ترجمة سورة النبأ

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة النبأ باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

നബഅ്


ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?

അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.

അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.

വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.

വീണ്ടും വേണ്ട; ഉറപ്പായും അവരറിയും.

ഭൂമിയെ നാം മെത്തയാക്കിയില്ലേ?

മലകളെ ആണികളും?

നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.

രാവിനെ വസ്ത്രമാക്കി.

പകലിനെ ജീവിതവേളയാക്കി.

നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു.

കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു.

കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.

അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.

ഇടതൂര്‍ന്ന തോട്ടങ്ങളും.

നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്.

കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.

ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.

പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും.

നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്.

അതിക്രമികളുടെ സങ്കേതം.

അവരതില്‍ യുഗങ്ങളോളം വസിക്കും.

കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.

തിളക്കുന്ന വെള്ളവും ചലവുമല്ലാതെ.

അര്‍ഹിക്കുന്ന പ്രതിഫലം.

തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.

നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.

എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.

ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.

അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്.

തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും.

നിറഞ്ഞ കോപ്പകളും.

അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല.

നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം.

അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല.

ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.

അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.

ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”
Icon