ترجمة سورة النبأ

Abdul Hameed and Kunhi Mohammed - Malayalam translation
ترجمة معاني سورة النبأ باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation .

നബഅ്


എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)

നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.

ഇടതൂര്‍ന്ന തോട്ടങ്ങളും

തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.

അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

അനുയോജ്യമായ പ്രതിഫലമത്രെ അത്‌.

തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.

അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,

തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.

നിറഞ്ഞ പാനപാത്രങ്ങളും.

അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.

(അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.

റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.

അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.

ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
Icon