ترجمة سورة القمر

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة القمر باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ഖമറ്


അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന്‍ പിളര്‍ന്നു.

എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അവരതിനെ അവഗണിക്കുന്നു. തുടര്‍ന്നു പോരുന്ന മായാജാലമെന്ന് പറയുകയും ചെയ്യുന്നു.

അവരതിനെ തള്ളിപ്പറഞ്ഞു. സ്വേഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും.

തീര്‍ച്ചയായും അവര്‍ക്കു നേരത്തെ ചില വിവരങ്ങള്‍ വന്നെത്തിയിട്ടുണ്ട്. ദുര്‍മാര്‍ഗത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന താക്കീതുകള്‍ അതിലുണ്ട്.

തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല.

അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം.

പേടിച്ചരണ്ട കണ്ണുകളോടെ അവര്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് പുറത്തുവരും. പരന്നു പറക്കുന്ന വെട്ടുകിളികളെപ്പോലെ.

വിളിയാളന്റെ അടുത്തേക്ക് അവര്‍ പാഞ്ഞെത്തും. അന്ന് സത്യനിഷേധികള്‍ വിലപിക്കും: “ഇതൊരു ദുര്‍ദിനം തന്നെ.”

ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു.

അപ്പോഴദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: "ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.”

അങ്ങനെ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം വാനകവാടങ്ങള്‍ തുറന്നു.

ഭൂമിയെ പിളര്‍ത്തി അരുവികള്‍ പൊട്ടിയൊഴുക്കി. അങ്ങനെ, നിശ്ചയിക്കപ്പെട്ട കാര്യം നടക്കാനായി ഈ വെള്ളമൊക്കെയും സംഗമിച്ചു.

നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.

അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.

ഉറപ്പായും നാമതിനെ ഒരു തെളിവായി ബാക്കി വെച്ചിട്ടുണ്ട്. അതിനാല്‍ ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന ആരെങ്കിലുമുണ്ടോ?

അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്ന് അറിയുക.

ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?

ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?

അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍.

അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.

അപ്പോള്‍: എന്റെ ശിക്ഷയും താക്കീതും എമ്മട്ടിലായിരുന്നുവെന്നറിയുക.

ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?

സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.

അങ്ങനെ അവര്‍ ചോദിച്ചു: "നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.

"നമുക്കിടയില്‍നിന്ന് ഇവന് മാത്രം ഉദ്ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല; ഇവന്‍ അഹങ്കാരിയായ പെരുങ്കള്ളനാണ്.”

എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.

അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമയവലംബിക്കുക.

അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ.

അവസാനം അവര്‍ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു- അവന്‍ അക്കാര്യം ഏറ്റെടുത്തു. അങ്ങനെ അവന്‍ ഒട്ടകത്തെ കശാപ്പു ചെയ്തു.

അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?

നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.

ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

ലൂത്വിന്റെ ജനത താക്കീതുകള്‍ തള്ളിക്കളഞ്ഞു.

നാം അവരുടെ നേരെ ചരല്‍ക്കാറ്റയച്ചു. ലൂത്വിന്റെ കുടുംബമേ അതില്‍ നിന്നൊഴിവായുള്ളൂ. രാവിന്റെ ഒടുവുവേളയില്‍ നാമവരെ രക്ഷപ്പെടുത്തി.

നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.

നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു.

അവര്‍ അദ്ദേഹത്തോട് തന്റെ അതിഥികളെ അവരുടെ ഇഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക.

അതിരാവിലെത്തന്നെ സ്ഥായിയായ ശിക്ഷ അവരെ പിടികൂടിക്കഴിഞ്ഞിരുന്നു.

എന്റെ ശിക്ഷയും താക്കീതുകളും നിങ്ങളനുഭവിച്ചാസ്വദിച്ചുകൊള്ളുക.

ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചറിയുന്നവരായി ആരെങ്കിലുമുണ്ടോ?

ഫറവോന്റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വന്നെത്തിയിരുന്നു.

അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ പിടികൂടി. പ്രതാപിയും പ്രബലനുമായ ഒരുത്തന്റെ പിടികൂടല്‍പോലെ.

നിങ്ങളുടെ ഈ നിഷേധികള്‍ അവരെക്കാള്‍ മെച്ചമാണോ? അതല്ലെങ്കില്‍ വേദത്താളുകളില്‍ നിങ്ങളുടെ പാപമുക്തിക്കു വല്ല ഉപായങ്ങളുമുണ്ടോ?

അതല്ല; തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ?

എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും.

എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ.

തീര്‍ച്ചയായും ഈ കുറ്റവാളികള്‍ വ്യക്തമായ വഴികേടിലാകുന്നു. തികഞ്ഞ ബുദ്ധിശൂന്യതയിലും.

ഇവരെ മുഖം നിലത്തുകുത്തിയവരായി നരകത്തിലേക്ക് വലിച്ചിഴക്കുന്ന ദിനം; അന്ന് അവരോട് പറയും: നിങ്ങള്‍ നരകസ്പര്‍ശം ആസ്വദിച്ചുകൊള്ളുക.

എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്.

നമ്മുടെ കല്പന ഒരൊറ്റ ഉത്തരവത്രെ. ഇമവെട്ടുമ്പോഴേക്കും അതു നടപ്പാവുന്നു.

നിശ്ചയമായും നിങ്ങളെ പോലുള്ള പല കക്ഷികളെയും നാം നശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?

അവര്‍ ചെയ്തതൊക്കെയും രേഖകളിലുണ്ട്.

നിസ്സാരവും ഗുരുതരവുമായ ഏതു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.

സൂക്ഷ്മത പുലര്‍ത്തുന്നവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.

സത്യത്തിന്റെ ആസ്ഥാനത്ത്. ശക്തനായ രാജാധിരാജന്റെ സന്നിധിയില്‍.
Icon