ترجمة سورة المدّثر

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة المدّثر باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

മുദ്ദസിര്


പുതച്ചു മൂടിയവനേ!

എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.

നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.

നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.

അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.

കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.

നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.

പിന്നെ കാഹളം ഊതപ്പെട്ടാല്‍.

അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.

സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!

ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.

നാമവന് ധാരാളം ധനം നല്‍കി.

എന്തിനും പോന്ന മക്കളെയും.

അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.

എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.

ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.

വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.

അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.

അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?

വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.

പിന്നെ അവനൊന്നു നോക്കി.

എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.

പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.

എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.

ഇത് വെറും മനുഷ്യവചനം മാത്രം.

അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.

നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?

അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.

അത് തൊലി കരിച്ചുകളയും.

അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.

നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.

നിസ്സംശയം, ചന്ദ്രനാണ് സത്യം.

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.

നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.

മനുഷ്യര്‍ക്കൊരു താക്കീതും!

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.

ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.

വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,

കുറ്റവാളികളോട്:

"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”

അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.

"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.

"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.

"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.

"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”

അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ --

സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന.

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.

അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.

അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.

അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.
Icon