ترجمة سورة الدّخان

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة الدّخان باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

ദുഖാന്


ഹാമീം,

സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.

ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.

അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നനും അറിയുന്നവനും.

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.

അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു.

അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും.

(അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.

എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.

എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ.

ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.

ഇവര്‍ക്ക് മുമ്പ് ഫിര്‍ഔന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നു.

അല്ലാഹുവിന്‍റെ ദാസന്‍മാരെ നിങ്ങള്‍ എനിക്ക് ഏല്‍പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. (എന്ന് അദ്ദേഹം പറഞ്ഞു.)

അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട് നിങ്ങളുടെ അടുത്ത് വരാം.

നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട് തീര്‍ച്ചയായും ഞാന്‍ ശരണം തേടിയിരിക്കുന്നു.

നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന് നിങ്ങള്‍ വിട്ടുമാറുക.

ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ത്ഥിച്ചു.

(അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു:) എന്‍റെ ദാസന്‍മാരെയും കൊണ്ട് നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്‌.

സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.

എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്‌.!

(എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!

അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൌഭാഗ്യങ്ങള്‍!

അങ്ങനെയാണത് (കലാശിച്ചത്‌.) അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.

ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന് നാം രക്ഷിക്കുക തന്നെ ചെയ്തു.

ഫിര്‍ഔനില്‍ നിന്ന്‌. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.

അറിഞ്ഞു കൊണ്ട് തന്നെ തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.

വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയുമുണ്ടായി.

എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;

നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.

അതിനാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍ (ജീവിപ്പിച്ചു) കൊണ്ട് വരിക എന്ന്‌.

ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്‍റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നത് തന്നെ.

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.

ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.

തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.

അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.

അല്ലാഹു ആരോട് കരുണ കാണിച്ചുവോ അവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.

(നരകത്തില്‍) പാപിയുടെ ആഹാരം.

ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും.

ചുടുവെള്ളം തിളയ്ക്കുന്നത് പോലെ

നിങ്ങള്‍ അവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്‍റെ മദ്ധ്യത്തിലേക്ക് വലിച്ചിഴക്കൂ.

അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെ തലയ്ക്കുമീതെ നിങ്ങള്‍ ചൊരിഞ്ഞേക്കൂ. (എന്ന് നിര്‍ദേശിക്കപ്പെടും.)

ഇത് ആസ്വദിച്ചോളൂ. തീര്‍ച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.

നിങ്ങള്‍ ഏതൊരു കാര്യത്തില്‍ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്‌.

സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു.

തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍

നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌.

അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും.

സുരക്ഷിതത്വ ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യമത്രെ അത്‌. അത് തന്നെയാണ് മഹത്തായ ഭാഗ്യം.

നിനക്ക് നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.

ആകയാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍ തന്നെയാകുന്നു.
Icon