍. ഞങ്ങളൊരിക്കലും ഇവനില്‍ വിശ്വസിക്കുന്നവരല്ല.”

അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, ഇവരെന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.”

അല്ലാഹു അറിയിച്ചു: "അടുത്തുതന്നെ അവര്‍ കൊടുംഖേദത്തിനിരയാകും.”

അവസാനം തീര്‍ത്തും ന്യായമായ നിലയില്‍ ഒരു ഘോരഗര്‍ജനം അവരെ പിടികൂടി. അങ്ങനെ നാമവരെ ചവറുകളാക്കി. അക്രമികളായ ജനത്തിനു നാശം!

പിന്നെ അവര്‍ക്കുശേഷം നാം മറ്റു തലമുറകളെ വളര്‍ത്തിക്കൊണ്ടുവന്നു.

ഒരു സമുദായവും അതിന്റെ നിശ്ചിത അവധിക്കുമുമ്പ് നശിക്കുകയോ അവധിക്കുശേഷം നിലനില്‍ക്കുകയോ ഇല്ല.

പിന്നീട് നാം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിലും അതിന്റെ ദൂതന്‍ ആഗതമായപ്പോഴെല്ലാം അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോഴെല്ലാം നാമവരെ ഒന്നിനുപിറകെ മറ്റൊന്നായി നശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവരെ നാം കഥാവശേഷരാക്കി. വിശ്വസിക്കാത്ത ജനതക്ക് സര്‍വനാശം!

പിന്നീട് മൂസായെയും അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും നാം നമ്മുടെ തെളിവുകളോടെയും വ്യക്തമായ പ്രമാണങ്ങളോടെയും അയച്ചു.

ഫറവോന്റെയും അവന്റെ പ്രമാണിപ്പരിഷകളുടെയും അടുത്തേക്ക്. അപ്പോഴവര്‍ അഹങ്കരിച്ചു. ഔദ്ധത്യം നടിക്കുന്ന ജനതയായിരുന്നു അവര്‍.

അതിനാലവര്‍ പറഞ്ഞു: "ഞങ്ങള്‍ ഞങ്ങളെപ്പോലെത്തന്നെയുള്ള രണ്ടു മനുഷ്യരില്‍ വിശ്വസിക്കുകയോ? അവരുടെ ആളുകളാണെങ്കില്‍ നമുക്ക് അടിമപ്പണി ചെയ്യുന്നവരും!”

അങ്ങനെ അവര്‍ ആ രണ്ടുപേരെയും തള്ളിപ്പറഞ്ഞു. അതിനാലവര്‍ നാശത്തിനിരയായി.

മൂസാക്കു നാം വേദം നല്‍കി. അതിലൂടെ അവര്‍ നേര്‍വഴി പ്രാപിക്കാന്‍.

മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാമൊരു ദൃഷ്ടാന്തമാക്കി. അവരിരുവര്‍ക്കും നാം സൌകര്യപ്രദവും ഉറവകളുള്ളതുമായ ഒരുയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി.

അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം.

നിശ്ചയമായും ഇതാണ് നിങ്ങളുടെ സമുദായം; ഏകസമുദായം. ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍ എന്നോട് ഭക്തിയുള്ളവരാവുക.

പക്ഷേ, പിന്നീടവര്‍ കക്ഷികളായിപ്പിരിഞ്ഞ് തങ്ങളുടെ മതത്തെ തുണ്ടംതുണ്ടമാക്കി. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ തൃപ്തിയടയുന്നവരാണ്.

അതിനാല്‍ ഒരു നിശ്ചിതകാലംവരെ അവരെ തങ്ങളുടെ “ബോധംകെട്ട” അവസ്ഥയില്‍ തുടരാന്‍ വിട്ടേക്കുക.

