ترجمة سورة الواقعة

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة الواقعة باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

വാഖിഅ


ആ സംഭവം നടന്നുകഴിഞ്ഞാല്‍.

പിന്നെ അങ്ങനെ സംഭവിക്കുമെന്നത് നിഷേധിക്കുന്നവരുണ്ടാവില്ല.

അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്.

അപ്പോള്‍ ഭൂമി കിടുകിടാ വിറക്കും.

പര്‍വതങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും.

അങ്ങനെയത് പാറിപ്പറക്കുന്ന പൊടിപടലമായിത്തീരും.

അന്നു നിങ്ങള്‍ മൂന്നു വിഭാഗമായിരിക്കും.

വലതു പക്ഷക്കാര്‍! ആഹാ! എന്തായിരിക്കും അന്ന് വലതുപക്ഷക്കാരുടെ അവസ്ഥ!

ഇടതുപക്ഷക്കാര്‍! ഹാവൂ! എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ?

പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ!

അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.

അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.

അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.

പിന്‍ഗാമികളില്‍നിന്ന് കുറച്ചും.

അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.

അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.

നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.

ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.

അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.

ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.

അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും.

വിശാലാക്ഷികളായ സുന്ദരിമാരും.

അവരോ ശ്രദ്ധയോടെ സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍.

ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക.

അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല.

സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.

വലതുപക്ഷം! ആഹാ; എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?

അവര്‍ക്കുള്ളതാണ് മുള്ളില്ലാത്ത ഇലന്തമരത്തോട്ടം.

പടലകളുള്ള കുലകളോടു കൂടിയ വാഴ.

പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.

അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.

ധാരാളം പഴങ്ങള്‍;

അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.

ഉന്നതമായ മെത്തകളും.

അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.

അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.

ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.

ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.

അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.

പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.

ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ?

അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!

കരിമ്പുകയുടെ ഇരുണ്ട നിഴലിലും.

അത് തണുപ്പോ സുഖമോ നല്‍കുകയില്ല.

കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.

കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.

അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

ഞങ്ങളുടെ പൂര്‍വ പിതാക്കളും?”

പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.

ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.

പിന്നെ, അല്ലയോ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,

നിശ്ചയമായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍നിന്നാണ് തിന്നേണ്ടി വരിക.

അങ്ങനെ നിങ്ങളതുകൊണ്ട് വയറു നിറയ്ക്കും.

അതിനു മേലെ തിളച്ചുമറിയുന്ന വെള്ളം കുടിക്കുകയും ചെയ്യും.

ദാഹിച്ചു വലഞ്ഞ ഒട്ടകത്തെപ്പോലെ നിങ്ങളത് മോന്തും.

പ്രതിഫല നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരമതായിരിക്കും.

നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്?

നിങ്ങള്‍ സ്രവിക്കുന്ന ശുക്ളത്തെ സംബന്ധിച്ച് ആലോചിച്ചുവോ?

നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്?

നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല.

നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.

ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?

നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?

നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു:

"ഞങ്ങള്‍ കടക്കെണിയിലായല്ലോ.

"എന്നല്ല; ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ.”

നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?

നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍!

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?

നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ?

നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?

നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും.

അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.

അല്ല; ഞാനിതാ നക്ഷത്ര സ്ഥാനങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നു.

ഇത് മഹത്തായ ശപഥം തന്നെ; തീര്‍ച്ച. നിങ്ങള്‍ അറിയുന്നുവെങ്കില്‍!

ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ.

സുരക്ഷിതമായ ഗ്രന്ഥത്തില്‍.

വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.

മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്.

എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്.

നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ?

ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല?

മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ.

അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല.

അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് വിധേയരല്ലെങ്കില്‍.

നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!

മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍.

അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും.

അഥവാ, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനെങ്കില്‍.

“വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം” എന്ന് സ്വാഗതം ചെയ്യപ്പെടും.

മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.

അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും.

നരകത്തിലെ കത്തിയെരിയലും.

തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.

അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.
Icon