ترجمة سورة ق

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة ق باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ഖാഫ്


ഖാഫ്. ഉല്‍കൃഷ്ടമായ ഖുര്‍ആന്‍ സാക്ഷി.

തങ്ങളില്‍നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവരിലേക്കു വന്നതുകാരണം അവര്‍ അദ്ഭുതം കൂറുകയാണ്. അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: "ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ.

"നാം മരിച്ചു മണ്ണായ ശേഷം മടങ്ങിവരികയോ? ആ മടക്കം അസാധ്യം തന്നെ."

അവരില്‍നിന്നു ഭൂമി കുറവു വരുത്തിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. നമ്മുടെ വശം എല്ലാം സൂക്ഷ്മമായുള്ള ഗ്രന്ഥവുമുണ്ട്.

എന്നാല്‍ സത്യം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു. അങ്ങനെ അവര്‍ ആശയക്കുഴപ്പത്തിലായി.

തങ്ങളുടെ മീതെയുള്ള മാനത്തെ അവര്‍ നോക്കിക്കാണുന്നില്ലേ? എങ്ങനെയാണ് നാമത് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? അതിലൊരു വിടവുമില്ല.

ഭൂമിയോ; അതിനെ നാം വിശാലമാക്കി വിരിച്ചിരിക്കുന്നു. നാമതില്‍ മലകളെ ഉറപ്പിച്ചു. കൌതുകകരങ്ങളായ സകലയിനം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്തു.

പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്ബോധനവും നല്‍കാനാണ് ഇതൊക്കെയും.

മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു.

അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും;

നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.

അവര്‍ക്കു മുമ്പെ നൂഹിന്റെ ജനതയും റസ്സുകാരും ഥമൂദ് ഗോത്രവും സത്യത്തെ നിഷേധിച്ചു;

ആദ് സമുദായവും ഫിര്‍ഔനും ലൂത്തിന്റെ സഹോദരങ്ങളും.

ഐക്ക നിവാസികളും തുബ്ബഇന്റെ ജനതയും അതു തന്നെ ചെയ്തു. അവരൊക്കെ ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു. അങ്ങനെ എന്റെ മുന്നറിയിപ്പ് അവരില്‍ യാഥാര്‍ഥ്യമായി പുലര്‍ന്നു.

ആദ്യ സൃഷ്ടികാരണം നാം തളര്‍ന്നെന്നോ? അല്ല; അവര്‍ പുതിയ സൃഷ്ടിപ്പിനെ സംബന്ധിച്ച് സംശയത്തിലാണ്.

നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം.

വലതു ഭാഗത്തും ഇടതു ഭാഗത്തും ഇരുന്ന് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ എല്ലാം ഏറ്റുവാങ്ങുന്ന കാര്യം ഓര്‍ക്കുക.

അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.

മരണവെപ്രാളം യാഥാര്‍ഥ്യമായി ഭവിക്കുന്നു. നീ തെന്നിമാറാന്‍ ശ്രമിക്കുന്നതെന്തോ അതാണിത്.

കാഹളം ഊതപ്പെടും. അതാണ് താക്കീതിന്റെ ദിനം.

അന്ന് എല്ലാവരും വന്നെത്തും. നയിച്ച് കൊണ്ട് വരുന്നവനും സാക്ഷിയും കൂടെയുണ്ടാവും.

അന്ന് അവരോട് പറയും: തീര്‍ച്ചയായും നീ ഇതേക്കുറിച്ച് അശ്രദ്ധനായിരുന്നു; എന്നാല്‍ നാമിപ്പോള്‍ നിന്നില്‍നിന്ന് ആ മറ എടുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നിന്റെ കാഴ്ച ഇന്ന് മൂര്‍ച്ചയേറിയതത്രെ.

അവന്റെ കൂടെയുള്ള മലക്ക് പറയും: ഇതാ ഈ കര്‍മപുസ്തകമാണ് എന്റെ വശം തയ്യാറുള്ളത്.

അല്ലാഹു കല്പിക്കും: "സത്യനിഷേധിയും ധിക്കാരിയുമായ ഏവരെയും നിങ്ങളിരുവരും ചേര്‍ന്ന് നരകത്തിലിടുക.

"നന്മയെ തടഞ്ഞവനും അതിക്രമിയും സന്ദേഹിയുമായ ഏവരെയും.

"അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളെ കല്‍പിച്ചവനെയും. നിങ്ങളവനെ കഠിനശിക്ഷയിലിടുക."

അവന്റെ കൂട്ടാളിയായ പിശാച് പറയും: ഞങ്ങളുടെ നാഥാ! ഞാനിവനെ വഴിപിഴപ്പിച്ചിട്ടില്ല. എന്നാലിവന്‍ സ്വയം തന്നെ വളരെയേറെ വഴികേടിലായിരുന്നു.

അല്ലാഹു പറയും: നിങ്ങള്‍ എന്റെ മുന്നില്‍ വെച്ച് തര്‍ക്കിക്കേണ്ട. ഞാന്‍ നേരത്തെത്തന്നെ നിങ്ങള്‍ക്ക് താക്കീത് തന്നിട്ടുണ്ട്.

എന്റെ അടുത്ത് വാക്ക് മാറ്റമില്ല. ഞാന്‍ എന്റെ ദാസന്മാരോട് ഒട്ടും അനീതി കാട്ടുന്നതുമല്ല.

നാം നരകത്തോട് ചോദിക്കുന്ന ദിനം: "നീ നിറഞ്ഞു കഴിഞ്ഞോ?" നരകം തിരിച്ചു ചോദിക്കും: "ഇനിയുമുണ്ടോ?"

ഭക്തന്മാര്‍ക്കായി സ്വര്‍ഗം അടുത്തുകൊണ്ടുവരും. ഒട്ടും ദൂരെയല്ലാത്ത വിധം.

സ്രഷ്ടാവിലേക്ക് മടങ്ങുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന ഏവര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതാണിത്.

അഥവാ, പരമകാരുണികനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും പശ്ചാത്താപ പൂര്‍ണമായ മനസ്സോടെ വന്നെത്തുകയും ചെയ്തവന്.

സമാധാനത്തോടെ നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. നിത്യവാസത്തിനുള്ള ദിനമാണത്.

അവര്‍ക്കവിടെ അവരാഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നമ്മുടെ വശം വേറെയും ധാരാളമുണ്ട്.

അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. അവര്‍ ഇവരെക്കാള്‍ വളരെയേറെ ശക്തരായിരുന്നു. അങ്ങനെ അവര്‍ നാടായ നാടുകളിലൊക്കെ അന്വേഷിച്ചുനോക്കി. രക്ഷപ്പെടാന്‍ വല്ല ഇടവും ലഭിക്കുമോയെന്ന്.

ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ആറു നാളുകളിലായി സൃഷ്ടിച്ചു. അതുകൊണ്ടൊന്നും നമുക്കൊട്ടും ക്ഷീണം ബാധിച്ചിട്ടില്ല.

അതിനാല്‍ അവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പെ നിന്റെ നാഥനെ വാഴ്ത്തുക. ഒപ്പം കീര്‍ത്തിക്കുകയും ചെയ്യുക.

രാവിലും സ്വല്‍പസമയം അവനെ കീര്‍ത്തിക്കുക. സാഷ്ടാംഗാനന്തരവും.

അടുത്തൊരിടത്തുനിന്ന് വിളിച്ചു പറയുന്നവന്‍ വിളംബരം ചെയ്യുന്ന ദിനത്തിന്നായി കാതോര്‍ക്കുക.

ആ ഘോരനാദം ഒരു യാഥാര്‍ഥ്യമായി അവര്‍ കേട്ടനുഭവിക്കും ദിനം. അത് പുറപ്പാടിന്റെ ദിനമത്രെ.

ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും നാമാണ്. തിരിച്ചുവരവും നമ്മിലേക്കു തന്നെ.

ഭൂമി പിളര്‍ന്ന് മനുഷ്യര്‍ പുറത്ത് കടന്ന് അതിവേഗം ഓടിവരുന്ന ദിനം. അവ്വിധം അവരെ ഒരുമിച്ചു കൂട്ടല്‍ നമുക്ക് വളരെ എളുപ്പമാണ്.

അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നന്നായറിയുന്നു. അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തേണ്ട ആവശ്യം നിനക്കില്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ നീ ഈ ഖുര്‍ആന്‍ വഴി ഉദ്ബോധിപ്പിക്കുക.
Icon