അവര്‍ വിചാരിക്കുന്നോ, സമ്പത്തും സന്താനങ്ങളും നല്‍കി നാമവരെ സഹായിച്ചുകൊണ്ടിരിക്കുന്നത്-

നാമവര്‍ക്ക് നന്മവരുത്താന്‍ തിടുക്കം കൂട്ടുന്നതിനാലാണെന്ന്? അല്ല; അവര്‍ സത്യാവസ്ഥ തിരിച്ചറിയുന്നില്ല.

തീര്‍ച്ചയായും തങ്ങളുടെ നാഥനെ ഭയന്നു നടുങ്ങുന്നവര്‍;

തങ്ങളുടെ നാഥന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍;

തങ്ങളുടെ നാഥന്ന് പങ്കാളികളെ കല്‍പിക്കാത്തവര്‍;

തങ്ങളുടെ നാഥങ്കലേക്ക് തിരിച്ചുചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനംചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍;

ഇവരൊക്കെയാണ് നന്മ ചെയ്യാന്‍ തിടുക്കം കൂട്ടുന്നവര്‍. അവയില്‍ ആദ്യം ചെന്നെത്തുന്നവരും അവര്‍ തന്നെ.

ആരെയും അവരുടെ കഴിവിനതീതമായതിന് നാം നിര്‍ബന്ധിക്കുന്നില്ല. സത്യം കൃത്യമായി പ്രതിപാദിക്കുന്ന ഒരു രേഖ നമ്മുടെ വശമുണ്ട്. ആരും ഒരിക്കലും ഒട്ടും അനീതിക്കിരയാവില്ല.

എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഇക്കാര്യത്തെപ്പറ്റി തീരെ അശ്രദ്ധമാണ്. അവര്‍ക്ക് അതല്ലാത്ത മറ്റുചില പണികളാണുള്ളത്. അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു.

അങ്ങനെ, അവരിലെ സുഖലോലുപരെ ശിക്ഷയാല്‍ നാം പിടികൂടും. അപ്പോഴവര്‍ വിലപിക്കാന്‍ തുടങ്ങും.

നിങ്ങളിന്നു വിലപിക്കേണ്ടതില്ല. നിങ്ങള്‍ക്കിന്ന് നമ്മുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുകയില്ല.

നമ്മുടെ വചനങ്ങള്‍ നിങ്ങളെ വ്യക്തമായി ഓതിക്കേള്‍പ്പിച്ചിരുന്നല്ലോ. അപ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയായിരുന്നു;

പൊങ്ങച്ചം നടിക്കുന്നവരായി. രാക്കഥാ കഥനങ്ങളില്‍ നിങ്ങള്‍ അതേപ്പറ്റി അസംബന്ധം പുലമ്പുകയായിരുന്നു.

അവര്‍ ഈ വചനത്തെപ്പറ്റി തെല്ലും ചിന്തിച്ചുനോക്കിയിട്ടില്ലേ? അതല്ല; അവരുടെ പൂര്‍വ പിതാക്കള്‍ക്ക് വന്നെത്തിയിട്ടില്ലാത്ത ഒന്നാണോ ഇവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്?

അതല്ല; തങ്ങളുടെ ദൂതനെ പരിചയമില്ലാത്തതിനാലാണോ അവരദ്ദേഹത്തെ തള്ളിപ്പറയുന്നത്?

അതുമല്ലെങ്കില്‍ അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അറിയുക. സത്യസന്ദേശവുമായാണ് അദ്ദേഹം അവരുടെയടുത്ത് വന്നെത്തിയത്. എന്നാല്‍ അവരിലേറെപ്പേരും സത്യത്തെ വെറുക്കുന്നവരാണ്.

സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്ബോധനം അവഗണിക്കുകയാണുണ്ടായത്.

അല്ല; നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കുക: നിന്റെ നാഥന്റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ.

തീര്‍ച്ചയായും നീയവരെ നേര്‍വഴിയിലേക്കാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍, പരലോക വിശ്വാസമില്ലാത്തവര്‍ ആ നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവരാണ്.

