ترجمة سورة الرحمن

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة الرحمن باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

റ്വഹ്മാന്

പരമകാരുണികന്‍

ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.

അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.

സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)

ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്‌) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.

ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌.

നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്‌.

ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.

അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌.

വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.

തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.

അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

സമുദ്രത്തില്‍ (സഞ്ചരിക്കുവാന്‍) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവിടെ (ഭൂമുഖത്ത്‌)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു.

മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌.

എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച് തള്ളുന്നതായ നരകം.

അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍)

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്‌?

മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.
Icon