നാം അവരോട് കരുണകാണിക്കുകയും അവരെ ബാധിച്ച വിപത്ത് ഒഴിവാക്കിക്കൊടുക്കുകയുമാണെങ്കില്‍ അവര്‍ തങ്ങളുടെ ധിക്കാരത്തില്‍ വാശിയോടെ വിഹരിക്കുമായിരുന്നു.

നാം അവരെ ശിക്ഷയാല്‍ പിടികൂടി. എന്നിട്ടും അവര്‍ തങ്ങളുടെ നാഥന്ന് കീഴൊതുങ്ങുന്നവരായില്ല. അവര്‍ താഴ്മ കാണിച്ചതുമില്ല.

അതിനാല്‍ നാം അവരുടെ നേരെ കൊടുംശിക്ഷയുടെ കവാടം തുറന്നു. അതോടെയവര്‍ അങ്ങേയറ്റം നിരാശരായി.

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.

അവനാണ് ഭൂമിയില്‍ നിങ്ങളെ വ്യാപിപ്പിച്ചവന്‍. നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നതും അവനിലേക്കുതന്നെ.

അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

എന്നാല്‍ ഇക്കൂട്ടര്‍ അവരുടെ പൂര്‍വികര്‍ പറഞ്ഞിരുന്നതുപോലെത്തന്നെ പറയുകയാണ്.

അവര്‍ പറഞ്ഞു: "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ!

"ഞങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇതിനുമുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഇവ്വിധം വാഗ്ദാനം നല്‍കിയിരുന്നു. എന്നാലിത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല.”

ചോദിക്കുക: "ഭൂമിയും അതിലുള്ളതും ആരുടേതാണ്? നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറയൂ.”

അവര്‍ പറയും: "അല്ലാഹുവിന്റേതാണ്.” ചോദിക്കുക: "നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?”

ചോദിക്കുക: "ആരാണ് ഏഴാകാശങ്ങളുടെയും അതിമഹത്തായ സിംഹാസനത്തിന്റെയും അധിപന്‍.”

അവര്‍ പറയും:"അല്ലാഹു.” ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?”

ചോദിക്കുക: "ആരുടെ വശമാണ് സകല വസ്തുക്കളുടെയും ആധിപത്യം? അഭയമേകുന്നവനും തനിക്കെതിരെ ഒരിടത്തുനിന്നും അഭയം ലഭിക്കാത്തവനും ആരാണ്? പറയൂ; നിങ്ങള്‍ക്ക് അറിയുമെങ്കില്‍!”

അവര്‍ പറയും: "എല്ലാം അല്ലാഹുവാണ്.” ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ എങ്ങനെ മായാവലയത്തില്‍ പെട്ടുപോകുന്നു?”

അറിയുക; നാം അവരുടെ അടുത്തേക്ക് അയച്ചത് സത്യസന്ദേശമാണ്. അവരോ; കള്ളംപറയുന്നവരും.

അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു.

കണ്ണുകൊണ്ട് കാണാനാവുന്നതും കാണാനാവാത്തതും അറിയുന്നവനാണ് അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അതീതനും.

പറയുക: "നാഥാ, ഇവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ കാണേണ്ട അവസ്ഥ എനിക്കുണ്ടാവുകയാണെങ്കില്‍,

"എന്റെ നാഥാ, നീ എന്നെ അക്രമികളായ ജനത്തില്‍ പെടുത്തരുതേ.”

അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ നിനക്കു കാണിച്ചുതരാന്‍ തീര്‍ച്ചയായും കഴിവുറ്റവന്‍ തന്നെ നാം.

ഏറ്റവും നല്ലതുകൊണ്ട് നീ തിന്മയെ തടയുക. അവര്‍ പറഞ്ഞുപരത്തുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് നാം.

പറയുക: "എന്റെ നാഥാ, പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു.

"എന്റെ നാഥാ, പിശാചുക്കള്‍ എന്റെയടുത്ത് വരുന്നതില്‍ നിന്നും ഞാനിതാ നിന്നോട് രക്ഷതേടുന്നു.”

അങ്ങനെ അവരിലൊരുവന്ന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: "എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ.

"ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം.” ഒരിക്കലുമില്ല. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും. അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുംവരെ.

പിന്നെ കാഹളം ഊതപ്പെടും. അന്നാളില്‍ അവര്‍ക്കിടയില്‍ ഒ രുവിധ ബന്ധവുമുണ്ടായിരിക്കുകയില്ല. അവരന്യോന്യം അന്വേഷിക്കുകയുമില്ല.

അന്ന് ആരുടെ തുലാസിന്‍തട്ട് ഭാരം തൂങ്ങുന്നുവോ അവരാണ് വിജയംവരിച്ചവര്‍.

ആരുടെ തുലാസിന്‍തട്ട് ഭാരം കുറയുന്നുവോ അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ നരകത്തീയില്‍ സ്ഥിരവാസികളായിരിക്കും.

നരകത്തീ അവരുടെ മുഖം കരിച്ചുകളയും. അവരതില്‍ മോണകാട്ടിയിളിക്കുന്നവരായിരിക്കും.

അന്ന് അവരോടു പറയും: "എന്റെ വചനങ്ങള്‍ നിങ്ങളെ ഓതിക്കേള്‍പ്പിച്ചിരുന്നില്ലേ? അപ്പോള്‍ നിങ്ങളവയെ തള്ളിപ്പറയുകയായിരുന്നില്ലേ.”

അവര്‍ പറയും: "ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഭാഗ്യദോഷം ഞങ്ങളെ കീഴ്പെടുത്തി. ഞങ്ങള്‍പിഴച്ച ജനതയായിപ്പോയി.

"ഞങ്ങളുടെ നാഥാ! ഞങ്ങളെ നീ ഇവിടെനിന്ന് പുറത്തേക്കെടുക്കേണമേ! ഇനിയും ഞങ്ങള്‍ വഴികേടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിക്രമികള്‍ തന്നെയായിരിക്കും.”

അല്ലാഹു പറയും: "നിങ്ങളവിടെത്തന്നെ അപമാനിതരായി കഴിയുക. എന്നോടു മിണ്ടരുത്.”

എന്റെ ദാസന്മാരിലൊരു വിഭാഗം ഇവ്വിധം പറയാറുണ്ടായിരുന്നു: "ഞങ്ങളുടെ നാഥാ; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോടു കരുണ കാണിക്കേണമേ. നീ കരുണ കാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.”

നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു.

അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ നാമിതാ ഇന്ന് അവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അവര്‍ തന്നെയാണ് വിജയംവരിച്ചവര്‍.

അല്ലാഹു ചോദിക്കും: "നിങ്ങള്‍ ഭൂമിയില്‍ എത്രകൊല്ലം താമസിച്ചു?”

അവര്‍ പറയും: "ഞങ്ങള്‍ ഒരു ദിവസം താമസിച്ചുകാണും. അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം. എണ്ണിക്കണക്കാക്കുന്നവരോട് നീയൊന്ന് ചോദിച്ചുനോക്കൂ.”

അല്ലാഹു പറയും: "സത്യത്തില്‍ നിങ്ങള്‍ അല്‍പകാലം മാത്രമേ താമസിച്ചിട്ടുള്ളൂ. ഇക്കാര്യം നിങ്ങള്‍ അന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍.

"നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?”

എന്നാല്‍ അല്ലാഹു അത്യുന്നതനാണ്. അവനാണ് യഥാര്‍ഥ രാജാവ്. അവനല്ലാതെ ദൈവമില്ല. മഹത്തായ സിംഹാസനത്തിന്നുടമയാണവന്‍.

ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചുപ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്റെ വിചാരണ തന്റെ നാഥന്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.

പറയുക: എന്റെ നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്നോട് കരുണകാണിക്കേണമേ! നീ കരുണകാണിക്കുന്നവരില്‍ അത്യുത്തമനാണല്ലോ.
Icon